അമേരിക്കൻ സൈക്കോളജിക്കൽ ത്രില്ലറായ 'ദ ഹൗസ്‌മെയ്ഡ്', സ്‌പോർട്‌സ് ഡ്രാമയായ 'ക്രിസ്റ്റി' എന്നിവ ഈ വർഷം അവസാനമാണ് റിലീസാവുക. ഈ രണ്ട് സിനിമകളിലും പ്രധാനതാരമാവുന്നത് സിഡ്‌നി സ്വീനി എന്ന അമേരിക്കൻ നടിയാണ്. ഇതിനിടെ സിഡ്‌നിയെക്കുറിച്ചുള്ള മറ്റൊരു വാർത്തയാണ് ചർച്ചയാവുന്നത്.

To advertise here,

ബോളിവുഡ് സിനിമയിൽ നായികയായി സിഡ്‌നിയെത്തുന്നുവെന്നതാണ് ആ വാർത്ത. അതിനായി 45 മില്യൺ പൗണ്ട് (ഏകദേശം 530 കോടി രൂപ) അവർക്ക് പ്രതിഫലമായി വാഗ്ദാനം ചെയ്തുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയായിരിക്കുമതെന്നും പറയപ്പെടുന്നു. 'ദ സൺ' പത്രത്തിലാണ് ഇത് സംബന്ധിച്ച വാർത്തകൾ വന്നത്. ഒരു പ്രൊഡക്ഷൻ കമ്പനിയാണ് അവരെ സമീപിച്ചതെന്നും 'ദ സൺ' റിപ്പോർട്ട് ചെയ്യുന്നു.

സിഡ്‌നിയുടെ ആഗോളപ്രശസ്തി സിനിമയ്ക്കും ഗുണകരമാകുമെന്നാണത്രെ നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്. അങ്ങനെ സിനിമ അന്താരാഷ്ട്രതലത്തിൽ ചർച്ച ചെയ്യപ്പെടുമെന്നും അവർ വിശ്വസിക്കുന്നു. യുവ അമേരിക്കൻ താരവുമായി പ്രണയത്തിലാവുന്ന ഒരിന്ത്യൻ സെലിബ്രിറ്റിയുടെ കഥയായിരിക്കും സിനിമ പറയുന്നത്. അടുത്ത വർഷം ആദ്യമായിരിക്കും ഷൂട്ടിങ് തുടങ്ങുക. ന്യൂയോർക്ക്, പാരീസ്, ലണ്ടൻ, ദുബായ് എന്നിവിടങ്ങളിലായിരിക്കും ഷൂട്ടിങ്.

''സിഡ്‌നിയും ഓഫർ കേട്ടപ്പോൾ ഞെട്ടിപ്പോയി. 45 മില്യൺ പൗണ്ട് അവിശ്വസനീയമായ ഒരു വലിയ തുകയാണ്. ഈ പ്രൊജക്ട് സിഡ്‌നിയുടെ ആഗോള പ്രശസ്തി ഉയർത്താൻ സഹായിക്കും'', സിഡ്‌നിയുമായി അടുപ്പമുള്ള വ്യക്തി പറയുന്നു. ''ഒന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല. പണത്തേക്കാൾ നല്ല റോൾ എന്നതിനാണ് അവർ പ്രാധാന്യം കൊടുക്കുന്നത്''. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികസ്ഥിരീകരണമൊന്നും വന്നിട്ടില്ല.

ഒട്ടേറെ ആരാധകരുള്ള താരമാണ് സിഡ്നി. ഏറ്റവുമൊടുവിൽ അവർ ശ്രദ്ധിക്കപ്പെട്ടത് താൻ കുളിക്കാനുപയോഗിച്ച വെള്ളം കൊണ്ട്, സോപ്പ് നിർമിച്ച് വിപണിയിലിറക്കിയപ്പോഴാണ്. ബാത്ത് ടബ്ബിലെ ബബിൾ ബാത്തിനുശേഷമുള്ള വെള്ളമാണ് ഈ ലിമിറ്റഡ് എഡിഷൻ സോപ്പിന്റെ നിർമാണത്തിന് ഉപയോഗിച്ചത്. ഡോ.സ്‌ക്വാച്ച് സോപ്പുമായി സഹകരിച്ചാണ് ഇതിന്റെ ഡിസൈനും നിർമാണവും. 'സിഡ്നിസ് ബാത്ത് വാട്ടർ ബ്ലിസ്' എന്നാണതിന് പേര്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi