
ആന്‍ ഫ്രാങ്ക്(AP)
ആന്‍ ഫ്രാങ്ക് എന്ന ജര്‍മ്മന്‍ ജൂത പെണ്‍കുട്ടിയുടെ ഡയറിക്കുറിപ്പുകള്‍ ലോകപ്രശസ്തമാണ്. കേവലം പതിനഞ്ചുവയസ്സ് വരെ മാത്രം ജീവിച്ചിരുന്ന നിർഭാഗ്യവതിയായ ആ പെൺകുട്ടി എഴുതിയിട്ടത് മനുഷ്യവംശം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ക്രൂരതയുടെ അനുഭവങ്ങളാണ്. ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ നടന്ന നരനായാട്ട് അവളുടെ വരികളിൽ വ്യക്തം. ജീവനെടുക്കുന്ന കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ പെടാതെ ഒളിവില്‍ താമസിക്കുന്ന കാലമാണ് അവളുടെ ഡയറി കാട്ടിത്തരുന്നത്. അതിനുശേഷം അവള്‍ക്കെന്ത് സംഭവിച്ചു എന്ന് ചരിത്രരേഖകളിൽ ഏറെക്കുറെ അവ്യക്തം.
രണ്ടാം ലോക മഹായുദ്ധത്തിന് മുന്നോടിയായി ജര്‍മനിയില്‍ വളരുന്ന സാമ്പത്തികപ്രശ്‌നങ്ങളും ജൂതവിദ്വേഷവും തിരിച്ചറിഞ്ഞ് ആംസ്റ്റര്‍ഡാമിലേക്ക് കുടിയേറിയതാണ് ആനിന്റെ കുടുംബം. പെട്ടെന്ന് ഡച്ച് ഭാഷ പഠിച്ചെടുത്ത ആന്‍ പുതിയ കൂട്ടുകാര്‍ക്കൊപ്പം സന്തോഷമുള്ള ജീവിതമാണ് നയിച്ചത്. പഠിക്കാന്‍ അവള്‍ മിടുക്കിയായിരുന്നു. അവളുടെ ജീവിതത്തിലെ ഈ നല്ല ദിവസങ്ങളും ഡയറിയിലുണ്ട്.
1940 മെയ് മാസം ആംസ്റ്റര്‍ഡാം ജര്‍മനി പിടിച്ചെടുത്തു. ജൂതന്മാര്‍ക്ക് പ്രത്യേക നിയമം വന്നു. മഞ്ഞ നക്ഷത്ര ചിഹ്നം ധരിക്കണം, കാറോ സൈക്കിളോ ഉപയോഗിക്കരുത്, ജൂതന്മാരല്ലാതെ മാറ്റരുമായും ഇടപഴകരുത്, പൊതുചടങ്ങുകളുടെ ഭാഗമാകരുത്... എന്നിങ്ങനെ ജൂതന്മാരെ ഒറ്റപ്പെടുത്താനും ദുര്‍ബലരാക്കാനും പുത്തന്‍ നിയമങ്ങള്‍ സഹായിച്ചു.
ജൂതന്മാര്‍ അധികം വൈകാതെ ആംസ്റ്റര്‍ഡാം വിടേണ്ടിവരുമെന്ന മനസ്സിലാക്കിയ ആനിന്റെ അച്ഛന്‍ ഓട്ടോ ഫ്രാങ്ക് തന്റെ ബിസിനസ് സ്ഥാപനത്തിനുള്ളില്‍ ഒരു രഹസ്യതാമസസ്ഥലം ഒരുക്കി. ജൂതവിദ്വേഷം കോണ്‍സന്‍ട്രേഷന്‍ കമ്പുകളിലേക്ക് പടരുമെന്നു കണ്ട ഓട്ടോ കുടുംബത്തോടൊപ്പം ഓഫീസ് കെട്ടിടത്തിലേക്ക് മാറി. കൂട്ടുകാരനായ ഹെര്‍മന്‍ പേഴ്സിന്റെ കുടുംബത്തെയും അദ്ദേഹം കൂടെക്കൂട്ടി. ഡെന്റിസ്റ്റ് എന്ന് ആന്‍ ഡയറിയില്‍ വിളിക്കുന്ന ഫ്രഡറിച്ച് ഫെഫറും ഇവര്‍ക്കൊപ്പം അഭയം തേടി. വിശ്വസ്തരായ ഏതാനും സേവകര്‍ ഭക്ഷണവും മറ്റും മുടങ്ങാതെ എത്തിച്ചുകൊടുത്തു. രണ്ടുവര്‍ഷം ഇവര്‍ ഇങ്ങനെ ഓഫിസ് കെട്ടിടത്തില്‍ താമസിച്ചു.
അപ്പോഴേക്കും ഹിറ്റ്‌ലറുടെ ജൂതവിരോധം പരിധി വിട്ടിരുന്നു. ജര്‍മനി കരുത്തിന്റെ ഉന്നതിയിലെത്തി നില്‍ക്കുന്ന സമയം. ഹിറ്റ്‌ലറുടെ ഓരോ വാക്കുകളും ഉത്തരവുകളായി. ആംസ്റ്റര്‍ഡാമില്‍ നിന്ന് ജൂതന്മാരെ ജര്‍മന്‍ കോണ്‍സന്‍ട്രേഷന്‍ കമ്പുകളിലേക്ക് മാറ്റാന്‍ ഉത്തരവായി.
പതിമൂന്നാം വയസ്സില്‍ സമ്മാനമായി കിട്ടിയ ഡയറിയിലാണ് ആന്‍ എഴുതിയത്. പുറംലോകവുമായി അകന്നുകഴിഞ്ഞ ഒഴിവുകാലത്ത് അവള്‍ക്ക് ഡയറി, കിറ്റി എന്ന ചങ്ങാതിയായി. സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെക്കുന്ന കൂട്ടുകാരി. ഡച്ച് വിദ്യാഭ്യാസമന്ത്രി നടത്തിയ രഹസ്യ റേഡിയോ പ്രഭാഷണത്തില്‍ യഥാര്‍ത്ഥ ചരിത്രം ലോകത്തെ അറിയിക്കേണ്ടത് അത്യാവശ്യമാണെന്നും അതിന് യുദ്ധാനുഭങ്ങള്‍ സത്യസന്ധമായി പകര്‍ത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. തന്റെ ഡയറി യുദ്ധാനന്തരം പ്രസിദ്ധീകരിക്കണമെന്ന് ആന്‍ തീരുമാനിക്കുന്നത് അങ്ങനെയാണ്.
പക്ഷേ, ദൗര്‍ഭാഗ്യം അവളുടെ പദ്ധതികളെ തകിടം മറിച്ചു. 1944 ഓഗസ്റ്റ് 4ന് ആനും കുടുംബവും താമസിച്ചിരുന്ന സ്ഥലം ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഒളിവിലുണ്ടായിരുന്ന സകലരെയും അറസ്റ്റ് ചെയ്തു. അല്പനാള്‍ ആംസ്റ്റര്‍ഡാമില്‍ ജയിലിലടച്ച ശേഷം അവിടെ നിന്ന് പോളണ്ടിലേക്ക് കൊണ്ടുപോയി.
ആംസ്റ്റര്‍ഡാമില്‍ നിന്നെത്തിച്ച ആളുകളില്‍ മുന്നൂറിലധികം പേരെ നേരെ ഗ്യാസ് ചേമ്പറിലേക്കാണ് കൊണ്ടുപോയത്. ഓട്ടോയും സുഹൃത്തുക്കളും പുരുഷന്മാര്‍ക്കുള്ള ക്യാമ്പിലേക്ക് പോയി. അമ്മ എഡിത്തിനൊപ്പം ആനും മൂന്ന് വയസ്സിനിളയ അനിയത്തി മാര്‍ഗരറ്റും ലേബര്‍ ക്യാമ്പിലേക്കാണ് പോയത്. കഠിനമായ ജോലികളാണ് അവിടെ ചെയ്യേണ്ടിയിരുന്നത്. സ്‌കാബീസ് എന്ന ത്വക്ക് രോഗം ബാധിച്ച ആനിനേയും മാര്‍ഗരറ്റിനെയും പിന്നീട് ബര്‍ഗന്‍ ബെല്‍സന്‍ ക്യാമ്പിലേക്ക് മാറ്റി. മൂന്ന് മാസം പോലും തികയും മുന്‍പേ ക്യാമ്പിലെ കടുത്ത പട്ടിണി എഡിത്തിന്റെ ജീവനെടുത്തു. അമ്മ മരിച്ച വാര്‍ത്ത ആനും മാര്‍ഗരറ്റും അറിഞ്ഞോ എന്നുപോലും വ്യക്തമല്ല.
അങ്ങേയറ്റം വൃത്തിഹീനമായിരുന്നു ക്യാമ്പുകള്‍. മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന അവസ്ഥ. പകര്‍ച്ച വ്യാധികളുടെ വിളനിലമായിരുന്ന ഈ ക്യാമ്പുകളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരുന്നില്ല. 1945 ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളില്‍ ക്യാമ്പില്‍ പടര്‍ന്നുപിടിച്ച ടൈഫസ് രോഗം ആനിനെയും മാര്‍ഗരറ്റിനെയും പിടികൂടി. ഇരുവരും ഒരു മുറിയിലാണ് താമസിച്ചിരുന്നത്. അസുഖം മൂര്‍ച്ഛിച്ച് ആനിന്റെ കണ്മുന്നിലായിരുന്നു അനിയത്തിയുടെ മരണം. അധികം വൈകാതെ മരണം ആനിനെയും തേടിയെത്തി.
ദിവസങ്ങള്‍ക്കുള്ളില്‍ ബ്രിട്ടീഷ് സൈന്യം ക്യാമ്പുകള്‍ പിടിച്ചെടുക്കുകയും താമസക്കാരെ മോചിപ്പിക്കുകയും ചെയ്തു. ഹിറ്റ്ലര്‍ കൊന്നൊടുക്കിയ ലക്ഷക്കണക്കിന് ജൂതന്മാരുടെ യാതനകളുടെ കൃത്യമായ കണക്കുകള്‍ ലോകമറിയുന്നത് അപ്പോഴാണ്. ഓട്ടോ ഫ്രാങ്ക് ക്യാമ്പിനെ അതിജീവിച്ചിരുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടെന്ന യാഥാര്‍ഥ്യത്തിനു മുന്നില്‍ ആ മനുഷ്യന്‍ പകച്ചുപോയി. അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും ക്യാമ്പില്‍ കൊല ചെയ്യപ്പെട്ടിരുന്നു.
ആംസ്റ്റര്‍ഡാമില്‍ തിരിച്ചെത്തിയ ഫ്രാങ്ക് മകളുടെ ഡയറി കണ്ടു. അവളത് പ്രസിദ്ധീകരിക്കണം എന്ന് ആഗ്രഹിച്ചിരുന്നതായി അദ്ദേഹം മനസ്സിലാക്കി. ഡച്ച് ഭാഷയിലാണ് ആന്‍ ഫ്രാന്‍ങ്കിന്റെ ഡയറി ആദ്യം പ്രസിദ്ധീകരിച്ചത്. പിന്നീട് ജര്‍മന്‍ പരിഭാഷ പുറത്തിറങ്ങി. ഇംഗ്ലീഷ് ഭാഷയിലും വന്നതോടെ അവളുടെ ഡയറിക്കുറിപ്പുകള്‍ ലോകം മുഴുവന്‍ വായിച്ചു. ഒരു കാലഘട്ടത്തിന്റെ, ചരിത്രത്തിന്റെ ഏറ്റവും ഇരുണ്ട അധ്യായത്തിന്റെ നേര്‍ക്കാഴ്ചയായി ആ വരികള്‍ എന്നും ഓര്‍മിക്കപ്പെടും.
Content Highlights: Discover Anne Frank`s tragic end after her diary`s fame. Learn about her family`s ordeal in Nazi-occupied Amsterdam and the horrors of concentration camps
Published: 12 Jun 2025, 12:42 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented