
ജോലിസംബന്ധമായും അല്ലാതെയും യാത്രകള്‍ ഒരുപാട് ചെയ്തിട്ടുണ്ട്. പക്ഷേ, ഈ ട്രിപ്പ് ഒരു താരത്തിന്റെ കൂടെയായിരുന്നു. നാടകാചാര്യന്‍ എന്‍.എന്‍.പിള്ളയുടെ മകനും നടനുമായ സാക്ഷാല്‍ വിജയരാഘവനൊപ്പം.
മാതൃഭൂമിയിലെ ശ്രീകാന്ത് കോട്ടയ്ക്കലാണ് വിജയരാഘവനെ വിളിച്ച് യാത്ര പ്ലാന്‍ ചെയ്തത്. കോഴിക്കോട് നിന്ന് പുറപ്പെടുമ്പോള്‍ ഞങ്ങള്‍ നാലുപേരാണ് ഉണ്ടായിരുന്നത്. ശ്രീകാന്ത് കോട്ടയ്ക്കല്‍, മാതൃഭൂമി ബുക്‌സ് മാനേജര്‍ നൗഷാദ്, ഇന്റീരിയര്‍ ഡിസൈനര്‍ ജയന്‍ ബിലാത്തിക്കുളം, പിന്നെ ഞാനും. നല്ലൊരു ജോളി ട്രിപ്പ്. ആദ്യം കുട്ടേട്ടന്റെ (വിജയരാഘവനെ അങ്ങനെയാണ് എല്ലാവരും വിളിക്കുക) കൊല്ലത്തുള്ള വീട്ടിലേക്കാണ് പോയത്.
അവിടുന്ന് ആണ്ടിപ്പെട്ടിയിലുള്ള കുട്ടേട്ടന്റെ ഫാമിലേക്ക്. വഴിയില്‍ പലയിടത്തും നിര്‍ത്തിനിര്‍ത്തിയാണ് യാത്ര. വഴിയോരത്തെല്ലാം ചെറിയ പെട്ടികളില്‍ അടുക്കി, വില്‍ക്കാനായി വെച്ചിരിക്കുന്ന നല്ല തുടുത്ത മാങ്ങകള്‍. ഒരിടത്ത് ഒരു പ്രായമുള്ള സ്ത്രീയാണ് കച്ചവടം ചെയ്യുന്നത്. കുട്ടേട്ടന്‍ അവരോട് കുറേ സംസാരിച്ചു. വീണ്ടും യാത്ര. ഉച്ചകഴിഞ്ഞപ്പോഴേക്കും ആണ്ടിപ്പെട്ടിയിലെത്തി.
എവിടെ യാത്ര പോകുമ്പോഴും ഞങ്ങളാദ്യം നോക്കുന്നത് താമസസ്ഥലമാണ്. അത്യാവശ്യം വൃത്തിയുള്ള സ്ഥലം തന്നെ വേണമത്. ഈ യാത്രയിലാണെങ്കില്‍ ഒരു താരമാണ് ഞങ്ങളുടെ കൂടെയുള്ളത്. അദ്ദേഹത്തിന് കുറച്ചുകൂടി നിലവാരമുള്ളതുവേണ്ടേ? അങ്ങനെയൊക്കെ ഞാന്‍ മനസ്സില്‍ കരുതി. പക്ഷേ വിചാരിച്ചതുപോലെയൊന്നുമല്ല കാര്യങ്ങള്‍ നടക്കുന്നത്.
നേരെ ഫാമിലേക്ക് പോയി. അവിടെ നിറയെ മുരിങ്ങയും തെങ്ങുമൊക്കെയുണ്ട്. മുരിങ്ങകള്‍ കായ്ച്ചുകിടക്കുന്നു. ഉച്ചഭക്ഷണം അവിടുന്ന് തന്നെയായിരുന്നു. അടുത്തുള്ള ചെറിയ ഹോട്ടലില്‍നിന്ന് വാങ്ങിക്കൊണ്ടുവന്നതാണ്. അതിനടുത്തൊന്നും വലിയ ഹോട്ടലുകളില്ല. ഫാമിലാണെങ്കില്‍ ഒരു ചെറിയ അടുക്കളയടങ്ങിയ ഹാള്‍ മാത്രമാണുള്ളത്. വേറൊരു സൗകര്യവുമില്ല. കട്ടിലുമില്ല, കിടക്കയുമില്ല. രണ്ട് ഫാന്‍ മാത്രം. പിന്നെ വീതിയുള്ള ബെഞ്ചും.
ഫാം നോക്കിനടത്തുന്നവര്‍ക്ക് താമസിക്കാന്‍ ചെറിയ ഷെഡും. ഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോഴും ഞാന്‍ വിചാരിക്കുന്നത് രാത്രിയില്‍ അടുത്തുള്ള സിറ്റിയിലെവിടെയെങ്കിലും മുറി എടുക്കുമെന്നാണ്. കാരണം ആ സെറ്റപ്പില്‍ ഒരു വലിയ താരം താമസിക്കാന്‍ എന്തായാലും സാധ്യതയില്ല, ഞങ്ങള്‍ക്കും പറ്റില്ല.
വൈകുന്നേരമായി, എന്നിട്ടും അവിടുന്ന് എങ്ങോട്ടും പോവുന്ന ലക്ഷണമൊന്നും കാണുന്നില്ല. ഫോട്ടോയൊക്കെ നാളെയെടുക്കാം. അപ്പോഴും എന്റെ ചിന്തയിതാണ്, കുട്ടേട്ടന്‍ എവിടെ കിടക്കും? ഒടുവില്‍ രാത്രിയായപ്പോള്‍ പായയും വിരിച്ച് ഞങ്ങളെല്ലാവരും കൂടി നിലത്ത് കിടന്നുറങ്ങി.
രാവിലെ എഴുന്നേറ്റ് പുറത്തേക്ക് നോക്കിയപ്പോള്‍, തോര്‍ത്തുമുണ്ടുടുത്ത് ടാങ്കില്‍നിന്ന് വെള്ളം കോരിയൊഴിച്ച് കുളിക്കുന്ന കുട്ടേട്ടനെയാണ് കാണുന്നത്. എത്രയോ വലിയ താരം. എന്നിട്ടും എ.സി റൂമോ ഷവറോ ഒന്നുമില്ലാത്ത സ്ഥലത്ത് ഒരുപ്രശ്‌നവുമില്ലാതെ ജീവിക്കുന്നു.
അപ്പോഴാണ് മനസ്സിലായത് അദ്ദേഹം ക്യാമറയുടെ മുന്നില്‍ മാത്രമാണ് അഭിനയിക്കുന്നതെന്ന്. നമുക്ക് പുറമേനിന്ന് നോക്കുമ്പോള്‍ പലതും പറയാം. പക്ഷേ അടുത്തറിയുമ്പോഴാണ് അവര്‍ ശരിക്കും എന്താണെന്ന് മനസ്സിലാവുക.
Content Highlights: travelling experience with vijayaraghavan
Published: 15 Sept 2023, 12:28 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented