
തൊണ്ണൂറുകളില്‍ തമിഴിലും മലയാളത്തിലും ഒരുപോലെ തിളങ്ങിനിന്ന താരമാണ് സുകന്യ. സാഗരം സാക്ഷി, ചന്ദ്രലേഖ, കാണാക്കിനാവ്, രക്തസാക്ഷികള്‍ സിന്ദാബാദ്, തൂവല്‍ക്കൊട്ടാരം, ഇന്നത്തെ ചിന്താവിഷയം...തുടങ്ങി നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ കലാകാരി. നൃത്തവും അഭിനയവും പോലെ തന്നെ ഗാനരചനയിലും കഴിവ് തെളിയിച്ചിരിക്കുകയാണ് സുകന്യ. 'ഡി. എന്‍. എ' എന്ന മലയാള ചിത്രത്തിനുവേണ്ടിയാണ് സുകന്യ പാട്ടെഴുതിയത്. പുതിയ വിശേഷങ്ങളേറെയുണ്ടെങ്കിലും തന്റെ പ്രിയപ്പെട്ട സിനിമാ ഓര്‍മകളെപ്പറ്റിയാണ് അവര്‍ കൂടുതലും സംസാരിക്കാന്‍ ഇഷ്ടപ്പെട്ടത്.
ഒരിടവേളയ്ക്കുശേഷം സുകന്യയുടെപേര് മലയാളികള്‍ കേള്‍ക്കുന്നത് ഗാനരചനയിലൂടെയാണ്. അഭിനയവും നൃത്തവുമെല്ലാമായി മുന്നോട്ടുപോയ ആള്‍ എങ്ങനെയാണ് പാട്ടെഴുത്തിലേക്കെത്തുന്നത്?
സിനിമയ്ക്ക് പാട്ടെഴുതുക എന്നത് സ്വപ്‌നത്തില്‍പോലും ഇല്ലാത്ത കാര്യമായിരുന്നു. ഗാനരചനയില്‍ മുന്‍പരിചയം കുറവാണ്, 2005-ല്‍ 'അഴക്'എന്ന പേരില്‍ തമിഴ് ഭക്തിഗാനം രചിച്ചിട്ടുണ്ട്. 2012-ല്‍ തിരുപ്പതിയുമായി ബന്ധപ്പെട്ട തമിഴ് ആല്‍ബത്തിനായി വരികള്‍ എഴുതിയിട്ടുണ്ട്. തമിഴില്‍ ഇത്തരം ചില ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും മലയാളത്തില്‍ സിനിമാഗാനം രചിക്കുകയെന്നത് വലിയ സാഹസമായിരുന്നു. സംവിധായകന്‍ സുരേഷ്ബാബുച്ചേട്ടന്‍ ഉള്‍പ്പെടെയുള്ളവരുടെ സ്‌നേഹസമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് 'ഡി.എന്‍.എ' സിനിമയ്ക്കായി ചില വരികള്‍ എഴുതിയത്. കഥാസന്ദര്‍ഭം വിവരിച്ചുതന്നപ്പോള്‍ മനസ്സില്‍ തെളിഞ്ഞ ചില ആശയങ്ങള്‍ മുന്‍ നിര്‍ത്തി വരികള്‍ ഒരുക്കുകയായിരുന്നു. എങ്ങനെവേണമെങ്കിലും തിരുത്താം എന്നുപറഞ്ഞാണ് എഴുതിനല്‍കിയത്. ശരത് ഈണമിട്ട വരികള്‍ കാര്‍ത്തിക്കും ആര്‍ച്ചയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.
സിനിമയോടും അഭിനയത്തോടും ഒട്ടും താത്പര്യമില്ലാത്ത ബാല്യവും കൗമാരവുമായിരുന്നെന്ന് കേട്ടിട്ടുണ്ട്, എന്നിട്ടും നൂറിലധികം സിനിമകളിലഭിനയിച്ചു...
കുട്ടിക്കാലംമുതല്‍ നൃത്തമായിരുന്നു മനസ്സില്‍. ഏഴുവയസ്സുമുതല്‍ ഭരതനാട്യത്തിനൊപ്പമായി യാത്ര. ജനിച്ചത് മധുരയിലാണെങ്കിലും സ്‌കൂള്‍കാലമെല്ലാം ചെന്നൈയിലായിരുന്നു. കലാക്ഷേത്ര വീട്ടിനടുത്തായിരുന്നു. അതുകൊണ്ടുതന്നെ ചെറുപ്പം മുതല്‍ക്കേ ചിലങ്കയുടെ താളം ചുറ്റും നിറഞ്ഞുനിന്നു. ഓഡീഷനിലൂടെയാണ് കലാക്ഷേത്രയിലേക്ക് പ്രവേശനം നേടുന്നത്. ഡബിള്‍ പ്രമോഷന്‍ നേടിയാണ് പഠിച്ചിറങ്ങുന്നത്. നൃത്തത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പും ലഭിച്ചു. നാനൂറുപേര്‍ എഴുതിയ പരീക്ഷയില്‍ പത്തുപേര്‍ക്കായിരുന്നു സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. സ്‌കൂള്‍ ലീഡര്‍, സ്പോര്‍ട്സ് ക്യാപ്റ്റന്‍ അങ്ങനെ തിരക്കുള്ള കാലമായിരുന്നു അത്. അതുകൊണ്ടുതന്നെ സിനിമയെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമുള്ള ചിന്തകളൊന്നും മനസ്സിലുണ്ടായിരുന്നില്ല.
അച്ഛനൊരു സിനിമ നിര്‍മിച്ചിട്ടുപോലും അഭിനയത്തോട് യാതൊരു താത്പര്യവും തോന്നിയില്ല. കുട്ടിക്കാലത്ത് സിനിമ കാണുന്ന ശീലവും കുറവായിരുന്നു. ടി.വി.യില്‍ ചിത്രഹാര്‍പോലുള്ള പരിപാടികള്‍ വല്ലപ്പോഴും കാണുമായിരുന്നു. നൃത്തത്തില്‍ മുന്നോട്ടുപോകണമെന്നായിരുന്നു ആഗ്രഹം. നൃത്തപരിപാടികളും വിദേശനൃത്തഷോകളുമെല്ലാമാണ് സിനിമയിലേക്ക് എത്തിച്ചത്. ഫോട്ടോ കണ്ടും സ്റ്റേജ് പരിപാടികളെക്കുറിച്ച് കേട്ടും സിനിമയിലേക്കുള്ള ക്ഷണം വന്നുകൊണ്ടിരുന്നു. ആദ്യമെല്ലാം പലതും ഒഴിവാക്കി. പക്ഷേ, സിനിമയാണ് എന്റെ വഴിയെന്ന് കാലം തെളിയിച്ചു.
സിനിമയിലേക്കെത്തി വളരെ പെട്ടെന്നുതന്നെ സുകന്യ തിരക്കുള്ള താരമായി, സൂപ്പര്‍താരങ്ങളുടെ നായികയായി, എങ്ങനെയായിരുന്നു ആ യാത്ര...
പലതവണ വഴിമാറിനടക്കാന്‍ ശ്രമിച്ചിട്ടും സിനിമയിലേക്കുതന്നെ തിരിച്ചെത്തിയ യാത്രയായിരുന്നു എന്റെത്. പഠനത്തിനും നൃത്തത്തി
നും പ്രാധാന്യം നല്‍കാനാണ് വീട്ടുകാരും ഉപദേശിച്ചത്. സിനിമയിലേക്കിറങ്ങിയതോടെ സ്വന്തം ശരികള്‍ മുന്‍നിര്‍ത്തി സിനിമകള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചു. സീനിയറായ ഒരുപാടുപേരുടെ സിനിമയിലേക്ക് തുടക്കത്തില്‍ത്തന്നെ ക്ഷണം ലഭിച്ചു. വിജയകാന്തിന്റെ 'ചിന്നകൗണ്ടറി'ല്‍ അഭിനയിക്കാന്‍ പോയതെല്ലാം ഇന്നും ഓര്‍മ്മയുണ്ട്. വിജയകാന്ത് സാറിരിക്കുന്നതിനടുത്തുള്ള ഒരു കസേര എടുക്കാനായി ചെന്നതും സംസാരിക്കാന്‍ പേടിച്ച് അവിടെനിന്ന് പരുങ്ങിയതുമെല്ലാം തുടക്കക്കാരിയുടെ പരിഭ്രമങ്ങളില്‍ ചിലതുമാത്രം. പ്രഭുവിനൊപ്പം വിജയസിനിമകളുടെ ഭാഗമായി. ശിവാജിസാറിന്റെ മകന്‍ എന്ന തലക്കനമൊന്നുമില്ലാതെയാണ് അദ്ദേഹം ഇടപെട്ടിരുന്നത്. ചിത്രീകരണത്തിന്റെ ഇടവേളകളിലെല്ലാം പഴയ സിനിമകളുടെ വിശേഷങ്ങളാണ് എല്ലാവരും പറഞ്ഞത്. സെറ്റിലിരുന്ന് സിനിമാകഥകള്‍ കേട്ട് കേട്ട് ഞാന്‍ അവരെയെല്ലാം അടുത്തറിഞ്ഞു, ഇഷ്ടപ്പെട്ടുതുടങ്ങി. ഒന്നിന് പുറകെ ഒന്നായി വേഷങ്ങള്‍ ലഭിച്ചു.
ഐ.വി. ശശി ചിത്രം 'അപാരത'യിലൂടെ മലയാളത്തിലേക്കെത്തി. ഭാഷ അറിയാതെ വേഷം അവതരിപ്പിക്കുക എന്നത് പ്രയാസമുള്ള കാര്യമായിരുന്നില്ലേ...
കലാക്ഷേത്രയില്‍ ഒരുപാട് മലയാളം ടീച്ചര്‍മാരും സുഹൃത്തുക്കളും ഉണ്ടായിരുന്നു. മലയാളം സംസാരിക്കാറില്ലെങ്കിലും, കേള്‍ക്കുമ്പോള്‍ കുറച്ചെല്ലാം മനസ്സിലാക്കാന്‍ പറ്റി. ശശിയേട്ടനാണ് മലയാളത്തിലേക്ക് ക്ഷണിക്കുന്നത്, ക്യാമറയ്ക്ക് മുന്നിലെ ആദ്യരംഗത്തില്‍ ഡയലോഗ് പറഞ്ഞു കഴിഞ്ഞപ്പോള്‍ നെടുമുടിവേണുച്ചേട്ടന്‍ അടുത്തേക്ക് വിളിച്ച് മലയാളിയല്ലേയെന്ന് ചോദിച്ചു. അല്ലെന്ന് എത്ര പറഞ്ഞിട്ടും അദ്ദേഹം വിശ്വസിച്ചില്ല. പിന്നെയും ഇടക്കിടെ, സത്യം പറയൂ...മലയാളിയല്ലേയെന്ന് ചോദിച്ചുകൊണ്ടിരുന്നു. കഥാപാത്രത്തിന്റെ മാനസികവ്യാപാരങ്ങള്‍ മനസ്സിലാക്കി അഭിനയിക്കുമ്പോള്‍, ഭാഷ പ്രശ്‌നമായില്ല. അര്‍ഥമറിഞ്ഞാണ് ഡയലോഗുകള്‍ അവതരിപ്പിച്ചത്. മലയാളസിനിമയില്‍ സജ്ജീവമായതോടെ ഭാഷ കൂടുതലായി പഠിച്ചു. കേട്ടും സംസാരിച്ചുമാണ് മലയാളം പഠിച്ചെടുത്തത്. തെലുങ്ക് ഭാഷയും സിനിമയ്ക്കായി പഠിച്ചെടുക്കുകയായിരുന്നു. രണ്ടാമത്തെ തെലുങ്ക് സിനിമയ്ക്കുതന്നെ സ്വന്തമായി ഡബ്ബ് ചെയ്തു. രാവിലെ പത്തരയ്ക്ക് തുടങ്ങിയ ഡബ്ബിങ് മൂന്നരയോടെ പൂര്‍ത്തിയാക്കിയപ്പോള്‍ ഒപ്പമുള്ളവര്‍ അന്ന് അതിശയപ്പെട്ടു.
മലയാളത്തില്‍ ഒരേസമയം രണ്ട് സിനിമകളിലെല്ലാം അഭിനയിക്കുന്ന തിരക്കുള്ള നടിയായി പിന്നീട് മാറിയല്ലോ...
പി.വി.ജിയും സത്യന്‍അന്തിക്കാടും ചേര്‍ന്നുള്ള സിനിമയായിരുന്നു 'തൂവല്‍ക്കൊട്ടാരം.' നൃത്തത്തിന് പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു ചിത്രത്തിലെ സുജാത. കോസ്റ്റ്യൂം തിരഞ്ഞെടുപ്പിനും സംവിധായകന്‍ എന്നെ ചുമതലപ്പെടുത്തി. ഒറ്റപ്പാലം, ഷൊര്‍ണൂര്‍ ഭാഗങ്ങളില്‍ തൂവല്‍ക്കൊട്ടാരത്തിന്റെ ചിത്രീകരണം നടക്കുമ്പോള്‍തന്നെ കോഴിക്കോടുവെച്ച് 'കാണാക്കിനാവി'ന്റെ ചിത്രീകരണവും നടന്നു. കാണാക്കിനാവിന് സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. രണ്ട് സിനിമകളും ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി.വി. ഗംഗാധരന്‍സാറാണ് നിര്‍മിച്ചത്. രണ്ടിലും രണ്ട് വ്യത്യസ്തവേഷമായിരുന്നു.
നായികയായി മുന്നോട്ടു പോകുമ്പോള്‍തന്നെ പ്രായമേറിയ അമ്മവേഷങ്ങളും സ്വീകരിച്ചു. വേഷങ്ങളുടെ തിരഞ്ഞെടുപ്പിനെക്കുറിച്ച്...
കഥാപാത്രത്തിന് എന്താണ് ചെയ്യാനുള്ളത് എന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. 'ഇന്ത്യനി'ലെ പ്രായം ചെന്ന അമൃതവല്ലി
വേഷത്തിന് ഒരുപാട് അഭിനന്ദനങ്ങള്‍ ലഭിച്ചു. അമ്മവേഷങ്ങള്‍ ചെയ്യുന്നതോടെ നമ്മള്‍ അത്തരം കഥാപാത്രങ്ങളിലേക്കുമാത്രമായി മാറ്റിനി ര്‍ത്തപ്പെടും എന്നൊന്നും കരുതുന്നില്ല. കരുത്തുള്ള വേഷങ്ങള്‍ വരുമ്പോള്‍ വിട്ടുകളയാന്‍ തോന്നാറില്ല. ഇന്നും കഥകള്‍ കേള്‍ക്കുന്നുണ്ട്. പ്രേക്ഷകമനസ്സില്‍ നിലനില്‍ക്കുന്ന വേഷങ്ങളുമായി മുന്നോട്ടുപോകണം എന്നുതന്നെയാണ് ആഗ്രഹം. ചിലര്‍ കഥപറയാന്‍ മിടുക്കരാകും. പക്ഷേ, സിനിമചെയ്തുവരുമ്പോള്‍ പറഞ്ഞതിന്റെ പാതിപോലും ഉണ്ടാകില്ല. മറ്റുചിലര്‍ക്ക് കഥ പറഞ്ഞ് ഫലിപ്പിക്കാന്‍ അറിയില്ല, എന്നാല്‍, അവര്‍ സിനിമചെയ്യാന്‍ മിടുക്കരാകും. നല്ലസിനിമയുടെ ഭാഗമാകാനും സംതൃപ്തിനല്‍കുന്ന കഥാപാത്രങ്ങളെ കണ്ടെത്താനും ഇന്ന് വലിയ പ്രയാസമാണ്.
ഒരു സ്ത്രീയുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകാനുള്ള അവസരം നല്‍കിയ സിനിമയാണ് 'സാഗരം സാക്ഷി'. അഭിനേത്രി എന്ന നിലയില്‍ വെല്ലുവിളി ഉയര്‍ത്തിയ നിരവധി രംഗങ്ങളുള്ള സിനിമ. പണക്കാരിയായും പിന്നീട് സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടവളായും ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടും അപമാനിതയായും അങ്ങനെ പലതരം അവസ്ഥകളിലൂടെ കടന്നുപോയി. അവതരിപ്പിച്ച വേഷങ്ങളില്‍ ഇന്നും പ്രിയപ്പെട്ടതാണ് 'സാഗരംസാക്ഷി'യിലെ നിമ്മിയെന്ന നിര്‍മല. അഭിനയകാര്യത്തില്‍ തിലകന്‍സാറില്‍നിന്നും മമ്മൂക്കയില്‍നിന്നുമെല്ലാം ഒരുപാടുകാര്യങ്ങള്‍ പുതുതായി പഠിക്കാന്‍ കഴിഞ്ഞു. മമ്മൂട്ടിസാര്‍ അധികമൊന്നും സംസാരിക്കില്ല, എന്നാല്‍ ഒപ്പം അഭിനയിക്കുന്നവരെ കംഫര്‍ട്ടായി നിര്‍ത്തുന്ന വ്യക്തിയാണദ്ദേഹം.
Content Highlights: indian actress sukanya interview
Published: 12 Oct 2024, 10:30 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented