
സോഷ്യൽമീഡിയയൊന്നും ഇല്ലാതിരുന്ന കാലം. പാകിസ്താനിൽനിന്നെത്തി ഇന്ത്യൻസംഗീതത്തെയും സംഗീതാസ്വാദകരെയും ആവേശത്തിലാഴ്ത്തിയ മൂന്ന് ഗായകരുണ്ട്, നാസിയ ഹസ്സൻ, ഹസ്സൻ ജഹാംഗീർ, അദ്‌നാൻ സമി. നാസിയ ഹസ്സനും ഹസ്സൻ ജഹാംഗീറും ഒരേയൊരു പാട്ടിലൂടെയാണ് ആളുകളുടെ ഹൃദയം കവർന്നതെങ്കിൽ, ആൽബം സോങ്ങുകളായിരുന്നു അദ്‌നാൻ സമിയുടെ മേഖല. തങ്ങളുടെ സ്വരമാധുരിയിലൂടെ ഇന്ത്യൻപ്രേക്ഷകരെ അവർ നൃത്തംവെപ്പിച്ചു.
കുർബാനിയിലേക്ക് ആ പെൺകുട്ടി
1979-ലെ വേനലവധിക്കാലം. ലണ്ടനിൽ സ്ഥിരമാക്കിയ പാകിസ്താനി കുടുംബത്തിൽനിന്നുള്ള ഒരു സ്‌കൂൾകുട്ടി അമ്മയോടൊപ്പം ബോംബെയിലെ റെക്കോർഡിങ് സ്റ്റുഡിയോയിലെത്തി. കൂടെ അവളുടെ അനിയനും. ഒരു വെക്കേഷൻ മൂഡിലായിരുന്നു അവർ. അതിനിടയിൽ ഒട്ടും സമയം കളയാതെ ഒരു പാട്ടുപാടി. വലിയ ധാരണയൊന്നുമില്ലാതെ, പറഞ്ഞുകൊടുത്തതുപോലെ പാടി. അവർ തിരിച്ചുപോയി.
1980, ജൂൺ 20. കുർബാനി എന്ന സിനിമ കണ്ട് തിയേറ്ററിൽനിന്ന് പുറത്തിറങ്ങിയവരുടെയെല്ലാം ചുണ്ടിൽ ഒരു പാട്ട് തത്തിക്കളിച്ചു, 'ആപ് ജെയ്സാ കോയി മേരി സിന്ദഗി മേ ആയേ, തോ ബാത് ബൻ ജായേ...' മനോഹരവും വ്യത്യസ്തവുമായ ശബ്ദത്തിനൊപ്പം സീനത്ത് അമന്റെ ഐറ്റം ഡാൻസ് കൂടിയായപ്പോൾ പാട്ട് എല്ലാവരുടെയും മനസ്സിൽ പതിഞ്ഞു. ആ ശബ്ദത്തിന്റെ ഉടമയെ തേടിനടന്നവരുടെ മുന്നിലേക്ക്, ആ സ്‌കൂൾകുട്ടി കടന്നുവന്നു, നാസിയ ഹസ്സൻ എന്ന പതിനഞ്ചുകാരി. 1965 ഏപ്രിൽ മൂന്നിന് കറാച്ചിയിലാണ് നാസിയ ജനിച്ചതെങ്കിലും, പിന്നീട് വളർന്നതെല്ലാം ലണ്ടനിൽ. ബിസിനസുകാരനായ ബാസിർ ഹസ്സന്റെയും സാമൂഹ്യപ്രവർത്തകയായ മുനീസ ബാസിറിന്റെയും മൂത്തമകൾ.
'കുർബാനി'യിൽ വേറെയും പാട്ടുകളുണ്ടെങ്കിലും, അതിനെല്ലാം മുകളിൽനിന്നു 'ആപ് ജെയ്സാ'. റിലീസ് ചെയ്ത ദിവസം മുംബൈയിൽ മാത്രം ഒരുലക്ഷം റെക്കോർഡുകളാണ് (കാസറ്റുകളുടെ പഴയ രൂപം)വിറ്റഴിഞ്ഞുപോയത്. ഏഴുമാസം കൊണ്ട് 10 ലക്ഷമായി. ആ പാട്ടിന്റെയും പാട്ടുകാരിയുടെയും ഖ്യാതി അതിർത്തികൾ കടന്ന് ലോകം മുഴുവൻ വ്യാപിച്ചു. ആ പാട്ടിലൂടെ ഫിലിംഫെയർ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയായി മാറി നാസിയ. ആദ്യത്തെ പാകിസ്താൻകാരിയും.
'കുർബാനി'യിലേക്ക് നാസിയ വന്നതിന് പിന്നിലൊരു കഥയുണ്ട്. സീനത്ത് അമൻ ഡിന്നറിനായി ലണ്ടനിലുള്ള ഒരു വീട്ടിലെത്തിയതായിരുന്നു. പിന്നണിയിൽ ഉയർന്ന ഗിറ്റാറിന്റെ ശബ്ദം അവരെ വല്ലാതെ ആകർഷിച്ചു. ഒപ്പം മനോഹരമായൊരു പെൺശബ്ദവും. അന്വേഷിച്ചപ്പോഴറിഞ്ഞു, അത് നാസിയ ഹസ്സൻ എന്ന പെൺകുട്ടിയും അവളുടെ സഹോദരൻ സോഹിബുമാണെന്ന്. 'കുർബാനി'യുടെ സംവിധായകനും നടനുമായ ഫിറോസ് ഖാനോടും സംഗീതസംവിധായകൻ ബിദ്ദു അപ്പയ്യയോടും നാസിയയെക്കുറിച്ച് പറയുന്നത് സീനത്താണ്. അവർക്കും ഇഷ്ടപ്പെട്ടു, അങ്ങനെയാണ് പാട്ടുപാടാൻ വിളിക്കുന്നത്.
ഇന്ത്യയിലെ ഡിസ്‌കോ യുഗത്തിന് അടിത്തറയാവുന്നതും ഈ പാട്ടാണ്. നാസിയയെയും സോഹിബിനെയും വെച്ച് മ്യൂസിക്ക് ആൽബമുണ്ടാക്കാൻ ബിദ്ദു അപ്പയ്യ തീരുമാനിച്ചു. അങ്ങനെയാണ് നാസിയയുടെ കരിയറിലെ അടുത്ത ഹിറ്റായ 'ഡിസ്‌കോ ദിവാനേ'യുടെ (1981) വരവ്. ഒരുപോലെ നൃത്തം വെച്ചുകൊണ്ട് നാസിയയും സഹോദരനും പാടിയപ്പോൾ പ്രേക്ഷകരും കൂടെപ്പാടി, 'ഡിസ്‌കോ ദിവാനേ...അഹാ...അഹാ...'

പതിനാല് രാജ്യങ്ങളിലാണ് പാട്ട് റിലീസ് ചെയ്തത്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഏഷ്യൻ പോപ് ആയി അതുമാറി. ആദ്യ ദിവസം തന്നെ ഇന്ത്യയിൽ മാത്രം ഒരുലക്ഷം റെക്കോർഡുകളാണ് വിറ്റഴിക്കപ്പെട്ടത്. മൂന്നാഴ്ചയാവുമ്പോഴേക്കും രണ്ടുലക്ഷമായി. ദക്ഷിണേഷ്യയിലെ മ്യൂസിക് ട്രെൻഡ് തന്നെ ഈ ആൽബം മാറ്റിമറിച്ചു. അതുവരെ ബോളിവുഡ് പാട്ടുകൾക്കായിരുന്നു ദക്ഷിണേഷ്യയിൽ കൂടുതൽ ഡിമാന്റ്. 'ഡിസ്‌കോ ദിവാനേ'യുടെ വരവോടെ, ആൽബം പാട്ടുകളും ഇന്ത്യൻ പോപ്പുകളും ആളുകൾ സ്വീകരിക്കാൻ തുടങ്ങി. നാസിയയുടെ പ്രശസ്തി നാൾക്കുനാൾ വർധിച്ചു. പോസ്റ്ററുകളിലും ബിൽബോർഡുകളിലും ബസ് ഹോർഡിങ്ങുകളിലുമെല്ലാം ആ മുഖം ഉയർന്നുവന്നു. അവരുടെ ശബ്ദവും മുഖവും ആളുകൾക്ക് വളരെ പരിചിതമായി. ഒരിക്കൽ കൽക്കത്ത എയർപോർട്ടിൽ വന്നിറങ്ങിയ നാസിയയെ സ്വീകരിക്കാനായി ഒരുലക്ഷത്തോളം പേരാണ് ഇരച്ചെത്തിയത്.
പിന്നീട് ബൂം ബൂം (1982), യങ് തരംഗ് (1984), ഹോട്ട് ലൈൻ (1987) എന്നിങ്ങനെ കുറേ ആൽബങ്ങൾ നാസിയയുടെയും സോഹിബിന്റെയുമായി ഇറങ്ങി. യങ് തരംഗ് മാത്രം ലോകവ്യാപകമായി 40 ലക്ഷം കോപ്പികളാണ് വിറ്റഴിക്കപ്പെട്ടത്. അതിനിടയിൽ മേം ബൽവാൻ (1986) എന്ന സിനിമയിൽ കിഷോർ കുമാറിനൊപ്പം പാടാനുള്ള അവസരവും നാസിയയ്ക്ക് കിട്ടി. അവരുടെ ശബ്ദവും പാട്ടും മാത്രമല്ല, നാസിയ സ്‌റ്റൈലും അന്ന് യുവാക്കളുടെ മനംകവർന്നു. സിംഗിൾ ഡ്രസ്സിനുമുകളിലെ വെയ്സ്റ്റ് ബെൽട്ടും ഓവർസൈസ്ഡ് ജാക്കറ്റും ജംപ്സ്യൂട്ടും ലെതർ ജാക്കറ്റും നീ ലെങ്ത്ത് മിഡി-ടോപ്പും ഡംഗ്രിയുമെല്ലാം അന്നത്തെ ടീൻ അനുകരിച്ചുതുടങ്ങി. ഏറ്റവും ഉന്നതിയിൽ നിൽക്കുമ്പോഴാണ് സംഗീതപ്രേമികളെയെല്ലാം ഞെട്ടിച്ചുകൊണ്ട് നാസിയ സംഗീതലോകത്തുനിന്ന് പിൻവലിയുന്നത്. അവസാനമായി ഇറക്കിയ ആൽബം ക്യാമറ ക്യാമറ (1992) ആയിരുന്നു. പിന്നീട് പൂർണമായും സാമൂഹ്യസേവനത്തിലേക്ക് ചുവടുമാറ്റിയ നാസിയയെയാണ് കാണാൻ കഴിഞ്ഞത്. ലഹരിക്കെതിരെയുള്ള പ്രവർത്തനം, മൊബൈൽ ക്ലിനിക്ക് സ്ഥാപിക്കുക, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ പഠനം തുടങ്ങിയ പ്രവർത്തനങ്ങളിൽ അവർ സജീവമായി.
ഒരുവശത്ത് സന്തോഷം മാത്രം നിറഞ്ഞുനിൽക്കുമ്പോൾ, മറുവശത്ത് ദുരന്തങ്ങളുടെ ഘോഷയാത്രയായിരുന്നു നസിയയുടെ ജീവിതം. ആദ്യം ശ്വാസകോശാർബുദത്തിന്റെ രൂപത്തിലായിരുന്നു അത്. അർബുദത്തെ ചെറുത്തുതോൽപ്പിക്കാൻ അവർക്ക് കഴിഞ്ഞു. അതിനിടയിലാണ് ബിസിനസുകാരനായ മിർസ ഇഷ്ത്യാക്ക് ബെയ്ഗുമായുള്ള വിവാഹം. കുടുംബജീവിതം മറ്റൊരു ദുരന്തമായി മാറി. ഗാർഹികപീഡനങ്ങളൊരുപാട് നേരിടേണ്ടിവന്നു. ബെയ്ഗിന്റെ മൂന്നാമത്തെ ഭാര്യയായിരുന്നു നാസിയ. അതൊന്നും ആരോടും പറയാതെയാണ് അയാൾ വിവാഹം കഴിച്ചത്. പിന്നീട് എല്ലാമറിഞ്ഞിട്ടും നാസിയ ആരോടും പറഞ്ഞില്ല. എല്ലാം ഉള്ളിൽ തന്നെയൊതുക്കി. അതിനിടയിൽ മരുഭൂമിയിലെ മഴ പോലെ മകൻ ആരിസിന്റെ ജനനം. മാനസികത്തകർച്ചയിലും, മകനെന്ന സന്തോഷത്തിൽ പിടിച്ചുനിൽക്കാൻ അവർ ശ്രമിച്ചു. അപ്പോഴേക്കും കാൻസർ വീണ്ടും വരവറിയിച്ചു. വീണ്ടും ആശുപത്രി ദിനങ്ങൾ...
അവസാനകാലത്ത് മരണം കാത്തുകിടക്കുമ്പോൾ, പാകിസ്ഥാനിലെ ഒരു ദേശീയപത്രത്തിന് നൽകിയ അഭിമുഖത്തിൽ അവരാദ്യമായി, നേരിട്ട പീഡനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു. നാസിയയുടെ ചികിത്സാച്ചെലവ് വഹിക്കാൻ പോലും ഭർത്താവ് തയ്യാറായിരുന്നില്ലത്രെ. ആ അഭിമുഖത്തിനവസാനം നാസിയ ഇങ്ങനെ പറഞ്ഞുനിർത്തി, 'ഇങ്ങനെ മാനസികമായും ശാരീരികമായുമുള്ള വേദന തിന്ന് ജീവിക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ് മരിക്കുന്നത്'. എല്ലാ ദുരിതങ്ങൾക്കും വിടപറഞ്ഞ്, 2001 ഓഗസ്റ്റ് 13-ന് മരണത്തിന് കീഴടങ്ങി. 35 വയസ്സ് മാത്രമേയുണ്ടായിരുന്നുള്ളൂ അപ്പോഴവർക്ക്. ലണ്ടനിലെ ഹെൻഡൻ സെമിത്തേരിയിലാണ് നാസിയ അന്ത്യവിശ്രമം കൊള്ളുന്നത്. നാസിയയുടെ മരണശേഷവും അവരുടെ പല പാട്ടുകളും ആൽബങ്ങളും റീമിക്സായും റീമേക്കായും പുറത്തിറങ്ങി. ആപ് ജൈസാ കോയി, ഡിസ്‌കോ ദിവാനേ തുടങ്ങിയ പാട്ടുകൾ പിന്നീടിറങ്ങിയ ഇന്ത്യൻ സിനിമയിലും, കരീബിയൻ സിനിമയിലും, അമേരിക്കൻ സിനിമയിലും റീമിക്‌സ് ചെയ്ത് ഉൾക്കൊള്ളിച്ചതിനുകാരണം അതിന്റെ ജനപ്രീതി തന്നെ. ഇന്നും ലോകമെമ്പാടുമുള്ള പലരും ഹെൻഡൻ സെമിത്തേരിയിലെത്തുന്നു, ആ വാനമ്പാടിയെ കാണാൻ. കല്ലറയ്ക്കുമുമ്പിലെ ഒരു ഫലകത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു...Nazia Hassan-who was loved and cherished by millions of people...
മധുരംപേറുന്ന കാറ്റുപോലെ ആ ഗായകൻ
1987-ലാണ്. കാറ്റുപോലെ, പുഴപോലെ ഒഴുകിയെത്തിയൊരു പാട്ട് ആളുടെ മനസ്സിലിടിം പിടിച്ചത്. 'ഹവാ ഹവാ ഏ ഹവാ' എന്ന ആ പാട്ട്, അധികം വൈകാതെ ഇന്ത്യ മുഴുവൻ കീഴടക്കി. അത് പാടിയത് ഹസ്സൻ ജഹാംഗീർ എന്ന പാകിസ്താനി ഗായകനും.
1986-ലാണ് ഈ ഉറുദു സിംഗിൾ ഹസ്സൻ റെക്കോഡ് ചെയ്യുന്നത്, റിലീസാവുന്നത് 1987-ലും. 1970-കളിലിറങ്ങിയ ഒരു പേർഷ്യൻ പാട്ടിന്റെ ഈണത്തിലാണ് ഇത് തയ്യാറാക്കിയത്. റിലീസായപ്പോൾ പലരും വളരെ സംശയത്തോടെയാണ് നോക്കിക്കണ്ടത്. ''ആദ്യമൊക്കെ പലരും കളിയാക്കി. എന്താണിത് ഉണ്ടാക്കിവെച്ചിരിക്കുന്നതെന്ന് ചോദിച്ചു. പതുക്കെ കടകളിലും പാർട്ടികളിലുമെല്ലാം ആ പാട്ട് കേട്ടുതുടങ്ങി. അങ്ങനെയാണ് അതിന് പ്രശസ്തി കിട്ടിയത്''.

പാട്ട് പെട്ടെന്ന് തന്നെ പാകിസ്താനിൽ ഹിറ്റായി. വൈകാതെ അതിർത്തി കടന്നത് ഇന്ത്യയിലും ബംഗ്ലാദേശിലുമെത്തി. അക്കാലത്ത് ഇന്ത്യൻ റേഡിയോയിൽ സ്ഥിരമായി ആ പാട്ടിടുമായിരുന്നു. അത്രയ്ക്കുണ്ടായിരുന്നു അതിന്റെ പ്രശസ്തി. ഇന്ത്യയിൽ മാത്രം ആൽബത്തിന്റെ 15 ദശലക്ഷം കോപ്പികൾ വിറ്റഴിക്കപ്പെട്ടത്. ഡിസ്‌കോ ബാറുകളിലും ഹോട്ടലുകളിലും ഡാൻസ് ബാറുകളിലും കല്യാണങ്ങളിലുമെല്ലാം ഈ പാട്ട് മുഴങ്ങിക്കേട്ടു.
''പാകിസ്താനിൽ ഈ പാട്ട് ഹിറ്റാവുമെന്ന് എനിക്കുറപ്പായിരുന്നു. പക്ഷേ ലോകം മുഴുവൻ ജനകീയമാവുമെന്ന് എന്റെ സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ല. ഭാഷ മനസ്സിലായില്ലെങ്കിൽ പോലും അതിന്റെ ബീറ്റും താളവുമാണ് ആളുകളെ ആ പാട്ടിലേക്ക് ആകർഷിച്ചെന്ന് എനിക്ക് തോന്നുന്നു'', ഒരിക്കൽ ഹസ്സൻ ജഹാംഗീർ പറഞ്ഞതിങ്ങനെ.
പല ബോളിവുഡ് സിനിമകളിലും ആ പാട്ട് റീമിക്‌സ് ചെയ്ത് ഉൾപ്പെടുത്തി. വരികൾ മാറ്റിയും ചിലപ്പോഴൊക്കെ സംഗീതം മാറ്റിയുമെല്ലാം അത് ബോളിവുഡ് സിനിമകളിൽ നിറഞ്ഞു. ബില്ലു ബാദ്ഷാ (1989) എന്ന സിനിമയിൽ ഈ പാട്ടും വരികൾ മാറ്റി ഉൾപ്പെടുത്തി. പാടിയത് ആ സിനിമയിലെ നായകൻ കൂടിയായ ഗോവിന്ദയും. അതേവർഷം തന്നെ 'ആഗ് കാ ഗോല' എന്ന സിനിമയിലും ഈ പാട്ടുൾപ്പെടുത്തി. അതിലും വരികൾ മാറ്റിയിരുന്നു. 2012-ൽ 'ചാലിസ് ചൗരാസി' എന്ന സിനിമയിൽ പാട്ട് അതേപോലെ തന്നെ ഉൾപ്പെടുത്തി, തെല്ലും മാറ്റാതെ. ഹസ്സൻ ജഹാംഗീർ അതിൽ പാടുകയും ചെയ്തു. 'മുബാറകൻ' (2017) എന്ന സിനിമയിലും ഈ പാട്ട് ഉൾപ്പെടുത്തിയിരുന്നു. ഇതേ ഈണത്തിൽ വരികൾ മാറ്റിയാണ് അവതരിപ്പിച്ചത്, 'ബോയ്ഫ്രണ്ട് ബനാ ദേ' എന്നായിരുന്നു പാട്ട്.
വരികൾ മാറ്റി ആ പാട്ടിറക്കുന്നതിനോട് പലരും എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട് പലപ്പോഴും. 'മുബാറകനി'ൽ വരികൾ മാറ്റിയതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ, ''പാട്ട് കേൾക്കാൻ രസമില്ലാത്തതുപോലെ തോന്നുന്നു. അവർക്കെന്നോട് ചോദിക്കാമായിരുന്നു, വരികൾ മാറ്റുന്ന കാര്യം. പക്ഷേ അതിന്റെ പേരിൽ ഞാൻ പ്രതിഷേധം പ്രകടിപ്പിക്കാനൊന്നും പോകുന്നില്ല''.
പ്രണയത്തിലാഴ്ത്തി അദ്‌നൻ സമി
1997-ത്തിലാണ്. 'ബദൽതേ മോസം' എന്ന മനോഹരമായ മ്യൂസിക് ആൽബവുമായി ഒരു ഗായകൻ കടന്നുവന്നു. അതുവരെയുള്ള മ്യൂസിക് ആൽബങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തം. വളരെ പെട്ടെന്നാണ് ആളുകൾ അതേറ്റെടുത്തത്. അങ്ങനെ അദ്‌നാൻ സമി എന്ന പാകിസ്താനി ഗായകൻ ആസ്വാദകരുടെ മനസ്സിലേക്കിടിച്ചുകയറി. ഫീമെയ്ൽ പോർഷൻ പാടിയ ആശാ ഭോസ്ലേയുടെ മനോഹരമായ ശബ്ദമായിരുന്നു ആ ആൽബത്തിന്റെ മറ്റൊരു പ്രത്യേകത. സംഗീതവും അദ്‌നാൻ തന്നെ. അതിലെ 'കഭി തോ നസർ മിലാവോ' പാട്ടാണ് ഏറ്റവും കൂടുതൽ കേട്ടതും കണ്ടതും.
വീഡിയോയിൽ അഭിനയിച്ചത് സലിൽ അങ്കോളയും അദിതി ഗോവിത്രികറും. ഒരു സിനിമ പോലെ സുന്ദരമായ ദൃശ്യങ്ങൾ, മികച്ച ഛായാഗ്രഹണം. അതെല്ലാം ആൽബത്തിന്റെ നിറപ്പകിട്ട് കൂട്ടി. ഇന്ത്യയിൽ മാത്രം നാല് ദശലക്ഷം കോപ്പികളാണ് വിറ്റുപോയത്. എന്നാലത് വെറുമൊരു തുടക്കം മാത്രമായിരുന്നു. മ്യൂസിക് ആൽബം എന്ന ആശയത്തിന് മറ്റൊരു ദിശ നൽകി അദ്ദേഹം. അദ്‌നാൻ സമിയുടെ നാളുകളായിരുന്നു പിന്നീട്. പാട്ടിനൊപ്പം അനായാസമായി തബലയും വയലിനും കീബോർഡും വായിക്കുന്ന അദ്‌നാൻ ഒരു വേറിട്ട കാഴ്ച തന്നെയായിരുന്നു.

2000-ൽ 'ഓൾവേയ്‌സ് യുവേഴ്‌സ്' എന്ന ആൽബവുമായി അദ്‌നാൻ വീണ്ടുമെത്തി. അതിലെ 'ഭീഗി ഭീഗി രാതോം മേ' എന്ന പാട്ടും ആസ്വാദകരുടെ ഹിറ്റ്‌ലിസ്റ്റിലിടം പിടിച്ചു. 2002-ൽ അടുത്ത ആൽബവും പുറത്തിറങ്ങി, 'തേരാ ചെഹരാ'. സംഭവം ഇൻസ്റ്റൻഡ് ഹിറ്റായി. അതിൽ അഭിനയിച്ചതാണെങ്കിൽ സിനിമാതാരങ്ങളും. ആൽബത്തിലെ 'കഭി നഹി' എന്ന പാട്ടിൽ അമിതാഭ് ബച്ചൻ അഭിനയിച്ചു. അദ്ദേഹം സമിക്കൊപ്പം പാടുകയും ചെയ്തു. ഏറ്റവും പ്രശസ്തമായ 'തേരാ ചെഹരാ' എന്ന പാട്ടിൽ റാണി മുഖർജിയാണ് അഭിനയിച്ചത്. മറ്റുള്ള പാട്ടുകളിൽ നമ്രത ശിരോദ്കറും, മഹിമ ചൗധരിയും, രവീണ ഠണ്ഡനുമെത്തി. പ്രശസ്തഛായാഗ്രഹകൻ ബിനോദ് പ്രധാനാണ് ദൃശ്യങ്ങൾ പകർത്തിയത്. അതും ബെസ്റ്റ് സെല്ലിങ് ലിസ്റ്റിലിടം പിടിച്ചു. യു.എസിലും കാനഡയിലും ബെസ്റ്റ് സെല്ലിങ് ഇന്ത്യൻ ആൽബം എന്ന പേരും ഇതിന് ലഭിച്ചു. ആദ്യ ആൽബത്തിന്റെ റെക്കോർഡ് തകർക്കുകയും ചെയ്തു.
പാകിസ്താൻ നയതന്ത്രജ്ഞനായ അർഷാദ് സമി ഖാന്റെയും ഇന്ത്യക്കാരിയായ നൗറീൻ ഖാന്റെയും മകനാണ് അദ്‌നാൻ. അഞ്ചാം വയസ്സുമുതൽ തന്നെ പിയാനോ വായിക്കുമായിരുന്നു. അവധിക്കാലത്ത് പണ്ഡിറ്റ് ശിവ്കുമാർ ശർമയിൽനിന്നാണ് ഇന്ത്യൻസംഗീതം പഠിച്ചത്. ലണ്ടനിൽവെച്ച് നടന്ന ആർ.ഡി.ബർമൻ കൺസർട്ടിൽവെച്ചാണ് ആശാ ഭോസ്ലേ അദ്‌നാനെ ആദ്യമായി കാണുന്നത്. സംഗീതം കരിയറാക്കിയെടുക്കാൻ പ്രോത്സാഹിപ്പിച്ചതും ആശ തന്നെ. പാകിസ്താനി ആൽബങ്ങളിലൂടെയും സിനിമകളിലൂടെയും സംഗീതജീവിതത്തിന് തുടക്കമിട്ടു.
മ്യൂസിക് ആൽബങ്ങളിലൂടെ ബോളിവുഡിലേക്കുള്ള വഴിയും അദ്‌നാന് മുന്നിൽ തുറന്നു. തു സിർഫ് മേരാ മെഹബൂബ്, സുൻസരാ, ഖ്വാജ മേരെ ഖ്വാജ, ദിൽ ക്യാ കരേ, ഭർ ദോ ഝോലി മേരി തുടങ്ങി എത്രയോ ബോളിവുഡ് പാട്ടുകൾ അദ്‌നാൻ അനശ്വരമാക്കി. അടിച്ചുപൊളിയും പോപ്പും മെലഡിയും ഒരുപോലെ വഴങ്ങുന്ന ഗായകനെന്ന മേൻമ അദ്ദേഹത്തിന് ഗുണകരമായി. 'ബോയ്‌സി'ലെ ബൂം ബൂം, 'മകൾക്ക്' എന്ന സിനിമയിലെ 'ചാഞ്ചാടിയാടി' തുടങ്ങിയ പാട്ടുകളിലൂടെ മലയാളികളുടെ മനസ്സിലും അദ്‌നാൻ കടന്നുകൂടി.
കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് ഒരു ബ്രേക്ക് എടുക്കുന്നത്. അതിന് കാരണമായത് അസുഖവും. ലിംഫെഡീമ എന്ന അസുഖമാണ് അദ്ദേഹത്തെ ബാധിച്ചത്. ശരീരത്തിന്റെ ലിംഫാറ്റിക് സിസ്റ്റത്തിൽ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമ്പോൾ, നീര് അടിഞ്ഞുകൂടുന്നതാണിത്. അമിതഭാരമാണ് അദ്ദേഹത്തിന് പ്രശ്‌നമായതെന്ന് ഡോക്ടർമാരും അഭിപ്രായപ്പെട്ടു. അക്കാലത്ത് 230 കിലോ ആയിരുന്നു ശരീരഭാരം. 16 മാസം കൊണ്ടത് 167-ൽ എത്തിച്ചു. വീണ്ടും സംഗീതത്തിലേക്ക് തിരിച്ചുവന്നു അദ്‌നാൻ.
2001 മുതൽ തന്നെ ഇന്ത്യയിൽ താമസമാണ് അദ്‌നാൻ. വിസിറ്റേഴ്‌സ് വിസയിലായിരുന്നുവത്. അത് ഓരോ വട്ടവും പുതുക്കിക്കൊണ്ടിരുന്നു. 2015-ൽ പാകിസ്താൻ പാസ്‌പോർട്ട് കാലഹരണപ്പെട്ടപ്പോൾ, ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷ നൽകി. 2016-ൽ ആഭ്യന്തരമന്ത്രാലയം അത് അനുവദിക്കുകയും ചെയ്തു. 1993-ലാണ് പാകിസ്താനി നടി സബ ഭക്ത്യാറുമായുള്ള വിവാഹം. അതിലൊരു മകനുമുണ്ട്, ആസാൻ സമി ഖാൻ. മൂന്നുവർഷം കഴിഞ്ഞപ്പോൾ അവർ വിവാഹമോചിതരായി. 2001-ൽ ദുബായിൽനിന്നുള്ള സബ ഗലദരിയെ വിവാഹം കഴിച്ചു. ഒന്നര വർഷത്തിനുള്ളിൽ ആ ബന്ധം വിവാഹമോചനത്തിലെത്തി. 2008-ൽ സബ തിരിച്ചെത്തി. വീണ്ടും വിവാഹിതരായെങ്കിലും, ഒരുവർഷമേ ആ ബന്ധം നീണ്ടുനിന്നുള്ളൂ. 2010-ലാണ് റോയ സമി ഖാനുമായുള്ള മൂന്നാം വിവാഹം. 2017-ൽ മദീന എന്നൊരു പെൺകുട്ടിയും ജനിച്ചു.
Content Highlights: nazia hassan to adnan sami pakistani singers who are popular in india
Published: 03 Apr 2025, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented