വിജയവാഡയിലാണ് യീദി വിജയലക്ഷ്മി എന്ന പെൺകുട്ടി ജനിച്ചത്. പഠിച്ചതും അവിടെത്തന്നെ. സ്‌കൂളിലെ ഒരു പരിപാടിക്ക് ദേവിയായിട്ടാണ് അവൾ അഭിനയിച്ചത്. അവിചാരിതമായി പരിപാടി കണ്ട സംവിധായകൻ ഹരിഹരന് ആ പെൺകുട്ടിയുടെ പ്രകടനം ഏറെ ഇഷ്ടപ്പെട്ടു. അവളെ സിനിമയിൽ നായികയാക്കാൻ തീരുമാനിച്ചു. അങ്ങനെ 'സർഗ'ത്തിലൂടെ വിനീതിന്റെ നായികയായി ആ പെൺകുട്ടി സിനിമയിലെത്തി.

അമൃത എന്ന പേരിലാണ് 'സർഗ'ത്തിൽ ആ പെൺകുട്ടി അഭിനയിച്ചത്. അന്ന് 15 വയസ്സേയുള്ളൂ അമൃതയ്ക്ക്. അതേ വർഷം തന്നെ 'ചമ്പക്കുളം തച്ചൻ' എന്ന സിനിമയിലും വേഷമിട്ടു. അതിലും വിനീത് തന്നെയായിരുന്നു നായകൻ. അവിടുന്നങ്ങോട്ട് ആ പെൺകുട്ടി സിനിമാലോകം കീഴടക്കുന്ന കാഴ്ചയാണ് കണ്ടത്. അമൃത എന്ന പേര് രംഭ എന്നാക്കി മാറ്റുകയും ചെയ്തു. തെലുഗു, കന്നഡ, തമിഴ്, ബോളിവുഡ് സിനിമകളിൽ രംഭ നിറഞ്ഞുനിന്നു. മമ്മൂട്ടി, സൽമാൻ ഖാൻ, മിഥുൻ ചക്രവർത്തി, രജനീകാന്ത്, ചിരഞ്ജീവി, വെങ്കടേഷ്, വിജയ് തുടങ്ങിയ പ്രധാനതാരങ്ങൾക്കൊപ്പം രംഭ അഭിനയിച്ചു.
 

അഭിനയത്തിനൊപ്പം തന്നെ സിനിമാനിർമാണത്തിലും സഹോദരനൊപ്പം രംഭ സജീവമായി. ആദ്യമായി നിർമിച്ച സിനിമ 'ത്രീ റോസസ്' ആണ്. ജ്യോതികയും ലൈലയും രംഭയുമാണ് പ്രധാനതാരങ്ങളായത്. എന്നാൽ, ആ സിനിമ രംഭയെ സംബന്ധിച്ചിടത്തോളം വൻനഷ്ടമായി മാറി. സിനിമാനിർമാണത്തിനായി വൻതുക പലരിൽനിന്നും കടംവാങ്ങിയിരുന്നു. എന്നാൽ, സിനിമ നഷ്ടമായതോടെ അത് തിരിച്ചടക്കാൻ കഴിഞ്ഞില്ല. അതോടെ അവർക്കെതിരെ കേസായി. സാമ്പത്തികപ്രശ്‌നങ്ങൾക്കുള്ള പരിഹാരമായി ചെന്നൈയിലെ വീട് വിൽക്കേണ്ടിയും വന്നു. അതും രംഭയുടെ ഇമേജിനെ വല്ലാതെ ബാധിച്ചു.

കരിയറിന്റെ ഉന്നതിയിൽ, രംഭ മനപൂർവ്വമെന്നോണം ഗ്ലാമറസ് വേഷങ്ങൾ മാത്രം പലപ്പോഴും തിരഞ്ഞെടുത്തു. അതവർക്ക് ഒരുതരത്തിൽ തിരിച്ചടിയായി മാറുകയായിരുന്നു. വ്യത്യസ്തങ്ങളായ വേഷങ്ങൾ കിട്ടാതായി. അതിനിടയ്ക്കാണ് കാനഡയിൽ ബിസിനസുകാരനായ ഇന്ദ്രജിത്തുമായുള്ള വിവാഹം നടക്കുന്നത്. അതോടെ ടൊറന്റോയിലേക്ക് മാറുകയും ചെയ്തു. വലിയൊരു ഗ്യാപ്പിനുശേഷം രംഭ തിരിച്ചെത്തിയെങ്കിലും, നല്ല റോളുകളൊന്നും അവരെ തേടിയെത്തിയില്ല. അതോടെ റിയാലിറ്റി ഷോകളിലെ ജഡ്ജായി അവർ ഒതുങ്ങി.