വൻപ്രക്ഷോഭങ്ങൾ നടക്കുമ്പോഴും നേപ്പാളിൽ ഇപ്പോൾ എല്ലാ കണ്ണുകളും ഒരാളിലേക്കാണ്, കാഠ്മണ്ഡു ഗവർണറായ ബലേന്ദ്ര ഷാ എന്ന ബലേൻ ഷായിലേക്ക്. പ്രക്ഷോഭങ്ങൾ തുടരുന്നതിനിടയിൽ പ്രധാനമന്ത്രി കെ.പി.ശർമ ഒലിയും രാജിവെച്ചിരുന്നു.

To advertise here,

തിരഞ്ഞെടുപ്പിലൂടെ പുതിയ സർക്കാർ വരുന്നതുവരെ ഇടക്കാല സർക്കാർ രാജ്യത്തെ നയിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതോടെയാണ് ഇടക്കാല പ്രധാനമന്ത്രിയായി ജെൻസികൾ, ബലേന്ദ്ര ഷായുടെ പേരുയർത്തി രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തെ അനുകൂലിച്ച് പോസ്റ്റുകൾ നിറയുകയാണിപ്പോൾ. 'Take Lead now or never. Nepal is behind you', Balen Dai...take the lead' തുടങ്ങിയ പോസ്റ്റുകളാണ് വ്യാപകമായി പുറത്തുവരുന്നത്. രാജ്യത്ത് സൈനിക അട്ടിമറി ഒഴിവാക്കാൻ ബലേനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

നേരത്തെ തന്നെ യുവാക്കളുടെ പ്രതിഷേധത്തെ അനുകൂലിച്ചുകൊണ്ട് ബലേൻ പോസ്റ്റിട്ടിരുന്നു. ''ജെൻസികളുടെ പ്രായപരിധിയിൽ ഉൾപ്പെടാത്തതുകൊണ്ട് പ്രതിഷേധത്തിൽ പങ്കെടുക്കാൻ കഴിയില്ല. എന്നാൽ, അവരുടെ ശബ്ദവും കേൾക്കേണ്ടത് അത്യാവശ്യമാണ്'', അദ്ദേഹം കുറിച്ചു. അതിൽ പങ്കെടുക്കുന്നില്ലെങ്കിലും തന്റെ എല്ലാവിധ പിന്തുണയും അവർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കൾക്കിടയിൽ വളരെയധികം സ്വാധീനമുള്ളയാളാണ് ബലേൻ. കാഠ്മണ്ഡുവിലെ 15-ാം മേയറാണ് അദ്ദേഹം. മേയറായി തിരഞ്ഞെടുക്കപ്പെടുന്ന, ആദ്യത്തെ സ്വതന്ത്രസ്ഥാനാർഥി കൂടിയാണ്. സിവിൽ എൻജിനീയറായിരുന്നു ബലേൻ. റാപ്പറും സംഗീതസംവിധായകനും കവിയുമാണ് അദ്ദേഹം. 2010 ൽ നേപ്പാളി ഹിപ്പ് ഹോപ്പിന്റെ ഭാഗവുമായിരുന്നു ബലേൻ.

അതിനൊപ്പം തന്നെ വിവാദങ്ങളുടെയും ഭാഗമായി. 'ആദിപുരുഷ്' എന്ന സിനിമ നഗരപരിധിക്കുള്ളിൽ നിരോധിക്കാൻ അദ്ദേഹം തീരുമാനിച്ചത് വലിയ വിവാദമായി. സിനിമയിലെ 'സീത ഇന്ത്യയുടെ മകളാണ്' എന്ന വരിയാണ് അദ്ദേഹത്തെ പ്രകോപിതനാക്കിയത്. ചിലർ ഈ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചു. അങ്ങനെ നിരോധനത്തിനെതിരെ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. എന്തായാലും നിലവിൽ ഏറ്റവും കൂടുതൽ ജനപിന്തുണയാണ് അദ്ദേഹത്തിനുള്ളത്.

സമൂഹമാധ്യമങ്ങൾ രാജ്യത്ത് നിരോധിച്ചതിനെ തുടർന്നാണ്, യുവാക്കൾ പ്രക്ഷോഭത്തിനിറങ്ങിയത്. അവർ നടത്തിയ പാർലമെന്റ് മാർച്ചിനുനേരെ പൊലീസ് വെടിയുതിർക്കുകയും ചെയ്തു. അതിൽ 19-ലേറെ പേരാണ് കൊല്ലപ്പെട്ടത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi