
കൊച്ചി കലാഭവന്‍ ഇടതടവില്ലാതെ പരിപാടികളുടെ തിരക്കിലായിരുന്ന കാലം. ട്രൂപ്പ് അമേരിക്കയിലെത്തി. വിവിധ നഗരങ്ങള്‍ കടന്ന് ഒടുവില്‍ സംഘം ന്യൂയോര്‍ക്കിലേക്ക്. ഒരിക്കല്‍ ട്രൂപ്പിലെ കലാകാരന്‍ കെ.എസ്. പ്രസാദ് ഗിന്നസ് വേള്‍ഡ് റെക്കോഡ്സിന്റെ ഓഫീസിലേക്ക് കയറിച്ചെന്നു. എന്നിട്ട് ചെയര്‍മാനോട് പറഞ്ഞു:
''എനിക്കും വേണം ഗിന്നസ് റെക്കോഡ്.''
''അതിന് നിനക്ക് എന്ത് കഴിവാണുള്ളത്?'' ചെയര്‍മാന്‍ ചോദിച്ചു.
''ഞാന്‍ നൂറിലധികം ശബ്ദം അനുകരിക്കും.''പ്രസാദ് മറുപടി നല്‍കി.
പിന്നെയൊന്നും പറയാന്‍ ചെയര്‍മാന് അവസരം നല്‍കാതെ പ്രസാദ് ശബ്ദങ്ങള്‍ അനുകരിച്ചുതുടങ്ങി. കൂടിനിന്നവരെല്ലാം കൈയടിച്ചു.
അദ്ഭുതങ്ങളുടെ പുസ്തകത്തിലേക്ക് ആളെക്കയറ്റാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രസാദിന്റെ പ്രതിഭയെ അംഗീകരിച്ചു. പക്ഷേ, മിമിക്രി അന്ന് ഗിന്നസ് റെക്കോഡ്സിന്റെ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടിരുന്നില്ല. പ്രസാദിന്റെ സ്വപ്‌നം പൂവണിഞ്ഞില്ല.
കാലം കടന്നുപോയി. സഹപ്രവര്‍ത്തകന്‍ സൈനുദ്ദീനൊപ്പം പ്രസാദ് കൊച്ചിയില്‍ സ്വന്തമായൊരു ട്രൂപ്പ് ആരംഭിച്ചു. ഒരുപാടാലോചിച്ച് അതിനൊരു പേരുമിട്ടു. 'കൊച്ചിന്‍ ഗിന്നസ്'. ട്രൂപ്പ് വളര്‍ന്നതോടെ പ്രസാദിന്റെ പേരിനൊപ്പം ഗിന്നസും വന്നുചേര്‍ന്നു. അങ്ങനെ ഗിന്നസ് റെക്കോഡില്ലാത്ത ഗിന്നസായി പ്രസാദ് മാറി.
മലയാള അനുകരണകലയില്‍ മാറ്റിനിര്‍ത്താനാവാത്ത പേരാണ് പ്രസാദിന്റേത്. ഒരുപാട് വേദികളില്‍ ഒട്ടേറെപ്പേരെ ചിരിപ്പിച്ച കലാകാരന്‍. കലാഭവനില്‍നിന്ന് തുടങ്ങിയ യാത്ര കൊച്ചിന്‍ ഗിന്നസിലൂടെ കൂടുതല്‍ ദൂരങ്ങള്‍ താണ്ടി. ടി.വി. ഷോകളിലും പ്രസാദിന്റെ തമാശകള്‍ക്ക് പ്രേക്ഷകരുണ്ടായി. കാസറ്റുകളിലൂടെയും പിന്നെ സി.ഡികളിലൂടെയും പ്രസാദ് മലയാളികള്‍ക്ക് ചിരിയുടെ പര്യായമായി.
പിന്നെയൊരു ഇടവേള. സമീപകാലത്ത് തിയേറ്ററില്‍ വന്‍ഹിറ്റായ പ്രേമലു എന്ന ചിത്രത്തില്‍ നായകന്റെ അച്ഛനെ കണ്ട് പ്രേക്ഷകര്‍ പരസ്പരം ചോദിച്ചു... ഇത് നമ്മുടെ ഗിന്നസ് പ്രസാദ് അല്ലേയെന്ന്.
''പ്രേമലു കണ്ട് കുറേപ്പേര്‍ വിളിച്ചു. പലര്‍ക്കും അറിയേണ്ടത് ഞാന്‍ എങ്ങനെ റോള്‍ ഒപ്പിച്ചു എന്നാണ്. സംവിധായകന്‍ എ.ഡി. ഗിരീഷുമായി എനിക്ക് യാതൊരു ബന്ധവുമില്ലായിരുന്നു. അദ്ദേഹത്തിന്റെ മാനേജര്‍ വിളിച്ച് ഇങ്ങനെയൊരു റോളുണ്ടെന്ന് പറഞ്ഞു. ഞാന്‍ ഓക്കെ പറഞ്ഞു. അങ്ങനെയാണ് ഈ സിനിമയിലേക്ക് വരുന്നത്.''പ്രസാദ് പറഞ്ഞുതുടങ്ങി.

സ്വയം പഠിച്ച മിമിക്രിക്കാരന്‍
മിമിക്രിക്ക് അധികം ജനപ്രീതിയില്ലാത്ത കാലത്തായിരുന്നു ഈ മേഖലയിലേക്കുള്ള പ്രസാദിന്റെ വരവ്. മിമിക്രി പഠിക്കാന്‍ സംവിധാനങ്ങളില്ല, പഠിപ്പിക്കാന്‍ അധ്യാപകരുമില്ല. പക്ഷേ, സ്വയം പഠിച്ച് പ്രസാദ് അനുകരണകലയില്‍ മുന്നോട്ടുപോയി.
''കലാപരമായി ഒട്ടും പാരമ്പര്യമുള്ള കുടുംബമായിരുന്നില്ല എന്റേത്. നാലാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ 'ആലിബാബയും 41 കള്ളന്മാരും' എന്ന തീമില്‍ സ്റ്റേജില്‍ ഒരു പരിപാടി അവതരിപ്പിച്ചു. 41 പേരൊന്നും സ്റ്റേജില്‍ ഇല്ല. ആകെ പത്തുപേര്‍. അതില്‍ ഒരു കള്ളനായി ഞാനും. അതായിരുന്നു ആദ്യത്തെ അനുഭവം. അന്ന് യു.പി.ക്ലാസ്സുകളില്‍ ആഴ്ചയില്‍ ഒരു പീരിഡ് കലാപരിപാടികള്‍ക്കായി മാറ്റിവയ്ക്കുമായിരുന്നു. ഞാന്‍ എന്തെങ്കിലും തമാശകളൊക്കെ ചെയ്യും. അങ്ങനെ സ്റ്റേജിനോടുള്ള പേടി മാറി.
അക്കാലത്ത് സ്‌കൂളില്‍ മോണോ ആക്ട് മാത്രമേയുള്ളൂ. മിമിക്രി മത്സരയിനമായിട്ടില്ല. കലോത്സവത്തില്‍ മോണോ ആക്ടില്‍ സ്ഥിരമായി എനിക്കോ അല്ലെങ്കില്‍ ലാലിനോ (സംവിധായകന്‍ ലാല്‍) ആയിരിക്കും ആദ്യ രണ്ട് സ്ഥാനം. ചിത്രരചനയിലും അങ്ങനെതന്നെ. സ്‌കൂള്‍കാലം മുഴുവന്‍ ഈ രണ്ട് പരിപാടികളിലും ഞങ്ങള്‍ മാറിമാറി വിജയം പങ്കിട്ടു. പക്ഷേ, എവിടെയും മിമിക്രി അവതരിപ്പിക്കാനുള്ള അവസരമുണ്ടായിരുന്നില്ല.
1973-ല്‍ കേരള സര്‍വകലാശാല ആദ്യമായി മിമിക്രി മത്സരയിനമാക്കി. ആലപ്പി അഷ്റഫും കൊച്ചിന്‍ ഹനീഫയുമൊക്കെയായിരുന്നു തുടക്കകാലത്ത് മിമിക്രിയിലെ വിജയികള്‍. അവരുടെയൊക്കെ പ്രോഗ്രാമുകള്‍ കാണും. എന്നിട്ട് അത് അനുകരിക്കും. ഗുരുസ്ഥാനത്ത് അവരായിരുന്നു.
പ്രൈവറ്റായാണ് പ്രീഡിഗ്രി പഠിച്ചത്. ഡിഗ്രി മഹാരാജാസില്‍. അവിടെ കലാപരിപാടികളിലും സംഘാടനത്തിലുമൊക്കെ സജീവമായി.'' പ്രസാദ് തന്റെ തുടക്കകാലം ഓര്‍ത്തെടുത്തു.
കലാഭവനിലേക്ക്
സ്റ്റേജും മിമിക്രിയുമായി നടന്ന പ്രസാദിന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കുന്നത് കലാഭവനാണ്. അവിടേക്കുള്ള വഴിതുറന്ന സംഭവങ്ങളിലേക്ക് പ്രസാദ് കടന്നു.
''ഞാനും അന്‍സാറും ചേര്‍ന്നാണ് അന്ന് വേദികളില്‍ മിമിക്രി അവതരിപ്പിച്ചിരുന്നത്. അക്കാലത്ത് ഗാനമേളയ്ക്കിടയില്‍ കുറച്ചുനേരം മാത്രമാണ് മിമിക്രി. എന്റെ ചേട്ടന്‍ കെ.എസ്. പ്രദീപ് തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ പഠിക്കുകയാണ്. അവിടെ കലാഭവന്റെ ഗാനമേള സംഘടിപ്പിച്ചു. മിമിക്രി ചെയ്യാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചു. നിറയെ കൈയടി കിട്ടി. പകലാഭവന്റെ ഗാനമേളയും ഞങ്ങളുടെ മിമിക്രിയും പതിവായി.
കുറച്ചുദിവസത്തിനുശേഷം കലാഭവനില്‍നിന്ന് ഒരാള്‍ വീട്ടിലേക്ക് വന്നു. ആബേലച്ചനെ ചെന്നു കാണാന്‍ അദ്ദേഹം പറഞ്ഞു. അടുത്തദിവസം തന്നെ ഞാന്‍ ചെന്നു. കലാഭവനില്‍ ചേരാന്‍ താത്പര്യമുണ്ടോ എന്ന് ആബേലച്ചന്‍ ചോദിച്ചു. അങ്ങനെ ഞാന്‍ കലാഭവന്റെ ഭാഗമായി.''
മിമിക്‌സ് പരേഡ് വരുന്നു
കലാഭവന്‍ ഉത്സവപ്പറമ്പുകളെ ഹൗസ്ഫുള്‍ ആക്കിയ കാലമായിരുന്നു അത്. പ്രസാദ് വന്നതോടെ ഗാനമേളയ്‌ക്കൊപ്പം മിമിക്രിക്കും ആരാധകരേറി. മിമിക്രി കൂടുതല്‍ സമയം വേണമെന്ന ആവശ്യം പലയിടത്തുനിന്നും വന്നു. ആബേലച്ചന്‍ പ്രസാദിനെ വിളിപ്പിച്ചു. ഗാനമേളയ്‌ക്കൊപ്പം മിമിക്രിക്കും ബുക്കിങ് പിടിച്ചാലോ എന്നായിരുന്നു അച്ചന്റെ ചോദ്യം.
''അത് കേട്ടപ്പോള്‍ ഞാനാകെ അമ്പരന്നുപോയി. ഗാനമേളയ്ക്കിടയില്‍ ആകെ പത്തോ പതിനഞ്ചോ മിനിറ്റാണ് മിമിക്രി ഉണ്ടാവുക. അതിനുപകരം രണ്ടുമണിക്കൂര്‍ തുടര്‍ച്ചയായി സ്റ്റേജില്‍ അവതരിപ്പിക്കാനാവുമോ എന്ന സംശയം തോന്നി. എന്നാല്‍, അച്ചന് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. മുന്നോട്ടുപോകാനാണ് അദ്ദേഹംപറഞ്ഞത്. കൂടുതല്‍ മിമിക്രിക്കാരെ ട്രൂപ്പിലേക്ക് എടുക്കാനും തീരുമാനിച്ചു. സിദ്ദിഖ്, ലാല്‍, അന്‍സാര്‍, റഹ്മാന്‍, വര്‍ക്കിച്ചന്‍ പേട്ട എന്നിവര്‍ക്കൊപ്പം ഞാനും. മിമിക്സ് പരേഡ് എന്നായിരുന്നു ടീമിന്റെ പേര്.
1981 സെപ്റ്റംബര്‍ 21-ന് ട്രൂപ്പ് ആദ്യമായി പരിപാടി അവതരിപ്പിച്ചു. സംഗതി സൂപ്പര്‍ ഹിറ്റായി. കേരളത്തിനകത്തും പുറത്തും നിരവധി പരിപാടികള്‍ കിട്ടി. എല്ലായിടത്തും ജനം തടിച്ചുകൂടി. ഞങ്ങളില്‍ പലര്‍ക്കും മിമിക്സ് പരേഡ് കലാലോകത്ത് ഒരു മേല്‍വിലാസം തന്നു. ''

ഞങ്ങള്‍ ഉച്ചയായപ്പോഴേക്കും അവിടെയെത്തി. അപ്പോള്‍ ആദ്യത്തെ പരിപാടി നടക്കുകയാണ്. അത് കാണാന്‍ ഞങ്ങളും നിന്നു. ഒരു ചെറുപ്പക്കാരന്‍ ഒറ്റയ്ക്ക് പരിപാടി അവതരിപ്പിക്കുന്നു. കേട്ടുതുടങ്ങിയപ്പോള്‍ എന്തോ ഒരു പന്തികേട്. ഞങ്ങളുടെ അതേ പരിപാടിയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഞങ്ങള്‍ക്കാകെ ദേഷ്യംവന്നു. എന്തായാലും ഉച്ചകഴിഞ്ഞ് ഞങ്ങളും പരിപാടി അവതരിപ്പിച്ചു.
കലാഭവനിലെത്തി അച്ചനെ കണ്ട് കാര്യം പറഞ്ഞു. 'നിങ്ങള്‍ ഇത്രയുംപേര്‍ ഒരുമിച്ച് ചെയ്യുന്നത് അവന്‍ ഒറ്റയ്ക്ക് ചെയ്യുന്നുണ്ടെങ്കില്‍ അവന്‍ മിടുക്കനാ, അവനെ നമ്മുടെ ആളാക്കി മാറ്റൂ' എന്നായിരുന്നു അച്ചന്റെ മറുപടി. അങ്ങനെ ഞങ്ങള്‍ ആ ആളെപ്പറ്റി അന്വേഷിച്ചു. പിന്നീട് നടനായി മാറിയ ജയറാമായിരുന്നു അത്.
ഒരു വേദിയിലെ കലാഭവന്റെ പരിപാടി റെക്കോഡ് ചെയ്ത് പഠിച്ച് കോളേജില്‍ അവതരിപ്പിക്കുകയായിരുന്നു ജയറാം. അദ്ദേഹം പിന്നീട് കലാഭവന്റെ സ്ഥിരസാന്നിധ്യമായി.''
ജയറാമിന് സിനിമയിലേക്ക് അവസരം നല്‍കിയതും മിമിക്സ് പരേഡാണ്. ''1987-ല്‍ കലാഭവന്റെ മുഴുവന്‍ ടീമും ഗള്‍ഫ് രാജ്യങ്ങളില്‍ പരിപാടി അവതരിപ്പിച്ചു. ആ പരിപാടി ഷൂട്ട് ചെയ്ത് വീഡിയോ കാസെറ്റാക്കിയിരുന്നു. വന്‍ഹിറ്റായ ആ വീഡിയോ കാസെറ്റ് കണ്ട സംവിധായകന്‍ പത്മരാജന് ജയറാമിനെ ഇഷ്ടമായി. അങ്ങനെ 'അപരന്‍' എന്ന സിനിമയിലേക്ക് വിളിച്ചു.''
ഗിന്നസിലേക്ക്
1989-ല്‍ പ്രസാദ് സ്വന്തം ട്രൂപ്പിന് രൂപംകൊടുത്തു. കൊച്ചിന്‍ ഗിന്നസ്. വേദികളില്‍ ഇന്നും നിറഞ്ഞാടുന്നുണ്ട് ഗിന്നസിന്റെ പ്രോഗ്രാമുകള്‍.
''ആബേലച്ചന്റെ പൂര്‍ണ സമ്മതത്തോടെയാണ് കൊച്ചിന്‍ ഗിന്നസിന് രൂപംനല്‍കുന്നത്. പുതുമുഖങ്ങളായിരുന്നു എന്നും ഗിന്നസിന്റെ ശക്തി. ലോകത്തിന്റെ വിവിധ മൂലകളില്‍ പരിപാടി അവതരിപ്പിക്കാനായി. 'കോമഡിയും മിമിക്സും പിന്നെ ഞാനും' എന്ന പ്രോഗ്രാം പത്തുവര്‍ഷം ടെലിവിഷനില്‍ ചെയ്തു. മുപ്പതോളം വീഡിയോ കാസെറ്റുകളും പുറത്തിറക്കി. എന്‍.എഫ്. വര്‍ഗീസ്, നാദിര്‍ഷാ, ദിലീപ്, ഹരിശ്രീ അശോകന്‍ അടക്കമുള്ള താരങ്ങള്‍ ഈ കാസെറ്റുകളിലൂടെയാണ് പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. അന്നത്തെ ആ പരിപാടികളൊക്കെ ഇപ്പോള്‍ എന്റെ യൂട്യൂബ് ചാനലുകളിലൂടെ കാണാനാവും''. പ്രസാദ് പറഞ്ഞു.
പ്രസാദും നാല് പെണ്‍കുട്ടികളും
കുടുംബത്തെപ്പറ്റി ചോദിച്ചപ്പോള്‍ രസകരമായ മറുപടിയാണ് പ്രസാദ് നല്‍കിയത്.
''ഞാനും എനിക്ക് നാല് പെണ്‍കുട്ടികളും, അതാണ് എന്റെ കുടുംബം. അമ്മയും ഭാര്യയും രണ്ട് പെണ്‍മക്കളും എന്നാണ് പ്രസാദ് ഉദ്ദേശിച്ചത്. അമ്മ ജെ. സരസ്വതി, ഭാര്യ പ്രീതി. മൂത്തമകള്‍ ദേവിക ഹോമിയോ ഡോക്ടറാണ്. ഇപ്പോള്‍ എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകള്‍ ശാരിക എം.എ. സിനിമ ആന്‍ഡ് ടെലിവിഷന്‍ പൂര്‍ത്തിയാക്കി. ഇപ്പോള്‍ ഫ്രീലാന്‍സറായി പരസ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നു.
Content Highlights: cochin guinness kalabhavan ks prasad interview
Published: 30 Jun 2024, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented