ഇന്നും പൂര്‍ണമായി ഭേദമാക്കാനാവാത്ത മാരകരോഗങ്ങളുടെ പട്ടികയിലാണ് എച്ച്‌ഐവി. എയ്ഡ്‌സ് രോഗമുണ്ടെന്നറിയുമ്പോള്‍ നേരിടേണ്ടി വരുന്ന ഒറ്റപ്പെടലുകളും കല്ലെറിയലുകളും ഒരുകാലത്ത് നിരന്തരസംഭവങ്ങളായി നമ്മുടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അച്ഛനമ്മമാര്‍ എച്ച്‌ഐവി ബാധിതരാണെന്ന് പുറം ലോകമറിഞ്ഞതിലൂടെ സമൂഹത്തില്‍ നിന്ന് ആട്ടിയകറ്റപ്പെട്ട കുട്ടികളും നമ്മുടെ നാട്ടിലാണ്. എന്നാല്‍ സര്‍ക്കാര്‍ ബോധവത്ക്കരണ പരിപാടികളിലൂടെയും കൃത്യമായ പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെയും ഐച്ച്‌ഐവിക്കെതിരെ സുരക്ഷയും അവബോധവും വളര്‍ത്താന്‍ ഇന്നു കഴിഞ്ഞിട്ടുണ്ട്. അങ്ങനെയൊന്നിലേക്ക് നമ്മുടെ സമൂഹത്തെ നയിച്ചതിനുപിന്നില്‍ രണ്ട് സ്ത്രീകളും കൈകളുണ്ട്. ഡോ. സുനീതി സോളമനും അവരുടെ വിദ്യാര്‍ത്ഥിനിയായ സെല്ലപ്പന്‍ നിര്‍മലയും. ഇന്ത്യയിലെ എച്ച്‌ഐവി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ തുടക്കം ഇവരില്‍ നിന്നായിരുന്നു.

ആദ്യം കണ്ടെത്തിയ ആറുപേര്‍

ഡോ. സുനീതി തന്റെ ആതുരസേവനം തുടങ്ങിയത് ലണ്ടനിലെ കിങ്‌സ് കോളേജ് ഹോസ്പിറ്റലില്‍ നിന്നാണ്. പിന്നീട് തിരിച്ചെത്തി മദ്രാസ് മെഡിക്കല്‍ കോളേജില്‍ മൈക്രോബയോളജിസ്റ്റായി ജോലി ചെയ്തുതുടങ്ങി. 1981. ലോകത്ത് മനുഷ്യരില്‍ ആദ്യത്തെ എച്ച്‌ഐവി റിപ്പോര്‍ട്ട് ചെയ്തവര്‍ഷം. 1986-ല്‍ ഇന്ത്യയിലും ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍ അതൊരു സാധാരണ പകര്‍ച്ചവ്യാധിയാണെന്ന മട്ടില്‍ അധികൃതര്‍ തള്ളിക്കളഞ്ഞു. എന്നാല്‍ അങ്ങനെയല്ലെന്ന് അത്രയും കാലത്തെ തന്റെ പരിചയസമ്പത്തില്‍ നിന്ന് ഡോ.സുനീതിക്ക് തോന്നി. അങ്ങനെ അവര്‍ 100 ലൈംഗിക തൊഴിലാളികളായ സ്ത്രീകളുടെ രക്തം പരിശോധനയ്ക്കയച്ചു. അവരില്‍ ആറുപേര്‍ എച്ച്‌ഐവി പോസിറ്റീവായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ എച്ചഐവി പഠനപ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കുള്ള തുടക്കം അവിടെയായിരുന്നു. ലൈംഗികത്തൊഴിലാളികള്‍ക്ക് ഇതിനെപ്പറ്റി ഒരു തരത്തിലുള്ള അറിവുകളുമുണ്ടായിരുന്നില്ല.  സുരക്ഷിതമാര്‍ഗ്ഗങ്ങളും അവര്‍ സ്വീകരിച്ചിരുന്നില്ല. ഇവരില്‍ പലരും സ്വവര്‍ഗ്ഗാനുരാഗികളും മയക്കുമരുന്നു പോലുള്ളവ കുത്തിവയ്ക്കാന്‍ സൂചികള്‍ കൈമാറി ഉപയോഗിക്കുന്നവരുമൊക്കെയായിരുന്നു. മാത്രമല്ല എയ്ഡ്‌സ് ഉണ്ടെന്നറിയുമ്പോള്‍ സമൂഹത്തില്‍ നിന്നനുഭവിക്കുന്ന ഒറ്റപ്പെടലും അവരെ രോഗം മറച്ചു വയ്ക്കാന്‍ പ്രേരിപ്പിച്ചിരുന്നു.

രഹസ്യമായി തുടങ്ങിയ പഠനം

എച്ച്‌ഐവി പഠനങ്ങള്‍ക്കായി താല്‍ക്കാലികമായി തയ്യാറാക്കിയ ഒരു ചെറിയ ലാബോറട്ടറി മാത്രമാണ് ഉണ്ടായിരുന്നത്. അവിടെ നിന്ന് ശേഖരിക്കുന്ന രക്തസാമ്പിളുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഒരിടം അവര്‍ക്കുണ്ടായിരുന്നില്ല. അതുകൊണ്ട് സ്വന്തം ഫ്രിഡ്ജിലാണ് അവ സൂക്ഷിച്ചിരുന്നതുപോലും. അതിലൂടെയുണ്ടാകാവുന്ന അപകടസാധ്യതകള്‍ പോലും അവര്‍ ചിന്തിച്ചിരുന്നില്ലെന്ന് ചുരുക്കം. ആദ്യ ആറുപേരില്‍ ഒരു കുട്ടിയടക്കമാണ് എയ്ഡ്‌സ് ബാധിതരായിരുന്നത്. അധികൃതരെ വിവരമറിയിച്ചപ്പോള്‍ അവര്‍ അത് വിശ്വസിക്കാനോ കണക്കിലെടുക്കാനോ തയ്യാറായില്ല. പഠനത്തിനായി അനുമതി കിട്ടാത്തതിനാല്‍ രഹസ്യമായായിരുന്നു ഡോ.സുനീതിയുടെ പ്രവര്‍ത്തനം. എല്ലാ സഹായവും നല്‍കി സുനീതിയുടെ ഗവേഷകവിദ്യാര്‍ത്ഥിനിയായ സെല്ലപ്പന്‍ നിര്‍മലയും ഒപ്പം നിന്നു. 

ചരിത്രത്തിന്റെ ഭാഗമായ ആ ഗ്രാമീണപ്പെണ്‍കുട്ടി

മദ്രാസ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിദ്യാര്‍ത്ഥിനിയാണ് അന്ന് സെല്ലപ്പന്‍ നിര്‍മല. തന്റെ പ്രോജക്ടിന് ഒരു വിഷയം തേടിക്കൊണ്ടിരിക്കെയാണ് പ്രോഫസറും മെന്ററുമായ ഡോ. സുനീതി സോളമന്‍ ഇന്ത്യയിലെ എച്ച്‌ഐവി വൈറസിന്റെ സാന്നിദ്ധ്യത്തെപ്പറ്റി നിര്‍മലയോട് പറയുന്നത്. എന്നാല്‍ അങ്ങനെയൊന്നില്ല എന്നാണ് നിര്‍മലയും കരുതിയത്. ആ സാമ്പിളുകള്‍ ശേഖരിച്ച് അയച്ച് റിസല്‍ട്ട് വരുന്നതുവരെ... നിര്‍മല തമിഴ്‌നാട്ടിലെ ഒരു സാധാരണ യാഥാസ്തിതിക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടിയായിരുന്നു. സംസാരിക്കാന്‍ തമിഴ് മാത്രമറിയാവുന്ന പഠനകലാലത്ത് തന്നെ വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞിന്റെ അമ്മയുമായ സാധാരണ പെണ്‍കുട്ടി. സമാധാനവും സന്തോഷവും നിറഞ്ഞ ഒരു സാധാരണ ജീവിതമാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്ന് ഒരിക്കല്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ നിര്‍മല പറഞ്ഞു. എന്നാല്‍ ഡോ.സുനീതിയുടെ നിര്‍ദേശത്തെപ്പറ്റി പറഞ്ഞപ്പോള്‍ നിര്‍മലയുടെ ഭര്‍ത്താവ് വീരപ്പന്‍ രാമമൂര്‍ത്തി വലിയ പിന്തുണ നല്‍കി. അതായിരുന്നു നിര്‍മലയുടെ ധൈര്യവും. 

ചെന്നൈയിലെ ലൈംഗികത്തൊഴിലാളികളായ സ്ത്രീകളുടെ രക്തസാമ്പിളുകളാണ് നിര്‍മല ശേഖരിച്ചത്. അവരില്‍ പലര്‍ക്കും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ പകരുന്ന മറ്റ് മാരകരോഗങ്ങളുമുണ്ടായിരുന്നു. അതിനൊപ്പം ഐച്ച്‌ഐവി ബാധയും. എന്നാല്‍ ഈ കണ്ടെത്തലിനെ ആദ്യമൊന്നും അധികൃതരടക്കം അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. എല്ലാവരും ഞങ്ങള്‍ക്കെതിരെ തിരിഞ്ഞു, മോശപ്പെട്ട സ്ത്രീകളാണ് ഞങ്ങളെന്ന രീതിയില്‍ സമൂഹത്തിന്റെ എതിര്‍പ്പുകളെ നേരിടേണ്ടി വന്നുവെന്നും നിര്‍മല. പിന്നീട് പഠനമെല്ലാം കഴിഞ്ഞ് ചെന്നൈ കിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്‍സീവ് മെഡിസിനില്‍ പലതരം പ്രതിരോധമരുന്നുകളുടെ ഉത്പാദനവുമായി ബന്ധപ്പെട്ട പ്രോജക്ടുകളുടെ ഭാഗമായി നിര്‍മല. ഡോ. സുനീതിയുടെ ഓര്‍മകളിലേക്ക് തിരിയുമ്പോള്‍ അതിനൊപ്പം തന്നെ നിര്‍മലയെയും വൈദ്യശാസ്ത്രരംഗം ചേര്‍ത്തു വയ്ക്കുന്നുണ്ട്. ഇന്ത്യയിലെ എയ്ഡ്‌സ് രോഗികള്‍ക്കായി ആദ്യം നീണ്ട സഹായഹസ്തകള്‍ ഇവര്‍ ഇരുവരുടേതുമാണല്ലോ.

എച്ച്‌ഐവി ക്ലിനിക്കായി സ്വന്തം വീട്

രോഗം തിരിച്ചറിഞ്ഞാല്‍ ചികിത്സകള്‍ തേടാൻ ആളുകള്‍ തയ്യാറാവില്ലെന്ന് ഡോ.സുനീതി മനസ്സിലാക്കി. രോഗത്തിന്റെ വേദനയേക്കാള്‍ വലുതായിരുന്നു രോഗികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍. അതോടെ തന്റെ വീട്ടില്‍ തന്നെ ആദ്യത്തെ എച്ച്‌ഐവി ക്ലിനിക്ക് തുറന്നു. രോഗികളെ കണ്ടെത്തി തുടര്‍ന്ന് ജീവിക്കാനുള്ള പ്രചോദനം നല്‍കി, രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനുള്ള ചികിത്സകളും. മറ്റ് ആശുപത്രികള്‍ കയ്യൊഴിയുന്ന രോഗികളെ ഡോ.സുനീതി ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. മരുന്നിനൊപ്പം തുടര്‍ജീവിതത്തിന് മാനസിക പിന്തുണയും നല്‍കി. താല്‍പര്യത്തോടെ വന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സ്വന്തം ചെലവില്‍ എച്ച്‌ഐവി പ്രതിരോധത്തിനായി പരിശീലനം നല്‍കി. രാജ്യത്ത് ആദ്യമായി സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് എച്ച്‌ഐവി ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചത് ഡോ. സുനീതിയാണ്.

പിതാവിന്റെ ഓര്‍മ്മയ്ക്ക്

ഇന്ത്യയിലെ ആദ്യ എയ്ഡ്‌സ് റിസോഴ്‌സ് ഗ്രൂപ്പ് മദ്രാസ് മെഡിക്കല്‍ കോളേജില്‍ (MMC) സ്ഥാപിച്ചതും ഡോ.സുനീതിയാണ്. ഇന്ത്യയില്‍ എയ്ഡ്‌സുമായി ബന്ധപ്പെട്ട ഗവേഷണവും സാമൂഹ്യ സേവനങ്ങളും നടത്തുന്നതിന്റെ ആദ്യ ചുവടുവയ്പായി ഇത് മാറി. 1993ല്‍, തന്റെ പിതാവിന്റെ പേരില്‍ 'വൈ.ആര്‍. ഗൈറ്റോണ്‍ഡെ സെന്റര്‍ ഫോര്‍ എയ്ഡ്‌സ് റിസര്‍ച്ച് ആന്‍ഡ് എഡ്യുക്കേഷന്‍' (YRG CARE) സ്ഥാപിച്ചു. ഇന്ത്യയില്‍ എച്ച്‌ഐവി കൗണ്‍സലിംഗ്, പരിശോധന തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന ആദ്യ കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ഇത്. പിന്നീട് നിസ്വാര്‍ത്ഥമായ അവരുടെ സേവനങ്ങള്‍ക്ക് രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. 2015 ല്‍ തന്റെ 75-ാമത്തെ വയസ്സില്‍ 'ചെന്നൈയിലെ എയ്ഡ്‌സ് ഡോക്ടര്‍' എന്നറിയപ്പെട്ട ഡോ. സുനീതി സോളമന്‍ അന്തരിച്ചു.

 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi