മുംബൈയിലെ ഏറ്റവും പ്രശസ്തനായ സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയിനറാണ് വിനോദ് ഛന്ന. ആകാശ് അംബാനി തടി കുറച്ച വാർത്തകൾ പുറത്തുവന്നപ്പോഴാണ്, വിനോദ് ഛന്ന എന്ന പേരും പ്രശസ്തമാവുന്നത്. 208 കിലോ ഭാരമുണ്ടായിരുന്ന ആകാശ് 108 കിലോ കുറച്ചത്, വിനോദിന്റെ സഹായത്തോടെയാണ്. ആകാശിന് മാത്രമല്ല, നിത അംബാനിക്കും ആവശ്യമായ നിർദേശങ്ങൾ നൽകിയത് ഈ ഫിറ്റ്‌നെസ് ട്രെയിനർ തന്നെ. വിനോദ് നിർദേശിച്ച ഭക്ഷണക്രമങ്ങളും ജീവിതശൈലിയിൽ വരുത്തിയ മാറ്റങ്ങളുമാണ് 18 കിലോ കുറയ്ക്കാൻ നിതയെ സഹായിച്ചത്.

ഇന്ന് ജോൺ എബ്രഹാം, റിതേഷ് ദേശ്മുഖ്, ശിൽപ ഷെട്ടി തുടങ്ങിയവരുടെയും ട്രെയിനർ കൂടിയാണ് അദ്ദേഹം. കഷ്ടപ്പാടുകളുടെയും പരിഹാസങ്ങളുടെയും ഒരു ഇരുണ്ടകാലം കടന്നാണ് ഇന്ന് സെലിബ്രിറ്റി ട്രെയിനർ എന്ന പേരിൽ അദ്ദേഹം തിളങ്ങിനിൽക്കുന്നത്. ''ദാദറിലെ വളരെ ദരിദ്രമായൊരു കുടുംബത്തിൽനിന്നാണ് ഞാൻ വരുന്നത്. അന്നെനിക്ക് ധരിക്കാൻ ചെരിപ്പ് പോലുമില്ലായിരുന്നു. വലുതായപ്പോൾ ഒരു ഫ്‌ളാറ്റിൽ സെക്യൂരിറ്റി ഗാർഡായി ജോലി ലഭിച്ചപ്പോഴാണ് ജിം, ഫിറ്റ്‌നെസ് എന്നിവയൊക്കെ കേൾക്കുന്നത് തന്നെ. എന്റെ മനസ്സിലും ആ ആഗ്രഹം കയറിക്കൂടി. എല്ലാ സൗകര്യങ്ങളുമുള്ളൊരു ജിമ്മിൽ ചേരാനുള്ള പണമൊന്നും എന്റെ കൈയിലുണ്ടായിരുന്നില്ല. അതുകൊണ്ട് വീടിനടുത്തുള്ളൊരു ജിമ്മിൽ 5 രൂപ കൊടുത്ത് ഞാൻ ചേർന്നു. അന്ന് ഒരു പാർട്ട് ടൈം ജോലി ചെയ്യുന്നുണ്ടായിരുന്നു. അതിൽനിന്ന് കുറച്ചു സമയമെടുത്താണ് ജിമ്മിൽ പോയിരുന്നത്. കുറേ ദിവസം അവിടെ പോയി പരിശീലിച്ചിട്ടും എന്റെ ശരീരത്തിൽ വലിയ മാറ്റങ്ങളൊന്നും കണ്ടില്ല. കാരണം മതിയായ പോഷകാഹാരങ്ങളോ ശരിയായ മാർഗനിർദേശങ്ങളോ ഒന്നുമില്ലാതെയായിരുന്നു എന്റെ പരിശീലനം'', ബോഡി ബിൽഡിങ്ങിലേക്ക് തിരിയുന്നത് 1994-ലാണ്. 15 വർഷത്തോളം ബോഡി ബിൽഡിങ്ങിൽ ശ്രദ്ധിച്ചു. അതിനുശേഷമാണ് സെലിബ്രിറ്റി ട്രെയിനറാവുന്നത്.

''അതുകഴിഞ്ഞ് ബാന്ദ്രയിലെ പുതുതായി തുടങ്ങിയൊരു ജിമ്മിൽ ജോലിക്ക് ചേർന്നു. ഒരു സെലിബ്രിറ്റി ഉപഭോക്താവിനെ കിട്ടുമല്ലോ എന്നായിരുന്നു ചിന്ത. പക്ഷേ അവിടെ സെലിബ്രിറ്റി പോയിട്ട് ആരുമുണ്ടായിരുന്നില്ല. പൂജ്യത്തിൽനിന്നായിരുന്നു തുടക്കം. കാണുന്നവരെയെല്ലാം ഞാൻ പരിശീലിപ്പിച്ചു. അതിനിടെയാണ് റിതേഷ് ദേശ്മുഖിന്റെ ഒരു ബന്ധുവിനെ പരിചയപ്പെടുന്നത്. അദ്ദേഹമാണ് എന്നെക്കുറിച്ച് റിതേഷിനോട് പറയുന്നത്'', അങ്ങനെയാണ് താൻ സെലിബ്രിറ്റി ട്രെയിനർ ആവുന്നതെന്ന് അദ്ദേഹം പറയുന്നു.

ഇന്ന് ഒരു മണിക്കൂറിന് കാൽ ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ ചാർജ്. ''ദിവസത്തിൽ 16 മണിക്കൂറും ഞാൻ ജോലി ചെയ്യുന്നു. 12 ഓൺലൈൻ സെഷന് ഒരുലക്ഷമാണ് എന്റെ പ്രതിഫലം. ഒരുമാസത്തെ പേഴ്‌സണൽ ട്രെയിനിങ്ങിന് 3 ലക്ഷവും. കരിയറിൽ ഏറ്റവും കത്തിനിൽക്കുന്ന സമയത്ത് ഒരുദിവസത്തേക്ക് 5 ലക്ഷം വരെ ഞാൻ വാങ്ങിയിട്ടുണ്ട്. ട്രെയിനർ എന്ന പദവി എനിക്ക് പലതും നേടിത്തന്നു. ഇന്ന് മുംബൈയിൽ തന്നെ ആറുവീടുകളുണ്ട്. 15 കോടിയുടെ ഒരു ജിം വാങ്ങിയത് ഈയടുത്താണ്''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi