ടാന്‍സാനിയയില്‍നിന്നുള്ള കിലി പോള്‍ ആണ് ഇപ്പോള്‍ കുറച്ചുനാളായിട്ട് ഇന്‍സ്റ്റഗ്രാമിലെ താരം. ഉണ്ണ്യേട്ടനായി മലയാളികളെ തന്റെ കമന്റ് സെക്ഷനുതാഴെ എത്തിക്കാന്‍ മാത്രം ഇതെന്തു മാജിക് എന്നാണോ? ലിപ് സിങ്ക് ആണ് ആശാന്റെ മേഖല. ആദ്യം ബോളിവുഡ് പാട്ടുകളായിരുന്നു ലിപ് സിങ്ക് ചെയ്തിരുന്നതെങ്കില്‍, പിന്നീട് ബംഗാളി, തെലുഗു, തമിഴ്, ഭോജ്പുരി ഭാഷകളിലേക്ക് കടന്നു. ഏറ്റവുമൊടുവില്‍ മലയാളത്തിലുമെത്തി. അതിനനുസരിച്ച് മലയാളികള്‍ കമന്റ് സെക്ഷനില്‍ സ്‌നേഹം കോരിച്ചൊരിയുന്നുണ്ട്. അങ്ങനെ മലയാളികളുടെ സ്വന്തം ഉണ്ണ്യേട്ടനായി മാറി. 'ശെന്റെ പൊന്ന് കിളിയേ, ഇങ്ങള് എത്ര നാളായി ഉണ്ണിയേട്ടാ നാട്ടിലോട്ട് ഒക്കെ വന്നിട്ട്, കേരളത്തിലേക്ക് ബാ ഉണ്ണിയേട്ടാ...' കമന്റുകള്‍ വാരിവിതറുകയാണ്. 

ആദ്യമൊക്കെ സഹോദരി നീമ പോളും ഒപ്പമുണ്ടായിരുന്നു. ഇപ്പോള്‍ കിലി പോള്‍ മാത്രമാണ് വീഡിയോകളിലുള്ളത്. പല പാട്ടുകള്‍ക്കുമൊപ്പം ചെറിയ നൃത്തച്ചുവടുകളുമുണ്ട് കിലിയുടെ വകയായിട്ട്. 'കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ', പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍', 'കരിമിഴി കുരുവിയ കണ്ടീല', 'ജീവാംശമായ്' എന്നീ പാട്ടുകളും ലിപ് സിങ്ക് ചെയ്തു കിലി. അതിനിടയ്ക്ക് 'ആടുജീവിത'ത്തിലെ 'പെരിയോനെ....' എന്ന പാട്ട് പാടിയിട്ടുമുണ്ട് കിലി. മലയാളം വീഡിയോയുടെയെല്ലാം താഴെ 'ഉണ്ണിയേട്ടന്‍' എന്ന് അടിക്കുറിപ്പുമുണ്ട്. 

പരമ്പരാഗത മസായ് വസ്ത്രമണിഞ്ഞാണ് വീഡിയോകളില്‍ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോള്‍ 9.4 മില്യണ്‍ പേരാണ് കിലിയെ ഇന്‍സ്റ്റയില്‍ ഫോളോ ചെയ്യുന്നത്. 

ഉള്‍നാടന്‍ഗ്രാമത്തില്‍നിന്നൊരു കിലി
ടാന്‍സാനിയയിലെ ഉള്‍നാടന്‍ഗ്രാമത്തില്‍നിന്നാണ് കിലിയുടെ വരവ്. യൂസഫ് എന്ന പേരായിരുന്നു വീട്ടുകാരിട്ടത്. പിന്നീട്, അത് കിലി എന്നാക്കി മാറ്റിയത് പിതാവ് തന്നെയാണ്. ടാന്‍സാനിയയിലെ ഏറ്റവും ഉയരമുള്ള അഗ്നിപര്‍വതമായ കിളിമഞ്ചാരോയില്‍നിന്നാണത്രേ ആ പേരിന്റെ വരവ്. ദാരിദ്ര്യത്തിന്റെ നാളുകളായിരുന്നു ആദ്യമൊക്കെ. വലിയൊരു കുടുംബത്തിന് ജീവിക്കാനുള്ള ആശ്രയം പശുവളര്‍ത്തല്‍ മാത്രം. ഗ്രാമത്തില്‍ നാലാം ക്ലാസ് വരെയേ ഉള്ളൂ. 

അതിനുശേഷം പഠനത്തിനായി പട്ടണത്തിലേക്ക് പോയി. അവിടെവെച്ചാണ് ബോളുവുഡ് സിനിമളോടും പാട്ടുകളോടുമുള്ള ഇഷ്ടംതോന്നുന്നത്. പക്ഷേ കുടുംബത്തിലെ സാമ്പത്തികപ്രശ്‌നങ്ങള്‍ കാരണം ഏഴാം ക്ലാസ് വരെയേ പഠിക്കാന്‍ കഴിഞ്ഞുള്ളൂ. ഇംഗ്ലീഷിനോടുള്ള താത്പര്യം കൊണ്ട് പലരില്‍നിന്നായി അത് പഠിച്ചു. ഒപ്പം ഇന്റര്‍നെറ്റിന്റെ സഹായവും തേടി.

തിരിച്ച് ഗ്രാമത്തിലെത്തിയപ്പോള്‍ കാര്യമായൊന്നും ചെയ്യാനില്ല. പശുക്കളെ വളര്‍ത്തുന്ന പണിയേറ്റെടുത്തു. അതിനിടയിലുള്ള സമയങ്ങളിലാണ് വീഡിയോ പോസ്റ്റ് ചെയ്തുതുടങ്ങിയത്. ആദ്യമൊക്കെ ടിക്ടോക്കിലായിരുന്നു. ഗ്രാമത്തില്‍ വൈദ്യുതിയോ ഇന്റര്‍നെറ്റോ ഒന്നുമില്ല. കൈയിലുള്ളത് തീരെ വിലകുറഞ്ഞ ഒരു സ്മാര്‍ട്ട് ഫോണും. അതില്‍ വീഡിയോ റെക്കോഡ് ചെയ്ത്, പട്ടണത്തില്‍ പോവുന്ന സമയത്ത് ടിക്ടോക്കില്‍ അപ്‌ലോഡ് ചെയ്യും. അങ്ങനെയായിരുന്നു പതിവ്. 

ലിപ് സിങ്ക് റീല്‍സില്‍ താത്പര്യം വന്നതോടെ, മണിക്കൂറുകളോളം അതിനായി ചെലവഴിക്കാന്‍ തുടങ്ങി. അതും ഒരേ പാട്ടുതന്നെയാണ് പാടിക്കൊണ്ടിരുന്നത്. അതോടെ വീട്ടുകാര്‍ കരുതി, കിലിക്ക് എന്തോ മാനസികപ്രശ്‌നമുണ്ടെന്ന്. മൊബൈല്‍ റീചാര്‍ജ് ചെയ്യാനും വീഡിയോ അപ്ലോഡ് ചെയ്യാനും മാത്രമായി ദിവസവും പത്ത് കിലോമീറ്ററോളം നടന്ന് പട്ടണത്തിലെത്തി. അതിനുള്ള പണവും സ്വയം കണ്ടെത്തുകയായിരുന്നു. ആദ്യത്തെ കുറച്ച് വീഡിയോകള്‍ക്കുശേഷം, കിലിയുടെ ഫോളോവേഴ്‌സിന്റെ എണ്ണംകൂടി. 

placeholder

താരമായപ്പോള്‍...
ഫോളോവേഴ്‌സിന്റെ എണ്ണം 2 മില്യന്‍ കടന്നതോടെ, ജീവിതം അടിമുടി മാറി. ടാന്‍സാനിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ഓഫീസിലേക്ക് വിളിച്ച് കിലിയെ ആദരിച്ചു. ഹിന്ദിയിലെ ബിഗ് ബോസിലേക്ക് പ്രത്യേക അതിഥിയായി ക്ഷണിച്ചതും കിലിയുടെ പ്രശസ്തികൊണ്ടുതന്നെ. സോഷ്യല്‍ മീഡിയ പ്രൊമോഷനായി പലരുമെത്തി, അതില്‍നിന്ന് വരുമാനവും കിട്ടി. അതോടെയാണ് മകന്‍ കാര്യമായി എന്തോ ചെയ്യുകയാണെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായത്. ഗ്രാമത്തില്‍ ഇന്റര്‍നെറ്റ് ഇല്ലാത്തതുകൊണ്ട് കിലി പ്രശസ്തനായ കാര്യം ഗ്രാമത്തിലാര്‍ക്കും അറിയില്ലായിരുന്നു. പലയിടത്തുനിന്നും ആളുകള്‍ ഞങ്ങളുടെ അഭിമുഖം എടുക്കാന്‍ വരുമ്പോള്‍, ഗ്രാമവാസികള്‍ അദ്ഭുതത്തോടെ നോക്കുമായിരുന്നു ആദ്യമൊക്കെ. ഇപ്പോള്‍ അവര്‍ക്കും കാര്യങ്ങള്‍ മനസ്സിലായെന്ന് കിലി പറയുന്നു. 

ഇന്ത്യന്‍ പാട്ടുകള്‍ ലിപ് സിങ്ക് ചെയ്യാന്‍ തുടങ്ങിയതോടെ കിലിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം കുത്തനെ കൂടി. ''ഇന്ത്യക്കാര്‍ വളരെ നല്ലവരാണ്. നല്ലതാണെങ്കില്‍ അവരെന്തായാലും നമ്മളെ പിന്തുണയ്ക്കും. നമ്മളാരാണ്, എവിടുന്നാണ് എന്നീ കാര്യങ്ങളൊന്നും അവര്‍ മൈന്‍ഡ് ചെയ്യുകയേയില്ല. അവര്‍ക്കുവേണ്ടി ഏറ്റവും ബെസ്റ്റ് കൊടുക്കണമെന്നാണ് എന്റെ ആഗ്രഹം'', കിലി പോള്‍ മുമ്പ് ഒരഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ. ആളുകള്‍ തിരിച്ചറിഞ്ഞുതുടങ്ങിയതോടെ ജീവിതം അടിമുടി മാറി.  

ടിക്ടോക്ക് ഇന്ത്യയില്‍ നിരോധിച്ചപ്പോഴാണ് ഇന്‍സ്റ്റഗ്രാമിലേക്ക് വഴിമാറിയത്. എങ്ങനെയാണ് പാട്ടുകള്‍ പഠിക്കുന്നത്? ''ഒരുപാട്ട് ഇഷ്ടപ്പെട്ടുകഴിഞ്ഞാല്‍, യൂട്യൂബില്‍ പോയി അതിന്റെ വരികള്‍ ആദ്യം പഠിക്കും. പിന്നെ ഗൂഗിളില്‍ നോക്കി ഓരോ വരികളും എങ്ങനെയാണ് ഉച്ചരിക്കേണ്ടതെന്ന് മനസ്സിലാക്കും. വരികളുടെ അര്‍ത്ഥം ഇംഗ്ലീഷില്‍ മനസ്സിലാക്കും. അപ്പോള്‍ ഓരോ വാക്കിനുമനുസരിച്ചുള്ള ഭാവങ്ങളിടാന്‍ എളുപ്പമാണ്. പ്രണയഗാനമാണെങ്കില്‍, കുറച്ച് റൊമാന്‍സ് ഒക്കെ എന്റെ ഭാവത്തില്‍ കൊണ്ടുവരും. പ്രണയം എല്ലായിടത്തും ഒന്നുതന്നെയല്ലേ. പാട്ടുകള്‍ പഠിക്കാന്‍ രണ്ടുദിവസമാണ് എടുക്കുക'', കിലി വിശദീകരിക്കുന്നു.