ആചാരങ്ങളുടെയും, ആരോഗ്യ പരിപാലനത്തിന്റെയും ഭാഗമായി ഉപവസിക്കുന്നത് സാധാരണമാണ്. ഇന്ന് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്, ഡിറ്റോക്‌സ് ഡേയ്‌സ്, ഫിറ്റ് ലൈഫ് ചലഞ്ചുകള്‍ എന്നിവയെല്ലാം 'വെല്‍നെസ് ട്രെന്‍ഡ്' ആയി മാറിക്കൊണ്ടിരിക്കുകയാണ്. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിനായി, ഇത്തരം ഉപവാസ രീതികള്‍ സ്വീകരിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്.  എന്നാല്‍, പുരുഷന്മാരുടെയും സ്ത്രീകളുടെയും ശരീരം ഇതിനോട് ഒരേ രീതിയില്‍ പ്രതികരിക്കുമോ എന്നതാണ് ആശങ്ക ചെലുത്തുന്ന ചോദ്യം.

To advertise here,

ഇതേ ചോദ്യം കഴിഞ്ഞ ദിവസങ്ങളില്‍ നടി സാമന്ത റൂത് പ്രഭു തന്റെ ഹെല്‍ത്ത് പോഡ്കാസ്റ്റ്, ടേക്ക് 20 യില്‍ ചര്‍ച്ച ചെയ്തു. ഫാസ്റ്റിങില്‍, സ്ത്രീകള്‍ വീനസില്‍ നിന്നും, പുരുഷന്മാര്‍ മാഴ്‌സില്‍ നിന്നുമാണെന്ന് പറയേണ്ടി വരുമെന്ന് സാമന്ത പറയുന്നു. എന്തെന്നാല്‍ സ്ത്രീകളിലും പുരിഷന്മാരിലും തികച്ചും വ്യത്യസ്തമായ ജീവശാസ്ത്രപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. അവരുടെ ശരീരത്തില്‍ ഉപവാസത്തിന്റെ സ്വാധീനവും രണ്ടു തരത്തിലാണ്. സ്ത്രീകള്‍ ആർത്തവ സമയത്ത് ഉപവസിക്കാതിരിക്കുന്നതാണ് നല്ലത്. ആ സമയത്ത് ശരീരത്തിന് കൂടുതല്‍ ഊര്‍ജം ആവശ്യമാണ് എന്ന് അതിഥിയായി എത്തിയിരുന്ന ഹോളിസ്റ്റിക് വെല്‍നെസ് വിദഗ്ധന്‍ ഡോ. മിത്രാബാസു പറയുന്നു.

പുരുഷന്മാരില്‍ ഉപവാസത്തിന്റെ സ്വാധീനം

പുരുഷന്മാര്‍ക്ക് പൊതുവെ ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ സുഗമമാകാന്‍ ഉപവാസം സഹായിക്കും. ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുകയും, കൊഴുപ്പ് കുറയുകയും, മസില്‍ സംരക്ഷിക്കപ്പെടുകയും ചെയ്യും. എന്നാല്‍ അമിതമായി ഉപവസിക്കുമ്പോള്‍, കലോറിയുടെ അഭാവം മൂലം തളര്‍ച്ചയും പോഷകാഹാര കുറവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ദീര്‍ഘ നേരം ഭക്ഷണം ഒഴിവാക്കുന്നത് ടെസ്റ്റോസ്റ്റിറോണ്‍ നില കുറയ്ക്കാനും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കും കാരണമാകാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ശാരീരിക പരിശീലനം ചെയ്യുന്ന പുരുഷന്മാര്‍, ഭക്ഷണത്തില്‍ പോഷകങ്ങളായ പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്.

സ്ത്രീകളില്‍ ഉപവാസത്തിന്റെ സ്വാധീനം

സ്ത്രീകളുടെ ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കുന്നതിനാല്‍, ഫാസ്റ്റിങ് അത്ര എളുപ്പമല്ല. സ്ത്രീകളുടെ ശരീരം ഊര്‍ജ ലഭ്യതയോട് വളരെ സെന്‍സിറ്റീവായി പ്രതികരിക്കുന്നു, കാരണം അത് ഈസ്ട്രജന്‍, പ്രൊജസ്റ്ററോണ്‍ പോലുള്ള പ്രത്യുല്‍പ്പാദന ഹോര്‍മോണുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.

ദീര്‍ഘനേരം ഉപവസിക്കുന്നതും കലോറി നിയന്ത്രിക്കുന്നതും പിരിയഡ്‌സ് വൈകാനും, മാനസിക അസ്വസ്ഥതകള്‍, ഹൈപോതൈറോയിഡിസം, എന്നിവ ഉണ്ടാകാനും കാരണമാകാം.

എന്നാല്‍ മിതമായി, ശ്രദ്ധയോടെ ഉപവസിച്ചാല്‍ സ്ത്രീകളുടെ ദഹനശേഷി, മാനസിക ഉന്മേഷം, ഊര്‍ജ്ജം എന്നിവ മെച്ചപ്പെടും. പഠനങ്ങള്‍ പ്രകാരം സ്ത്രീകള്‍ക്ക് ഏറ്റവും അനുയോജ്യമായത് 12-14 മണിക്കൂര്‍ വരെയുളള ഉപവാസങ്ങളാണ്.

നിര്‍ദ്ദേശങ്ങള്‍

1.  പ്രായം, ജീവിതരീതി, ആരോഗ്യനില എന്നിവ പരിഗണിച്ച് യോജിച്ച ഉപവാസ രീതി കണ്ടെത്താന്‍ വൈദ്യ സഹായം തേടാം.

2. ഉപവാസം മൂലമുണ്ടാകുന്ന ഡീഹൈഡ്രേഷന്‍ ഒഴിവാക്കാന്‍ വെള്ളം, കരിക്ക്, മോര് എന്നിവ കുടിക്കാം.

3. ഉപവാസം അവസാനിപ്പിക്കുമ്പോള്‍ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ക്ക് പകരം പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ഹെല്‍ത്തി ഫാറ്റ് എന്നിവയുള്ള ആഹാരങ്ങള്‍ തിരഞ്ഞെടുക്കുക.

4. കൂടുതല്‍ സമയം നീണ്ടുനില്‍ക്കുന്ന ഉപവാസം ഹോര്‍മോണ്‍ വൃതിയാനത്തിനും, പോഷകക്കുറവിനും കാരണമാകും.

5. തലചുറ്റല്‍, ക്ഷീണം, എന്നിവയുണ്ടാകുമ്പോള്‍ വൈദ്യസഹായം തേടാം.

പുരുഷന്മാരുടെയും സ്ത്രീകളുടെയും ശരീരം വ്യത്യസ്തമാണ്. അതുകൊണ്ട് ശരീരത്തെ കൃത്യമായി മനസ്സിലാക്കി, ശാസ്ത്രീയമായി ഉപവാസം ചെയ്ത് ശീലിക്കുക.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi