
ജൂലൈ 5. വൈക്കം മുഹമ്മദ് ബഷീറിന്റെ 29-ാം ചരമവാര്‍ഷികം. മകന്‍ അനീസ് ബഷീര്‍ ഉപ്പയുടെ ഓര്‍മകളിലേക്ക് പിന്‍നടക്കുന്നു. ഉപ്പയുമായി കൂട്ടുചേര്‍ന്ന നാളുകളിലേക്ക്...വര്‍ത്തമാനങ്ങളിലേക്ക്...ഉപ്പയുടെ പുസ്തകങ്ങളിലേക്ക് മകന്റെ യാത്ര. ബഷീര്‍ എന്ന ഉപ്പയാണ് ആ ഓര്‍മകളിലേറെയും നിറഞ്ഞുനില്‍ക്കുന്നത്.
വീട്ടില്‍ എപ്പോഴും ബഹളം നിറഞ്ഞ അന്തരീക്ഷമായിരുന്നു. എപ്പോഴും വീടുനിറയെ ആളുകള്‍, അവരുടെ ഉറക്കെയുള്ള സംസാരങ്ങള്‍... ഇതിനിടയില്‍നിന്ന് ഉപ്പയുമായി സംസാരിക്കാനോ അടുത്തുകൂടാനോ സമയം കിട്ടുക അപൂര്‍വമായാണ്. വീട്ടിലെ തേങ്ങ വിറ്റ് അതിന്റെ പൈസ വാങ്ങാന്‍ ബേപ്പൂരിലേക്ക് പോകുന്ന ദിവസങ്ങളുണ്ട്. ആ പോക്കില്‍ ഉപ്പ എന്നെയും കൂട്ടും. ചിലപ്പോള്‍ കടപ്പുറത്തേക്ക് കൊണ്ടുപോകും. കഴിക്കാന്‍ മസാലദോശയും കാപ്പിയും വാങ്ങിത്തരും. രണ്ട് കിലോമീറ്റര്‍ നടന്നാണ് ഞങ്ങള്‍ പോകുക. കാലിന് വേദന വന്നാലും ഉപ്പയോടു പറയില്ല. ആ നടത്തം ദൈവത്തിന്റെ ഉപഹാരം പോലെയാണ് കരുതിയിരുന്നത്. ഉപ്പയെ അടുത്തുകിട്ടുക, സംസാരിക്കുക... ഇതുതന്നെയായിരുന്നു വലുത്. അന്നത്തെ നടത്തങ്ങള്‍ ഞാന്‍ ഏറെ ആസ്വദിച്ചിരുന്നു. കാളവണ്ടികള്‍...ഞങ്ങളെ കടന്നുപോകുന്ന മനുഷ്യര്‍, അവരോടെല്ലാം സുഖവിവരങ്ങള്‍ തിരക്കുന്ന ഉപ്പ... കൗതുകവും പുതുമയും നിറയ്ക്കുന്ന കാഴ്ചകളായിരുന്നു ഇതെല്ലാം.
പിന്നീട് വളര്‍ന്നുവലുതായി ഉപ്പയുടെ പുസ്തകങ്ങളെല്ലാം വായിച്ചുതുടങ്ങിയപ്പോള്‍ എന്റെ കാഴ്ചപ്പാട് കൂടുതല്‍ മാറി. രാഷ്ട്രീയത്തോട് അന്ന് വലിയ താല്പര്യമായിരുന്നു. എന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തെപ്പറ്റി ഉപ്പയ്ക്ക് വിവരം കിട്ടിയപ്പോള്‍ ഒരിക്കല്‍ ചോദിച്ചു : 'ഇതിലേക്ക് നിന്നെ ആരാ നിര്‍ബന്ധിച്ചത്.' ശങ്കയേതുമില്ലാതെ എന്റെ മറുപടി : ' ടാറ്റ (ഉപ്പ) തന്നെ.' തുടര്‍ന്ന് ഉപ്പയ്ക്ക് വിശദീകരണവും കൊടുത്തു. അടിപിടിക്കൊന്നും പോകില്ല, ദേശീയപ്രസ്ഥാനത്തോട് എനിക്ക് താല്പര്യമുണ്ട് എന്നെല്ലാം. അപ്പോള്‍ വലിയൊരു ഉപദേശം എനിക്ക് തന്നു : 'ദൈവം നിനക്ക് ബുദ്ധി തന്നിട്ടുണ്ട്. നിന്റെ സ്വന്തം ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുക. ആരുടെ ബുദ്ധിയും നീ വാടയ്ക്ക് വാങ്ങേണ്ട, ആര്‍ക്കും നിന്റെ ബുദ്ധി വാടകയ്ക്ക് കൊടുക്കുകയും വേണ്ട.'
പാലക്കാട് എഞ്ചിനീയറിങ് കോളേജില്‍ പഠിക്കാന്‍ പോയ നാല് വര്‍ഷമാണ് ഞാന്‍ ഉപ്പയുമായി വിട്ടുനിന്നത്. ആ നാല് വര്‍ഷക്കാലം ഞങ്ങള്‍ കത്തുകളിലൂടെയായിരുന്നു സംസാരിച്ചിരുന്നത്. ഓരോ സന്ദര്‍ഭത്തിലും ഉപ്പ കാര്‍ഡുകളയക്കും. ഞാന്‍ തിരിച്ചും. ആ കാര്‍ഡുകള്‍ ചിലത് ഞാന്‍ ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. കുറെയൊക്കെ സുഹൃത്തുക്കള്‍ എടുത്തുകൊണ്ടുപോയി. എഴുത്തുകാരനോടുള്ള ആരാധനകൊണ്ട്. ഉപ്പ പക്ഷേ അതെല്ലാം സൂക്ഷിച്ചുവെച്ചിരുന്നു. മരണശേഷം ആ കത്തുകളെല്ലാം ഞാന്‍ കണ്ടെടുത്തു. എഴുത്തും വായനയും യാത്രയുമെല്ലാമായി തിരക്കുകളില്‍പെട്ട് ജീവിച്ചിരുന്ന ഉപ്പയുടെ ആകെയുള്ള അവശേഷിപ്പുകള്‍ അതെല്ലാമായിരുന്നു. ആവശ്യങ്ങളുമായി ഞാനൊരിക്കലും ഉപ്പയുടെ മുന്നിലേക്ക് പോയിട്ടില്ല. നല്ല വസ്ത്രങ്ങളോ ഭക്ഷണമോ എനിക്ക് കിട്ടിയിട്ടില്ല. അതില്‍ വിഷമവും ഇല്ലായിരുന്നു. അന്ന് വാങ്ങിത്തന്നിരുന്ന മസാലദോശയും കാപ്പിയും തന്നെയായിരുന്നു എന്നെ ഏറ്റവും സന്തോഷിപ്പിച്ചിരുന്നത്. ഏറ്റവും ലളിതമായി ജീവിച്ചയാളാണ് ഉപ്പ. ആ ഉപ്പയെ കണ്ടാണ് ഞാനും വളര്‍ന്നത്.
ഞാന്‍ നല്ല ഭക്ഷണപ്രിയനായിരുന്നു. അതേപ്പറ്റി ഒരിക്കല്‍ ഉപ്പ പറഞ്ഞതിങ്ങനെ : ' നിന്റെ തടി വല്ലാതെ കൂടുന്നുണ്ട്. അരവയര്‍ ഭക്ഷണം, കാല്‍വയര്‍ വെള്ളം. ദഹിക്കാനായി കാല്‍വയര്‍ ഒഴിച്ചിടണം.' ഇങ്ങനെ ചില ഉപദേശങ്ങള്‍ തരും. അതുപോലെ ഭക്ഷണം കളയുന്നതും ഉപ്പയ്ക്ക് സഹിക്കാനാകില്ല. വീട്ടില്‍ ചില ദിവസങ്ങളില്‍ തേങ്ങാപ്പാല്‍ ഒഴിച്ച കഞ്ഞിയുണ്ടാകും. വല്ലാതെ പ്രയാസപ്പെട്ടാണ് ഞാന്‍ കഞ്ഞികുടിക്കുക. അതുകണ്ട് ഉപ്പ പറയും : ' ജയിലിലായിരുന്നപ്പോള്‍ ഞാന്‍ കൂടുതലും കഞ്ഞിയായിരുന്നു കുടിച്ചിരുന്നത്. തേങ്ങാപ്പീര പോലെ വെളുത്ത സാധനം ആ കഞ്ഞിയിലും ഉണ്ടായിരുന്നു. അതുപക്ഷേ പുഴുവായിരുന്നുവെന്ന് മാത്രം.' എന്റേത് ലക്ഷ്വറി ജീവിതമാണെന്ന് സൂചിപ്പിക്കുകയായിരുന്നു ഉപ്പ. വളരെ കുറച്ച് കാര്യങ്ങള്‍, ചുരുങ്ങിയ വാക്കുകളിലേ ഉപ്പ പറയുമായിരുന്നുള്ളൂ. ഉപ്പയുടെ പുസ്തകങ്ങളും അങ്ങനെയായിരുന്നല്ലോ, ചെറുത്. പക്ഷേ ആ പുസ്തകങ്ങളില്‍ വലിയ കാര്യങ്ങള്‍ ഉപ്പ പറഞ്ഞുവെച്ചു.
അല്പം മുതിര്‍ന്നപ്പോഴേ ഉപ്പയുടെ പുസ്തകങ്ങള്‍ വായിച്ചുതുടങ്ങിയെങ്കിലും ഇപ്പോഴാണ് അവയെ ഗൗരവത്തോടെ മനസ്സിലാക്കുന്നത്. അന്ന് തമാശരൂപത്തില്‍ വായിച്ചവയിലെ ദാര്‍ശനികതലങ്ങള്‍ ഇന്നാണ് പിടികിട്ടുന്നത്. ആനവാരിയും പൊന്‍കുരിശും പോലുള്ള രചനകളിലെ രാഷ്ട്രീയ സൂക്ഷ്മതയൊക്കെ ഇപ്പോഴാണ് മനസ്സിലാകുന്നത്. സ്ഥലത്തെ പ്രധാന എതിരന്‍ എന്ന പ്രയോഗം ഇ.എം.എസിനെ ലക്ഷ്യം വെച്ചായിരുന്നു. എന്തിനെയും എതിര്‍ക്കുന്ന ഒരാളായതുകൊണ്ട് അദ്ദേഹത്തിന് അങ്ങനെയൊരു വിശേഷണം നല്‍കി അവതരിപ്പിച്ചു. ഒരു രാഷ്ട്രീയനോവലായ അതിനെ ചെറുപ്പത്തില്‍ തമാശനോവലായാണ് ഞാന്‍ വായിച്ചത്. അതുപോലെ 'പാത്തുമ്മയുടെ ആടിലെ കുടുംബപശ്ചാത്തലം എന്നെ വല്ലാതെ സന്തോഷിപ്പിച്ചിട്ടുണ്ട്. സ്വന്തം അനിയന്മാരെ കളിയാക്കി എഴുതിയിട്ടും അവരിലെല്ലാം നിറഞ്ഞുനിന്ന സ്‌നേഹത്തിന്റെ അംശം വാക്കുകള്‍ക്കതീതമാണ്. ആ നോവല്‍ വായിച്ചപ്പോള്‍ അക്കാലത്ത് ജീവിക്കാന്‍ ഭാഗ്യമുണ്ടായില്ലല്ലോ എന്നൊക്കെ തോന്നിയിട്ടുണ്ട്. ഇങ്ങനെയും ഒരു ലോകമുണ്ടെന്നെല്ലാം അറിയാന്‍ കഴിഞ്ഞത് ഉപ്പയുടെ നോവലുകള്‍ വായിച്ചപ്പോഴാണ്. സ്‌കൂളില്‍ അച്ഛന്റെ കഥ പഠിപ്പിക്കുമ്പോള്‍ ചില കുട്ടികള്‍ പറയും : 'നിനക്ക് നിന്റെ ഉപ്പ ക്ലാസ് എടുത്തുതരില്ലേ ? എന്തിനാ സ്‌കൂളില്‍ വന്ന് പഠിക്കുന്നത്...'
പാലക്കാട് പഠിക്കുമ്പോള്‍ ഒരിക്കല്‍ ഉപ്പ സുഖമില്ലാതെ ആശുപത്രിയിലായി. പരീക്ഷ തുടങ്ങാറായ സമയമായതുകൊണ്ട് എന്നെ അറിയിക്കേണ്ടെന്ന് എല്ലാവരും തീരുമാനിച്ചു. രാവിലെ എഴുന്നേറ്റ് പത്രം വായിക്കുമ്പോഴാണ് സുഹൃത്ത് വന്ന് ഉപ്പ ആശുപത്രിയിലാണെന്ന വിവരം പറയുന്നത്. പത്രത്തില്‍ അത് വാര്‍ത്തയായിരുന്നു. അന്നേരം സുഹൃത്ത് പറഞ്ഞ ഒരു കാര്യം ഞാന്‍ ഇപ്പോഴും മറക്കില്ല. 'ഉപ്പയുടെ കാര്യങ്ങളറിയാന്‍ നിനക്ക് പത്രം നോക്കിയാല്‍ മതി. ഞങ്ങള്‍ക്കോ ?' അതെല്ലാം വലിയ അഭിമാനത്തോടെ തന്നെയാണ് ഞാനെടുത്തിട്ടുള്ളത്. വൈക്കം മുഹമ്മദ് ബഷീറിന്റെ മകന്‍ എന്ന ഐഡന്റിറ്റി ഇന്നും വലിയ അംഗീകാരം തന്നെയാണ്. കുട്ടിയായിരിക്കുമ്പോള്‍ ഉപ്പയ്‌ക്കൊപ്പം സാംസ്‌കാരികപരിപാടികളിലെല്ലാം പോകുമ്പോള്‍ കിട്ടുന്ന പരിഗണനയും വലുതായിരുന്നു. വീട്ടിലേക്ക് വരുന്ന എഴുത്തുകാരുമായി അടുക്കാനും ഭാഗ്യമുണ്ടായിട്ടുണ്ട്. തുടക്കത്തില്‍ ഉപ്പയുടെ കഥകളൊക്കെ വായിച്ച് 'ഇത് പൈങ്കിളിക്കഥകളാണ്' എന്ന് ഉപ്പയെ വിമര്‍ശിക്കും. അതിനെയെല്ലാം സന്തോഷത്തോടെയാണ് ഉപ്പ കണ്ടിരുന്നത്. ഞാന്‍ പുസ്തകങ്ങള്‍ വായിക്കുന്നുണ്ടെന്ന് അതിലൂടെ ഉപ്പ മനസിലാക്കും. അടുത്തുനിന്ന് മനസ്സിലാക്കിയതുപോലെ മാറിനിന്നും ഒരുപാട് കാര്യങ്ങള്‍ ഉപ്പയില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. അതെല്ലാം പിന്നീടുള്ള ജീവിതത്തിന് മുതല്‍ക്കൂട്ടായിട്ടുണ്ട്.
തയ്യാറാക്കിയത് : വിഷ്ണു രാമകൃഷ്ണന്‍
ചിത്രങ്ങള്‍ക്ക് കടപ്പാട് : അനീസ് ബഷീര്‍
Content Highlights: son anees basheer remebering father Vaikom Muhammad Basheer
Published: 05 Jul 2023, 02:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented