ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ വിമാനത്താവളമാണ് നവി മുംബൈയിലേത്. ഇന്ത്യയുടെ ദേശീയപുഷ്പമായ താമരയിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഈ വിമാനത്താവളം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 19,650 കോടി രൂപയാണ് ഇതിന്റെ നിർമാണച്ചെലവ്. വിടർന്ന താമരദളങ്ങളോട് സാമ്യമുള്ള 12 ശില്പ തൂണുകളും താമരയുടെ ആകൃതിയിലുള്ള മേൽക്കൂരയെ താങ്ങിനിർത്തുന്ന 17 വലിയ തൂണുകളും ഈ രൂപകൽപ്പനയിൽ ഉൾപ്പെടുന്നു.

To advertise here,

ഈ മനോഹരമായ വിമാനത്താവളം രൂപകൽപ്പന ചെയ്തിരിക്കുന്നത് സഹാ ഹദീദ് ആർക്കിടെക്ട്‌സാണ്. നിരവധി രാജ്യങ്ങളിലെ പ്രസിദ്ധമായ കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ട് സഹാ ഹദീദ് ആർക്കിടെക്ട്‌സ്. സഹാ ഹദീദ് എന്ന ആർക്കിടെക്ടാണ് ഇതിന്റെ സ്ഥാപക. ലണ്ടൻ അക്വാട്ടിക്‌സ് സെന്റർ, മിഷിഗണിലെ ബ്രോഡ് ആർട്ട് മ്യൂസിയം, ഷെയ്ഖ് സയീദ് ബ്രിഡ്ജ്, ഗ്ലൗസ്ഗൗവിലെ റിവർസൈഡ് മ്യൂസിയം എന്നിവ അവർ നിർമിച്ചതിൽ പ്രധാനപ്പെട്ടവയാണ്.

ഗ്വാങ്ഷൂ ഓപറ ഹൗസാണ് അതിലേറ്റവും ചർച്ച ചെയ്യപ്പെട്ട നിർമിതി. പേൾ നദിയിൽ നിന്ന് ഒഴുകിപ്പോയ രണ്ട് പാറകളുടെ രൂപത്തിലാണ് ഇത് സങ്കൽപ്പിക്കപ്പെട്ടിരിക്കുന്നത്.

ബാഗ്ദാദിലാണ് സഹ ജനിച്ചത്. പിന്നീട് കുടുംബസമേതം ലണ്ടനിലേക്ക് മാറുകയായിരുന്നു. അവിടെവെച്ചാണ് കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്യുന്നതിലേക്ക് ആകർഷിക്കപ്പെടുന്നതും, അത് സംബന്ധമായുള്ള കോഴ്‌സുകൾ പഠിക്കുന്നതും. അമേരിക്ക, റഷ്യ, ചൈന, ലണ്ടൻ, അറബ് രാഷ്ട്രങ്ങൾ തുടങ്ങി ലോകമെമ്പാടും അവർ കെട്ടിടങ്ങൾ നിർമിച്ചു. 'ദ ഗാർഡിയൻ' ഒരിക്കൽ അവരെ വിശേഷിപ്പിച്ചത് 'ക്വീൻ ഓഫ് കർവ്‌സ്' എന്നാണ്.

2013-ൽ ഫോർബ്‌സ് ലിസ്റ്റിൽ ലോകത്തിലെ ഏറ്റവും ശക്തരായ സ്ത്രീകളിലൊരാളായി സഹ ഉൾപ്പെട്ടു. 61-ാം വയസ്സിൽ മരിക്കുന്നതുവരെ അവർ തന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 2016-ൽ ബ്രോങ്കൈറ്റിസ് ബാധിച്ചതിനെ തുടർന്ന് മിയാമിയിലെ ആസ്പത്രിയിൽ ചികിത്സയിലിരിക്കെ, ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

ഡാക്‌സിങ് ഇന്റർനാഷണൽ വിമാനത്താവളം, 2022-ലെ ഫിഫ വേൾഡ് കപ്പ് നടന്ന അൽ ജനൗബ് സ്റ്റേഡിയം എന്നിവയുടെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനിടെയായിരുന്നു അവരുടെ മരണം. പക്ഷേ അതൊന്നും അവയുടെ നിർമാണപ്രവർത്തനങ്ങളെ ബാധിച്ചില്ല.

അവിവാഹിതയായിരുന്ന അവർ, മരിക്കുന്നതിനുമുമ്പ് വിൽപ്പത്രവും തയ്യാറാക്കിയിരുന്നു. 67 മില്യൺ പൗണ്ട് ബിസിനസ് പങ്കാളിക്കും കുടുംബാംഗങ്ങൾക്കുമായി അവർ നീക്കിവെച്ചു. അവരുടെ ബിസിനസുകൾ ഒരു ട്രസ്റ്റിന്റെ പേരിലുമെഴുതി. സഹാ ഹദീദിന്റെ മരണശേഷവും, സഹാ ഹദീദ് ആർക്കിടെക്ട്‌സ് ആഗോളതലത്തിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുകയാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi