ഥയിലെ നായികമാര്‍ എന്ന എന്റെ കോളത്തില്‍ ഇക്കുറി ഞാന്‍ കുറിക്കുന്നത് മലയാളസിനിമയുടെ തിലകക്കുറിയും നമ്മുടെയെല്ലാം പ്രിയപ്പെട്ട അഭിനേത്രിയുമായ ഷീലയെക്കുറിച്ചാണ്. മലയാള സിനിമയുടെ കൗമാരകാലത്ത് തമിഴ്സിനിമയുടെ ചൂടുംചൂരുമേറ്റ് മദ്രാസ് കോടമ്പാക്കത്തെ സ്റ്റുഡിയോകളില്‍ അഭിനയിച്ചുകൊണ്ടിരുന്ന നായികമാരുടെ അതിനാടകീയമായ നടനഗോഷ്ടികളും തമിഴ് ചുവയുള്ള സംഭാഷണങ്ങളും കേട്ട് നെറ്റിചുളിച്ചിരുന്ന മലയാളിപ്രേക്ഷകരിലേക്ക് ഒരു കുളിര്‍കാറ്റുപോലെ മലയാളിത്തമുള്ള മുഖശ്രീയും വശ്യസൗന്ദര്യവുമായി കടന്നുവന്ന് വെള്ളിത്തിരയെ വിസ്മയിപ്പിച്ച അനുഗ്രഹീതയായ നായികാസ്വരൂപമായിരുന്നു ഷീല.

To advertise here,

1962-ല്‍ പി. ഭാസ്‌കരന്‍ സംവിധാനംചെയ്ത 'ഭാഗ്യജാതക'ത്തില്‍ സത്യന്റെ നായികയായിട്ടാണ് ഷീല സിനിമയില്‍ അരങ്ങേറ്റംകുറിക്കുന്നത്. ആദ്യചിത്രംതന്നെ വന്‍ വിജയമായി മാറിയതോടെ മലയാള സിനിമ ഷീല എന്ന ഭാഗ്യതാരത്തിന് ചുറ്റും വലംവയ്ക്കുകയായിരുന്നു.

ഷീലയുടെ വരവോടെയാണ് മലയാളത്തിലെ മികച്ച സാഹിത്യസൃഷ്ടികള്‍ ചലച്ചിത്രമാക്കാനുള്ള ആലോചനകളുമായി പല സംവിധായകരും നിര്‍മാതാക്കളും വരാന്‍തുടങ്ങിയത്. ചെമ്മീനിലെ കറുത്തമ്മ, ഒരു പെണ്ണിന്റെ കഥയിലെ ഗായത്രീദേവി, കള്ളിച്ചെല്ലമ്മയിലെ ചെല്ലമ്മ, അനുഭവങ്ങള്‍ പാളിച്ചകളിലെ ഭവാനി, ശരപഞ്ജരത്തിലെ സൗമിനി, ഈറ്റയിലെ അന്നാമ്മ, കാപാലികയിലെ അഭിസാരിക തുടങ്ങിയ വേഷങ്ങള്‍ ഷീലയ്ക്കുമാത്രം അഭിനയിച്ചുഫലിപ്പിക്കാവുന്ന കഥാപാത്രങ്ങളാണ്. ഇനി ഞാനും ഷീലയുമായുള്ള സിനിമാ അനുഭവങ്ങളിലേക്ക് വരാം.

ഷീലയെ ഞാന്‍ ആദ്യമായി കാണുന്നത് 1973-ലാണ്. കൊല്ലത്തെ പ്രമുഖ വ്യവസായിയും മലയാളനാട് വാരികയുടെ പത്രാധിപരുമായിരുന്ന എസ്.കെ. നായര്‍ നിര്‍മിക്കുന്ന ചായത്തിന്റെ ലൊക്കേഷനില്‍ വെച്ചായിരുന്നു ആ കൂടിക്കാഴ്ച. അന്ന് എന്റെ കൂടെ ജോണ്‍പോളും സെബാസ്റ്റ്യന്‍പോളുമുണ്ട്. പി.എന്‍. മേനോനാണ് സംവിധായകന്‍. എസ്.കെ. നായരുടെ ഒരു അകന്ന ബന്ധുവും കഥാകാരനുമായ വി.എസ്. നായരുമായുള്ള സൗഹൃദത്തിന്റെപേരിലാണ് ഞങ്ങള്‍ ചായത്തിന്റെ ലൊക്കേഷനില്‍ എത്തിയിരിക്കുന്നത്. ഷീലയാണ് ചായത്തിലെ നായികയെന്ന് കേട്ടപ്പോള്‍ അവരുടെ ഒരു എക്സ്‌ക്ലൂസീവ് അഭിമുഖം എടുക്കണമെന്നുള്ള ഉദ്ദേശ്യത്തോടെയാണ് ഞങ്ങള്‍ ചെന്നിരിക്കുന്നത്.

ഞങ്ങള്‍ ചെല്ലുമ്പോള്‍ ഒരു ചെറിയ വീടിനകത്ത് ഷീലയും നടന്‍ പി.കെ. എബ്രഹാമുമായുള്ള ഒരു സീന്‍ എടുത്തുകൊണ്ടിരിക്കുകയാണ് മേനോന്‍. ആ സീന്‍ എടുത്തുകഴിഞ്ഞപ്പോള്‍ മേനോന്‍ ഉച്ചഭക്ഷണത്തിനുള്ള ബ്രേക്ക് പറഞ്ഞു. അപ്പോഴാണ് ഷീല വീടിനകത്തുനിന്ന് പുറത്തേക്ക് വന്നത്. വി.എസ്. നായരാണ് ഞങ്ങളെ പരിചയപ്പെടുത്തിയത്. ഞങ്ങള്‍ ലൊക്കേഷന്‍ കവര്‍ചെയ്യാന്‍ വരുന്നുണ്ടെന്നും ഷീലയുടെ അഭിമുഖത്തിന്റെ കാര്യവുമൊക്കെ നായര്‍ തലേന്നുതന്നെ പറഞ്ഞിരുന്നതുകൊണ്ട് വശ്യമായ ഒരു ചിരിയോടെ ഞങ്ങളെ നോക്കിയിട്ട് അവര്‍ ചോദിച്ചു.

''ഇപ്പോള്‍ ചിത്രപൗര്‍ണമി നിങ്ങളാണോ നടത്തുന്നത്''? ''അതെ. രാമചന്ദ്രനില്‍നിന്ന് ഞങ്ങള്‍ വാങ്ങിയതാണ്.'' ഞാന്‍ പറഞ്ഞു. ''എന്നാല്‍ സമയം കളയണ്ടാ. നമുക്ക് തുടങ്ങാം.'' ഞങ്ങള്‍ ഷീലയുടെ അടുത്തുണ്ടായിരുന്ന കസേരകളിലായി ഇരുന്നു. ''നിങ്ങള്‍ക്ക് എന്താണ് അറിയേണ്ടത്? എന്റെ സ്വകാര്യതകളിലേക്ക് കയറി ആവശ്യമില്ലാത്ത ചോദ്യങ്ങളൊന്നും പാടില്ല. എന്റെ സിനിമയെക്കുറിച്ചോ കഥാപാത്രങ്ങളെക്കുറിച്ചോ എന്തുവേണമെങ്കിലും ചോദിക്കാം. എനിക്കറിയാവുന്ന കാര്യങ്ങള്‍ ഞാന്‍ പറയാം.''

അവരുടെ ശബ്ദത്തിന് ചെമ്മീനിലെ കറുത്തമ്മയുടെ സ്വരമായിരുന്നു. ഞങ്ങള്‍ ചില കുനുഷ്ട് ചോദ്യങ്ങളും മനസ്സില്‍ കുറിച്ചുവെച്ചിരുന്നെങ്കിലും അത് നടക്കില്ലെന്ന് ബോധ്യമായി. ഞങ്ങള്‍ മൂവരുടെയും ചോദ്യങ്ങള്‍ക്ക് പൊടുന്നനെ ഉത്തരം പറയാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെങ്കിലും ഒന്നും മൗനത്തില്‍ പൊതിഞ്ഞുവയ്ക്കാതെ മറുപടി നല്‍കിക്കൊണ്ടിരുന്നു.

അഭിമുഖം കഴിഞ്ഞപ്പോള്‍ ആദ്യകാഴ്ചയിലുണ്ടായിരുന്ന അകല്‍ച്ചയുടെ ദൂരം വളരെ കുറഞ്ഞുവരുന്നതുപോലെ എനിക്ക് തോന്നി. അപ്പോഴാണ് എന്റെ മനസ്സില്‍ പെട്ടെന്ന് ഒരു ആശയം പൊട്ടിമുളച്ചത്. ഷീലയുടെ, എന്റെ ഇഷ്ടസിനിമകളും ഇഷ്ടസംവിധായകരും എന്ന പുതിയൊരു പംക്തി ചിത്രപൗര്‍ണമിയില്‍ തുടങ്ങിയാലോ? എന്റെ ആശയം ഞാന്‍ ജോണിനോടും സെബാസ്റ്റ്യനോടും പറഞ്ഞപ്പോള്‍ അവരും എന്നോട് ചേര്‍ന്നുനിന്നു. ഞാനാണ് തുടക്കമിട്ടത്, 

''ഞങ്ങള്‍ക്ക് ഒരു സജഷനുണ്ട്'' ''എന്താണ്?'' ''ഞങ്ങള്‍ ചിത്രപൗര്‍ണമിയില്‍ പുതിയൊരു പംക്തി തുടങ്ങുന്നുണ്ട്. ഞാനും എന്റെ സംവിധായകരും എന്നാണ് പംക്തിക്ക് പേരിട്ടിരിക്കുന്നത്. ആദ്യം ഷീലാമ്മയില്‍നിന്ന് തുടങ്ങണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.'' അത് കേട്ടപ്പോള്‍ നിഷ്‌കളങ്കമായ ഒരു ചിരിയോടെ അവര്‍ പറഞ്ഞു ''അതെയോ? അതിന് എനിക്ക് എഴുതാനുള്ള കഴിവൊന്നുമില്ല.

നിങ്ങള്‍ ആദ്യം വേറെ ആരുടെയെങ്കിലും എടുക്ക്. അതിനുശേഷം നമുക്ക് തുടങ്ങാം. അവര്‍ ഒഴിഞ്ഞുമാറാന്‍ നോക്കിയതാണെന്ന് മനസ്സിലായപ്പോള്‍ ഞങ്ങള്‍ മൂവരും അവരെ വിടാതെ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരുന്നപ്പോഴാണ് വി.എസ്. നായര്‍ അങ്ങോട്ട് വന്നത്. അദ്ദേഹവുംകൂടി പറഞ്ഞപ്പോള്‍ അവര്‍ മനസ്സില്ലാമനസ്സോടെ സമ്മതം മൂളി. ''ഏതായാലും നിങ്ങളുടെ ആഗ്രഹമല്ലേ? അടുത്തമാസം ഞാന്‍ എറണാകുളത്ത് വരുന്നുണ്ട്. നിങ്ങളുടെ ഫോണ്‍ നമ്പര്‍ തന്നാല്‍ ഞാന്‍ വരുമ്പോള്‍ വിളിക്കാം.''

അവര്‍ ഞങ്ങളുടെ ഫോണ്‍ നമ്പര്‍ വാങ്ങിവെച്ചു. ഉച്ചകഴിഞ്ഞ് പി.എന്‍. മേനോന്‍, നടന്‍ സുധീര്‍, ചെമ്പരത്തി ശോഭന തുടങ്ങിയവരുടെ അഭിമുഖങ്ങളും ലൊക്കേഷന്‍ വാര്‍ത്തകളുമൊക്കെ എടുത്തശേഷം വൈകുന്നേരത്തോടെ ഞങ്ങള്‍ എറണാകുളത്തേക്ക് പോയി. ഒരുമാസം വൈകിയാണെങ്കിലും ഷീല പറഞ്ഞതുപോലെ വാക്കുപാലിച്ചു. എറണാകുളത്ത് വരുന്നതിന്റെ തലേന്നുതന്നെ ആരോ ഞങ്ങളുടെ ഓഫീസില്‍ വിളിച്ചുപറഞ്ഞു, -നാളെ എറണാകുളത്തെ ദ്വാരകാ ഹോട്ടലില്‍ ഷീലാമ്മ ഉണ്ടാകുമത്രേ!

പറഞ്ഞതുപോലെ പിറ്റേന്ന് രാവിലെ പതിനൊന്നുമണിയോടെ ഞാനും ജോണ്‍പോളും കൂടി ഷീല താമസിക്കുന്ന എം.ജി. റോഡിലുള്ള ദ്വാരകാ ഹോട്ടലിലെത്തി. അന്ന് കൈക്കുഞ്ഞായിരുന്ന മകന്‍ വിഷ്ണുവിനെയും മടിയില്‍വെച്ചുകൊണ്ടാണ്, ആദ്യചിത്രമായ ഭാഗ്യജാതകത്തിലൂടെ തനിക്ക് മഹാഭാഗ്യം സമ്മാനിച്ച സംവിധായകന്‍ പി. ഭാസ്‌കരന്‍മാഷിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് തുടക്കമിട്ടത്. സംവിധായകന്‍ വിന്‍സന്റ്മാഷിന്റെ ഓര്‍മ്മവിശേഷങ്ങള്‍ പറഞ്ഞുകഴിഞ്ഞപ്പോഴാണ് കുഞ്ഞുചിരിയും കുസൃതികളുമായിരുന്ന വിഷ്ണു, കരയാന്‍ തുടങ്ങിയത്.

ഷീല കുഞ്ഞിന്റെ കരച്ചില്‍ അടക്കാന്‍ നോക്കിയെങ്കിലും ഒരു ശമനവുമുണ്ടായില്ല. ''ഇന്നിനി നമ്മുടെ ഓര്‍മ്മക്കുറിപ്പുകള്‍ നടക്കുമെന്ന് തോന്നുന്നില്ല. ഞാനിവനെ ഒന്നുറക്കട്ടെ. ഞങ്ങള്‍ അടുത്തമാസം എപ്പോഴെങ്കിലും മദ്രാസില്‍ വരുമ്പോള്‍ വീട്ടില്‍ വന്നാല്‍ മതി. ബാക്കി സംവിധായകരെക്കുറിച്ച് നമുക്ക് അപ്പോള്‍ എടുക്കാം.'' അവർ പറഞ്ഞു.

1978 ആയപ്പോഴേക്കും ഞാനും സിനിമ എന്ന മായികലോകത്തേക്ക് കടന്നുവന്നു. എണ്‍പത് കാലഘട്ടമായപ്പോള്‍ ഷീല പല കാരണങ്ങള്‍കൊണ്ടും അഭിനയം വളരെ കുറച്ചിരുന്നു. പിന്നീട് ജോണ്‍പോളും ഞാനുംകൂടി ചേര്‍ന്നെഴുതിയ അകലങ്ങളില്‍ അഭയത്തില്‍ മാത്രമേ ഷീലയെ ഞങ്ങള്‍ക്ക് അഭിനയിപ്പിക്കാനായുള്ളൂ. മധുസാറിന്റെ ഭാര്യയായി ഷീലയും കാമുകിയായി ശാരദയുമാണ് അതില്‍ അഭിനയിച്ചത്. എന്റെ തിരക്കഥയില്‍ അവരെ അഭിനയിപ്പിക്കണമെന്നുള്ള ഒരു മോഹം അപ്പോഴും മനസ്സില്‍ ബാക്കിനിന്നിരുന്നു.

ഈ കാലഘട്ടത്തിലാണ് സംവിധായകന്‍ ഭരതന്റെ സിനിമചെയ്യാനുള്ള ഒരു അവസരം എനിക്ക് വന്നുചേരുന്നത്. ഞങ്ങള്‍ ഒരുമിച്ച് സിനിമകളൊന്നും ചെയ്തിട്ടില്ലെങ്കിലും മദ്രാസ് വുഡ്ലാന്‍ഡ്സ് ഹോട്ടലില്‍വെച്ച് ഭരതനും ജോണ്‍പോളും കൂടിയുള്ള ഡിസ്‌കഷനില്‍ ഇടയ്ക്ക് ഞാനും ചെന്നുകൂടാറുണ്ട്. ആ ഒരു ഇഴയടുപ്പത്തിന്റെ പേരിലാണെന്ന് തോന്നുന്നു ഒരുദിവസം ഭരതന്‍ എന്നോട് പറഞ്ഞു: ''നീ ഇങ്ങനെ കച്ചവടസിനിമയുമായി നടന്നോടാ. വല്ലപ്പോഴും കുടുംബസമേതവും പൈതൃകംപോലുള്ള നല്ല നിലവാരമുള്ള മധ്യവര്‍ത്തിസിനിമകളും ചെയ്യണം.''

''അങ്ങനെയുള്ള നിര്‍മാതാക്കളൊന്നും എന്നെത്തേടി വരാറില്ലല്ലോ? അവര്‍ക്കൊക്കെ ഒന്നുവെച്ചാല്‍ രണ്ടുകിട്ടുന്ന കൊമേഴ്സ്യല്‍ ചിത്രങ്ങള്‍ മതിയെന്നു പറഞ്ഞാല്‍ പിന്നെ ഞാനെന്ത് ചെയ്യാനാണ്?'' ''നിങ്ങളുടെ കൈയില്‍ നല്ലൊരു സബ്ജക്ടുണ്ടെങ്കില്‍ പറയൂ ഞാന്‍ എഴുതിത്തരാം.'' ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കി.

''എന്റെ കൈയില്‍ കഥയൊന്നുമില്ല, നീ നല്ല സാഹിത്യസൃഷ്ടികള്‍ വല്ലതും കിട്ടുമോ എന്ന് നോക്ക്. നീ നിര്‍മാതാവിനെ ഉണ്ടാക്കാനൊന്നും നില്‍ക്കണ്ടാ.'' ഭരതന്റെ പ്രത്യേകശൈലിയിലുള്ള സംസാരം എന്നില്‍ പ്രത്യാശ വളര്‍ത്തിയെങ്കിലും ഞാന്‍ പിന്നെയും കച്ചവടസിനിമയുടെ അമരക്കാരനായിതന്നെ നടന്നു.

ഒരു വര്‍ഷം കഴിഞ്ഞ് മദ്രാസില്‍വെച്ച് ഭരതനെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ''എടാ നീ ഇനി കഥയൊന്നും അന്വേഷിച്ച് ബുദ്ധിമുട്ടണ്ട. എസ്.കെ. പൊറ്റെക്കാട്ടിന്റെ ഒട്ടകം എന്നൊരു നോവലുണ്ട്. നമുക്കത് സിനിമയാക്കാം.'' അതുകേട്ടപ്പോള്‍ എനിക്ക് വലിയ സന്തോഷമായി. തിരുവല്ല ബാബുവായിരുന്നു അതിന്റെ നിര്‍മാതാവ്.

ഒരുമാസം കഴിഞ്ഞാണ് ഒട്ടകത്തിന്റെ ചര്‍ച്ച നടന്നത്. ഭരതന്റെ വടക്കാഞ്ചേരിയിലുള്ള തറവാട്ടില്‍വെച്ചായിരുന്നു ചര്‍ച്ച. നിര്‍മാതാവായ തിരുവല്ല ബാബുവുമുണ്ടായിരുന്നു. സുരേഷ് ഗോപിയെ നായകനായും ഒരു പുതുമുഖതാരത്തെ നായികയാക്കാനും ഞങ്ങള്‍ തീരുമാനിച്ചു. ഇതില്‍ മറ്റൊരു ശക്തമായ സ്ത്രീകഥാപാത്രമുണ്ടായിരുന്നു. ഏകദേശം മുപ്പത്തഞ്ചുവയസ്സ് പ്രായം തോന്നിക്കുന്ന, അല്പം മാദകഭംഗിയുള്ള ആ കഥാപാത്രം ആരെക്കൊണ്ട് ചെയ്യിക്കണമെന്നുള്ള ചര്‍ച്ചവന്നപ്പോള്‍ എന്റെ മനസ്സില്‍ പെട്ടെന്ന് കയറിവന്നത് ഷീലയുടെ മുഖമാണ്.

ഞാന്‍ ഭരതനോട് ഷീലയെക്കുറിച്ചും ഷീലാ മാഹാത്മ്യത്തെക്കുറിച്ചും പറഞ്ഞപ്പോള്‍ ഭരതന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: ''കൊള്ളാമല്ലോടാ നിന്റെ സജഷന്‍. നമുക്ക് ഷീലയെ ഇടാം. അവര് വരുമോന്ന് ചോദിച്ചുനോക്കാം.'' രണ്ടുദിവസത്തെ ചര്‍ച്ച കഴിഞ്ഞ് ഒരു ഭരതന്‍-കലൂര്‍ ഡെന്നിസ്-ഷീല ചിത്രം സാക്ഷാത്കരിക്കുമെന്നുള്ള വലിയ പ്രതീക്ഷയുമായാണ് ഞാന്‍ എറണാകുളത്തേക്ക് പോന്നത്.

എന്റെ മറ്റ് തിരക്കഥകളുടെ തിരക്കിനിടയിലും സമയം കണ്ടെത്തി ഒട്ടകത്തിന്റെ പുതിയൊരു തിരക്കഥാപരിചരണരീതിയെക്കുറിച്ചൊക്കെ ചിന്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രിയ സുഹൃത്ത് പെട്ടെന്ന് കഥാവശേഷനായെന്ന ദുഃഖവാര്‍ത്ത ഞാന്‍ കേള്‍ക്കുന്നത്. നമ്മള്‍ ആഗ്രഹിക്കുന്നതെല്ലാം സാക്ഷാത്കരിക്കാനാകുമെങ്കില്‍ പിന്നെ ദൈവത്തിന്റെ ആവശ്യമില്ലല്ലോ എന്ന് സ്വയം സമാധാനിക്കുകയായിരുന്നു ഞാന്‍.

പിന്നീട് ഒത്തിരിവര്‍ഷങ്ങള്‍ക്കുശേഷം എറണാകുളത്തുവെച്ചാണ് ഞാന്‍ ഷീലയെ വീണ്ടും കാണുന്നത്. പണ്ട് ഞാനും ജോണ്‍പോളുംകൂടി ദ്വാരകാ ഹോട്ടലില്‍ ഷീലയെ കാണാന്‍ പോയപ്പോള്‍ കൈക്കുഞ്ഞായിരുന്ന വിഷ്ണുവിന്റെ വിവാഹദിവസമായിരുന്നു അത്. വധുവിനോടൊപ്പം സുസ്‌മേരവദനനായി നില്‍ക്കുന്ന വിഷ്ണു എന്നില്‍ വിസ്മയം ജനിപ്പിക്കുകയായിരുന്നു.

(തുടരും)

അടുത്തത്: ശാരദ

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi