ഹോളിവുഡ് താരവും കാരുണ്യപ്രവർത്തനങ്ങളുടെ പേരിൽ പ്രസിദ്ധയുമായ ആഞ്ചലീന ജോളിയുടെ അപ്രതീക്ഷിത യുക്രെയ്ൻ സന്ദർശനമാണ് ഇപ്പോൾ ചർച്ചയാവുന്നത്. തെക്കൻ ഉക്രെയ്‌നിലെ പ്രധാനനഗരമായ ഖേർസണിലാണ് അവരെത്തിയത്. ശക്തമായ റഷ്യൻ ബോംബിങ് നടക്കുന്ന പ്രദേശമാണിത്. റഷ്യ അധിനിവേശം ആരംഭിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് താരം രാജ്യത്തെത്തുന്നത്. ഖേർസണിൽ ഡ്രോൺ ആക്രമണം നടന്നതിനു തൊട്ടുപിന്നാലെയായിരുന്നു ആഞ്ജലീനയുടെ സന്ദർശനമെന്നതും പ്രധാനമാണ്.
യുക്രെയ്നിയൻ മുദ്രയുള്ള ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് ധരിച്ച് കുട്ടികളുടെ ആശുപത്രികളും പ്രസവ വാർഡുകളും താരം സന്ദർശിച്ചു. ഇതിന്റെ ചിത്രങ്ങൾ ബുധനാഴ്ച സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഒരു ചിത്രത്തിൽ ആഞ്ജലീന കവചവും ഹെൽമെറ്റും ധരിച്ച് പുറത്ത് നിൽക്കുന്നതും, മറ്റൊന്നിൽ മുഖം വ്യക്തമല്ലാത്ത യുക്രെയ്നിയൻ സൈനികനോടൊപ്പം പോസ് ചെയ്യുന്നതും കാണാം.
ഇതിനിടെ മറ്റൊരു സംഭവവുമുണ്ടായി. പ്രാദേശിക അംഗരക്ഷകരും സന്ദർശനവേളയിൽ ആഞ്ജലീനയ്ക്കൊപ്പമുണ്ടായിരുന്നു. അവരിൽ ഒരാളെ യാത്രയ്ക്കിടെ യുക്രെയ്നിയൻ സൈന്യത്തിലേക്ക് നിർബന്ധിച്ച് ചേർത്തുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തെ മോചിപ്പിക്കുന്നതിനായി ആഞ്ചലീനയ്ക്ക് നിർബന്ധിത സൈനിക സേവനത്തിനുള്ള ഓഫീസിൽ പോകേണ്ടിവന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
2022-ൽ മോസ്കോയുടെ കീഴിലായിരുന്ന ഖേർസൺ നഗരത്തിൽ ദിവസേനയെന്നോണം ആക്രമണം നടക്കാറുണ്ട്. അതേസമയം, ഖേർസണിലേക്കുള്ള സന്ദർശനം ആഞ്ജലീനയോ യുക്രെയ്ൻ സർക്കാരോ സ്ഥിരീകരിച്ചിട്ടില്ല.
2012 മുതൽ 2022 വരെ അഭയാർഥികൾക്കായുള്ള യുഎൻ പ്രത്യേക പ്രതിനിധിയായി ആഞ്ജലീന സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി, റഷ്യൻ അധിനിവേശം തുടങ്ങി ഏതാനും മാസങ്ങൾക്ക് ശേഷം അവർ യുക്രെയ്നിൽ എത്തിയിരുന്നു. പടിഞ്ഞാറൻ നഗരമായ ലിവീവിലെ അഭയാർഥികളെയും അപ്പോഴവർ സന്ദർശിച്ചു.
2024-ൽ പുറത്തിറങ്ങിയ 'മരിയ' ആണ് ആഞ്ജലീനയുടെ അവസാനമിറങ്ങിയ ചിത്രം. ഗായിക മരിയ കല്ലാസിനെ വെള്ളിത്തിരയിൽ അവതരിപ്പിച്ചതിന് മികച്ച നടിക്കുള്ള ഓസ്കാർ നാമനിർദ്ദേശവും അവർക്ക് ലഭിച്ചു. നിലവിൽ അവർ അഭിനയിക്കുന്ന 'ആൻഷ്യസ് പീപ്പിൾ' എന്ന സിനിമയുടെ ചിത്രീകരണം നടക്കുകയാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Angelina Jolie makes surprise visit to Kherson, Ukraine amid Russian bombing. Actor seen in bulletproof vest, visiting hospitals. Reports of bodyguard detention.
Published: 06 Nov 2025, 01:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented