എല്ലാവരെയും ആകര്‍ഷിക്കുന്ന കൈ നിറയെ മാന്ത്രികവിദ്യകളുള്ള സമ്പല്‍സമൃദ്ധമായ ഒരു കുടുംബം നമ്മുടെ നാട്ടിലുണ്ടെന്ന് കരുതുക. ആ വീട്ടിലെ എല്ലാവരും പലതരം കഴിവുകളുള്ളവരാണ്, എന്നാല്‍ അവരിലൊരാള്‍ മാത്രം ഒരു കഴിവുമില്ലാത്ത 'കുടുംബം മുടിക്കാനുണ്ടായ സന്തതി' എന്ന പേര് നേടിയാലോ. ഡിസ്‌നി പിക്‌സര്‍ ആനിമേഷന്റെ എന്‍കാന്റോ എന്ന സിനിമ അത്തരത്തിലെ മുടിയന്മാരായ പുത്രന്മാര്‍ക്ക് വേണ്ടിയുള്ളതാണ്. ടോക്‌സിക് പേരന്റിങ്, ഇന്റര്‍ജെനറേഷണല്‍ ട്രോമ എന്നൊക്കെ പറഞ്ഞാല്‍ ഡിസ്‌നി പോലും ചിലപ്പോള്‍ ഞെട്ടും. കുടുംബത്തിന്റെ അമിതപ്രതീക്ഷകള്‍ കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണ് എന്‍കാന്റോ.

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഡിസ്‌നി കൈകാര്യം ചെയ്യുന്നത് ഇതാദ്യമല്ല. സോള്‍, ഇന്‍സൈഡ് ഔട്ട് ഒക്കെ ഈ വിഭാഗത്തില്‍ വരുന്ന ചിത്രങ്ങളാണ്. അവയ്‌ക്കൊപ്പം ചേര്‍ത്തുവയ്ക്കാവുന്ന സിനിമയാണ് എന്‍കാന്റോയും.

യുദ്ധവും സമാധാനവും
ഒരു യുദ്ധഭൂമിയില്‍ നിന്ന് പെട്രോയും ആല്‍മ മഡ്രിഗലും  മൂന്ന് മക്കളും അടങ്ങുന്ന കുടുംബം രക്ഷപ്പെടാന്‍ ശ്രമിക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. ജൂലിറ്റ, പെപ്പ, ബ്രൂണോ എന്നിവരാണ് മക്കള്‍. വഴിമധ്യേ പെട്രോ കൊല്ലപ്പെടുന്നു. എന്നാല്‍ പെട്രോ നല്‍കിയ മന്ത്രമെഴുകുതിരി ആല്‍മയെയും മക്കളെയും രക്ഷപ്പെടാന്‍ സഹായിക്കുന്നു. മലകളാല്‍ ചുറ്റപ്പെട്ട സുരക്ഷിതമായ എന്‍കാന്റോ എന്ന ഗ്രാമത്തില്‍ ഇവര്‍ താമസം തുടങ്ങുന്നു. കസീറ്റ എന്നാണ് ഇവരുടെ വീടിന്റെ പേര്. ആ ഗ്രാമത്തെയും വീടിനെയും മുഴുവന്‍ മന്ത്രമെഴുകുതിരിയുടെ മാന്ത്രികത സംരക്ഷിക്കുന്നു. അമ്പത് വര്‍ഷങ്ങള്‍ കൊണ്ട് ആ ഗ്രാമം മനോഹരമായി വളരുകയും സന്തോഷവും സമ്പല്‍സമൃദ്ധിയും നിറയുകയും ചെയ്യുന്നു. കസീറ്റയില്‍ പുതുതായി ജനിച്ച ഓരോ കുട്ടിയും എന്തെങ്കിലും മാന്ത്രികവിദ്യകള്‍ സ്വന്തമായി ഉള്ളവരാണ്, പതിനഞ്ചുകാരിയായ നായിക മിറബല്‍ ഒഴികെ. ആ വീടിന് തന്നെക്കൊണ്ട് എന്തെങ്കിലും ഉപകാരമുണ്ടാകും എന്ന പ്രതീക്ഷയില്‍ ജീവിക്കുന്നവളാണ് മിറബല്‍. എന്നാല്‍ ഒരിക്കല്‍ കുടുംബത്തിന്റെ മന്ത്രികശക്തിക്ക് അപകടമുണ്ടാകുമെന്ന മിറബല്ലിന്റെ കണ്ടെത്തലിനെ എല്ലാവരും തള്ളിക്കളയുകയും അവളെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. വീടിന്റെ നാശത്തിന് കാരണം അവളാണെന്ന് മുത്തശ്ശിയായ ആല്‍മയടക്കമുള്ളവര്‍ ആരോപിക്കുന്നു. അതിനെ തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളും മിറബല്‍ എങ്ങനെ കുടുംബത്തിന് പ്രിയപ്പെട്ടവളായി മാറുന്നു എന്നതുമാണ് സിനിമയുടെ കഥ. പക്ഷേ കുടുംബത്തിന്റെ അമിതപ്രതീക്ഷകള്‍ക്ക് ബലിയാടാവുന്ന കുട്ടികളുടെകൂടി കഥയാണ് എന്‍കാന്റോ.

ആല്‍മയെന്ന കാരണവര്‍
വീട് നിറയെ വിജയങ്ങള്‍ നേടിയവര്‍, കഴിവുകള്‍ കൊണ്ട് നിറഞ്ഞവര്‍. ഇതിനിടയില്‍ മിറബലിനെ ആര് ശ്രദ്ധിക്കാന്‍. എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാനുള്ള അവളുടെ ശ്രമങ്ങളെല്ലാം പാഴായി പോകുന്നത് സിനിമയിലുടനീളം കാണാം. മറ്റുകുട്ടികളെ നോക്കി നീ അവനെ കണ്ടു പഠിക്കൂ എന്ന് പറയുന്ന മാതാപിതാക്കളുടെ പ്രതിനിധികളാണ് മിറബലിന്റെ കുടുംബവും. എന്തെങ്കിലും ഒരു മാന്ത്രിക ശക്തിയില്ലാത്ത ആരും ആ കുടുംബത്തിലില്ല. മിറബലിന് മാത്രം ഒരു കഴിവുമില്ല. ഒരു സാധാരണ പെണ്‍കുട്ടി. ആല്‍മയുടെ നിയമങ്ങളെ ചോദ്യം ചെയ്യുന്ന ആ വീട്ടിലെ ആദ്യത്തെയാളും മിറബലാണ്. കാണാതായ ബ്രൂണോയെ തിരഞ്ഞു പോവുകയും വീടിന്റെ തകര്‍ച്ചയെപ്പറ്റി മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നത് മിറബലാണ്. എന്നാല്‍ ഇതെല്ലാം താന്തോന്നിത്തരവും തന്നിഷ്ടവുമായി കാണാനാണ് മറ്റുള്ളവര്‍ ശ്രമിക്കുന്നത്. വീടിന്റെ ശാപമായി അവളെ ആദ്യം മുദ്രകുത്തുന്നത് ആല്‍മയാണ്. 

മാന്ത്രികശക്തി നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്ന് മിറബല്‍ ആദ്യമായി പറയുന്നത് തന്റെ സഹോദരി ലൂസിയയോടാണ്. ഒരു വീട് തന്നെ ഒന്നിച്ച് ഉയര്‍ത്തി മാറ്റാനുള്ള ശക്തിയാണ് ലൂസിയയുടെ കഴിവ്. എന്നാല്‍ ഇടയ്‌ക്കൊക്കെ സാധാരണപെണ്‍കുട്ടിയാവാന്‍ അവള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ലൂസിയ മിറബലിനോട് പറയുന്നു. അതിന് തടസ്സം ചുറ്റുമുള്ളവരുടെ അമിതപ്രതീക്ഷകളാണെന്നും അതിനെ മറികടക്കണമെന്നും മിറബല്‍ ലൂസിയയോട് പറയുന്നുണ്ട്. മാതാപിതാക്കളുടെ അമിതപ്രതീക്ഷകള്‍ ചുമലേറ്റി തളര്‍ന്ന കുട്ടിയായി ലൂസിയ അപ്പോള്‍ മാറുന്നുണ്ട്. 

ബ്രൂണോയെന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ വളരുന്നത്. മിറബല്‍ കാണുന്ന വീടിന്റെ തകര്‍ച്ചയുടെ സ്വപ്‌നം ബ്രൂണോയും കാണുന്നുണ്ട്. എന്നാല്‍ ഇതിനെപ്പറ്റി തുറന്നു സംസാരിക്കാന്‍ കുടുംബത്തില്‍ ആരും തയ്യാറാകുന്നില്ല. ആല്‍മ ആരെയും അനുവദിക്കുന്നുമില്ല. ഞാന്‍ പറയുന്നതുമാത്രമാണ് ശരിയെന്ന ആല്‍മയുടെ അധികാരഭാവമാണ് ആ വീടിന്റെ തകര്‍ച്ചയുടെ ആദ്യതുടക്കം. ഞാനറിയാതെ ഒരു ഈച്ചപോലും ഈ വീട്ടില്‍ പറക്കരുതെന്ന ചില കാരണവന്മാരുടെ പിടിവാശി കണ്ടിട്ടില്ലേ. അതു തന്നെയാണ് ആല്‍മയുടെ സര്‍വാധികാര സ്വഭാവത്തിന് പിന്നിലും. കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പരമുള്ള ശരിയായ ആശയവിനിമയം പോലും ആ വീട്ടിലുണ്ടാകുന്നില്ല. ആല്‍മയാണ് എല്ലാക്കാര്യങ്ങളും തീരുമാനിക്കുന്നത്. അവരുടെ നിര്‍ദേശമനുസരിച്ച് മാത്രമാണ് എല്ലാവരും ജീവിക്കുന്നതും. ആ കുടുംബത്തിലെ ഏറ്റവും പുതിയ തലമുറയിലെ കുട്ടിയായ അന്റോണിയോ തന്റെ മാന്ത്രിക ശക്തി തെളിയിക്കുന്നതിനുള്ള പരീക്ഷണത്തിലൂടെ ആല്‍മയുടെ നിര്‍ദ്ദേശപ്രകാരം കടന്നുപോകുന്നുണ്ട്. അവന് ഏറ്റവും അടുപ്പം മിറബലിനോടാണ്. ഇത് അവനെ വഴിതെറ്റിക്കുമോ, ശക്തികളൊന്നുമില്ലാത്തവനാക്കുമോ എന്ന ആശങ്ക ഈ സമയത്ത് ആല്‍മയുടെ മുഖത്ത് തെളിയുന്നുണ്ട്. അതിശക്തയായ ലൂസിയയാണ് വീട്ടിലെ അധ്വാനം വേണ്ട പണികളെല്ലാം ചെയ്യുന്നത്. അതില്‍ നിന്ന് ഒരു ദിവസം പോലും മാറിനില്‍ക്കാന്‍ ആല്‍മ അവളെ സമ്മതിക്കുന്നില്ല. ഇങ്ങനെ ആല്‍മയോടുള്ള മാനസിക അടിമത്തം ഓരോ കുടുംബാംഗങ്ങളെയും ബാധിക്കുന്നതും സിനിമയില്‍ വ്യക്തമാണ്. 

ടോക്‌സിക് ആന്‍ഡ് ട്രോമ
ഭര്‍ത്താവ് കണ്‍മുന്നില്‍ കൊല്ലപ്പെടുകയും മൂന്ന് കുഞ്ഞുങ്ങളുമായി അപരിചിതമായ ദേശത്ത് ഒറ്റയ്ക്ക് ജീവിതം പടുത്തുയര്‍ത്തുകയും ചെയ്യേണ്ടി വന്നയാളാണ് ആല്‍മ. ജീവിതത്തിലെ ആ അരക്ഷിതാവസ്ഥ അവര്‍ തലമുറകളിലേക്ക് കൈമാറുന്നത് കാണാം. കുടുംബത്തിന് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം ആ വീട്ടിലെ ഓരോ ആളുകളിലും നിറഞ്ഞുനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് കസിറ്റയുടെ തകര്‍ച്ചയെപ്പറ്റിയറിയുന്ന ബ്രൂണോ ഒളിവില്‍ പോകുന്നതും. അത്തരം വേദനിപ്പിക്കുന്ന ഒന്നിനെ നേരിടാനോ അതിനെപ്പറ്റി ചര്‍ച്ചചെയ്യാനോ ഉള്ള മാനസികാവസ്ഥപോലും അവര്‍ക്കാര്‍ക്കും ഇല്ലെന്ന് പറയാം. 

എപ്പോഴും മഴപെയ്യിക്കുന്ന പെപ്പ ഈ ട്രോമയുടെ പ്രധാന ഉദാഹരണമാണ്. കാലാവസ്ഥയെ നിയന്ത്രിക്കാനുള്ള കഴിവാണ് പെപ്പയുടേത്. എന്നാല്‍ ചെറിയ വിഷമങ്ങള്‍ക്ക് പോലും പെപ്പ കരയുകയും മഴപെയ്യുകയും ചെയ്യും. അത് എത്ര സന്തോഷമുള്ള സമയമാണെങ്കിലും. ആ മഴ വീട്ടിലെല്ലാവരെയും നനയ്ക്കുമെന്ന് മാത്രം. കുടുംബത്തിലെ ഒരാളുടെ സങ്കടങ്ങള്‍ ചുറ്റുമുള്ളവരെ എത്രയാഴത്തില്‍ ബാധിക്കുന്നുവെന്ന് പെപ്പയെ നോക്കിയാല്‍ മനസ്സിലാകും. അമ്മ ആല്‍മയുടെ മാനസികസംഘര്‍ഷങ്ങള്‍ കുറയ്ക്കാനായി സ്വന്തം കഴിവിനെ മൊത്തം ഉപയോഗിക്കുന്ന ജൂലിയറ്റയാണ് മറ്റൊരു കഥാപാത്രം. അതിനിടയില്‍ മകള്‍ മിറബലിന്റെ സങ്കടങ്ങള്‍ അവര്‍ കാണുന്നതേയില്ല.

 

മറ്റൊരാള്‍ ബ്രൂണോയാണ്. ഭാവിയെ പറ്റി മുന്‍കൂട്ടികാണാനുള്ള കഴിവാണ് ബ്രൂണോയുടേത്. അയാളാണ് ആദ്യമായി കസീറ്റയുടെ പതനം തിരിച്ചറിയുന്നതും. അതോടെ സത്യത്തില്‍നിന്ന് ഒളിച്ചോടുകയാണ് ബ്രൂണോ ചെയ്യുന്നത്. താന്‍ അങ്ങനെ ചിന്തിക്കാന്‍ പാടില്ലെന്നും അതാണ് തകര്‍ച്ചയ്ക്ക് കാരണമാകാന്‍ പോകുന്നതുമെന്ന മണ്ടന്‍ ചിന്തയാണ് അയാളെ അതിന് പ്രേരിപ്പിക്കുന്നതും. 'we don’t talk about Bruno' എന്നാണ് എപ്പോഴും കുടുംബത്തിലുള്ളവര്‍ തന്നെ പറയുന്നത്. അയാളുടെ പേര് പറയുന്നതുതന്നെ അപശകുനമായി കരുതുകയാണ് അവര്‍. 

പ്രതീക്ഷയുടെ ഭാരങ്ങള്‍
വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട കുട്ടികളാണ് ലൂസിയയും ഇസബെലയും. ലൂസിയ തന്റെ ശക്തികൊണ്ട് വീട്ടിലെ എല്ലാ ആവശ്യങ്ങളും നടപ്പാക്കുമ്പോള്‍ ഇസബെലയാണ് ആ വീട്ടിലെ സുന്ദരി. പൂക്കള്‍ വിടര്‍ത്താനും പാട്ടുപാടാനും ചുറ്റും സൗരഭ്യം പടര്‍ത്താനുമുള്ള അവളുടെ കഴിവ് എല്ലാവരെയും സന്തോഷിപ്പിക്കുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം വിട്ട് മിറബലിനെപ്പോലെ സാധാരണപെണ്‍കുട്ടികളാവാന്‍ അവരും ആഗ്രഹിക്കുന്നുണ്ട്. 

Surface Pressure എന്ന ലൂസിയയെപറ്റിയുള്ള പാട്ടില്‍ തന്റെയുള്ളിലെ സങ്കടം അവള്‍ പറയുന്നുണ്ട്. പുറമേ ശക്തയാണെങ്കിലും ഉള്ളില്‍ താന്‍ ഇതല്ല എന്നവള്‍ തിരിച്ചറിയുന്നുണ്ട്. എല്ലാവരുടെയും പ്രതീക്ഷക്കനുസരിച്ച് തനിക്ക് ഉയരാനായില്ലെങ്കിലോ എന്ന ആശങ്ക അവള്‍ പങ്കുവയ്ക്കുന്നുണ്ട്. ഇസബെല സ്വയം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ഇത്ര പൂര്‍ണതയില്‍ ഭംഗിയായി ഓരോന്നും ചെയ്യാന്‍ എനിക്ക് കഴിഞ്ഞില്ലെങ്കില്‍ അങ്ങനെയൊന്നുമല്ലാത്ത ഒരാളായിരുന്നു ഞാനെങ്കില്‍ ചുറ്റുമുള്ളവര്‍ എന്ത് കരുതുമായിരുന്നു എന്ന്. കുടുംബത്തിന്റെ സന്തോഷത്തിനായാണ് ഇസബെലയും ജീവിക്കുന്നത്. 

എന്‍കാന്റോ എന്ന സിനിമ നമുക്ക് ചുറ്റുമുള്ള ഒരുപാട് മനുഷ്യരുടെ മുഖങ്ങള്‍ നമുക്ക് കാണിച്ചുതരുന്നു. സമൂഹത്തിന്റെ പ്രതീക്ഷകള്‍ക്കനുസരിച്ച് ജീവിക്കേണ്ടി വരുന്നവരുടെ, അത് കഴിയാത്തതിനാല്‍ ഒളിച്ചോടുന്നവരുടെ, ഉള്ളില്‍ കരഞ്ഞ് പുറമേ ചിരിക്കുന്നവരുടെ, മാതാപിതാക്കളുടെ അമിതപ്രതീക്ഷകളുടെ ഭാരം ചുമക്കേണ്ടി വരുന്ന നിരവധികുട്ടികളുടെ..