എസ്.എല്‍.സി. പരീക്ഷ കഴിഞ്ഞ ഉടനെത്തന്നെ സ്വാസിക ജീവിതത്തിലെ അടുത്ത പരീക്ഷയും നേരിട്ടു. സിനിമ എന്ന പരീക്ഷ. തമിഴിലായിരുന്നു ആദ്യം. തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങളില്‍ സ്വാസിക അഭിനയിച്ചു. ആ സിനിമകള്‍ വേണ്ടവിധത്തില്‍ വിജയം കാണാതെ വന്നതോടെ സ്വാസിക മലയാളത്തിലേക്കെത്തി. ഇവിടെ ചെറിയ വേഷങ്ങള്‍ മാത്രമായതോടെ ഇടയ്ക്ക് മിനിസ്‌ക്രീനിലേക്കും കുടിയേറി. പക്ഷേ, സമയം വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. 'വാസന്തി'യിലൂടെ സംസ്ഥാന അവാര്‍ഡ് നേടി ആദ്യം ഞെട്ടിച്ചു. പിന്നീട് 'ചതുര'ത്തിലെ സെലേനയായും നിറഞ്ഞു. പുതിയ സിനിമാ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സ്വാസിക.

To advertise here,

'വാസന്തി'യും 'ചതുര'വുമാണ് സ്വാസികയ്ക്ക് ബ്രേക്ക് നല്‍കിയത്. ഈ രണ്ട് സിനിമകളും ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ എന്തൊക്കെയാണ്?
വലിയ മാറ്റങ്ങളൊന്നുമുണ്ടാക്കിയിട്ടില്ല. എങ്കിലും കുറച്ച് പോസിറ്റീവായ മാറ്റം ജീവിതത്തില്‍ സംഭവിച്ചു. ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ കൂടുതല്‍ പേര്‍ തിരിച്ചറിയാന്‍ തുടങ്ങി എന്നതാണ് പ്രധാനമാറ്റം. ഒപ്പം എന്നെത്തേടി വരുന്ന കഥാപാത്രങ്ങളിലും മാറ്റമുണ്ടായി. പ്രത്യേകിച്ചും 'ചതുര'ത്തിന് ശേഷം. എനിക്ക് എല്ലാ റോളുകളും ചെയ്യാനാവുമെന്ന തോന്നല്‍ ഇന്‍ഡ്രസ്ട്രിയില്‍ വന്നു. അതുപോലെ എന്നെ വിളിക്കുമ്പോള്‍ ആളുകള്‍ മുമ്പത്തേക്കാള്‍ ബഹുമാനം നല്‍കുന്നുണ്ടെന്ന് തോന്നുന്നു. ചെറിയ ക്യാരക്ടറൊന്നും പോരല്ലോ കുറച്ചുകൂടെ പെര്‍ഫോമന്‍സിന് സാധ്യതയുള്ളത് വേണ്ടേ എന്നൊക്കെ അവര്‍ ചിന്തിക്കുന്നുമുണ്ട്. 'വാസന്തി'യിലൂടെ സംസ്ഥാന അവാര്‍ഡൊക്കെ നേടിയെങ്കിലും ഇപ്പോഴും മുന്‍നിരയിലേക്ക് എത്താനായിട്ടില്ലെന്ന തോന്നലുമുണ്ട്.

'ചതുര'ത്തിലെ ക്യാരക്ടര്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എങ്ങനെയാണ് സെലേനയാകുന്നത്?
സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനം കഴിഞ്ഞ് മൂന്നാമത്തെ ദിവസം 'ചതുര'ത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്നെ വിളിച്ചു. ഇങ്ങനെയൊരു സിനിമയെക്കുറിച്ച് സംസാരിച്ചു. ഒരാഴ്ചയ്ക്ക് ശേഷം സംവിധായകന്‍ സിദ്ധുവിനെ (സിദ്ധാര്‍ഥ് ഭരതന്‍) കണ്ടു. പുതുമയുള്ള ആളുകളെ തേടുകയാണെന്നും അതാണ് നിന്നെ തേടിയെത്തിയതെന്നും അദ്ദേഹം പറഞ്ഞു. കഥയുടെയും കഥാപാത്രത്തിന്റെയും ഏകദേശരൂപം തന്നു. ഈയൊരു റോള്‍ ചെയ്യാന്‍ തയ്യാറാണെങ്കില്‍ മാത്രം തിരക്കഥ മുഴുവന്‍ കേള്‍ക്കാമെന്നും പറഞ്ഞു. കഥ കേട്ടപ്പോള്‍ എനിക്ക് പ്രശ്നമൊന്നും തോന്നിയില്ല.

 

ഓക്കെ പറയുമ്പോള്‍ ഇമേജിനെക്കുറിച്ച് പേടിയൊന്നുമുണ്ടായിരുന്നില്ലേ?
വെറുതെ കുറച്ച് ഇറോട്ടിക് രംഗങ്ങള്‍ മാത്രമുളള സിനിമയല്ല ചതുരം. ഒരുപാട് പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന കഥാപാത്രമാണിത്. പ്രണയം, നിസ്സഹായത അങ്ങനെ ഒരുപാട് ഘട്ടങ്ങളിലൂടെ കഥാപാത്രം കടന്നുപോവുന്നു. സ്വാഭാവികമായും നെഗറ്റീവ് ഷെയ്ഡുമുണ്ട്. പക്ഷേ, ഒന്നോ രണ്ടോ സീനിന്റെ പേരില്‍ ഇങ്ങനെയൊരു അവസരം നഷ്ടപ്പെടുത്തിയാല്‍ അത് മണ്ടത്തരമാകുമായിരുന്നു. ഒപ്പം സംവിധായകനിലും സഹപ്രവര്‍ത്തകരിലും നല്ല വിശ്വാസമുണ്ടായിരുന്നു. സിനിമ റിലീസായതോടെ ആളുകള്‍ എന്റെ പ്രകടനത്തെ അംഗീകരിച്ചു. സിനിമയെ സ്വീകരിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയ പ്രതികരണം അതിന് ഉദാഹരണമാണ്. 'ചതുര'ത്തിന്റെ ട്രെയിലര്‍ റിലീസായപ്പോള്‍ എനിക്കെതിരെ ഭയങ്കരമായ അറ്റാക്ക് വന്നു. സിനിമ ഇല്ലാത്തത് കൊണ്ടാണ് ഞാന്‍ ഇങ്ങനെയുള്ള രംഗങ്ങള്‍ ചെയ്യുന്നതെന്നും പണത്തിനുവേണ്ടി എന്തും ചെയ്യുമെന്ന തരത്തിലൊക്കെയുളള കമന്റുകള്‍. പക്ഷേ, സിനിമ റിലീസായതോടെ അത്തരത്തിലുള്ള വിമര്‍ശനങ്ങളും അറ്റാക്കുകളും അവസാനിച്ചു. ഞാന്‍ നന്നായി ചെയ്തുവെന്ന് അവര്‍തന്നെ പറഞ്ഞു. 

ടൈപ്കാസ്റ്റ് ചെയ്യപ്പെടുന്നത് ബ്രേക്ക് ചെയ്യാനുളള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗം കൂടിയായിരുന്നോ ഇത്?
തീര്‍ച്ചയായും. അതിനുമുമ്പ് വരെ ചേച്ചി, അനിയത്തി, ടീച്ചര്‍ എന്നിങ്ങനെയൊക്കെയുള്ള കഥാപാത്രങ്ങളായിരുന്നു വന്നിരുന്നത്. പക്ഷേ, എനിക്ക് എല്ലാം ചെയ്യാന്‍ പറ്റുമെന്ന് തോന്നിപ്പിക്കണമായിരുന്നു. ഒപ്പം എന്നെയും വിശ്വസിപ്പിക്കണം. ഇല്ലെങ്കില്‍ നേരത്തെ പറഞ്ഞ കഥാപാത്രങ്ങളില്‍ ജീവിതകാലം മുഴുവന്‍ ഒതുങ്ങേണ്ടിവരുമെന്ന് തോന്നി. ഈ സിനിമയോടെ എന്നെക്കൊണ്ട് സാധിക്കുമെന്ന് ആളുകള്‍ക്ക് തോന്നി. ഒപ്പം ഏത് റോള്‍ വേണമെങ്കിലും ചെയ്യാം എന്ന ആത്മവിശ്വാസം എനിക്കും കിട്ടി.

വളരെ നേരത്തെയാണല്ലോ സിനിമയിലേക്കുള്ള വരവ്?
തമിഴിലൂടെയാണ് സിനിമയിലേക്കുള്ള വരവ്. 'വൈഗൈ' എന്നാണ് ചിത്രത്തിന്റെ പേര്. പത്താം ക്ലാസ് കഴിഞ്ഞ ഉടനെ ഒരു മാഗസിന്റെ കവര്‍ചിത്രമായി വന്നു. അന്ന് ഈ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ കൊച്ചിയിലുണ്ട്. അവര്‍ ഈ മാഗസിനിലെ ചിത്രം കണ്ടു. എന്നെ അന്വേഷിച്ച് വിളിക്കുകയും ചെയ്തു. അവസരം വന്നപ്പോള്‍ അമ്മയും അച്ഛനുമൊക്കെ എന്ത് പറയുമെന്നായിരുന്നു ചിന്ത. പക്ഷേ, അവരൊക്കെ എന്നെ നന്നായി പിന്തുണച്ചു. സത്യത്തില്‍ സിനിമയിലേക്കുള്ള വരവ് എളുപ്പമായിരുന്നു. അതിനുശേഷമാണ് പ്രതിസന്ധിയുണ്ടായത്.

പ്രതിസന്ധിയുടെ കാലത്ത് സിനിമ നിര്‍ത്തണമെന്ന് തോന്നിയിരുന്നോ?
സിനിമ നിര്‍ത്തണമെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. പഠനം പൂര്‍ത്തിയാക്കാതെ അഭിനയത്തിലേക്കിറങ്ങിയത് തെറ്റായിപ്പോയോ എന്ന് ചിന്തിച്ചിട്ടുണ്ട്. പ്ലസ് ടു മാത്രമാണ് എന്റെ യോഗ്യത. പിന്നീട് ഡാന്‍സ് പഠിച്ചു. ഡിഗ്രിയോ പി.ജി.യോ ഒക്കെ ഉണ്ടായിരുന്നുവെങ്കില്‍ അതുവഴി ജോലി കിട്ടുമായിരുന്നു. സെറ്റിലായതിന് ശേഷം മാത്രം സിനിമയില്‍ ഇറങ്ങിയാല്‍ മതിയായിരുന്നോ എന്ന് പലപ്പോഴും തോന്നി. പക്ഷേ, ഇപ്പോള്‍ സിനിമ നല്‍കിയ അംഗീകാരത്തിലും സൗഭാഗ്യത്തിലും ഞാന്‍ സന്തോഷവതിയാണ്.

ഇടയ്ക്ക് സീരിയലുകളിലും എത്തി. സീരിയലില്‍ നിന്ന് തിരിച്ച് സിനിമയിലേക്കുള്ള വരവ് ബുദ്ധിമുട്ടുണ്ടാക്കിയില്ലേ?
സിനിമയില്‍ നില്‍ക്കുമ്പോഴാണ് സീരിയലും വന്നത്. പിന്നീട് തുടര്‍ച്ചയായ ആറുവര്‍ഷത്തോളം സീരിയലുകളില്‍ തുടര്‍ന്നു. സീരിയലില്‍ അഭിനയിക്കുന്നു അല്ലെങ്കില്‍ അഭിനയിച്ചു എന്നത് ആരും കുറവായിട്ടൊന്നും കണ്ടിട്ടില്ല. ഞാന്‍ സീരിയലില്‍ അഭിനയിക്കുന്നുണ്ടെന്ന് അറിയുന്നവര്‍ തന്നെയാണ് എന്നെ സിനിമയിലേക്ക് ക്ഷണിച്ചതും. മിനിസ്‌ക്രീനില്‍ സജീവമായിരിക്കുമ്പോഴാണ് നാദിര്‍ഷ്‌ക്കയുടെ 'കട്ടപ്പനയിലേ'ക്കുള്ള ക്ഷണം. 'പൊറിഞ്ചു മറിയം ജോസി'ലെ ക്യാരക്ടറും സീരിയലിന്റെ സംഭാവനയാണെന്ന് വേണമെങ്കില്‍ പറയാം. കാരണം 'പൊറിഞ്ചു'വിന്റെ നിര്‍മാതാവിന്റെ ഭാര്യ എന്റെ സീരിയലിന്റെ പ്രേക്ഷകയായിരുന്നു. അവരാണ് എന്നെ ആ സിനിമയിലേക്ക് നിര്‍ദേശിച്ചത്.
പിന്നെ ക്യാരക്ടറില്‍ ചിലസമയങ്ങളില്‍ സീരിയല്‍ നടി എന്നത് സ്വാധീനിച്ചിട്ടുണ്ട്. അവര്‍ സീരിയലില്‍ അഭിനയിക്കുകയാണ് അതുകൊണ്ട് ചില പ്രത്യേക ക്യാരക്ടര്‍ മതി എന്നൊക്കെ ആ സമയങ്ങളില്‍ ചിലര്‍ പറയാറുണ്ടായിരുന്നു. പക്ഷേ, ഒരിക്കല്‍പോലും സീരിയല്‍ നടിയാണെന്ന് കാരണം പറഞ്ഞ് അവഗണന നേരിട്ടിട്ടില്ല.

വരാനിരിക്കുന്ന സിനിമകള്‍?
കമല്‍ സാര്‍ സംവിധാനം ചെയ്യുന്ന 'വിവേകാനന്ദന്‍ വൈറലാണ്' എന്ന സിനിമയാണ് ഇനി റിലീസാകാനിരിക്കുന്നത്. മികച്ച റോളാണ് സിനിമയില്‍. കമല്‍ സാറിനെപ്പോലെയുള്ള വലിയ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കാനായതിന്റെ സന്തോഷവുമുണ്ട്. ഒപ്പം 'ലുബര്‍പന്തു' എന്ന തമിഴ് ചിത്രവും ഉടനെ റിലീസാവും. തമിഴിലേക്കുള്ള എന്റെ തിരിച്ചുവരവാണ് ഈ സിനിമ. ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് അവതിരിപ്പിക്കുന്നത്.

കുടുംബം
അച്ഛന്‍, അമ്മ, അനിയന്‍ എന്നിവരടങ്ങുന്നതാണ് കുടുംബം. അച്ഛന്റെ പേര് വിജയകുമാര്‍. അദ്ദേഹം ബഹ്റൈനില്‍ അക്കൗണ്ടന്റാണ്. അമ്മ ഗിരിജ. അനിയന്‍ ആകാശ് എയര്‍നോട്ടിക്കല്‍ എന്‍ജിനീയറാണ്.