
ചെന്നൈയിലെ ഒരു ചെറിയ നൈറ്റ് ക്ലബില്‍നിന്ന് തുടങ്ങിയ തുടങ്ങിയ സംഗീതയാത്ര. തന്റെ മനോഹരമായ ശബ്ദമാധുരിയിലൂടെ ഇന്ത്യന്‍ സംഗീതലോകത്തെ കീഴടക്കിയ ഉഷ ഉതുപ്പ്. സംഗീതാസ്വാദകര്‍ക്ക് ദീദിയാണ് അവര്‍. സംഗീതത്തില്‍ കൃത്യമായ പരിശീലനമൊന്നുമില്ലാതെയാണ് അവര്‍ ആളുകളുടെ മനസ്സിലിടം പിടിച്ചതെന്നതാണ് ഏറ്റവും അദ്ഭുതം.
മുംബൈയിലാണ് ഉഷ ഉതുപ്പിന്റെ ജനനം. തികച്ചും സംഗീതസാന്ദ്രമായ അന്തരീക്ഷമായിരുന്നു വീട്ടില്‍. പാശ്ചാത്യ-കര്‍ണാട്ടിക് സംഗീതത്തോട് ഏറെ താത്പര്യമുള്ളവരായിരുന്നു മാതാപിതാക്കള്‍. അത് ഉഷയിലേക്കും പതുക്കെ പകര്‍ന്നു. കൂട്ടുകാരിയായ ജമീലയിലൂടെ പോപ് സംഗീതവും ഉഷയുടെ ജീവിതത്തിലേക്ക് കടന്നുവന്നു.
ഇരുപതാം വയസ്സിലാണ് സജീവമായി ഉഷ ഉതുപ്പ് സംഗീതത്തിലേക്ക് വരുന്നത്. ആദ്യമായി പാടിയത് ചെന്നൈയിലെ ഒരു ചെറിയ നൈറ്റ് ക്ലബായ നയന്‍ ജെംസിലാണ്. സാരിയും ഒരു സാദാ ചെരിപ്പുമായിരുന്നു അന്നവരുടെ വേഷം. ''ഞാന്‍ പാടിയത് അവിടെയുള്ളവര്‍ക്കിഷ്ടപ്പെട്ടു. അങ്ങനെ കുറച്ചുദിവസം അവിടെത്തന്നെ'', അവര്‍ ഓര്‍ക്കുന്നു.
അതിനുശേഷം കൊല്‍ക്കത്തയിലെ രണ്ട് നൈറ്റ് ക്ലബുകളില്‍ പാടാനുള്ള അവസരം കിട്ടി. അവിടുന്ന് ഡല്‍ഹിയിലെ ഒബ്‌റോയ് ഹോട്ടലിലും, അതിനിടയില്‍ മുംബൈയിലെ ക്ലബിലും. സാരിയും വലിയ പൊട്ടും നിറയെ കുപ്പിവളകളുമണിഞ്ഞ ആ ഗായിക വളരെ എളുപ്പത്തില്‍ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. ''ആദ്യമേ സിംപിളായ സാരികളായിരുന്നു ഉടുത്തിരുന്നത്. അച്ഛനാണ് ആദ്യമായി ഒരു കാഞ്ചീപുരം സാരി വാങ്ങിത്തരുന്നത്. പിന്നെ മുടിയില്‍ പൂക്കള്‍ ചൂടുകയെന്നത് കുടുംബത്തിലെ പാരമ്പര്യമാണ്. വളകളാണെന്റെ ഏറ്റവും വലിയ ദൗര്‍ബല്യം. അതെല്ലാം കൂടി ഒരുമിച്ച് വരികയായിരുന്നു'', തന്റെ ലുക്കിനെക്കുറിച്ച് ഒരിക്കല്‍ ഉഷ പറഞ്ഞതിങ്ങനെ.
അവരുടെ സംഗീതജീവിതത്തിന് ഏറ്റവും കൂടുതല്‍ കരുത്തേകിയത് ഡല്‍ഹിക്കാലമാണ്. രണ്ട് ഇംഗ്ലീഷ് പോപ് ആല്‍ബങ്ങളില്‍ പാടാന്‍ കഴിഞ്ഞു. അത് ഇന്ത്യയില്‍ നന്നായി വിറ്റഴിക്കപ്പെട്ടു. ക്ലബില്‍ ഒരിക്കല്‍ ഉഷയുടെ പാട്ടുകേള്‍ക്കാന്‍ ഒരു വി.ഐ.പി.യുമുണ്ടായിരുന്നു, ഇന്ത്യന്‍ സിനിമയുടെ സ്വന്തം ദേവ് ആനന്ദ്. ഉഷയുടെ ശബ്ദം നായകനെയും കീഴടക്കി. ഉഷയുടെ ശബ്ദം കേട്ട ദേവ് ആനന്ദാണ് അവര്‍ക്ക് സിനിമയിലേക്കുള്ള വഴിയൊരുക്കുന്നത്.
ഹിപ്പി സംസ്‌കാരത്തിന്റെ കഥ പറഞ്ഞ 'ഹരേ രാമ ഹരേ കൃഷ്ണ'യില്‍ 'ഹരേ രാമ ഹരേ കൃഷ്ണ' എന്ന ഇംഗ്ലീഷ് പാട്ടിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം. ആ സീനിന് പറ്റിയ രീതിയില്‍ മാദകത്വവും ലഹരിയുമെല്ലാം തന്റെ ശബ്ദത്തില്‍ കൊണ്ടുവരാന്‍ ഉഷയ്ക്ക് കഴിഞ്ഞു. ആ പാട്ട് നേടിക്കൊടുത്തത് വന്‍ ജനപ്രീതിയാണ്.
പുറകെ അവസരങ്ങള്‍ അവരെ തേടിയെത്തിക്കൊണ്ടേയിരുന്നു. മലയാളം, തമിഴ്, കന്നഡ, ഹിന്ദി...ഉഷയുടെ ശബ്ദം ഭാഷയും ദേശവും ഭേദിച്ച് പറന്നു. കരിയറിന്റെ തുടക്കത്തില്‍ തന്നെ എം.ബി.ശ്രീനിവാസന്‍, ജി.ദേവരാജന്‍, എം.എസ്.വിശ്വനാഥന്‍, ബാപ്പി ലഹിരി തുടങ്ങിയവരുടെ സംഗീതത്തിലും അവര്‍ക്ക് പാടാന്‍ കഴിഞ്ഞു. I am in love (കന്യാകുമാരി), love is just around the corner (ചട്ടക്കാരി), Hello lover (ഇദയക്കനി)...സിനിമകളിലെ ഇംഗ്ലീഷ് ഗാനങ്ങള്‍ ഏറെയും ഉഷയ്ക്ക് തന്നെ ലഭിച്ചു. അവരുടെ മനോഹരമായ ശബ്ദം തന്നെ അതിനുകാരണം. ഒപ്പം പോപ്പിനോട് സാമ്യമുള്ള ഗാനങ്ങളും. റംബ ഹോ ഹോ ഹോ, തൂ മുഛേ ജാന്‍ സെ ഭി പ്യാരാ, ദിന്‍ ഹേ ന യേ രാത്, ഹേ ദിവാനാ, ഷാന്‍ സെ, ദോസ്‌തോം സെ പ്യാര്‍ കിയാ, ഹരി ഓം ഹരി...അതിനിടയില്‍ രാജ്യം പത്മശ്രീയും പത്മഭൂഷണും നല്‍കി ആദരിച്ചു.
ഏത് പാട്ടിലും സ്വന്തമായൊരു കയ്യൊപ്പ് കൊണ്ടുവരാന്‍ കഴിഞ്ഞുവെന്നതാണ് അവരുടെ ശക്തി. ''ഞാന്‍ പാടുന്നത് നല്ലതോ ചീത്തയോ എന്നതിനെക്കുറിച്ച് ചിന്തിക്കാറില്ല. ആരെയും അനുകരിക്കരുത്, അതാണെനിക്ക് കൂടുതല്‍ പ്രധാനം'', അവര്‍ പറയുന്നു.
'ലൂസിഫര്‍' എന്ന മോഹന്‍ലാല്‍ സിനിമയിലെ 'എമ്പുരാനേ' എന്ന പാട്ട് പാടിയത് ഉഷയാണ്. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ഇന്‍ട്രൊഡക്ഷന്‍ സോങ് കൂടിയാണത്. മലയാളം, കന്നഡ, തമിഴ്, ഹിന്ദി, ഭാഷകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മമ്മൂട്ടി ചിത്രമായ 'പോത്തന്‍വാവ'യില്‍ മമ്മൂട്ടിയുടെ അമ്മയായ കുരിശുംവീട്ടില്‍ മറിയാമ്മ എന്ന കഥാപാത്രത്തോട് അവര്‍ നീതി പുലര്‍ത്തി. 'വാവേ മകനേ' എന്ന പാട്ടും അവര്‍ മനോഹരമായി പാടി.

പ്രണയം, വിവാഹം...
അവരുടെ പാട്ടുപോലെ തന്നെ മനോഹരമാണ് ഉഷയുടെ പ്രണയവും. കൊല്‍ക്കത്ത ക്ലബ് കാലം അവര്‍ക്ക് നല്‍കിയ സന്തോഷങ്ങളില്‍ ആ പ്രണയവും ഉള്‍പ്പെടുന്നു. അവിടെവെച്ചാണ് അവര്‍ തന്റെ പ്രണയമായ ജാനി ചാക്കോ ഉതുപ്പിനെ കണ്ടുമുട്ടുന്നത്. വളരെ അലസമായി, സൗമ്യമായി ഒഴുകുന്ന പുഴപോലെയായിരുന്നു ആ സ്നേഹം. ഉഷയുടെ എല്ലാ അഭിമുഖങ്ങളിലും ഭര്‍ത്താവിനോടുള്ള പ്രണയവും ബഹുമാനവും നിറഞ്ഞുനിന്നു. അവരുടെ ബന്ധത്തെക്കുറിച്ച് 'ദ ക്വീന്‍ ഓഫ് ഇന്ത്യന്‍ പോപ്: ദ ഓതറൈസ്ഡ് ബയോഗ്രഫി ഓഫ് ഉഷ ഉതുപ്പ്' എന്ന പുസ്തകത്തില്‍ വികാസ് കുമാര്‍ വിവരിക്കുന്നുണ്ട്.
കൊല്‍ക്കത്തയിലെത്തുമ്പോള്‍ വിവാഹിതയായിരുന്നു അവര്‍, ഭര്‍ത്താവ് രാമു. കൊല്‍ക്കത്തയിലെ പ്രശസ്തമായ ട്രിന്‍കാസ് നൈറ്റ് ക്ലബിലാണ് ഉഷ പാടാനായി എത്തിയത്. മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന കോണ്‍ട്രാക്ട് വിജയകരമായി പൂര്‍ത്തിയാക്കി. വീണ്ടും ക്ലബിലേക്ക് ക്ഷണം കിട്ടി. ആ യാത്രയില്‍ ഭര്‍ത്താവ് രാമുവും കൂട്ടിനുണ്ടായിരുന്നു. ആദ്യദിവസത്തെ ഷോയിലാണ് ജാനിയെ ആദ്യമായി കാണുന്നത്. ഹേര്‍ബ് ആല്‍പര്‍ട്ടിന്റെ 'എ ടേസ്റ്റ് ഓഫ് ഹണി' ആയിരുന്നു അന്ന് ഉഷ പാടിയത്. ആ പാട്ടിനിടയിലെല്ലാം ഉഷ കണ്ടു, അടുത്തുള്ള ടേബിളില്‍ കൈകള്‍വെച്ച് ഇമചിമ്മാതെ നോക്കിയിരിക്കുന്ന ജാനിയെ.
കുറച്ചുകഴിഞ്ഞ് നോക്കുമ്പോള്‍ ജാനിയും രാമുവും സംസാരിച്ചിരിക്കുന്നത് ഉഷ ശ്രദ്ധിച്ചു. അടുത്തദിവസം തന്നെ ഉച്ചഭക്ഷണത്തിനായി ജാനി, രാമുവിനെ ക്ഷണിച്ചു. ഉഷയെ പ്രണയിക്കുന്നുവെന്ന് രാമുവിനോടാണ് ജാനി ആദ്യം പറയുന്നത്. ''നിങ്ങളുടെ ഭാര്യയുമായി ഞാന്‍ പ്രണയത്തിലാണ്''.

വീട്ടിലെത്തിയപ്പോഴാണ് ഉഷ കാര്യങ്ങളെല്ലാം അറിയുന്നത്. സംഭവിച്ചതെല്ലാം പറഞ്ഞശേഷം രാമു ചോദിച്ചു, ''ജാനി പറഞ്ഞതില്‍ എന്തെങ്കിലും സത്യമുണ്ടോ? നിനക്കും അയാളോട് ഇഷ്ടമുണ്ടോ?'' എല്ലാ പേടിയും മാറ്റിവെച്ച് ഉഷ മറുപടി പറഞ്ഞു, ''ഉണ്ട്.''
അവിടുന്നങ്ങോട്ട് കുറേ മാനസികപ്രയാസങ്ങള്‍ അനുഭവിച്ചു. ഓരോ ദിവസം കഴിയുന്തോറും ഉഷയ്ക്ക് ഒരു കാര്യം മനസ്സിലായി, അഞ്ചുവര്‍ഷത്തെ തന്റെ വൈവാഹികജീവിതത്തില്‍ ഇരുട്ടൊഴിച്ച് വേറൊന്നും ഉണ്ടായിരുന്നില്ലെന്ന്. മറുവശത്ത് ഉഷയുടെ പാട്ടുകള്‍ കേള്‍ക്കാന്‍ മുടങ്ങാതെ ജാനി ക്ലബിലെത്തി. പാട്ടുതീരുന്നതുവരെ ഉഷയെ നോക്കിക്കൊണ്ടിരുന്നു. ഓരോ തവണ കാണുമ്പോഴും, അവര്‍ തമ്മിലുള്ള അടുപ്പം കൂടി. കോണ്‍ട്രാക്ട് കഴിഞ്ഞ് തിരിച്ചുപോവുമ്പോഴേക്കും ഏറെ ദൃഢമായിരുന്നു ആ ബന്ധം.
രാമുവും ഉഷയും തിരിച്ച് നാട്ടിലെത്തി. വീണ്ടും ട്രിന്‍കാസ് ക്ലബിലേക്ക് വിളി വന്നപ്പോള്‍ സന്തോഷത്തോടെ സ്വീകരിച്ചു. പക്ഷേ ഇത്തവണ ഒറ്റയ്ക്കായിരുന്നു. കുറേ നാളത്തെ തീരുമാനങ്ങള്‍ക്കുശേഷം ജാനിയും ഉഷയും വിവാഹിതരായി. അവിടുന്നങ്ങോട്ട് ഈ വര്‍ഷമാദ്യം മരിക്കുന്നതുവരെ ഉഷയ്‌ക്കൊപ്പം തന്നെ ജാനിയുമുണ്ടായിരുന്നു.
Content Highlights: life story of usha uthup
Published: 08 Nov 2024, 02:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented