ന്യൂസിലാന്‍ഡ് പാര്‍ലമെന്റില്‍ ഹക്ക നൃത്തം ചെയ്ത് പ്രതിഷേധിച്ച ഹന റൗഹിതി കരേരികി മൈപി ക്ലാര്‍ക്കിനെപ്പറ്റി ലോകം ചര്‍ച്ചചെയ്യാന്‍ തുടങ്ങിയത് ഒരുവര്‍ഷം മുമ്പാണ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എം.പി.യായി 21-ാം വയസ്സില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍. ഗോത്രവിഭാഗങ്ങളുടെ അവകാശങ്ങളെ ദുര്‍ബലപ്പെടുത്തുകയും വംശീയ വിദ്വേഷത്തിന് കാരണമാവുകയും ചെയ്യുന്ന, ഭരണകക്ഷിയുടെ വിവാദമായ ബില്ല് കീറിയെറിഞ്ഞുകൊണ്ടായിരുന്നു ഹനയുടെ കഴിഞ്ഞദിവസത്തെ പ്രതിഷേധം. ഉച്ചത്തില്‍ പാടി പരമ്പരാഗതമായ ഹക്ക നൃത്തത്തിന്റെ ചടുലമായ ചുവടുകളുമായി അവര്‍ പാര്‍ലമെന്റിന്റെ നടുത്തളത്തിലിറങ്ങി. സമുദായത്തില്‍ നിന്നുള്ള മറ്റംഗങ്ങളും അതേറ്റുപിടിച്ചു.

ഉടന്‍ തന്നെ പാര്‍ലമെന്റ് സമ്മേളനം നിര്‍ത്തിവെച്ച് എം.പി.യെ സസ്‌പെന്‍ഡ് ചെയ്തു. ബഹളങ്ങള്‍ക്കിടയിലും, ബില്‍ അവതരിപ്പിക്കുകയും ചെയ്തു. സര്‍ക്കാരും മാവോരി ഗോത്രക്കാരും തമ്മിലുള്ള ബന്ധത്തിന് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന 1840-ലെ വൈതാങ്കി ഉടമ്പടിയില്‍ മാറ്റം വരുത്തിക്കൊണ്ടുള്ളതാണ് വിവാദമായ ബില്ല്. ഗോത്രങ്ങള്‍ക്ക് വിശാലമായ അവകാശങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഉടമ്പടിയിലെ തത്വങ്ങള്‍ എല്ലാ ന്യൂസിലന്‍ഡുകാര്‍ക്കും ബാധകമാക്കാന്‍ ബില്ല് ശുപാര്‍ശ ചെയ്യുന്നു. ഇത് ഗോത്രക്കാരുടെ അവകാശങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നാണ് മാവോരി വിഭാഗക്കാര്‍ കരുതുന്നത്.

ന്യൂസിലാന്‍ഡിലെ ഏറ്റവും വലിയ ഗോത്രവിഭാഗമാണ് മാവോരി. 1320-നും 1350-നുമിടയിലുള്ള കാലയളവില്‍ ന്യൂസിലാന്‍ഡിലെത്തിയ ഇവര്‍ കാലക്രമേണ ന്യൂസിലാന്‍ഡിലെ പ്രധാനവിഭാഗമായി വളര്‍ന്നു. രാജ്യത്തെ ഗോത്രവിഭാഗക്കാരോട് വിവേചനം കാട്ടുന്ന സര്‍ക്കാര്‍ നയങ്ങളോട് വളരെ ചെറുപ്രായത്തില്‍ തന്നെ പടവെട്ടാന്‍ തുടങ്ങിയതാണ് മാവോരി ഗോത്രക്കാരിയായ ഹന റൗഹിതിയും. 

2023 ഒക്ടോബറിലാണ് ഹന പാര്‍ലമെന്റിലെത്തുന്നത്. 1853-ല്‍ ജെയിംസ് സ്റ്റുവാര്‍ട്ട്-വോര്‍ട്ട്‌ലിക്കുശേഷം പാർലമെന്റിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി. ദീര്‍ഘകാലം എം.പി.യായിരുന്ന നനയ്യ മഹുതയെ പരാജയപ്പെടുത്തിയായിരുന്നു അവരുടെ അരങ്ങേറ്റം. തന്റെ സമുദായത്തിന് വേണ്ടി ഹന എപ്പോഴും വികാരാധീനയായി. പാർലമെന്റിലെ കന്നിപ്രസംഗം രാജ്യത്തെ തദ്ദേശീയ ജനതയോട് വിവേചനം കാണിക്കുന്ന ന്യൂസിലാന്‍ഡ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയായിരുന്നു, അതും ഗോത്രഭാഷയില്‍.

'ഞാന്‍ നിങ്ങള്‍ക്കുവേണ്ടി മരിക്കും, പക്ഷേ, ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി ജീവിക്കുകയും ചെയ്യും'  ഹനയുടെ ആദ്യവാക്കുകള്‍ ഇങ്ങനെ. മാവോരി ഭാഷയ്ക്കുവേണ്ടി പോരാടിയ ഹന തെ ഹെമാരയുടെ പ്രപൗത്രിയാണ് ഹന. മുത്തച്ഛന്‍ ടൈറ്റിമു മൈപിയും ദ്വീപ് രാഷ്ട്രത്തിലെ തദ്ദേശീയരുടെ ആവശ്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ സജീവമാണ്. 17-ാം വയസ്സില്‍ മാവോരി ലൂണാര്‍ കലണ്ടറിനെപ്പറ്റി ഹന ഒരു പുസ്തകമിറക്കിയിരുന്നു. 

ഓക്ലന്‍ഡിനും ഹാമില്‍ട്ടണിനും ഇടയിലുള്ള ഹണ്ട്ലി എന്ന ചെറുപട്ടണമാണ് ഹനയുടെ സ്വദേശം. മാവോരി സമുദായത്തിന്റെ പേരിലുള്ള ഒരു പൂന്തോട്ടം നോക്കിനടത്തുന്നുണ്ട്. രാഷ്ട്രീയത്തിനും ആക്ടിവിസത്തിനും പുറമെ, വിദ്യാര്‍ഥികളെ പൂന്തോട്ടപരിപാലനത്തെപ്പറ്റി ബോധവത്കരിക്കാനും അവര്‍ ശ്രമം നടത്തുന്നു.