
സ്വന്തം സ്‌റ്റൈലുകൊണ്ടും മാനറിസംകൊണ്ടും പ്രേക്ഷകരെ ഇത്രമേൽ ഇളക്കിമറിച്ച മറ്റൊരു തമിഴ് താരം ഇല്ല. രജനീകാന്ത് എന്ന സൂപ്പർതാരത്തെകുറിച്ചോർക്കുമ്പോൾ പഴയ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് കാലമാണ് മനസ്സിലേക്കെത്തുന്നത്. മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിൽ എന്റെ ഒരു വർഷം സീനിയറായിട്ടാണ് അദ്ദേഹം പഠിച്ചത്. അന്ന് ഞങ്ങൾക്ക് അയാൾ രജനിയല്ല, ശിവാജി, ശിവാജി റാവു ഗെയ്ഗ്വാദ് എന്ന കർണ്ണാടക വിദ്യാർത്ഥി.
ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള പ്രവേശനത്തിന്റെ ഭാഗമായി അഡ്മിഷൻ സമയത്ത് ഞങ്ങളോരോരുത്തരും സ്വന്തമായി അവതരിപ്പിച്ച ചില അഭിനയമുഹൂർത്തങ്ങൾ ഷൂട്ട് ചെയ്തിരുന്നു. പിന്നീട് ക്ലാസ്സ് തുടങ്ങിയവേളയിൽ അവയെല്ലാം കാമ്പസിലെ സ്‌ക്രീനിൽ എല്ലാവർക്കുമായി കാണിച്ചു. ഞാനഭിനയിച്ച രംഗം പ്രദർശിപ്പിച്ചുകഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ശിവാജി എന്ന എന്റെ സീനിയർ വിദ്യാർത്ഥി അടുത്തുവന്ന് തോളിൽതട്ടി അഭിനന്ദിച്ചു. ''നീങ്ക നന്നായി പണ്ണിയിറ്ക്ക്'' എന്നായിരുന്നു ആ വാചകം. അഭിനന്ദിച്ച ആളോടുള്ള സ്നേഹവും ബഹുമാനവും അന്നുതന്നെ എന്റെ മനസ്സിൽ ഇടം നേടി.
കാമ്പസിലെ വലിയ കണ്ണാടിക്കുമുന്നിൽനിന്ന് സിഗരറ്റ് മുകളിലേക്കെറിഞ്ഞ് ചുണ്ടിൽപിടിക്കുന്ന ശിവാജിയെ ഞാൻ പിന്നീട് പലതവണ കണ്ടു. പരിചയം ചെറിയതോതിലുള്ള സൗഹൃദത്തിന് വഴിമാറി. ആയിടയ്ക്കാണ് ക്ലാസ്സിലെ എന്റെ അടുത്തസുഹൃത്ത് ശങ്കരൻകുട്ടി ശിവാജിയിൽ നിന്ന് അഞ്ചുരൂപ കടം വാങ്ങിയത്. വാങ്ങിയ കാശ് തിരിച്ചുകൊടുക്കാതെ മുങ്ങിനടന്ന ശങ്കരൻകുട്ടിയെ കാണാൻ ശിവാജി പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീടൊരിക്കൽ ശിവാജി എന്നോട് ഈ കാര്യം പറഞ്ഞു. ചങ്ങാതിയോട് പണം തിരിച്ചുതരാൻ പറയണമെന്നും ആവശ്യപ്പെട്ടു. അന്ന് ഒരുവിധമെല്ലാവരുടേയും സ്ഥിതി അങ്ങനെയൊക്കെയായിരുന്നു. ഞാൻ ശങ്കരൻകുട്ടിയോടു ദേഷ്യപ്പെട്ടു. പണം തിരിച്ചുകൊടുപ്പിച്ചു.
ശിവാജിയെ തേടി മണിയോഡറുകൾ എത്തുന്നതിന് ഞങ്ങളെല്ലാം സാക്ഷികളായിരുന്നു. മാസത്തിൽ പലതവണ പോസ്റ്റ്മാൻ അദ്ദേഹത്തെ തേടിവരും. പോസ്റ്റുമാനേയും കൂട്ടി ശിവാജി കോളേജ് കെട്ടിടത്തിന് പുറകിലേക്ക് പോകും. ആദ്യമെല്ലാം അതെന്തിനാണെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. പിന്നീടാണ് മനസ്സിലായത് മണിയോഡർതുക ആരും കാണാതിരിക്കാനാണെന്ന്. പലപ്പോഴും ഒന്നും രണ്ടും രൂപയെല്ലാമായിരിക്കും മണിയോഡർ വരുന്നത്. കർണ്ണാടകയിലെ സുഹൃത്തുക്കളും ബസ്സ് ജീവനക്കാരുമെല്ലാമാകും അതയയ്ക്കുന്നത്. ശിവാജി വലിയൊരു നടനാകുമെന്ന് സ്വപ്നം കണ്ട ഒരുപാട് സുഹൃത്തുക്കൾ അദ്ദേഹത്തിനുണ്ടായിരുന്നു. അവരുമായെല്ലാം ഇപ്പോഴും ബന്ധം തുടരുന്നു. സ്വന്തം സിനിമകൾ കാണാൻ പഴയ സഹപാഠികളെ ക്ഷണിക്കാറുണ്ട്. സൂപ്പർതാരമായി മാറിയപ്പോഴും പണ്ട് സഹായിച്ചവരെയെല്ലാം തേടിപ്പിടിച്ച് കണ്ടെത്തി, അവരുടെ ജീവിതങ്ങൾ ഭദ്രമാണെന്ന് അദ്ദേഹം ഉറപ്പുവരുത്തി.
എത്രയെത്ര സംഭവങ്ങൾ വേണമെങ്കിലും ഉദാഹരണമായി നിരത്താം. ബസ്സ് കണ്ടക്ടറായി ജോലിചെയ്യുന്നതിനിടെ പരിചയപ്പെട്ട പെൺകുട്ടിയെപ്പറ്റിയും അവളോടുള്ള പ്രണയവും അവളുടെ നിർബന്ധവുംകാരണമാണ് താൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെത്തിയതെന്നുമുള്ള കഥ അദ്ദേഹമൊരിക്കൽ വിശദമായി നടൻ ദേവനോട് പറഞ്ഞിട്ടുണ്ട്. തന്നിലെ നടനെ കണ്ടെത്തി അഭിനയത്തിലേക്കും സിനിമയിലേക്കും തള്ളിവിട്ട ആ പെൺകുട്ടിയെ പിന്നീടൊരിക്കലും കണ്ടെത്താത്തതിലുള്ള വേദനയും രജനീകാന്ത് ആ സംസാരത്തിൽ ദേവനുമായി അന്ന് പങ്കുവച്ചിട്ടുണ്ട്.

ഞാൻ എഴുതി മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'കഥപറയുമ്പോൾ' സിനിമയുടെ തമിഴ് പതിപ്പിൽ രജനീകാന്താണ് അഭിനയിച്ചത്. അതിനായുള്ള ചർച്ചകൾക്കായി പിന്നീട് ഞങ്ങൾ കണ്ടുസംസാരിച്ചു. അദ്ദേഹത്തിന്റെ ചെന്നൈയിലെ വീട്ടിലും ഓഫീസിലുമെല്ലാം പോയിട്ടുണ്ട്. ഞാനും വിനീതും ധ്യാനും കൂടിയാണ് അദ്ദേഹത്തിന്റെ ലിബർട്ടി തിയേറ്ററിനടുത്തുള്ള ഓഫീസിൽ പോയത്.
ഒരുസമയത്ത് ഒരു സിനിമ മാത്രമേ ചെയ്യുകയുള്ളൂ എന്നു പറഞ്ഞ് 'കഥപറയുമ്പോഴി'ന്റെ തമിഴ് പതിപ്പിൽ നിന്ന് രജനി മാറാൻ ശ്രമിച്ചെങ്കിലും ഞാൻ നിർബന്ധിച്ച് അദ്ദേഹത്തെ ആ സിനിമയിലേക്ക് കൊണ്ടുവന്നു. 'കുസേലൻ' സിനിമയുടെ ചിത്രീകരണം കാണാൻ കുടുംബസമേതമാണ് ഞാൻ സെറ്റിൽ പോയത്.
പ്രിയദർശന്റെ മദിരാശിയിലെ സ്റ്റുഡിയോയിൽ വച്ചാണ് രജനി 'കഥപറയുമ്പോൾ' സിനിമ കാണുന്നത്. സെവൻ ആട്സ് വിജയകുമാർ, രജനി സിനിമ കാണാൻ വന്ന വിവരം എന്നെ അറിയിച്ചു. സിനിമ കഴിയുമ്പോഴേക്കും എത്താൻ ആവശ്യപ്പെട്ടത് പ്രകാരം ഞാൻ അവർ സിനിമ കണ്ടിറങ്ങി വരുന്ന വഴിയിൽ നിന്നു. സിനിമകണ്ട് കണ്ണുനിറഞ്ഞ് പുറത്തിറങ്ങിയ രജനി എന്നെ അടുത്തമുറിയിലേക്ക് കൈപിടിച്ചുകൂട്ടിക്കൊണ്ടുപോയി, വൈകാരികമായി സംസാരിച്ചു. വ്യക്തിപരമായ ജീവിതാനുഭവങ്ങൾ അദ്ദേഹത്തെ ഉലച്ചിരിക്കണം. ഇങ്ങനെ എഴുതാനറിയുമെന്ന് അന്ന് പറഞ്ഞില്ലല്ലോ എന്നദ്ദേഹം ചോദിച്ചു. പഠിക്കുന്നകാലത്ത് എഴുതാൻപറ്റുമെന്ന കാര്യം എനിക്കുതന്നെ അറിയില്ലായിരുന്നെന്ന് ഞാൻ മറുപടി പറഞ്ഞു.
Content Highlights: sreenivasan talking about the relation with superstar rajanikanth
Published: 02 Dec 2023, 10:56 am IST
ABOUT THE AUTHOR
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented