നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധിയിൽ വലിയൊരു വിഭാഗം സിനിമാപ്രവർത്തകർക്ക് നേരത്തേ അതൃപ്തിയുണ്ടായിരുന്നു. പക്ഷേ, കഴിഞ്ഞദിവസം അതിജീവിത തന്നെ കോടതിയിൽ വിശ്വാസമില്ലെന്ന് പറഞ്ഞ് പരസ്യമായി രംഗത്തെത്തിയതോടെ കാര്യങ്ങളുടെ സ്വഭാവം മാറി. ഇത് മറ്റുള്ളവരും ഏറ്റെടുത്തതോടെ വലിയൊരു പ്രതിഷേധമാവുകയായിരുന്നു.
ഒന്നാംപ്രതി തന്റെ പേഴ്സണൽ ഡ്രൈവർ ആയിരുന്നു എന്ന് ആളുകൾ പറഞ്ഞു നടക്കുന്നത് തികച്ചും യാഥാർഥ്യവിരുദ്ധമാണെന്ന് സാക്ഷ്യപ്പെടുത്താനാണ് അതിജീവിത ആദ്യം മിനക്കെട്ടത്. 2016-ൽ ജോലി ചെയ്ത സിനിമയ്ക്കുവേണ്ടി പ്രൊഡക്ഷനിൽ നിന്ന് നിയോഗിക്കപ്പെട്ട ഒരാൾ മാത്രമാണ് അയാളെന്നും ക്രൈം നടക്കുന്നതിനു മുമ്പ് ഒന്നോ രണ്ടോ തവണ മാത്രമാണ് അയാളെ കണ്ടിട്ടുള്ളതെന്നും നടി വ്യക്തമാക്കി. പിന്നെ ശിക്ഷാവിധിയിൽ അവിശ്വാസം തോന്നാനുള്ള കാരണങ്ങളും നടി നിരത്തി.
ഇതിനു പിന്നാലെ കുറ്റം ചെയ്യിപ്പിച്ചവർ ഇപ്പോഴും പകൽവെളിച്ചത്തിൽ നടക്കുന്നുണ്ടെന്ന മഞ്ജു വാര്യരുടെ പോസ്റ്റ് കൂടി വന്നപ്പോൾ പ്രതിഷേധങ്ങൾ കടുത്തു. വിചാരണക്കോടതിയുടെ വിധിയോട് ആദരവുണ്ടെങ്കിലും നീതി പൂർണമായി നടപ്പായിട്ടില്ലെന്നാണ് മഞ്ജു വാരിയർ കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞത്. കേവലം കുറ്റം ചെയ്തവർ മാത്രം ശിക്ഷിക്കപ്പെട്ടാൽ പോരാ, ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും, അവർ പുറത്ത് പകൽ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണ്ണമാവുകയുള്ളൂ. ഇതിന് പിന്നിൽ പ്രവർത്തിച്ച ഗൂഢാലോചന പുറത്ത് വരണമെന്നും അവർ ആവശ്യപ്പെട്ടു.
മഞ്ജു വാരിയരെ കൂടാതെ നടൻ പൃഥ്വിരാജ് സുകുമാരനും അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. അതിജീവിത പങ്കുവച്ച കുറിപ്പ് പൃഥ്വിരാജ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. വനിതാ ചലച്ചിത്ര പ്രവർത്തകരിൽ നടി പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, രമ്യാ നമ്പീശൻ, അഹാന കൃഷ്ണ, ഷഫ്‌ന, ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി, പ്രൊഡ്യൂസർ സുപ്രിയ മേനോൻ, സയനോര ഫിലിപ്പ്, ലീലാ സന്തോഷ്, ജുവൽ മേരി തുടങ്ങിയവർ അതിജീവിതയുടെ വാക്കുകൾ ഏറ്റെടുത്ത് ഐക്യദാർഢ്യം അറിയിച്ചു.
ഇതിനെല്ലാം പുറമെ, വലിയൊരു ശതമാനം സാധാരണക്കാർ അതിജീവിതയുടെ പോസ്റ്റ് സോഷ്യൽ മീഡിയാ പേജിൽ പങ്കുവെക്കുകയുണ്ടായി.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Prithviraj, Manju Warrier, Parvathy Thiruvoth, Supriya Menon & more show solidarity with survivor after court verdict. Learn more.
Published: 15 Dec 2025, 04:31 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented