ആലപ്പുഴയില്‍നിന്ന് ഹരിപ്പാടുവഴി കടന്നുപോകുന്ന പുതുകാലത്തിന്റെ ആറുവരിപാതയിലൂടെയാണ് സഞ്ചാരം.  വഴിയോരത്തുള്ള പ്രകൃതിയുടെ പച്ചക്കുടകളെല്ലാം സമാധിയടഞ്ഞുകഴിഞ്ഞു. നഗരഹൃദയം തൊടുംമുന്‍പേ ഇടതുവശത്ത് ഒരു വലിയ പച്ചത്തുരുത്ത്. അവിടെ നിറയെ ചെടികളുണ്ട്, കിളികളുണ്ട്, മൃഗങ്ങളുണ്ട്... ഒപ്പം കുറേ നല്ല മനുഷ്യരും. പ്രകൃതി ജൈവകലവറയുടെ മുറ്റത്തേക്ക് എത്തുമ്പോള്‍തന്നെ വേറിട്ട രണ്ടുമനുഷ്യരുടെ ആശയത്തിന്റെ ഭംഗി മുന്നില്‍ വിടരും. ഒരു ലൈബ്രറിപോലെ തോന്നിപ്പിക്കുന്ന വിപണനകേന്ദ്രം. ഭംഗിയായി അടുക്കിവെച്ചിരിക്കുന്ന പച്ചക്കറികളും ഭക്ഷ്യോത്പന്നങ്ങളും, ചുവരില്‍ വിടര്‍ന്നുനില്‍ക്കുന്ന ചിത്രങ്ങള്‍, വിത്തുപെട്ടികള്‍, വിലവിവരപ്പട്ടിക, പിറകില്‍ ഭക്ഷ്യനിര്‍മാണയൂണിറ്റ്.

അതിനും പിറകില്‍ വിശാലമായ കൃഷിത്തോട്ടം. തണല്‍വിരിക്കുന്ന മരങ്ങളെയും ചെടികളെയും ഓടിക്കളിക്കുന്ന താറാവുകളെയും കടന്നുചെന്നാല്‍ നെയ്ക്കുമ്പളം, ചീര, ചൊട്ട ചേമ്പ് തുടങ്ങി പച്ചക്കറിക്കലവറ മുന്നില്‍ വിടരും, ആ പച്ചപ്പിനുനടുവില്‍ ഒരു കൊച്ചുവീട്. വിജിത്തും വാണിയും തീര്‍ത്ത ഈ സമാന്തരലോകം ഭാവിക്കുള്ള ഓക്‌സിജന്‍ സിലിന്‍ഡര്‍കൂടിയാണ്. ജൈവകൃഷിയിലൂടെ വേറിട്ട ജീവിതം സാധ്യമാണെന്ന് കാണിച്ചുതരികയാണ് ഈ യുവദമ്പതികള്‍. 

രണ്ടുദേശം, ഒരു സ്വപ്നം 
വിജിത്ത്: കണ്ണൂര്‍ കണ്ണപുരത്താണ് എന്റെ സ്വദേശം. വീട്ടില്‍ ചെറുപ്പംതൊട്ടേ നെല്‍ക്കൃഷിയുണ്ട്. നാടന്‍ വിത്തിനങ്ങളെ സംരക്ഷിക്കുക എന്ന ദൗത്യം നെല്‍ക്കൃഷിയിലൂടെ ആ പ്രദേശത്തെ കര്‍ഷകര്‍ ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും ഞാനതില്‍ അത്ര താത്പര്യം കാണിച്ചില്ല. അത്യാവശ്യകാര്യങ്ങള്‍ക്ക് സഹായിക്കും എന്നല്ലാതെ മറ്റൊന്നും ചെയ്യാറില്ല. പിന്നെ പഠനകാലത്ത് പരിസ്ഥിതിയെക്കുറിച്ച് കൂടുതല്‍ പഠിക്കുകയും അത്തരം കാര്യങ്ങളില്‍ ഇടപെടുകയും ചെയ്തു. അങ്ങനെ കൃഷിയോട് കൂടുതല്‍ അടുത്തു. പഠനത്തിനൊപ്പംതന്നെ പരിസ്ഥിതിക്യാമ്പുകളിലും കൃഷിക്കൂട്ടായ്മകളിലും പങ്കെടുത്തു. തണല്‍മരങ്ങള്‍ നടാനും പ്രകൃതിനശീകരണപ്രവര്‍ത്തനങ്ങള്‍ക്കെതിരേ പ്രതികരിക്കാനുമെല്ലാം അപ്പോഴാണ് തുടങ്ങിയത്. വിവാഹശേഷം പൂര്‍ണസമയ കര്‍ഷകനായി മാറി. 

placeholder
വാണി:ആലപ്പുഴ ഹരിപ്പാട്ടുകാരിയാണ് ഞാന്‍. വീട്ടില്‍ തലമുറകളായി കൃഷി ഉണ്ടായിരുന്നെങ്കിലും എന്റെ പിതാവ് വ്യവസായിയായിരുന്നു. എങ്കിലും കൃഷികാര്യങ്ങള്‍ക്കും അദ്ദേഹം പ്രാധാന്യം കൊടുത്തു. തൊടിയിലെ പച്ചക്കറിക്കൃഷിയെല്ലാം കണ്ട് വളര്‍ന്നത് കൊണ്ടാകാം എനിക്ക് കൃഷിയോട് താത്പര്യം തോന്നി. മുത്തശ്ശിക്കൊപ്പം നടന്ന് തൊടിയിലെ ഓരോ ചെടികളെ പരിചയപ്പെടുകയും അവയുടെ വളര്‍ച്ച ശ്രദ്ധിക്കുകയും ചെയ്യും. എന്നാല്‍ വര്‍ഷങ്ങള്‍ കടന്നുപോകവേ പല ചെടികളും തൊടിയില്‍നിന്നും ചുറ്റുപാടുകളില്‍നിന്നും അപ്രത്യക്ഷമാവുന്നത് ശ്രദ്ധിച്ചു. അന്ന് പത്താംക്ലാസില്‍ പഠിക്കുകയാണ്. എന്തുകൊണ്ടാകാം പറമ്പില്‍ വിളവുകള്‍ കുറയുന്നതെന്ന ചോദ്യം എന്നെ അലട്ടി. അതിനിടെ കേരളകര്‍ഷകനില്‍ വായിച്ച ഒരു ലേഖനം പുതിയ അറിവായി. രാസവളങ്ങള്‍ അമിതമായി ഉപയോഗിച്ച് കുറഞ്ഞകാലംകൊണ്ട് കൂടുതല്‍ വിളവ് ഉത്പാദിപ്പിച്ചാല്‍ അത് മണ്ണിെന ബാധിക്കുമെന്നും ഭാവിയില്‍ ദോഷം ചെയ്യുമെന്നും മനസ്സിലായി. പ്രകൃതിസൗഹൃദ ശാസ്ത്രീയ കൃഷിയാണ് സുസ്ഥിരം. അതാണ് വ്യാപിക്കേണ്ടതെന്നും അന്ന് മനസ്സില്‍ ഉറപ്പിച്ചു.  വാണി: പ്ലസ്ടുവിനുശേഷം കൃഷി പഠിക്കണമെന്ന് തീരുമാനിച്ചു. വീട്ടുകാര്‍ക്ക് എന്നെ ഡോക്ടറാക്കണമെന്നായിരുന്നു ആഗ്രഹം. മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതുകയും ഒരു പ്രമുഖകോളേജില്‍ തലവരിപ്പണംകൊടുത്ത് അവര്‍ സീറ്റ് ഉറപ്പിക്കുകയും ചെയ്തു. ആ ഘട്ടത്തില്‍ കൃഷി പഠിച്ചാല്‍ മതി എന്ന ഉറച്ച നിലപാട് ഞാനെടുത്തു. അതിനെ തുടര്‍ന്ന് കടുത്ത എതിര്‍പ്പ് നേരിട്ടു. കൃഷിയൊന്നും പഠിക്കാന്‍ പറ്റില്ലെന്നും ഞങ്ങള്‍ക്ക് നാണക്കേടാണെന്നും വീട്ടുകാര്‍. ശരിക്കും പ്ലസ്ടുവിന് ഹ്യൂമാനിറ്റീസ് പഠിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ നിര്‍ബന്ധിച്ച് സയന്‍സിന് ചേര്‍ത്തു. ഇഷ്ടമില്ലാഞ്ഞിട്ടും ഏറെ അധ്വാനിച്ച് നല്ല മാര്‍ക്കോടെ വിജയിച്ചു. എന്നിട്ടും ബിരുദത്തിന് ഇഷ്ടമുള്ളത് പഠിക്കേണ്ടെന്നുപറഞ്ഞതോടെ എനിക്കും വാശിയായി. 

നിന്റെ ഇഷ്ടത്തിന് പഠിക്കണമെങ്കില്‍ സ്വയം സമ്പാദിച്ച് പഠിക്കണമെന്നും തങ്ങള്‍ സഹായിക്കില്ലെന്നും അവരും പറഞ്ഞു. അതൊന്നും കാര്യമാക്കാതെ ഞാന്‍ അഗ്രിക്കള്‍ച്ചര്‍ ബിരുദകോഴ്സിന് ചേര്‍ന്നു. പഠനം തുടങ്ങി ആദ്യ നാളുകളില്‍തന്നെ ഞാന്‍ മാതാപിതാക്കളുടെ നിലപാടിന്റെ കാഠിന്യം മനസ്സിലാക്കി. അതുവരെ അനുഭവിച്ചിരുന്ന സാമ്പത്തികസ്വാതന്ത്ര്യം ഇല്ലാതായി. ഒരുവിധത്തിലും അവര്‍ എന്നെ സഹായിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്തില്ല. ആ പതിനേഴാംവയസ്സില്‍ ഞാന്‍ ഒറ്റയ്ക്ക് ജീവിച്ചുതുടങ്ങി. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ പാര്‍ട്ടൈം ജോലി ചെയ്തു. പേനയും പുസ്തകവും മുതല്‍ എല്ലാ കാര്യങ്ങള്‍ക്കുമുള്ള കാശ് സ്വയം കണ്ടെത്തി. പണമില്ലാത്തതുമൂലം വിനോദയാത്രയടക്കം കോളേജ് കാലത്ത് പല ആഗ്രഹങ്ങളും മാറ്റിവെച്ചു.

പ്രശ്‌നങ്ങള്‍ ആരോടും പറഞ്ഞില്ല. ഒരുപാട് നല്ല സുഹൃത്തുക്കള്‍ കൂടെനിന്നു. നല്ല മാര്‍ക്കോടെ പാസായി. ശേഷം കുറച്ചുകാലം നബാര്‍ഡിനൊപ്പം ജോലിചെയ്തു. പിന്നീട് പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ഇക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് സയന്‍സില്‍ പി.ജി.ക്ക്് ചേര്‍ന്നു. ആ കാലത്താണ് അച്ഛന് പാര്‍ക്കിന്‍സണ്‍സ് രോഗവും അമ്മയ്ക്ക് ഹൃദയരോഗവുമൊക്കെ വന്നത്. ഇരുവരുടെയും ആരോഗ്യസ്ഥിതി മോശമായതോടെ എന്റെ സാന്നിധ്യം വീട്ടില്‍ ആവശ്യമായി. അങ്ങനെ കോഴ്സ് അവസാനിപ്പിച്ച് വീട്ടിലേക്ക് വന്നു. 

വിജിത്ത്: വാണി കോ-ഓര്‍ഡിനേറ്റ് ചെയ്ത ഒരു പരിസ്ഥിതി ക്യാമ്പില്‍വെച്ചാണ് ഞങ്ങള്‍ ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് പല ക്യാമ്പുകളിലും സെമിനാറുകളിലും വെച്ച്  കണ്ടു. എന്നാല്‍ സൗഹൃദത്തിനപ്പുറമൊരു ലോകത്തെക്കുറിച്ച് അന്നൊന്നും ചിന്തിച്ചിട്ടില്ല. വാണി അന്നൊക്കെ ഒരു ബുദ്ധിജീവി ലൈന്‍ ആയിരുന്നു. വാണിയുടെ മാതാപിതാക്കള്‍ക്ക് അസുഖമായതോടെ അവളുടെ വിവാഹം പെട്ടെന്ന് നടത്തണം എന്ന തീരുമാനത്തിലേക്ക് അവര്‍ എത്തിച്ചേര്‍ന്നു. ഡോക്ടറായ ചേച്ചിയുടെ വിവാഹം അതിനുമുന്‍പേ ഒരു ഉയര്‍ന്ന പോലീസുദ്യോഗസ്ഥനുമായി ഉറപ്പിച്ചു. വാണി മാതാപിതാക്കള്‍  കാണിച്ചുതരുന്ന ആളെ കണ്ണടച്ചു വിവാഹം കഴിക്കില്ല എന്ന് അവര്‍ക്ക് തോന്നി. നിനക്ക്് ഇഷ്ടമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ പറയൂ, നമുക്ക് വിവാഹം ആലോചിക്കാം എന്ന് അവര്‍ അവളോട് പറഞ്ഞു. ആ ചോദ്യത്തില്‍നിന്നാണ് ഞങ്ങളുടെ പ്രണയത്തിന് നിലമൊരുങ്ങുന്നത്. 
 
പ്രണയം പൂത്ത നാള്‍
വാണി: ഇഷ്ടമുള്ളയാളെ കണ്ടെത്താന്‍ വീട്ടില്‍നിന്ന് പറഞ്ഞപ്പോള്‍ കുറച്ച് സമയം ചോദിച്ചു. പക്ഷേ, ആ സമയത്ത് എന്റെ മനസ്സില്‍ ആരുമില്ലായിരുന്നു. ഈ വിഷയം അടുത്ത സുഹൃത്തുക്കളോടുമാത്രം പറഞ്ഞു. കൃഷി ഇഷ്ടപ്പെടുന്ന, എന്റെ ആശയങ്ങളോട് ഐക്യപ്പെടുന്ന ഒരാള്‍വേണം എന്നതായിരുന്നു നിബന്ധന. ആ സമയം സുഹൃത്തുക്കള്‍ വിത്തോട്(വിജിത്ത്) ഒന്ന് ചോദിച്ചുനോക്കിക്കൂടേ, നിങ്ങള്‍ ഒന്നിച്ചാല്‍ അടിപൊളിയായിരിക്കും എന്ന് പറഞ്ഞു. അത് ശരിയാണെന്ന് എനിക്കും തോന്നി. ശോഭീന്ദ്രന്‍മാഷിനോടൊത്തുള്ള ഒരു ക്യാമ്പില്‍വെച്ച് വിത്തിനോട് ഈ കാര്യം സംസാരിച്ചു. എന്നാല്‍ ആദ്യം വിത്ത് അങ്ങനെയൊരു കാര്യം ചിന്തിച്ചിട്ടില്ല എന്നുപറഞ്ഞ് ഒഴിഞ്ഞുമാറി.

പിന്നീട് പലവട്ടം ഞങ്ങള്‍ ഇതിനെപ്പറ്റി പരസ്പരം സംസാരിച്ചു. പിന്നെയും കുറേനാള്‍ കഴിഞ്ഞപ്പോഴാണ് വിത്ത് സമ്മതമറിയിച്ചത്. അങ്ങനെ വീട്ടില്‍ കാര്യം പറഞ്ഞു. വിത്ത് എന്‍ജിനീയറായതിനാല്‍ വീട്ടുകാര്‍ക്ക് വേറേ എതിര്‍പ്പുണ്ടായില്ല. ആ സമയത്ത് വിത്ത് കെ.എസ്.ഇ.ബി.യില്‍ ജോലിചെയ്യുന്നുമുണ്ട്. വിവാഹശേഷം ഞങ്ങള്‍ പൂര്‍ണസമയ കൃഷിക്കാരാകുമെന്ന് അവര്‍ വിചാരിക്കുന്നില്ലല്ലോ. കല്യാണം ലളിതമായിരുന്നു. ഞങ്ങള്‍ കൃഷിചെയ്തുണ്ടാക്കിയ അരികൊണ്ട് ഭക്ഷണം ഒരുക്കി. ആയിരത്തിലേറെ തൈകളാണ് സുഹൃത്തുക്കളെല്ലാം കൂടി വിവാഹസമ്മാനമായി തന്നത്. 

വിജിത്ത്: കൃഷി ഞങ്ങള്‍ക്ക് ഒരു രാഷ്ട്രീയമാണ്. നാടന്‍ വിത്തിനങ്ങളുടെ സംരക്ഷണം, കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായവില നല്‍കുക, വിഷരഹിതമായ പച്ചക്കറികളും ഭക്ഷ്യ ഉത്പന്നങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാക്കുക തുടങ്ങി പലവിധ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കൃഷി വലിയതോതില്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ആദ്യം ചെയ്തത് മുള പോലുള്ള പെട്ടെന്ന് വളരുന്ന മരങ്ങള്‍ നടുകയായിരുന്നു. വീടിനുചുറ്റും ഒരു കാവിന്റെ അന്തരീക്ഷം സൃഷ്ടിച്ചു. മൂന്നുവര്‍ഷംകൊണ്ട് അവയെല്ലാം വളര്‍ന്ന് ചെറുകാടുപോലെ ഇവിടെ തണല്‍ വിരിച്ചു.

പക്ഷികളും ശലഭങ്ങളും മറ്റ് ചെറുജീവികളുമെല്ലാം ഇവിടേക്ക് വലിയ തോതില്‍ വന്നുതുടങ്ങി. പിന്നീട്  കൃഷി ആരംഭിച്ചു. മണ്ണില്‍ ജൈവകാര്‍ബണിന്റെ അളവ് കൂടിയതോടെ നല്ല വിളവ് കിട്ടിത്തുടങ്ങി. പലതരം പച്ചക്കറികള്‍ കൃഷിചെയ്തു. ഓരോന്നിന്റെയും പല ഇനങ്ങള്‍. ഉദാഹരണത്തിന്, ചേമ്പാണെങ്കില്‍... ചൊട്ട ചേമ്പ്, കറുത്ത കണ്ണന്‍, വെളുത്ത താമരക്കണ്ണന്‍, ചുവപ്പ് താമരക്കണ്ണന്‍ തുടങ്ങി വിവിധ ഇനങ്ങള്‍ ഇവിടെയുണ്ട്. തക്കാളി, കുമ്പളം, പയര്‍, ചീര, പാവയ്ക്ക, കാന്താരി, വാഴ, തുളസി, ചോളം, തുടങ്ങി വ്യത്യസ്തമായവ നട്ടുവളര്‍ത്തി. ഹൈബ്രിഡ് വിത്തുകള്‍ക്കുപകരം കൂടുതലും നാടന്‍ വിത്തുകളാണ് ഉപയോഗിച്ചത്. പച്ചക്കറിക്കൃഷിക്കൊപ്പം പശു, മത്സ്യം, താറാവ്, കോഴി തുടങ്ങിയവയെയും വളര്‍ത്തുന്നു. 
  
സാധ്യമാകും സമത്വം

വാണി: 2015- ല്‍ ഞങ്ങള്‍ പൊതുവിപണി എന്ന ആശയം ആരംഭിച്ചു. ഞങ്ങളുടെ പറമ്പില്‍ കൃഷിചെയ്യുന്ന സാധനങ്ങള്‍ വീട്ടുമുറ്റത്തുവെച്ചുതന്നെ വില്‍ക്കുന്നരീതി. ആ ആശയം അതിവേഗം ജനകീയമായി. കൂടുതല്‍ കര്‍ഷകര്‍ അവരുടെ ഉത്പന്നങ്ങളുമായി ഇവിടെയെത്തി. അവര്‍ക്ക് സാധാരണ കടകളില്‍ കിട്ടുന്നതിനെക്കാള്‍ കൂടുതല്‍ വില നല്‍കി. കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന വിലയും വില്‍ക്കുന്ന വിലയും പുറത്ത് പ്രദര്‍ശിപ്പിച്ചു. ഉപഭോക്താക്കളുടെ എണ്ണം കൂടിയതോടെ ഒരു കടയുടെ രീതിയിലേക്ക് വിപണനകേന്ദ്രം മാറ്റി. 

കുറച്ചുകൂടി വിപുലമായ രീതിയില്‍ ഇപ്പോഴുള്ള വിപണന, നിര്‍മാണകേന്ദ്രം എന്ന ആശയം വിത്ത് പറഞ്ഞപ്പോള്‍ എനിക്കതിനോട് എതിര്‍പ്പായിരുന്നു. ഇതൊരു ബിസിനസ് ആയി മാറുമോ എന്ന ആശങ്കയായിരുന്നു മനസ്സില്‍. എന്നാല്‍ അങ്ങനെയല്ല, അതൊരു മാതൃകയാവുമെന്നും കര്‍ഷകര്‍ക്കുഗുണം ചെയ്യുമെന്നും കൂടുതല്‍ ആളുകള്‍ക്ക് ഉപജീവനമാര്‍ഗത്തിന് വഴിതുറക്കുമെന്നും മനസ്സിലായതോടെ തീരുമാനം മാറ്റി. 2017- ല്‍ വി.എസ്. സുനില്‍കുമാര്‍ കൃഷിമന്ത്രിയായിരിക്കുമ്പോഴാണ് ഓരോ പഞ്ചായത്തിലും ഇക്കോ ഷോപ്പ് എന്ന രീതിയില്‍ കാര്‍ഷികവിപണികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്. അതിനൊപ്പം ലേല മാര്‍ക്കറ്റും. കൃഷിവകുപ്പിന്റെ ആ ഇടപെടല്‍ വലിയ മാറ്റം വരുത്തി. ഓരോ പ്രദേശത്തും കാര്‍ഷികകൂട്ടായ്മകള്‍ രൂപപ്പെട്ടു. 

ഇവിടെ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രിക്കള്‍ച്ചറായി എത്തിയ എലിസബത്ത് മാഡം ഞങ്ങള്‍ക്ക് വലിയ പ്രോത്സാഹനം നല്‍കി. 13 കര്‍ഷകരെ ഉള്‍പ്പെടുത്തി പ്രകൃതി എന്ന പേരിലൊരു ക്ലസ്റ്റര്‍ രൂപവത്കരിച്ചു. സ്ഥിരവില, ന്യായവില എന്നൊരു സങ്കല്പം കൊണ്ടുവന്നു. വില നിര്‍ണയിക്കുന്നതും പുനര്‍നിര്‍ണയിക്കുന്നതുമെല്ലാം ഈ കര്‍ഷകര്‍ ഒരുമിച്ചുകൂടിയാണ്. 2019- ല്‍ വാസു ജൈവാങ്കണം എന്ന വിപണനകേന്ദ്രം സ്ഥാപിക്കാനും അതിനുവേണ്ട സാമ്പത്തികം സമാഹരിക്കാനുമുള്ള വഴിയെല്ലാം കാട്ടിത്തന്നത് എലിസബത്ത് മാഡമാണ്. കെ.എസ്.എഫ്.ഇ.യും കൃഷിവകുപ്പുമെല്ലാം നന്നായി സഹായിച്ചിട്ടുണ്ട്.  

വിജിത്ത്: ഒരു കച്ചവടകേന്ദ്രം എന്ന നിലയിലല്ല, ഒരു സാമൂഹിക, സാംസ്‌കാരിക കേന്ദ്രം എന്ന നിലയ്ക്കാണ് ഞങ്ങളിതിനെ രൂപപ്പെടുത്തിയത്. ഇവിടെ മീറ്റിങ്ങുകളും സാംസ്‌കാരിക പരിപാടികളുമെല്ലാം നടക്കും. ഒപ്പം 'രുചിര' എന്ന പേരില്‍ ഭക്ഷ്യനിര്‍മാണ യൂണിറ്റും ആരംഭിച്ചിട്ടുണ്ട്. വിഷരഹിതമായ ഭക്ഷ്യോത്പന്നങ്ങളാണ് ഇതിലൂടെ വിപണിയിലെത്തിക്കുന്നത്. കൃഷി, നിര്‍മാണം, വിപണി, ഗവേഷണം തുടങ്ങി നാലുമേഖലകളിലും ഞങ്ങളിപ്പോള്‍ സജീവമാണ്. ഹോട്ടലുകളില്‍നിന്നും ജൈവമാലിന്യം ശേഖരിച്ച് അത് വളമാക്കിമാറ്റി കൃഷിക്ക് ഉപയോഗിക്കുന്നുണ്ട്. ഇപ്പോള്‍ മൂന്നുകോടി വരെ വാര്‍ഷിക വിറ്റുവരവുണ്ട്. കൃഷി നഷ്ടമല്ലെന്നാണ് ഞങ്ങളുടെ അനുഭവം. 

വാണി: ഞങ്ങള്‍ ഒറ്റയ്ക്കല്ല. ഒരുപാട് കര്‍ഷകര്‍ കേരളത്തിന്റെ പലഭാഗത്തും ഞങ്ങളെ സഹായിക്കാനുണ്ട്. ഫാമിലും നിര്‍മാണ, വിതരണകേന്ദ്രത്തിലുമായി 32 ജീവനക്കാരുണ്ട്. ഒരുദിവസം കുറഞ്ഞത് 15 കര്‍ഷകര്‍ അവര്‍ കൃഷിചെയ്ത ഉത്പന്നങ്ങള്‍ നല്‍കാനായി എത്തും. 500- ലധികം കര്‍ഷകര്‍ ഞങ്ങളുടെ പങ്കാളികളായിട്ടുണ്ട്. 2000- ത്തിലധികം ഉപഭോക്താക്കളുണ്ട്. രാവിലെ നാലുമണിക്കാണ് ഞങ്ങളുടെ ഒരു ദിവസം ആരംഭിക്കുന്നത്. എല്ലാം കഴിഞ്ഞ് കിടക്കുമ്പോള്‍ അര്‍ധരാത്രിയാകും. പക്ഷേ, ഇത് ഞങ്ങള്‍ ആസ്വദിക്കുന്നുണ്ട്.  ഭാവിതലമുറയ്ക്ക് ഈ ഭൂമി കൂടുതല്‍ സുന്ദരമായ ഒരു സ്ഥലമാക്കി കൈമാറാനുള്ള ശ്രമമാണ് ഞങ്ങളുടേത്. 

ഈ പച്ചമരത്തണലില്‍ ഇരിക്കുമ്പോള്‍ ഉച്ചവെയിലിനുപോലും പൊള്ളിക്കാനാവുന്നില്ല, 'വാസു ജൈവാങ്കണ'ത്തില്‍ തിരക്ക് കൂടിവരികയാണ്, ഒരുഭാഗത്ത് കര്‍ഷകര്‍, മറുഭാഗത്ത് ഉപഭോക്താക്കള്‍ എല്ലാം പുഴകള്‍പോലെ വന്ന് ഈ അഴിമുഖത്ത് ലയിക്കുന്നു. പ്രകൃതിയെ ഒന്ന് തൊട്ടുനോവിക്കാതെ മനുഷ്യര്‍ ഇവിടെ സൃഷ്ടിക്കുന്ന ഒരുസമാന്തരലോകം, അതില്‍ വിഷമില്ല, ചൂഷണമില്ല, അമിതലാഭക്കൊതികളില്ല, മറിച്ച് ആശയങ്ങളുടെ കരുത്തുമാത്രം.