
ആറാംതവണ സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി. ചെറിയ ഇടവേളകള്‍ക്കിടയില്‍ അംഗീകാരങ്ങള്‍ തേടിയെത്തുമ്പോള്‍ എന്തുതോന്നുന്നു?
സിനിമയില്‍ എനിക്ക് ഇടവേളകള്‍ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. കോവിഡ് സമയത്ത് മാത്രമേ വിശ്രമം അറിഞ്ഞിട്ടുള്ളൂ. 1995-ല്‍ മലയാള സിനിമയില്‍ നല്ല തിരക്കില്‍ നില്‍ക്കുന്ന കാലത്താണ് തമിഴില്‍ സജീവമാകുന്നത്. 'കഴകം' എന്ന സിനിമയ്ക്ക് സംസ്ഥാന അവാര്‍ഡ് കിട്ടിയ വര്‍ഷമായിരുന്നു അത്. അതിനുമുന്‍പും തമിഴില്‍നിന്ന് ഒരുപാട് അവസരങ്ങള്‍ വന്നിരുന്നു. ബാലചന്ദ്രന്‍സാറിന്റെ 'അഴക'നും മണിരത്നത്തിന്റെ 'ദളപതി'യും ഉള്‍പ്പെടെയുള്ള സിനിമകള്‍. എന്നിട്ടും ഞാന്‍ മലയാളം വിട്ട് പോയില്ല. പക്ഷേ, റോളുകള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ടോ എന്ന തോന്നല്‍ വന്നപ്പോള്‍ എനിക്ക് ആ തീരുമാനം മാറ്റേണ്ടിവന്നു. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ സംസ്ഥാന അവാര്‍ഡുകള്‍ തേടിവന്നപ്പോള്‍ മറ്റുള്ളവര്‍ക്ക് അവസരം നിഷേധിക്കലല്ലേ ഇതെന്ന കമന്റുകളും ഉണ്ടായി. 1995-ല്‍ നാലാമത്തെ അവാര്‍ഡായിരുന്നു. അങ്ങനെയാണ് തമിഴിലേക്ക് ചേക്കേറുന്നത്. തമിഴില്‍ നല്ല അവസരങ്ങള്‍ വന്നു. വ്യത്യസ്തതയുള്ള കഥാപാത്രങ്ങള്‍.
2005-ല്‍ 'അച്ചുവിന്റെ അമ്മ'യിലൂടെ മലയാളത്തിലേക്ക് മടങ്ങിവന്നത് അത് സത്യേട്ടന്റെ സിനിമയായതുകൊണ്ടാണ്. പിന്നെ കുറച്ച് സിനിമകള്‍ ചെയ്തു. 'മമ്മി ആന്‍ഡ് മി', 'മൈ ഡിയര്‍ മമ്മി', 'സകുടുംബം ശ്യാമള'... അപ്പോഴും ആവര്‍ത്തനവിരസത തോന്നി. അത് വീണ്ടും ഒരു ഇടവേളയ്ക്ക് കാരണമായി. അപ്പോഴും ഞാന്‍ സിനിമയില്‍ സജീവമായിരുന്നു. മലയാളത്തില്‍ ഉണ്ടായിരുന്നില്ല എന്നേയുള്ളൂ.
ഉര്‍വശി എന്ന നടിയുടെ വിരലുകള്‍ക്കുപോലും അഭിനയം അറിയാം എന്ന് പറയാറുണ്ട്. സൂക്ഷ്മാഭിനയം ബോധപൂര്‍വമാണോ?
പ്ലാന്‍ ചെയ്ത് അഭിനയിക്കാറില്ല. ഓഡിഷന്‍, വര്‍ക്ക്‌ഷോപ്പ്... ഇതൊന്നും ഇപ്പോഴും എനിക്ക് ഒട്ടും പരിചിതമല്ല. 'സുരറൈ പോട്ര്' സിനിമയുടെ മുന്നോടിയായി വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്തിരുന്നു. പക്ഷേ, വര്‍ക്ക്‌ഷോപ്പില്‍ ചെയ്തതൊന്നുമല്ല ഞാന്‍ ക്യാമറയ്ക്കുമുന്നില്‍ ചെയ്തത്. അഭിനയത്തിന്റെ കാര്യത്തില്‍ മുന്നൊരുക്കങ്ങള്‍ എനിക്ക് വഴങ്ങില്ല. ആ സമയത്ത് എന്ത് തോന്നുന്നോ അത് ചെയ്യുന്നു എന്നേയുള്ളൂ. ചിലപ്പോള്‍ ഭാവങ്ങള്‍ പ്രകടിപ്പിക്കേണ്ടത് വിരലുകളിലൂടെയാവാം. ആ ബോധത്തില്‍ അതങ്ങ് നടക്കും.
കെ.പി.എ.സി.ലളിത മുതല്‍ കവിയൂര്‍ പൊന്നമ്മ വരെയുള്ളവര്‍ അരങ്ങൊഴിഞ്ഞിരിക്കുന്നു. ഇവരൊന്നുമില്ലാത്തകാലത്തെ മലയാളസിനിമയെ എങ്ങനെ കാണുന്നു?
ലളിതയാന്റി, തിലകന്‍ അങ്കിള്‍, കരമന ജനാര്‍ദനന്‍ നായര്‍, രാജന്‍ പി.ദേവ്, നെടുമുടി വേണു, മുരളിച്ചേട്ടന്‍, കൃഷ്ണന്‍കുട്ടി നായര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, പറവൂര്‍ ഭരതന്‍, ശങ്കരാടിയമ്മാവന്‍, സുകുമാരിയമ്മ, മീനാമ്മച്ചി, ഇന്നസെന്റ് ചേട്ടന്‍... ഇവരൊക്കെയും അവശേഷിപ്പിച്ചുപോയ ശൂന്യത സിനിമയെ പൊതിയുന്നുണ്ട്.

ലളിതയാന്റി അമ്മയെപ്പോലെയായിരുന്നു. ആന്റിക്ക് എന്റെ അച്ഛനമ്മമാരോട് ആത്മബന്ധം ഉണ്ടായിരുന്നു. കുഞ്ഞുനാളില്‍ എന്നെ തൊട്ടിലാട്ടിയിട്ടുണ്ട്. തുടക്കകാലത്ത് സിനിമയില്‍ എന്റെ കെയര്‍ ടേക്കര്‍ ലളിതയാന്റി ആയിരുന്നു. അടിക്കുകയും നുള്ളുകയും വഴക്കുപറയുകയും ഒക്കെ ചെയ്യും. വിദേശത്തൊക്കെ പോകുമ്പോള്‍ ലളിതയാന്റിയോട് ചോദിച്ചിട്ടേ പുറത്തിറങ്ങാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. അതുപോലെ സുകുമാരിയമ്മ. വെളുപ്പിനേ റൂമില്‍ വന്ന് വിളിച്ചെഴുന്നേല്‍പ്പിച്ച് അമ്പലത്തില്‍ കൊണ്ടുപോകും. രാത്രി ഉറക്കമിളച്ചാല്‍ വഴക്ക് പറയും. എന്റെ റൂമില്‍ ഫോണ്‍ വന്നാല്‍ അവരേ എടുക്കൂ. സ്നേഹത്തിന്റെ സ്വാഭാവികമായ അധികാരമായിരുന്നു അത്.
എന്റെ അമ്മയുമായി പൊന്നു ആന്റിക്ക്(കവിയൂര്‍ പൊന്നമ്മ) വലിയ ബന്ധമായിരുന്നു. പിന്നെ ഫിലോമിന ആന്റി. ഒരു പൊളിറ്റിക്‌സിലും ഇടപെടാത്ത പാവം നിഷ്‌കളങ്ക. അടൂര്‍ ഭവാനിയും പങ്കജവും എന്റെ അച്ഛന്റെ പെങ്ങന്മാരാണെന്നായിരുന്നു പറഞ്ഞിരുന്നത്. സിനിമ എന്നാല്‍ അന്നൊക്കെ കുടുംബമായിരുന്നു.
അമ്മമാരായി അഭിനയിക്കുന്ന നടിമാരോടാണ് ഞങ്ങളൊക്കെ പ്രശ്നങ്ങള്‍ പങ്കുവെച്ചിരുന്നതും സംശയങ്ങള്‍ ചോദിച്ചിരുന്നതും. അവരതിനെയൊക്കെ കൂളായാണ് കൈകാര്യം ചെയ്തത്. അവരുടെ സംസാരം കേള്‍ക്കുമ്പോള്‍ നമ്മളും കൂളാകും. അതൊരു പക്വതയാണ്. ഇപ്പോള്‍ ജൂനിയറായ കുട്ടികള്‍ വന്ന് എന്നോട് ഒരു പ്രശ്നം പറഞ്ഞാല്‍ എന്റെ പ്രതികരണത്തില്‍ ആ പക്വത ഉണ്ടാവണമെന്നില്ല. അവരേക്കാള്‍ അരിശത്തില്‍ ഞാന്‍ ചെന്ന് മുന്നില്‍ നില്‍ക്കും. അന്തരീക്ഷം ശാന്തമാക്കാനുള്ള കഴിവ് എനിക്കില്ല.
ഇക്കാലത്തിനിടെ സിനിമ ഏറെ മാറി. ആ മാറ്റം സമൂഹത്തിലും പ്രതിഫലിക്കുന്നുണ്ടോ?
നമ്മുടെ ഗ്രാമീണ അന്തരീക്ഷം ഇല്ലാതാകുകയല്ലേ. അന്നത്തെക്കാലത്തെ പഴമയുള്ള മലയാളംപോലും അന്യമാകുന്നു. അതൊക്കെ കേള്‍ക്കാനും കാണാനും പഴയ സിനിമ കാണേണ്ട സ്ഥിതിയാണ്. തമിഴ്‌നാട്ടിലും ആന്ധ്രയിലും കര്‍ണാടകയിലും ഇന്നും ആ തനിമയുണ്ട്. കേരളത്തിലാണ് മാറ്റം. നമ്മള്‍ എല്ലാ സംസ്‌കാരത്തെയും ഉള്‍ക്കൊള്ളും. പക്ഷേ, നമ്മുടെതിനെ മറന്നുപോകും. ചിലപ്പോള്‍ കറങ്ങിത്തിരിഞ്ഞ് പഴയ തനിമ തിരികെ വന്നേക്കാം.
പഴയ നല്ല പാട്ടുകള്‍ ഇപ്പോള്‍ റീല്‍സുകളിലൊക്കെ കേള്‍ക്കാറുണ്ട്. ഞാന്‍ ടീനേജിലൊക്കെ കേട്ട പ്രണയഗാനങ്ങള്‍ റീല്‍സുകളില്‍ തിളയ്ക്കുന്ന മീന്‍കറിക്ക് അകമ്പടിയായി കേള്‍ക്കുമ്പോള്‍ പാട്ടിനെ അടുപ്പില്‍വെച്ച് കത്തിച്ച് കറിയാക്കുവാണല്ലോ ദൈവമേ എന്നോര്‍ക്കും. പിന്നെ അങ്ങനെയെങ്കിലും ആ പാട്ടുകള്‍ കേള്‍ക്കാനാകുന്നുണ്ടല്ലോ എന്ന് ചിന്തിക്കും.

നടി എന്ന മേല്‍വിലാസത്തില്‍ മാത്രം ഒതുങ്ങാതെ നിര്‍മാതാവും തിരക്കഥാകൃത്തും ഒക്കെയായല്ലോ...
സിനിമ നിര്‍മിക്കാന്‍ സത്യത്തില്‍ എനിക്കൊരു പ്ലാനും ഉണ്ടായിരുന്നില്ല. ദാമോദരന്‍മാഷിന്റെ സ്‌ക്രിപ്റ്റില്‍ ഐ.വി.ശശിയുടെ സംവിധാനത്തില്‍ ഒരു സിനിമ നിര്‍മിക്കണം എന്നുപറഞ്ഞ് അടുത്ത ബന്ധുക്കളായ ചിലര്‍ വന്നു. ഞാനത് സമ്മതിച്ചു. ദാമോദരന്‍മാഷും ഐ.വി.ശശിയും നല്ല തിരക്കിലായിരുന്നു. കാത്തിരുന്ന് ബന്ധുക്കള്‍ക്ക് മടുപ്പായി. എല്ലാ അഭിനേതാക്കളുടെ മനസ്സിലും ഒരു കഥയുണ്ടാകും. ഒരുവരിയോ ആശയമോ ആകാം. അങ്ങനെയൊന്ന് എന്റെ മനസ്സിലും ഉണ്ടായിരുന്നു. തമിഴ് സംവിധായകനായ കൃഷ്ണകുമാറുമായി ഞാനാ കഥ ചര്‍ച്ചചെയ്തു. സ്ത്രീപ്രാധാന്യമുള്ള കഥയായിരിക്കണം എന്ന ആഗ്രഹത്തില്‍ ഉരുത്തിരിഞ്ഞ ആശയമാണ്. ഒരുപാട് ചര്‍ച്ചകള്‍ക്കൊടുവില്‍ കഥ പൂര്‍ത്തിയായി. കൃഷ്ണകുമാറിന്റെ സമ്മതത്തോടെ കഥ ആദ്യം മലയാളത്തില്‍ സിനിമയാക്കാന്‍ തീരുമാനിച്ചു. അങ്ങനെയാകുമ്പോള്‍ നേരത്തേ മുടങ്ങിപ്പോയ ആ നിര്‍മാണപദ്ധതിയും നടക്കും. വിജിതമ്പിയായിരുന്നു സംവിധായകന്‍. 'പിടക്കോഴി കൂവുന്ന നൂറ്റാണ്ട്' എന്ന ആ സിനിമ പൂര്‍ത്തിയാകും മുന്‍പ് കൃഷ്ണകുമാര്‍ മരിച്ചു. തമിഴില്‍ അത് നടന്നില്ല. പിന്നെ 'ഉത്സവമേളം' എന്ന ചിത്രത്തിനുകൂടി തിരക്കഥയൊരുക്കി. ഇനിയും സ്‌ക്രിപ്റ്റ് ഉണ്ടായിക്കൂട എന്നില്ല.
ഞങ്ങള്‍ക്ക് ടെലിവിഷന്‍ പ്രൊഡക്ഷന്‍ ഉണ്ടായിരുന്നു. സീരിയലുകളാണ് ചെയ്തിരുന്നത്. ഫിലിം പ്രൊഡക്ഷനിലേക്ക് കടന്നാലോ എന്നൊരു ആലോചന ഉണ്ടായി. എന്റെ ഭര്‍ത്താവ് സംവിധാനം ചെയ്യുന്ന 'എല്‍ ജഗദമ്മ ഏഴാം ക്ലാസ് ബി' എന്ന ചിത്രത്തിന്റെ നിര്‍മാണത്തിലേക്ക് അങ്ങനെ എത്തിയതാണ്.
സംവിധാനത്തിലേക്ക് വഴിതിരിയുമെന്ന് പ്രതീക്ഷിക്കാമോ?
ഒരു പ്രായത്തില്‍ ഹിന്ദിയിലും തെലുഗുവിലുമൊക്കെ സിനിമകള്‍ ചെയ്തു. ഭാഷ വഴങ്ങുമോ ഡയലോഗ് തെറ്റുമോ എന്നൊന്നുമുള്ള ആശങ്ക ആ പ്രായത്തില്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അങ്ങനെയല്ല. ഒഡിയ സിനിമയിലേക്ക് അവസരം വന്നിരുന്നു. അത് നിരസിച്ചത് ഇത്തരം പരിഭ്രമങ്ങള്‍ കാരണമാണ്.
മടിച്ചിയാണ് ഞാന്‍. ഷൂട്ട് കഴിഞ്ഞ് ഓടിവന്ന് റൂമില്‍ കിടന്നുറങ്ങുന്നതാണ് അന്നും ഇന്നും ഇഷ്ടം. ഈ അലസതകള്‍ക്കിടയില്‍ സംവിധാനം എന്ന പുലിവാലിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. ഒരു വീട് നേരേചൊവ്വേ നോക്കാന്‍ ശേഷിയില്ലാത്ത ഞാനെങ്ങനെ ഒരു ടീമിനെ ഒന്നിച്ചുകൊണ്ടുപോകും. ടെന്‍ഷന്‍ താങ്ങാന്‍ പറ്റില്ല. തമിഴില്‍നിന്ന് ക്രേസി മോഹന്‍ രണ്ട് തിരക്കഥകള്‍ തന്നു. നമുക്ക് ചെയ്യാം സാര്‍ എന്ന് പറഞ്ഞ് അത് വാങ്ങിവെച്ചു. പക്ഷേ, മുന്നോട്ടുപോകാന്‍ മടി അനുവദിക്കണ്ടേ.
ഈ തിരക്കുകള്‍ക്കിടയിലും വായനയ്ക്ക് സമയംകണ്ടെത്തുന്ന ആളാണല്ലോ...
വായിക്കാനാണ് എനിക്ക് ഏറ്റവും ഇഷ്ടം. കൈയിലുള്ള പുസ്തകങ്ങള്‍ നഷ്ടപ്പെടുന്നത് വലിയ വിഷമമാണ്. സി.രാധാകൃഷ്ണനാണ് ഏറ്റവും ഇഷ്ടമുള്ള എഴുത്തുകാരന്‍. പെരുമ്പടവം, സാറാജോസഫ്, സാറാ തോമസ്... ഇവരെയൊക്കെയും വായിക്കും. അമ്മ ഇപ്പോഴും നല്ല വായനക്കാരിയാണ്. അമ്മ ഒരു പുസ്തകം എഴുതിയിട്ടുമുണ്ട്.
സെലിബ്രിറ്റി പദവി കാരണം ജീവിതത്തില്‍ എന്തെങ്കിലും നഷ്ടം ഉണ്ടായിട്ടുണ്ടോ?
സമയം പ്രധാനമാണെന്ന വിചാരത്തിലാണ് ജീവിക്കുന്നത്. മോന്‍ ജനിച്ചശേഷം അവന്റെ അവധിസമയങ്ങളില്‍ ഞാന്‍ എങ്ങും പോകാറില്ല. മകള്‍ ചെറുതായിരുന്നപ്പോള്‍ ലൊക്കേഷനുകളിലേക്ക് അവളെയും കൂടെക്കൂട്ടിയിരുന്നു. കുടുംബത്തിനൊപ്പം ചെലവഴിച്ച സമയങ്ങള്‍ ജീവിതത്തില്‍ കുറവാണ്. എപ്പോഴും തിരക്കിലായിരുന്നു. എന്റെ ചേച്ചിമാരുടെ കല്യാണങ്ങള്‍ക്കുപോലും തലേന്ന് രാത്രി ഏറെ വൈകി വീട്ടില്‍ ചെന്നുകയറിയ ആളാണ് ഞാന്‍. അങ്ങനെയുള്ള കുറെ സന്തോഷങ്ങള്‍ നഷ്ടമായിട്ടുണ്ട്.

സ്വകാര്യതയുടെ നഷ്ടമാണ് ഏറ്റവും വലിയ വിഷമം. ശാന്തമായി ഒരമ്പലത്തില്‍ ചെന്ന് പ്രാര്‍ഥിക്കാന്‍പോലും പലപ്പോഴും കഴിയാറില്ല. ആരുടെയും തെറ്റല്ല. ആളുകള്‍ അവരുടെ സ്നേഹം പ്രകടിപ്പിക്കുന്ന രീതികള്‍ വ്യത്യസ്തമാണല്ലോ.
മറ്റൊരാളുടെ സ്വകാര്യതയിലേക്ക് എത്തിനോക്കുന്നത് അഭംഗിയാണെന്നുള്ള തിരിച്ചറിവ് പലര്‍ക്കും ഇല്ല. പല മാധ്യമങ്ങളും അതാണ് ചെയ്യുന്നത്. അറിയപ്പെടുന്ന നടന്മാരെപ്പറ്റി എന്തെങ്കിലും എഴുതാന്‍ അവര്‍ക്ക് ഭയമുണ്ട്. പക്ഷേ, നടിമാരുടെ കാര്യത്തില്‍ അങ്ങനെയല്ല. ഒരുകാലത്ത് ഇതൊക്കെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. ഔചിത്യമില്ലാത്ത പെരുമാറ്റം ആരുടെ ഭാഗത്തുനിന്നായാലും അലോസരപ്പെടുത്തും.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സിനിമാമേഖലയെ എങ്ങനെ ബാധിക്കുമെന്നാണ് കരുതുന്നത്?
പുരുഷനും സ്ത്രീയും ഒന്നിച്ച് ജോലിചെയ്യുന്ന എല്ലാ മേഖലയിലും ഈ പ്രശ്നങ്ങള്‍ ഉണ്ട്. സിനിമയില്‍ അത് ശ്രദ്ധിക്കപ്പെടുന്നു. സിനിമ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാണ്. അതുതന്നെയാണ് അതിന്റെ കാരണം. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ഗുരുതരം തന്നെയാണ്. പദവി വഹിക്കുന്നവരില്‍ നിന്നുണ്ടാകുന്ന മോശം അനുഭവങ്ങളെപ്പറ്റി തുറന്നുപറയാനുള്ള ധൈര്യം ചിലരെങ്കിലും നേടിയെടുത്തല്ലോ.
അഭിമാനത്തിന് മുറിവേല്‍പ്പിക്കുന്ന അനുഭവങ്ങള്‍ ആരില്‍നിന്നുണ്ടായാലും പ്രതികരിക്കണം. പല കാരണങ്ങളാല്‍ ഉടനടി പ്രതികരിക്കാന്‍ പറ്റാതെ വരാറുണ്ട് പലര്‍ക്കും. സുരക്ഷ പ്രധാനമാണ്. പണ്ടത്തേതുപോലെയല്ലല്ലോ. മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ എപ്പോഴും കൈയില്‍ ഉണ്ടാകുമല്ലോ. തനിച്ച് ഒരാളെ കാണേണ്ട ആവശ്യം വന്നാല്‍ ഇപ്പോള്‍ ഇവിടെ ഇന്നയാളുടെ റൂമിലാണ് എന്ന് വേണ്ടപ്പെട്ട ആരെയെങ്കിലും വിളിച്ചറിയിക്കേണ്ടതുണ്ട്.
പരാതികളുടെ നിജസ്ഥിതി മനസ്സിലാക്കുകയും പ്രധാനമാണ്. വ്യാജപരാതികള്‍ ഇല്ലാതാവണം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ തലയുയര്‍ത്തി നടക്കണം. എല്ലാവരും കുറ്റവാളികളെപ്പോലെ നില്‍ക്കേണ്ടവരല്ല. എല്ലാം ഒന്ന് കലങ്ങുന്നു എന്നേയുള്ളൂ. ഈ മാറ്റം സ്ത്രീക്കും പുരുഷനും ഗുണംചെയ്യും. എല്ലാം കലങ്ങിത്തെളിയും.
Content Highlights: urvashi discussing about her film career
Published: 13 Dec 2024, 05:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented