രത്തന്‍ ടാറ്റ വിടവാങ്ങുമ്പോള്‍ അദ്ദേഹം നല്‍കിയ ചില സന്ദേശങ്ങള്‍ മാത്രം ബാക്കിയാവുന്നു. അദ്ദേഹത്തിന്റെ സ്‌നേഹം അനുഭവിച്ചത് മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങള്‍ കൂടിയാണ്. തികഞ്ഞ മൃഗസ്‌നേഹി കൂടിയായിരുന്നു രത്തന്‍ ടാറ്റ. ആ സ്‌നേഹം അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും കാണാം. 

To advertise here,

ടാറ്റ ഗ്രൂപ്പിന്റെ ഹെഡ് ഓഫീസായ ബോംബെ ഹൗസിലേക്ക് കടന്നുചെല്ലുമ്പോള്‍ സ്വീകരിക്കുന്നത് ചിലപ്പോള്‍ തെരുവുനായകളായിരിക്കാം. ബോംബെ ഹൗസിന്റെ റിസപ്ഷനിലും സെക്യൂരിറ്റി കാബിനിലുമായി അലഞ്ഞുനടക്കുന്ന നായകളെ എപ്പോഴും കാണാം. അവരെ അകത്തുകടക്കാന്‍ അനുവദിക്കണമെന്ന് രത്തന്‍ ടാറ്റ പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ടത്രേ. 

പിന്നീട് ബോംബെ ഹൗസ് പുതുക്കിപ്പണിതപ്പോഴും, തെരുവുനായകള്‍ക്കായൊരു മുറിയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഒരുക്കി. ഈ മുറിയില്‍ നായകള്‍ക്കാവശ്യമായ കുഷ്യനുകളും ഭക്ഷണവും മെത്തകളും വാക്സിനേഷനും ഹെല്‍ത്ത് ചെക്കപ്പുമെല്ലാമുണ്ട്. അവരെ പരിചരിക്കാനുള്ള ജോലിക്കാരുമുണ്ട്. 

കുറച്ചുനാള്‍ മുമ്പ് ടാറ്റാ ഗ്രൂപ്പിന്റെ താജ് ഹോട്ടലില്‍ താമസിച്ച ഒരു സ്ത്രീ, അവിടെ താന്‍ കണ്ട ഒരു സംഭവം വിവരിച്ചിരുന്നു. ഹോട്ടലിന്റെ പ്രവേശനകവാടത്തില്‍ തന്നെ ഒരു തെരുവുനായ ശാന്തമായി ഉറങ്ങുന്നു. അതവരെ അദ്ഭുതപ്പെടുത്തി. താജ് പോലെയുള്ള ഹോട്ടലിനുമുമ്പില്‍ അവര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കാഴ്ച. അതിനു പിന്നിലെ കാരണം അന്വേഷിച്ചപ്പോള്‍ ജീവനക്കാര്‍ പറഞ്ഞു, 'രത്തന്‍ ടാറ്റ പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവിടെത്തുന്ന തെരുവുനായകളെ ഒരിക്കലും ഓടിച്ചുവിടരുത്. അവര്‍ യഥേഷ്ടം അലയട്ടെ'. 

രത്തന്‍ ടാറ്റയുടെ അവസാനത്തെ പ്രവര്‍ത്തനവും മൃഗങ്ങളുമായി ബന്ധപ്പെട്ടുള്ളത് തന്നെ. മുംബൈയിലെ മഹാലക്ഷ്മിയില്‍ മൃഗങ്ങള്‍ക്കായി ഒരു ആസ്പത്രി നിര്‍മിച്ചു. 98,000 സ്‌ക്വയര്‍ഫീറ്റിലാണ് ഇത് വിശാലമായി പരന്നുകിടക്കുന്നത്. 165 കോടി ചെലവഴിച്ചാണ് ആസ്പത്രി നിര്‍മിച്ചത്. ഐ.സി.യു, എം.ആര്‍.ഐ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. വാര്‍ഡുകളും, വെയിറ്റിങ് ഏരിയയുമെല്ലാം അടങ്ങിയതാണ് ആസ്പത്രി.

placeholder
രത്തന്‍ ടാറ്റ 

ഒരിക്കല്‍ രത്തന്‍ ടാറ്റയുടെ വളര്‍ത്തുനായയുടെ സന്ധി മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി വിദേശത്ത് കൊണ്ടുപോവേണ്ടി വന്നു. അപ്പോഴേക്കും അത് ചികിത്സിച്ചു നേരെയാക്കാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് മാറിയിരുന്നു. ഇതാണ് ആസ്പത്രി സ്ഥാപിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. 

അദ്ദേഹത്തിന് ഏറ്റവുമടുപ്പമുള്ള, ദീര്‍ഘകാലമായിട്ടുള്ള സഹായി ശന്തനു നായിഡുവുമായി രത്തന്‍ ടാറ്റയെ അടുപ്പിക്കുന്നതും മൃഗങ്ങളോടുള്ള സ്‌നേഹം തന്നെ. 2014 വരെ പുണെയിലെ ടാറ്റയില്‍ ഡിസൈന്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു ശന്തനു. അതിനിടയില്‍ തെരുവുനായകള്‍ക്കുള്ള റിഫ്‌ളക്ടറുകള്‍ ശന്തനു വികസിപ്പിച്ചെടുക്കാന്‍ തുടങ്ങി. ഇവ ധരിപ്പിച്ചാല്‍ രാത്രിയില്‍ വാഹനമിടിച്ചുണ്ടാവുന്ന അപകടങ്ങളില്‍നിന്ന് അവയെ രക്ഷിക്കാം. 

അതിനിടയില്‍ കൈയിലുള്ള പണമെല്ലാം കഴിഞ്ഞു. അച്ഛനോട് ചോദിച്ചപ്പോള്‍ അദ്ദേഹമാണ് രത്തന്‍ ടാറ്റയ്ക്ക് കത്തെഴുതാന്‍ പറയുന്നത്. അങ്ങനെയാണ് കാര്യങ്ങളെല്ലാം പറഞ്ഞുകൊണ്ട് കത്തെഴുതുന്നത്. ഈ ആശയം ടാറ്റയ്ക്ക് ഏറെ ഇഷ്ടപ്പെട്ടു. ശന്തനുവിനെ തനിക്കൊപ്പം ചേരാനായി അദ്ദേഹം ക്ഷണിച്ചു. അന്നുതുടങ്ങിയ ആ ബന്ധം മരണംവരെയും തുടര്‍ന്നു.

'ഗുഡ്‌ബൈ മൈ ഡിയര്‍ ലൈറ്റ് ഹൗസ്' ശന്തനു തന്റെ പ്രിയപ്പെട്ട രത്തന്‍ ടാറ്റയ്ക്ക് അവസാനയാത്ര നേര്‍ന്ന് ലിങ്ക്ഡിനില്‍ കുറിച്ചു. ടാറ്റയുടെ വീട്ടില്‍നിന്ന് പൊതുദര്‍ശനത്തിനായുള്ള യാത്രയില്‍, അദ്ദേഹത്തിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനത്തെ നയിച്ചതും ശന്തനു തന്നെ. 

മുത്തശ്ശി വളര്‍ത്തിയ രത്തന്‍
രത്തന്‍ജി ടാറ്റയുടെ വളര്‍ത്തുപുത്രന്‍ നവല്‍ ടാറ്റയുടെ മകനാണ് രത്തന്‍ ടാറ്റ. രത്തന് പത്തുവയസ്സുള്ളപ്പോഴാണ് മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പെടുത്തുന്നത്. മുത്തശ്ശി നവജ്ബായ് ടാറ്റയാണ് പിന്നീട് രത്തനെ വളര്‍ത്തിയതെല്ലാം. ഏറ്റവും കൂടുതല്‍ അടുപ്പവും മുത്തശ്ശിയോടായിരുന്നു. മുത്തശ്ശിയെക്കുറിച്ച് ഒരിക്കല്‍ ഹ്യുമന്‍സ് ഓഫ് ബോംബെയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹമിങ്ങനെ പറഞ്ഞു, ''എന്റെ ജീവിതത്തിലെ ഏറ്റവും വിഷമമേറിയ ആ കാലം മറികടക്കാന്‍ മുത്തശ്ശിയെന്നെ ശരിക്ക് സഹായിച്ചു. പലകാര്യങ്ങളും പഠിപ്പിച്ചതും മുത്തശ്ശിയാണ്. തലയുയര്‍ത്തി നില്‍ക്കാനും മാതാപിതാക്കളുടെ വിവാഹമോചനം മൂലം ഞാനനുഭവിച്ച പരിഹാസങ്ങളെ അവഗണിക്കാനും അവരെന്നെ പഠിപ്പിച്ചു. ആരോടും പരുഷമായും പരുക്കനായും ഇടപെടാതിരിക്കാന്‍ കഴിയുന്നതും മുത്തശ്ശിയുടെ സഹായം കൊണ്ടുതന്നെ''. ജീവിതത്തിലെ പാഠങ്ങളെല്ലാം അവിടുന്നായിരുന്നു. 

placeholder
നാനോ കാര്‍ പുറത്തിറക്കിയ വേളയില്‍ / ഫോട്ടോ: PTI

അമേരിക്കയിലെ ഉന്നതവിദ്യാഭ്യാസത്തിനുശേഷം, ലോസ് ആഞ്ചല്‍സില്‍ കുറച്ചുകാലം ജോലി ചെയ്തു. ആ സമയത്ത് അവിടെയുള്ളൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു അദ്ദേഹം. വിവാഹം വരെയെത്തിയ പ്രണയം. 2011-ല്‍ ഒരഭിമുഖത്തില്‍ അദ്ദേഹമിങ്ങനെ പറഞ്ഞു, ''വളരെ ഗാഢമായ പ്രണയമായിരുന്നു അത്. ആ പെണ്‍കുട്ടിയെ വിവാഹം കഴിച്ച് അമേരിക്കയില്‍ താമസമാക്കാമെന്നായിരുന്നു ചിന്ത. അതിനിടയിലാണ് മുത്തശ്ശിക്ക് അസുഖം കൂടുന്നത്. അവിടെത്തന്നെ തുടരണോ, അതോ മുത്തശ്ശിക്കായി ഇന്ത്യയിലേക്ക് മടങ്ങണോ...കുറേ നാളത്തെ ആലോചനകള്‍ക്കുശേഷം നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. അവള്‍ പിന്നാലെ വരാമെന്നായിരുന്നു തീരുമാനം. എന്നാല്‍ അതുപോലൊന്നും നടന്നില്ല. ഞാന്‍ ഇന്ത്യയിലെത്തി തൊട്ടടുത്ത വര്‍ഷം ഇന്തോ-ചൈന യുദ്ധം തുടങ്ങി. അവള്‍ ഇന്ത്യയിലേക്ക് വരുന്നതിനെ മാതാപിതാക്കള്‍ എതിര്‍ത്തു. അതോടെ ആ ബന്ധം പിരിയേണ്ടിവന്നു. അതായിരുന്നു ആദ്യത്തെയും അവസാനത്തെയും പ്രണയം. പിന്നീടും നാലുതവണ വിവാഹത്തിനടുത്തുവരെ എത്തിയിരുന്നു. പക്ഷേ ഓരോ തവണയും പേടികൊണ്ടോ അല്ലെങ്കില്‍ വേറെന്തെങ്കിലും കാരണങ്ങള്‍ കൊണ്ടോ അത് വേണ്ടെന്നുവെച്ചു''. 

സിമി ഗരേവാളുമായുള്ള അഭിമുഖത്തില്‍ രത്തന്‍ ടാറ്റ ഒരിക്കല്‍ ഇങ്ങനെ തുറന്നുസമ്മതിച്ചു, ''ഭാര്യയോ കുടുംബമോ ഇല്ലെന്ന കാരണത്താല്‍ ഒറ്റപ്പെടല്‍ അനുഭവിച്ച പല സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട് ജീവിതത്തില്‍...'' ആ ദുഖങ്ങള്‍ക്കിടയിലും എത്രയോ ആളുകളുടെ സ്‌നേഹം അദ്ദേഹത്തെ മുന്നോട്ടുനയിച്ചു. അതെല്ലാം അവശേഷിപ്പിച്ച് ഇപ്പോള്‍ അന്ത്യയാത്രയും...