ഇരുഭാഗത്തും ആകാശംമുട്ടെ വളര്‍ന്ന് ഇടതൂര്‍ന്ന് നില്‍ക്കുന്ന കാട്, അതിന് ഒത്തനടുവിലൂടെ വളഞ്ഞുപുളഞ്ഞുപോകുന്ന കാനനപ്പാത, പകലിന് മുകളില്‍ ഇവിടെ രാത്രിയുടെ കരിമ്പടം പുതച്ചാല്‍ ജീവനില്‍ കൊതിയുള്ള മനുഷ്യര്‍ ഈ വഴിയെ ചലിക്കാന്‍ ഭയപ്പെടും, കേരളത്തിലെ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന 'സുമതി വളവ്' എന്ന സിനിമയ്ക്ക് പിന്നില്‍ ചില യഥാര്‍ഥ സംഭവങ്ങളുടെ പശ്ചാത്തലമുണ്ട്. സിനിമയുടെ പേരില്‍ സൂചിപ്പിക്കുന്ന ' സുമതി വളവ്' അനേകം വര്‍ഷങ്ങളായി ഒരുപാട് പേരുടെ ഉറക്കംകെടുത്തുന്ന കേരളത്തിലെ ഒരുസ്ഥലമാണ്.

To advertise here,

തിരുവനന്തപുരം നഗരത്തില്‍ നിന്ന് 32 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന പാലോട് എന്ന ഗ്രാമത്തിനപ്പുറമാണ് ഈ സുമതി വളവ്. പാലോട് നിന്ന് കല്ലറയിലേക്ക് പോകുന്ന വഴി 4.7 കി.മീറ്റര്‍ സഞ്ചരിച്ചാല്‍ സുമതി വളവിലെത്താം. ഈ പ്രദേശത്താകെ ഞെട്ടിച്ച ഒരുകൊലപാതകവും തുടര്‍ന്നുണ്ടായ പല സംഭവങ്ങളുമാണ് ഇന്നും സുമതി വളവിന് മുകളില്‍ ഭീതിയുടെ നിഴല്‍ പരത്തുന്നത്. 72 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗര്‍ഭിണിയായ ഒരുയുവതിയെ ഇവിടെവച്ച് ക്രൂരമായി കൊലപ്പെടുത്തിയ സംഭവമാണ് ഈ നിഗൂഡതയ്ക്ക് പിന്നില്‍.

ചതിയില്‍ മരിച്ച സുമതി
കാരേറ്റിലെ സമ്പന്നകുടുംബാംഗമായിരുന്നു രത്‌നാകരന്‍ എന്ന യുവാവ്. ഇയാളുടെ തോട്ടത്തിന് സമീപം താമസിച്ചിരുന്ന സുന്ദരിയായ യുവതിയായിരുന്നു സുമതി. വാമനപുരം ചന്തയിലാണ് സുമതിയുടെ അമ്മ ജോലിചെയ്തിരുന്നത്. സുമതിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ രത്‌നാകരന്‍ പ്രണയാഭ്യര്‍ഥന നടത്തി. എന്നാല്‍ സമ്പന്ന കുടുംബാംഗമായ രത്‌നാകരന്റെ കുടും ബക്കാര്‍,  തങ്ങളുടെ പ്രണയം ഒരിക്കലും അംഗീകരിക്കില്ലെന്ന്‌ അറിയാവുന്ന സുമതി ആദ്യം ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്. എന്ത് പ്രതിസന്ധി നേരിട്ടാലും വിവാഹം ചെയ്യുമെന്ന രത്‌നാകരന്റെ ഉറപ്പില്‍ സുമതി പ്രണയത്തിന് സമ്മതംമൂളി.

മെല്ലെ ഇവരുടെ പ്രണയവിവരം രത്‌നാകരന്റെ കുടുംബത്തില്‍ അറിയുകയും അയാളോട് ഒരിക്കലും വിവാഹം നടത്തിത്തരില്ലെന്നും പിന്മാറണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെ സുമതി ഗര്‍ഭിണിയാകുകയും എത്രയും പെട്ടെന്ന് തന്നെ വിവാഹം ചെയ്യണമെന്ന് രത്‌നാകരനോട് ആവശ്യപ്പെടുകയും ചെയ്തു. വിവാഹം ചെയ്യാത്ത പെണ്ണിന്റെ ഗര്‍ഭം പരസ്യമായാല്‍ തനിക്കും കുടുംബത്തിനുമുണ്ടാക്കുന്ന മാനഹാനിയെ കുറിച്ച് സുമതി രത്‌നാകരനോട് ആവര്‍ത്തിച്ച് പറഞ്ഞു. എന്നാല്‍ സമ്പന്നരായ വീട്ടുകാരുടെ സമ്മതമില്ലാതെ സുമതിയെ വിവാഹം ചെയ്യാന്‍ രത്‌നാകരന് താല്‍പര്യമില്ലായിരുന്നു. അതിനാല്‍ സുമതിയുമായുള്ള ബന്ധം മെല്ലെ ഒഴിവാക്കാനായിരുന്നു രത്‌നാകരന്റെ പദ്ധതി. സുമതി ഗര്‍ഭിണിയായതോടെ പ്രശ്‌നം ഗുരുതരമാകുമെന്ന് രത്‌നാകരന് മനസ്സിലാകുന്നു.

അങ്ങനെയാണ് ഗര്‍ഭിണിയായ സുമതിയെ കൊലപ്പെടുത്താന്‍ രത്‌നാകരന്‍ തീരുമാനിക്കുന്നത്. ആത്മാര്‍ഥ സുഹൃത്തായ രവീന്ദ്രന്റെ സഹായത്താല്‍ സുമതിയെ കൊല്ലാന്‍ ഒരുപദ്ധതി തയ്യാറാക്കി. രാത്രി സമയത്ത് മൈലമൂട് വനപ്രദേശത്ത് എത്തിച്ച് സുമതിയെ കൊന്ന് കുഴിച്ചുമൂടാം എന്നതായിരുന്നു ഇവരുടെ പദ്ധതി. ഇതിനായി പാങ്ങോട്ട് മതിര ദേവി ക്ഷേത്രത്തിലെ ഉത്സവരാത്രിയാണ് ഇവര്‍ തെരഞ്ഞെടുത്തത്. ഒന്നിച്ച് ഉത്സവം കാണാന്‍ പോകാമെന്ന് പറഞ്ഞ് സുമതിയെ നിര്‍ബന്ധിച്ച് സമ്മതിപ്പിക്കുകയായിരുന്നു ആദ്യഘട്ടം. പിന്നീട് രത്‌നാകരനും സുഹൃത്തും കാറുമായി വന്ന് സുമതിയെയും കൂട്ടി ഉത്സവത്തിന് പുറപ്പെടുന്നു. മൈലമൂട് ഫോറസ്റ്റ് ഓഫീസ് കഴിഞ്ഞപ്പോള്‍ കാര്‍ നിര്‍ത്തുകയും കാട്ടുവഴിയിലൂടെ ക്ഷേത്രത്തിലേക്ക് എളുപ്പമെത്താമെന്ന് രത്‌നാകരന്‍ സുമതിയോട് പറയുകയും ചെയ്തു. സുമതിവളവിന്റെ ഭാഗത്ത് വച്ച് ഇരുവരും ചേർന്ന്‌ ഗര്‍ഭിണിയായ സുമതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പിറ്റേന്ന് വിറക് ഒടിക്കാനായി കാട്ടിനുള്ളില്‍ കയറിവരാണ് കൊലപാതകത്തെ പറ്റി പുറംലോകത്തെ അറിയിക്കുന്നത്. പൊലീസ് അന്വേഷണത്തില്‍ രത്‌നാകരനെയും രവീന്ദ്രനെയും അറസ്റ്റ് ചെയ്യുകയും ഇരുവര്‍ക്ക് 12 വര്‍ഷം തടവ് ശിക്ഷ ലഭിക്കുകയും ചെയ്തു.

 

വളവില്‍ നിന്ന് ആത്മാവ്
കൊല്ലപ്പെടുമ്പോള്‍ 20-ന് അടുത്തു മാത്രമായിരുന്നത്രേ സുമതിക്ക് പ്രായം. ഗര്‍ഭിണിയായ സ്ത്രീ ക്രൂരമായി കൊല്ലപ്പെടുമ്പോള്‍ പിന്നീട് പ്രതികാരദാഹിയായ യക്ഷിയായി മാറും, പൊടിപ്പും തൊങ്ങലും വെച്ച് ഇത്തരം കഥകളില്‍ നിന്ന് സുമതിയെ കൊന്ന വളവ് പിന്നീട് പ്രേത ഇടമായി നിറഞ്ഞു നിന്നു. പാലോട് റിസര്‍വ് ഫോറസ്റ്റിനോട് ചേര്‍ന്നുള്ള ഈ മേഖലയിലൂടെ യാത്ര ചെയ്യുമ്പോഴാണ് സുമതിയെ കൊന്ന എസ് വളവുള്ളത്. രാത്രികാലങ്ങളില്‍ ഇതുവഴി യാത്രചെയ്യുന്നവര്‍ ഈ വളവിലെത്തുമ്പോള്‍ ഒരു സ്ത്രീരൂപത്തെ കണ്ടതായി പറയപ്പെടുന്നുണ്ട്. ഇങ്ങനെ പലതരം കഥകളാണ് നാട്ടുകാര്‍ക്കിടയില്‍ പ്രചരിക്കുന്നത്. ചില വാഹനങ്ങള്‍ ഇവിടെയെത്തുമ്പോള്‍ എന്‍ജിന്‍ ഓഫ് ആയി നിന്നു പോകാറുണ്ട്.

ഈ വളവ് കടക്കാന്‍ സുമതി ആരെയും അനുവദിക്കില്ല എന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാല്‍ ചെറിയ കയറ്റവും വളവും ഒന്നിച്ച് വരുന്നതിനാല്‍ പലരും ഗിയര്‍ മാറ്റാന്‍ വിട്ടുപോകുമ്പോഴാണ് വാഹനം ഓഫാകുന്നതെന്ന വാദവുമുണ്ട്. അതേസമയം സാമൂഹികവിരുദ്ധരായ ഒരു കൂട്ടം ആള്‍ക്കാരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെ പേരില്‍ നടക്കുന്ന കൊള്ളരുതായ്മകളാണ് പൊടിപ്പും തൊങ്ങലും വെച്ച പ്രേതകഥകള്‍ക്ക് പിന്നില്‍ എന്ന് വാദിക്കുന്നുമുണ്ട്. ഇത് മറയാക്കി മോഷണം നടത്തിയ വിരുതന്മാരും നിരവധിയാണ്.

സിനിമ ഇറങ്ങിയതോടെ വീണ്ടും സുമതി വളവും സുമതി കൊലക്കേസും വാര്‍ത്തകളില്‍ നിറയുകയാണ്. എന്നാല്‍ സിനിമയില്‍ സുമതി വളവിനെയും കഥാപാത്രത്തെയും പ്രചോദനമായി എടുത്തു എന്നതല്ലാതെ തീര്‍ത്തും വ്യത്യസ്തമായ ഒരുകഥയാണ് അവതരിപ്പിച്ചിരിക്കുന്നത്. സിനിമയില്‍ സുമതിയുടെ കൊലപാതകത്തെ കുറിച്ച് പറയുന്നതും മറ്റൊരു കഥയാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi