ഞാന്‍ സംവിധായകനും നിര്‍മാതാവുമായി പുറത്തുവന്ന ആദ്യചിത്രമാണ് ചന്ദ്രകാന്തം. 1973 ഒക്ടോബറില്‍ ഷൂട്ടിങ് തുടങ്ങിയ ചന്ദ്രകാന്തം 1974 മാര്‍ച്ച് ഒന്നാംതീയതിയാണ് തിയേറ്ററുകളില്‍ എത്തിയത്. എന്റെ സ്നേഹിതനും ചെറുകഥാകൃത്തും നാടകനടനുമായ ജെ സി. കുറ്റിക്കാട്ട് ജേസി എന്ന പേരില്‍ സംവിധാനംചെയ്ത പ്രഥമചിത്രമായ 'ശാപമോക്ഷ'വും ഇതേ വര്‍ഷംതന്നെയാണ് റിലീസായത്. ശാപമോക്ഷത്തില്‍ ഒരുരംഗത്ത് സദസ്സില്‍ പാടുന്ന ഗായകനായിമാത്രം പ്രത്യക്ഷപ്പെട്ട സുമുഖനായ യുവാവിനെ ഞാന്‍ ശ്രദ്ധിച്ചു, അയാള്‍ ആ സിനിമയില്‍ ഈ ഒരു രംഗത്തില്‍ മാത്രമേ വരുന്നുള്ളൂ.

To advertise here,

അടുത്തപ്രാവശ്യം ജെസിയെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു, 'പാട്ടുപാടിയഭിനയിച്ച ആ നടന്റെ പേരെന്താണ്?' ചിരിച്ചുകൊണ്ട് ജേസി പറഞ്ഞു. 
'അയാള്‍ നടനൊന്നുമല്ല തമ്പീ. നേവിയിലെ ഒരുദ്യോഗസ്ഥനാണ്. നടന്‍ ജോസ് പ്രകാശിന്റെ മകന്റെ സുഹൃത്താണ്. പേര് കൃഷ്ണന്‍നായര്‍. കൊല്ലത്താണ് വീട്.' 'അയാള്‍ കൊള്ളാം ജേസി. അല്പം ആര്‍ട്ടിഫിഷ്യല്‍ ആണ്. അതു നമുക്ക് പറഞ്ഞു മാറ്റാവുന്നതേയുള്ളു.'ജേസി വീണ്ടും ചിരിച്ചു. 

ഒന്നുരണ്ടു വര്‍ഷങ്ങള്‍ കടന്നുപോയി. ചില ചെറിയ വേഷങ്ങളില്‍ വീണ്ടും ആ നടനെ കണ്ടു. ഐ.വി. ശശി സംവിധാനംചെയ്ത 'ഇതാ ഇവിടെ വരെ' എന്ന സിനിമയില്‍ (തിരക്കഥ-പദ്മരാജന്‍) ഒരു വള്ളക്കാരനായി രണ്ടേരണ്ടുരംഗങ്ങളില്‍ അഭിനയിച്ചു. എം.ജി. സോമനായിരുന്നു ആ സിനിമയില്‍ നായകന്‍; മധു വില്ലനും. ഡി.എച്ച്. ലോറന്‍സിന്റെ 'ലേഡി ചാറ്റര്‍ലീസ് ലവര്‍' എന്ന നോവലിന്റെ കഥ മനസ്സില്‍വെച്ച് മലയാറ്റൂര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതി ഹരിഹരന്‍ സംവിധാനം ചെയ്യുന്ന 'ശരപഞ്ജരം' എന്ന സിനിമയിലെ ദുഷ്ടനായ നായകനായി ജയന്‍ എന്ന കൃഷ്ണന്‍നായര്‍ അഭിനയിക്കുന്നു എന്നറിഞ്ഞപ്പോള്‍ എനിക്ക് അയാളെ ആദ്യമായി 'ശാപമോക്ഷ'ത്തിലെ ഗായകനായി കണ്ടതും അയാളെപ്പറ്റി ജേസിയോട് ചോദിച്ചതും ഓര്‍മയിലെത്തി. വര്‍ഷം 1977. അന്നെനിക്ക് പ്രായം മുപ്പത്തിയേഴ്. തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളില്‍ മാത്രമല്ല, നിര്‍മാതാവ് എന്ന നിലയിലും ജ്വലിച്ചുനില്‍ക്കുന്ന സമയം. പരാജയം കൈകാര്യം ചെയ്യുന്നതിനെക്കാള്‍ സൂക്ഷ്മത വിജയം കൈകാര്യം ചെയ്യുമ്പോഴാണ് വേണ്ടത് എന്ന് ചിന്തിക്കാതെ 'ഞാന്‍ തൊടുന്നതെല്ലാം പൊന്നാകും' എന്ന് അഹങ്കരിക്കുന്ന പ്രായം. ഒരേസമയത്ത് പ്രേംനസീറിനെ നായകനാക്കി രണ്ടു സിനിമകള്‍ തുടങ്ങാന്‍ തീരുമാനിക്കുന്നു. നസീര്‍സാര്‍ ചോദിക്കുന്നു. 'രണ്ടുപടങ്ങള്‍ക്ക് ഡേറ്റ് ഒരുമിച്ചു വേണോ തമ്പീ?' 'വേണം സാര്‍' എന്ന് ഞാന്‍.

placeholder
ജയന്‍, ശ്രീകുമാരന്‍ തമ്പി, നസീര്‍ എന്നിവര്‍

ആ കാലത്ത് ഞാന്‍ നല്ല കുടുംബകഥകള്‍ മാത്രമേ സംവിധാനംചെയ്യൂ എന്ന് തീരുമാനിച്ചിരുന്നു. ആക്ഷന്‍രംഗങ്ങള്‍ ഉള്ള പടങ്ങളുടെ സംവിധാനം ശശികുമാര്‍സാറിനെ ഏല്‍പ്പിക്കും. അക്ഷയപാത്രം, ജയിക്കാനായ് ജനിച്ചവന്‍ എന്നീ സിനിമകള്‍ക്ക് ശശികുമാര്‍ ആണ് സംവിധായകന്‍. നസീര്‍സാര്‍ പറയുന്നു, 'തമ്പീ... നടന്‍ ജയനെ അറിയില്ലേ. അയാളെക്കൂടി ഉള്‍പ്പെടുത്താന്‍ നോക്കൂ. ഹോട്ടല്‍ 'പാംഗ്രോവി'ലാണ് അയാള്‍ താമസം. മര്യാദക്കാരനാ.' ഞാന്‍ സംവിധായകന്‍ ശശികുമാറുമായി സംസാരിക്കുന്നു. ജയനെ എന്റെ ആദ്യ കളര്‍ പ്രൊഡക്ഷനായ 'ജയിക്കാനായ് ജനിച്ചവന്‍' എന്ന ചിത്രത്തിലെ പ്രധാനവില്ലനാക്കാന്‍ തീരുമാനിക്കുന്നു. 

ഞാന്‍ ഫോണ്‍ ചെയ്തു കാര്യംപറഞ്ഞു.
'എന്റെ ഭാഗ്യം. തമ്പിച്ചേട്ടന്റെ പടത്തില്‍ ഒരേയൊരു ഷോട്ടില്‍ വരാനും ഞാന്‍ തയ്യാര്‍.'
'എന്താ നിങ്ങടെ പ്രതിഫലം?'
'അയ്യോ, ഞാന്‍ തമ്പിച്ചേട്ടനോട് പ്രതിഫലം പറയൂല്ല. തമ്പിച്ചേട്ടന്റെ ഇഷ്ടം.'
എങ്കിലും ഞാന്‍ മാന്യമായ ഒരു പ്രതിഫലം പറഞ്ഞു.
'അതിന്റെ പാതി തന്നാലും ഞാന്‍ വരും.' ഞാന്‍ മാനേജരുടെ കയ്യില്‍ അഡ്വാന്‍സായി ഒരു ചെക്ക് കൊടുത്തയച്ചു. 

മദിരാശിയിലെ അരുണാചലം റോഡില്‍ അന്നുണ്ടായിരുന്ന പ്രകാശ് സ്റ്റുഡിയോയില്‍ ഷൂട്ടിങ് തുടങ്ങി. അക്കാലത്ത് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുവന്ന മിടുക്കന്മാരായ ബാലുമഹേന്ദ്ര, അശോക് കുമാര്‍, രാമചന്ദ്രബാബു തുടങ്ങിയ ക്യാമറാമാന്മാരെയൊന്നും ശശികുമാര്‍സാറിനെപ്പോലെയുള്ള സംവിധായകര്‍ കൂടെ കൂട്ടാറില്ലായിരുന്നു. അവര്‍ക്കും 'ഉച്ചപ്പടങ്ങള്‍' എന്ന് സിനിമാക്കാര്‍ കളിയാക്കിയിരുന്ന അവാര്‍ഡ് പടങ്ങളോടായിരുന്നു ആഭിമുഖ്യം. ജോണ്‍ ശങ്കരമംഗലം എന്റെ 'കുട്ടനാട്' എന്ന നോവല്‍ സിനിമയാക്കാന്‍ തീരുമാനിച്ച സമയമായിരുന്നു അത്. അതിന്റെ ഛായാഗ്രാഹകനായി ജോണ്‍, അശോക് കുമാറിനെയായിരുന്നു തീരുമാനിച്ചിരുന്നത്. അതിനുമുന്‍പുതന്നെ എന്റെ ഓഡിറ്റര്‍ എസ്.ആര്‍. കപാസി വഴി ഞാന്‍ അശോക് കുമാറിനെ പരിചയപ്പെട്ടിരുന്നു. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, 'ശശികുമാര്‍ സംവിധാനംചെയ്യുന്ന കളര്‍ പടത്തില്‍ ക്യാമറാമാന്‍ ആയി വര്‍ക്ക് ചെയ്യാമോ...?' 'തീര്‍ച്ചയായും.' ഈ വിവരം അറിഞ്ഞപ്പോള്‍ ജയന് വലിയ ആഹ്ലാദം. 

മറ്റൊരാളെ സംവിധാനം ഏല്‍പ്പിച്ചുകഴിഞ്ഞാല്‍ അയാളുടെ ജോലിയില്‍ ഞാന്‍ ഇടപെടാറില്ല. ഫ്‌ളോറിലെ സെറ്റില്‍ ഷൂട്ട് നടക്കുന്നു. ഞാന്‍ വെളിയില്‍ മരത്തണലില്‍ ഇരിക്കുന്നു. ഒരു ഷോട്ട് കഴിഞ്ഞ് ജയന്‍ പുറത്തുവന്നു. എന്റെ പിന്നില്‍നിന്നു. എന്റെ മുന്നില്‍ കിടന്ന കസേര ചൂണ്ടിക്കാട്ടി ഞാന്‍ പറഞ്ഞു. 
'ജയന്‍ ഇരിക്ക്.'
മടിച്ചുമടിച്ച് ജയന്‍ ഇരുന്നു. 
'ജയന് വയസ്സ് എത്രയായി?'
'സത്യം പറഞ്ഞാല്‍ മുപ്പത്തിയെട്ടിലേക്കു കടക്കുന്നു.'
അപ്പോള്‍ ഞാന്‍ പറഞ്ഞു. 
'എനിക്ക് മുപ്പത്തേഴ്... അതുകൊണ്ട് എന്നെ ചേട്ടാ എന്ന് വിളിക്കേണ്ട.'
'ഞാന്‍ ലേശം മൂത്തതാണ്. എനിക്കറിയാം. അത് അറിഞ്ഞുകൊണ്ടു തന്നെയാ ചേട്ടാന്നു വിളിക്കുന്നെ. പേര് ഞാന്‍ വിളിക്കൂല്ല, സാര്‍ എന്ന് വിളിച്ചാല്‍ അടുപ്പംകുറയും. ഞാന്‍ തമ്പിച്ചേട്ടന്‍ എന്നേ വിളിക്കൂ.'
പിന്നെ ഞാന്‍ എതിര്‍ത്തില്ല. 
അല്പനേരം മൗനമായിരുന്നത്തിനുശേഷം ജയന്‍ പറഞ്ഞു.
'എനിക്ക് ഒരപേക്ഷയുണ്ട്. ഒരു സിനിമയിലെങ്കിലും എനിക്ക് നായകനാകണം. തമ്പിച്ചേട്ടന്‍ വിചാരിച്ചാല്‍ നടക്കും. ജഗതി ശ്രീകുമാറിനെ രക്ഷപ്പെടുത്തിയപോലെ എന്നേമൊന്നു രക്ഷപ്പെടുത്തണം.'
'ജയനെ ഹരിഹരന്‍ നായകനാക്കിയില്ലേ? ശരപഞ്ജരത്തില്‍ ജയനല്ലേ നായകന്‍?' ഞാന്‍ ചോദിച്ചു.
'അയ്യോ. അവന്‍ നായകനോ. പരമദുഷ്ടനല്ലേ...ഞാന്‍ സ്ഥിരം വില്ലനായി അഭിനയിക്കുന്നതുകണ്ട് എന്റെ അമ്മ ചോദിക്കുന്നു, നീയെന്തിനാടാ സിനിമയില്‍ ദ്രോഹംമാത്രം ചെയ്യുന്നതെന്ന്. എനിക്ക് നന്മമാത്രം ചെയ്യുന്ന നായകനാവണം. ഒരു പ്രാവശ്യമെങ്കിലും എന്റമ്മ പടംകണ്ടിട്ട് ചുറ്റുമുള്ളവരുടെ മുഖത്ത് ധൈര്യമായി നോക്കി തിയേറ്റര്‍ വിടട്ടെ.'

placeholder

അപ്പോള്‍ ഞാന്‍ പ്രശസ്ത നോവലിസ്റ്റ് കെ. സുരേന്ദ്രന്റെ കയ്യില്‍നിന്നും അദ്ദേഹത്തിന്റെ 'ഭിക്ഷാംദേഹി' എന്ന നോവല്‍ സിനിമയാക്കാനുള്ള അവകാശം വാങ്ങിയിരുന്നു. 'ഏതോ ഒരു സ്വപ്‌നം' എന്ന് സിനിമയ്ക്ക് പേരിടാന്‍ അദ്ദേഹത്തിന്റെ അനുവാദവും വാങ്ങി. ആ നോവലില്‍ രണ്ടു നായകന്മാര്‍ ഉണ്ട്. പ്രണയനൈരാശ്യംമൂലം സന്ന്യാസിയായിമാറിയ വി.വി. സ്വാമിയും എന്‍ജിനീയറായ ദിവാകരന്‍ നായരും. അടുത്ത ദിവസം 'ഭിക്ഷാംദേഹി' എന്ന നോവല്‍ ജയന്റെ കയ്യില്‍ കൊടുത്തിട്ടു പറഞ്ഞു, 'ജയന്‍ ഈ നോവല്‍ വായിക്കൂ. ഈ രണ്ടു കഥാപാത്രങ്ങളില്‍ ഏതാണ് ഇഷ്ടമെന്ന് പറയൂ. അത് ജയന് തരാം.'
ജയന്‍ വികാരാധീനനായി എന്റെ കാലില്‍ തൊടാന്‍ കുനിഞ്ഞു. ഞാന്‍ തടഞ്ഞു. 
'നടികളുടെ മുന്‍പില്‍ പ്രായംകുറയ്ക്കാന്‍ എന്നേ ചേട്ടാ എന്ന് വിളിച്ചോ. പക്ഷേ, ഇത്തരം ബഹുമാനമൊന്നും വേണ്ട.'
ഒറ്റരാത്രികൊണ്ട് ഉറങ്ങാതിരുന്ന് ജയന്‍ നോവല്‍ വായിച്ചു തീര്‍ത്തു. രാവിലെ എനിക്ക് ഫോണ്‍ ചെയ്തു പറഞ്ഞു,
'എനിക്ക് വി.വി. സ്വാമി ആയാല്‍ മതി.'
'ദിവാകരന്‍ നായര്‍ക്കെന്താ കുഴപ്പം?' ഞാന്‍ ചോദിച്ചു.
'അയാള്‍ സുന്ദരിയായ ഭാര്യയുള്ളപ്പോള്‍ മറ്റൊരു പെണ്ണിനെ പ്രേമിക്കുന്നു. അവളുമായി സെക്സ്. എനിക്കാ വേഷം വേണ്ട.'
ദിവാകരന്‍നായരായി സുകുമാരന്‍ വന്നു. സുകുമാരന്‍ എന്റെ ഉറ്റ സുഹൃത്തായിരുന്നു അന്ന്.

സലില്‍ ചൗധരിയുടെ സംഗീതം, ഹേമചന്ദ്രന്റെ ഛായാഗ്രഹണം. ഞാന്‍ സംവിധാനംചെയ്ത സിനിമകളില്‍ സാങ്കേതികത്വത്തില്‍ മികച്ചുനില്‍ക്കുന്ന ചിത്രം. പക്ഷേ, ഏറ്റവും നല്ല പാട്ടുകള്‍ ഉണ്ടായിട്ടും ചിത്രം ഒരാഴ്ചപോലും ഓടിയില്ല. പ്രേക്ഷകരെല്ലാം നോവല്‍ വായിക്കുന്നവരല്ലല്ലോ. വില്ലനായ വി.വി.സ്വാമി നല്ലവനായി അഭിനയിക്കുകയാണെന്നും അയാളുടെ ആശ്രമമായ കുടിലിന്റെ അടിയില്‍ ഒരു രഹസ്യ അറ ഉണ്ടായിരിക്കുമെന്നും ഒടുവില്‍ തോക്കുകളുമായി പതിവ് വില്ലനായ ജയന്‍ താടിമാറ്റി പുറത്ത് വരുമെന്നും കാണികള്‍ വിചാരിച്ചു. 

ഒരു ബഹളവുമില്ലാതെ ശാന്തമായ അന്തരീക്ഷത്തില്‍ ചിത്രം അവസാനിച്ചപ്പോള്‍ ജയന്റെ സ്ഥിരംപ്രേക്ഷകര്‍ നിരാശരായി. ഫലം ആയിരത്തി തൊള്ളായിരത്തി എഴുപത്തെട്ടില്‍ എനിക്ക് നാലുലക്ഷം രൂപ നഷ്ടം. ജയന്‍ വിഷമത്തോടെ പറഞ്ഞു. 
'ഞാന്‍ കാരണം തമ്പിച്ചേട്ടന് ഇത്രവലിയ നഷ്ടം.'
'സാരമില്ല.' ഞാന്‍ പറഞ്ഞു. 'ഇപ്പോള്‍ നിര്‍മാതാക്കള്‍ക്ക് മനസ്സിലായി, ജയന് നായകനാകാനും കഴിയുമെന്ന്.'

പിന്നീട് ആക്ഷന്‍ ഹീറോ ആയി ജയന്‍ തിളങ്ങി. 1978 ലാണ് 'ഏതോ ഒരു സ്വപ്‌നം' റിലീസ്‌ചെയ്തത്. 1980 നവംബറില്‍ ജയന്‍ മരിച്ചു. രണ്ടുവര്‍ഷംകൊണ്ട് സൂപ്പര്‍സ്റ്റാര്‍പദവി നേടിയ മറ്റൊരു നടന്‍ ലോകസിനിമയില്‍ത്തന്നെ ഉണ്ടാകാന്‍ വഴിയില്ല. ജയന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഞാന്‍ ആക്ഷന്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചത്.

placeholder
ജയനും ശ്രീകുമാരന്‍ തമ്പിയും

'ചേട്ടന്‍ ക്‌ളാസ് പടങ്ങള്‍ മാത്രം ചെയ്താല്‍ ഞാനെങ്ങനെ ചേട്ടന്റെ പടങ്ങളില്‍ അഭിനയിക്കും? ഞാന്‍ ആക്ഷന്‍ ചെയ്യുന്നതാണ് ജനങ്ങള്‍ക്കിഷ്ടം. എങ്കിലും ഞാന്‍ സംവിധാനം ചെയ്ത 'വേനലില്‍ ഒരു മഴ' എന്ന സിനിമയില്‍ സൗമ്യനും എന്നാല്‍ കീഴ്ജീവനക്കാരെ അച്ചടക്കത്തില്‍ നിര്‍ത്തുന്നവനുമായ എന്‍ജിനീയറുടെ വേഷത്തില്‍ ജയന്‍ പതിവ് മാനറിസങ്ങള്‍ ഇല്ലാതെ മനോഹരമായി അഭിനയിച്ചു. ഇടിമുഴക്കം, പുതിയ വെളിച്ചം, നായാട്ട് എന്നീ സിനിമകളും വിജയിച്ചു. എന്നാല്‍ ഞാന്‍ നിര്‍മിച്ച 'ആക്രമണം' തുടങ്ങി അധികം കഴിയാതെ ജയന്‍ മരിച്ചു. ജയന്റെ ഏഴോ എട്ടോ രംഗങ്ങള്‍ മാത്രമേ എനിക്ക് ഷൂട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ. ജയന്‍ മുഴുവന്‍ രംഗങ്ങളിലും അഭിനയിച്ചിരുന്നെങ്കില്‍ അത് ഒരു സൂപ്പര്‍ഹിറ്റ് പൊളിറ്റിക്കല്‍ ഫിലിം ആകുമായിരുന്നു.
ഇന്റര്‍വെല്‍ തീരുംമുന്‍പ് ആ കഥാപാത്രം മരിക്കുന്നതായി ഞാന്‍ കഥ മാറ്റിയെഴുതി. ഊടുംപാവും ചേരാതെ തകര്‍ന്ന ഒരു തിരക്കഥ. അത് എന്റെ സ്വന്തം പ്രൊഡക്ഷനായിരുന്നു. ലക്ഷങ്ങള്‍ പോയി. 

ആക്ഷന്‍രംഗങ്ങളില്‍ അതിസാഹസംകാട്ടാന്‍ ഞാന്‍ ജയനെ അനുവദിച്ചിട്ടില്ല. എന്നെ ജയന്‍ ഭയപ്പെട്ടിരുന്നു. കടപ്പാടും സ്നേഹവും കൊണ്ടുള്ള ഭയം. ഇല്ലെങ്കില്‍ നായാട്ടിന്റെയും പുതിയവെളിച്ചത്തിന്റെയും ഷൂട്ടിങ്ങിനിടയില്‍ത്തന്നെ ജയന്‍ സ്വയം വരുത്തുന്ന അപകടത്തില്‍ പെടുമായിരുന്നു. ഒരിക്കല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് ഓടുന്ന ഗുഡ്സ് ട്രെയിനിലേക്ക് ചാടുന്ന രംഗം ഷൂട്ട് ചെയ്യുന്ന അവസരത്തില്‍ ജയന്റെ ഡ്രസ്സ് കൊടുത്ത് ഞാന്‍ ഡ്യൂപ്പിനെ നിര്‍ത്തിയിരുന്നു. സമയമായപ്പോള്‍ ജയന്‍ സ്റ്റണ്ട് ഡയറക്ടര്‍ ത്യാഗരാജനോട് 'തമ്പിച്ചേട്ടനോട് പറയണ്ട. ഡ്യൂപ്പ് വേണ്ട. ഞാന്‍ ചാടിക്കോളാം' എന്ന് പറഞ്ഞു. എന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട് ഷോട്ടിന് മുന്‍പ് ത്യാഗരാജന്‍ വിവരം എന്നോട് പറഞ്ഞു. 

ഞാന്‍ ജയനെ തടഞ്ഞു. 'ഫ്രാക്ഷന്‍ ഓഫ് എ സെക്കന്‍ഡില്‍ കണക്കുതെറ്റിയാല്‍ ജയന്‍ രണ്ടു വാഗണുകള്‍ക്കിടയില്‍ വീണുചിതറും. എന്റെ ലൊക്കേഷനില്‍ അഹങ്കാരം കാട്ടരുത്. ഡ്യൂപ്പ് ചാടിയാലും അത് ജയന്‍ ചാടിയതാണെന്ന് കാണികളെ വിശ്വസിപ്പിക്കാന്‍ എനിക്കറിയാം. അത് പഠിച്ചിട്ടാണ് ഞാന്‍ ഈ തൊഴില്‍ ചെയ്യുന്നത്' എന്ന് പറഞ്ഞു. ജയന്റെ തൊട്ടുപിന്നില്‍ ഡ്യൂപ്പിനെ നിര്‍ത്തി. ഡ്യൂപ്പ് ചാടി. പിന്നെ ക്യാമറ തുറന്നവാഗണില്‍ ലോ ആംഗിളില്‍ വെച്ച് അല്പം മുകളില്‍നിന്ന് ജയന്‍ ചാടുന്ന ഷോട്ടെടുത്തു. നിങ്ങള്‍ 'പുതിയ വെളിച്ചം' എന്ന സിനിമ കണ്ട് നോക്കൂ... ജയന്‍ ചാടുകയാണെന്നേ തോന്നൂ.
ഒന്നിനോടും അമിതാവേശം പാടില്ല. സിനിമയോടും അഭിനയത്തോടുമുള്ള അമിതാവേശമാണ് ജയനെ മരണത്തിലേക്ക് നയിച്ചത്.