പ്രയാഗ്‌രാജിൽ നടക്കുന്ന മാഘ് മേളയിലേക്ക് ഇത്തവണയും മൊണാലിസ ഭോസ്ലെ എന്ന പെൺകുട്ടിയെത്തും. എന്നാൽ, ഈ വരവിൽ ഒരു പ്രത്യേകതയുണ്ട്. മുമ്പ് മാലവില്പനക്കാരിയായെത്തിയ മൊണാലിസ, ഇക്കുറി ഒരു സെലിബ്രിറ്റിയായിട്ടാണ് അവിടേക്ക് കടന്നുവരിക.
'ദ ഡയറി ഓഫ് മണിപ്പൂർ' എന്ന തന്റെ ആദ്യസിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കി, ആ സിനിമയുടെ ടീമിനൊപ്പമാണ് മൊണാലിസ മാഘ് മേളയിൽ പങ്കെടുക്കാനെത്തുന്നത്. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന സിനിമയിലാണ് ആ പെൺകുട്ടി അഭിനയിക്കുന്നത്. നായകനായെത്തുന്നത് നടൻ രാജ്കുമാർ റാവുവിന്റെ സഹോദരൻ അമിത് റാവുവാണ്.
ഗാന്ധിഗിരി, ശശാങ്ക് എന്നീ സിനിമകൾ സംവിധാനം ചെയ്ത സംവിധായകനാണ് സനോജ് മിശ്ര. ഉത്തർപ്രദേശ്, മണിപ്പൂർ, നേപ്പാൾ, ഡെഹ്‌റാഡൂൺ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. മൊണാലിസയെക്കുറിച്ച് വീഡിയോകളിലൂടെ അറിഞ്ഞപ്പോഴാണ്, തന്റെ പുതിയ നായികയായി അവളെ സനോജ് മിശ്ര തിരഞ്ഞെടുക്കുന്നത്.
''കഴിഞ്ഞ കുംഭമേളയിൽ റീൽസിനും സെൽഫിക്കും വേണ്ടി ആളുകൾ അവളെ ഉപദ്രവിക്കുന്നത് കണ്ടപ്പോൾ ഞാൻ അസ്വസ്ഥയായി. മധ്യപ്രദേശിൽനിന്നുള്ള വളരെ നിഷ്‌കളങ്കരായ ആളുകളാണ് മൊണാലിസയും കുടുംബവും. അതിനാൽ, ഞാൻ അവളെ നായികയായി അവതരിപ്പിക്കാൻ തീരുമാനിച്ചു, അവളുമായി കരാറിൽ ഒപ്പിട്ടു'', സനോജ് മിശ്രയുടെ വാക്കുകൾ.
തുടക്കത്തിൽ തന്റെ പേര് ഒപ്പിടാൻ മാത്രമേ മൊണാലിസയ്ക്ക് അറിയാമായിരുന്നുള്ളൂ. പിന്നീട് പരിശീലനത്തിനും മറ്റുമായി മുംബൈയിലേക്ക് പോയി. ''ആ പെൺകുട്ടിയെ പരിശീലിപ്പിക്കുന്നത് കഠിനമായ ജോലിയായിരുന്നു. പക്ഷേ, അവൾ വളരെ കഠിനാധ്വാനിയും സമർപ്പണബോധമുള്ളവളുമാണ്. മ്യൂസിക് വീഡിയോകൾക്ക് പുറമേ, രണ്ട് ദക്ഷിണേന്ത്യൻ സിനിമകളുടെ ചിത്രീകരണത്തിലും ഞാൻ അവളെ സഹായിച്ചിട്ടുണ്ട്. ഇപ്പോഴും ഉച്ചാരണ പ്രശ്നമുള്ളതിനാൽ, ഞങ്ങൾ ഡബ്ബിംഗ് ഉപയോഗിച്ചു. എന്നിരുന്നാലും, അവൾ നന്നായി അഭിനയിച്ചിട്ടുണ്ട്. അവളുടെ നിഷ്‌കളങ്കതയാണ് ഏറ്റവും വലിയ ആസ്തി'', അദ്ദേഹം വിശദീകരിക്കുന്നു.
കഴിഞ്ഞവർഷം ഒറ്റദിവസം കൊണ്ടാണ് മൊണാലിസയുടെ ജീവിതം മാറിമറിഞ്ഞത്. പ്രയാഗ് രാജിൽ നടന്ന മഹാകുംഭമേളയിൽ മാലകളും രുദ്രാക്ഷങ്ങളും വിൽക്കാനെത്തിയതായിരുന്നു ആ 16-കാരി. അതിനിടെയാണ് യൂട്യൂബർമാർ ആ പെൺകുട്ടിയുടെ വീഡിയോകളും ചിത്രങ്ങളുമെടുക്കുന്നതും അത് വൈറലാകുന്നതും. അവളുടെ ഭംഗിയുള്ള ആംബർ കണ്ണുകളാണ് ലോകത്തെ ആകർഷിച്ചത്. പ്രശസ്തി ഉപദ്രവമായി മാറിയപ്പോൾ, അച്ഛൻ അവളെ നാടായ ഇന്ദോറിലേക്ക് പറഞ്ഞുവിടുകയും ചെയ്തു. പിന്നാലെയാണ് സിനിമാ അവസരങ്ങൾ അവളെ തേടിയെത്തിയത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Monalisa bhosle, once a garland seller at Prayagraj`s KumbhMela, returns as a actress after completing `The Diary of Manipur`
Published: 04 Feb 2026, 10:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented