
തമിഴ്നാട്ടില്‍ ചെന്ന് മഹിമാ നമ്പ്യാര്‍ മലയാളിപ്പെണ്ണാണെന്ന് പറഞ്ഞാല്‍ തമിഴ് സിനിമാ പ്രേക്ഷകര്‍ സമ്മതിച്ചുതന്നേക്കില്ല. കാരണം മഹിമയെ നായികയാക്കി വളര്‍ത്തിയത് കോളിവുഡാണ്. 'ആര്‍.ഡി.എക്സ്.' ഹിറ്റാകും വരെ മലയാളി കരുതിയത് മഹിമ തമിഴ് നായികയാണെന്നാണ്. അസ്സല്‍ മലയാളത്തില്‍, അതും കാസര്‍കോടിന്റെ തുടികൊട്ടും താളത്തില്‍ മഹിമ സംസാരിക്കുന്നത് കേട്ട് പലരും ഞെട്ടി. പിന്നെ ഉറപ്പിച്ചു ഇവള്‍ മലയാളി തന്നെ. കോളിവുഡിലും മോളിവുഡിലും ഹിറ്റുകളുടെ ചങ്ങാതിയാണിന്ന് മഹിമ. താരഭാരമില്ലാത്ത ലാളിത്യം. സിനിമയുടെ സ്വപ്‌നദൂരങ്ങളിലെ ഈ സഞ്ചാരിക്ക് വീട്ടിലേക്കുള്ള വഴി എന്നും പ്രിയപ്പെട്ടതാണ്.
'ആര്‍.ഡി.എക്സ്.' മലയാളത്തില്‍ നല്‍കിയ റീ എന്‍ട്രി. വേനലവധി ആഘോഷമാക്കാന്‍ മഹിമ നായികയാകുന്ന 'ലിറ്റില്‍ ഹാര്‍ട്ട്സും' 'ജയ് ഗണേഷും' തിയേറ്ററുകളില്‍ എത്തുകയാണ്. നീലനിലാവുപോലെ ചിരി തൂകി പ്രിയതാരം സംസാരിക്കുന്നു.
'ലിറ്റില്‍ ഹാര്‍ട്ട്സ് ', 'ജയ് ഗണേഷ് ', ഒരുമിച്ച് രണ്ടുസിനിമകള്‍ റിലീസിനെത്തുന്നു. മലയാളത്തിലും സുവര്‍ണകാലമാണോ?
മലയാളത്തില്‍ നായികയായി നല്ല സിനിമകള്‍ ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ചു. 'ആര്‍.ഡി.എക്സി'നുശേഷം മലയാളത്തില്‍ ആദ്യം ചെയ്ത സിനിമയാണ് 'ലിറ്റില്‍ ഹാര്‍ട്ട്സ്.' സാന്ദ്ര തോമസ് നിര്‍മിക്കുന്ന ചിത്രം. എബിയും ആന്റോയും ചേര്‍ന്നാണ് സംവിധാനം. വീണ്ടും ഷെയ്ന്‍ നിഗത്തിനൊപ്പം അഭിനയിക്കാന്‍ സാധിച്ചു എന്ന സന്തോഷമുണ്ട്. നല്ല ബന്ധങ്ങളുടെ കഥ പറയുന്ന ഫീല്‍ ഗുഡ് സിനിമയാണ്. ജീവിതത്തെ സുന്ദരമാക്കുന്ന ബന്ധങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമ കഥ പറയുന്നത്.
വിഷുവിന് പ്രേക്ഷകരിലേക്ക് എത്തുന്ന സിനിമയാണ് 'ജയ് ഗണേഷ്'. മലയാളത്തിന് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം. ഉണ്ണി മുകുന്ദനാണ് നായകന്‍. ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍തന്നെ ഞാന്‍ എക്സൈറ്റഡ് ആയി. ആ എക്സൈറ്റ്മെന്റോടുകൂടിയാണ് അഭിനയിച്ചതും റിലീസ് കാത്തിരിക്കുന്നതും. പ്രേക്ഷകരെ മോട്ടിവേറ്റ് ചെയ്യുന്ന സിനിമയായിരിക്കും 'ജയ് ഗണേഷ്'. രണ്ടുസിനിമകളും പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
കാസര്‍കോടുനിന്ന് അധികം സിനിമക്കാരില്ലാത്ത ഒരു കാലം ഉണ്ടായിരുന്നു.പന്ത്രണ്ടുവര്‍ഷം മുന്‍പ് അവിടെനിന്ന് സിനിമയിലേക്കുള്ള എന്‍ട്രി എളുപ്പമായിരുന്നോ?
കാവ്യാ മാധവന്‍, നടന്‍ ആര്യ എന്നിവരൊക്കെയാണ് എനിക്കുമുന്‍പ് കാസര്‍കോടുനിന്ന് വന്ന ശ്രദ്ധേയരായ അഭിനേതാക്കള്‍. ഇവരെല്ലാം ഒരുവിധ സിനിമാപശ്ചാത്തലവുമില്ലാതെ സ്വപ്രയത്‌നത്താല്‍ വളര്‍ന്നുവന്നവരാണ്. അവരെപ്പോലെതന്നെ സിനിമാബന്ധങ്ങളും പശ്ചാത്തലവുമില്ലാതെ മോഹംകൊണ്ടുമാത്രം സിനിമയിലേക്ക് എത്തിയ ആളാണ് ഞാനും. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ദിലീപേട്ടന്‍ നായകനായ 'കാര്യസ്ഥന്‍' എന്ന സിനിമയില്‍ അദ്ദേഹത്തിന്റെ അനിയത്തി കഥാപാത്രമായാണ് അരങ്ങേറ്റം. അതിനുപിന്നാലെ ഒരുതമിഴ് സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, 'സാട്ടൈ' എന്ന ചിത്രത്തിലൂടെ 2012- ല്‍ കോളിവുഡില്‍ എന്‍ട്രി. പിന്നാലെ ഒരുപിടി നല്ല സിനിമകളില്‍ നായികാവേഷങ്ങള്‍ തേടിയെത്തി. അഭിനയിച്ചതില്‍ അധികവും തമിഴ് സിനിമകള്‍. അതിനാല്‍ ഞാന്‍ മലയാളിയാണെന്ന് പ്രേക്ഷകര്‍ക്ക് അറിയില്ലായിരുന്നു. അതുകൊണ്ടുകൂടിയാകാം ആ സമയത്ത് മലയാളത്തില്‍നിന്ന് നല്ല അവസരങ്ങളൊന്നും വരാതിരുന്നത്.
തമിഴ് ഇന്‍ഡസ്ട്രിയില്‍ ഏഴുവര്‍ഷം പൂര്‍ത്തിയാക്കിയപ്പോഴാണ് മലയാളത്തില്‍ നിന്ന് വിളിവന്നത്. മമ്മൂക്ക നായകനായ 'മാസ്റ്റര്‍പീസ്' എന്ന ചിത്രമായിരുന്നു അത്. ശേഷം 'മധുരരാജ', 'വാലാട്ടി' എന്നീ സിനിമകള്‍ ചെയ്തു. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത 'ആര്‍.ഡി.എക്സ്. ' എന്ന ചിത്രത്തില്‍ നായികയായി. അത് കരിയര്‍ ബ്രേക്ക് ആയി.
സിനിമ വിജയിച്ചതോടെ മലയാളി പ്രേക്ഷകര്‍ എന്നെ ശ്രദ്ധിച്ച് തുടങ്ങി.

മലയാളിയാണെങ്കിലും തമിഴാണ് മുന്‍നിര നായികയാക്കിയത്...
തമിഴ് സിനിമ തന്നെയാണ് മേല്‍വിലാസം ഉണ്ടാക്കിത്തന്നത്. ആദ്യ സിനിമയായ 'സാട്ടൈ'യില്‍ സമുദ്രക്കനി, പ്രഭു സോളമന്‍, അന്‍പഴകന്‍, തമ്പി രാമയ്യ തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചു. അതിനുശേഷം വിജയ് സേതുപതി, ശശികുമാര്‍, ആര്യ, അരുണ്‍ വിജയ്, ലോറന്‍സ് തുടങ്ങി മികച്ച അഭിനേതാക്കള്‍ക്കൊപ്പം സിനിമകള്‍ ചെയ്തു. പോയ വര്‍ഷം എനിക്ക് തമിഴില്‍ നാല് സിനിമകള്‍ ഉണ്ടായിരുന്നു. വാസു-ലോറന്‍സ് മാസ്റ്റര്‍ ടീമിന്റെ 'ചന്ദ്രമുഖി-2', മുത്തയ്യ മുരളീധരന്റെ ബയോപിക്കായ 'മുരളി 800', വിജയ് ആന്റണിയുടെ 'രഥം', എം. ശരവണന്‍ സാറിന്റെ 'നാട്' എന്നിവ.
തുടക്കകാലത്ത് അന്യഭാഷയില്‍ അഭിനയിക്കുക ബുദ്ധിമുട്ടായിരുന്നോ?
തുടക്കകാലത്ത് തമിഴ് കൈകാര്യം ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടി. പക്ഷേ, രണ്ട് സിനിമകള്‍ കഴിഞ്ഞതോടെ തമിഴ് എഴുതാനും വായിക്കാനും സംസാരിക്കാനുമൊക്കെ പഠിച്ചു. അതിനുശേഷം വേറൊരു ഭാഷയില്‍ അഭിനയിക്കുകയാണെന്ന തോന്നലുണ്ടായില്ല. തമിഴ് പ്രേക്ഷകര്‍ അവരിലൊരാളായാണ് എന്നെ കണ്ടത്.
വര്‍ഷങ്ങള്‍ക്കുശേഷം മലയാളത്തില്‍ അഭിനയിച്ചപ്പോഴാണ് ഡയലോഗ് ഡെലിവറിയില്‍ ഭാഷാപ്രശ്‌നം അനുഭവപ്പെട്ടത്. 'മാസ്റ്റര്‍ പീസും' 'മധുരരാജ'യുമൊക്കെ ചെയ്തപ്പോള്‍ അല്പം ബുദ്ധിമുട്ടി. 'ആര്‍.ഡി.എക്‌സ്' എത്തിയപ്പോഴേക്കും എല്ലാം ഓക്കെയായി. ഇപ്പോള്‍ രണ്ടുഭാഷയും ഒരുപോലെ കൈകാര്യം ചെയ്യാനാകും.
അഭിനയത്തില്‍ ആത്മവിശ്വാസം വന്നത് എപ്പോഴാണ്?
അഭിനയത്തില്‍ പൂര്‍ണമായ ആത്മവിശ്വാസം ഇതുവരെ തോന്നിയിട്ടില്ല. പുതിയ സിനിമയില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ ഇപ്പോഴും പേടിയാണ്. അത് ഓരോ ദിവസവും ഷൂട്ടിങ്ങിന് പോകുമ്പോഴുമുണ്ട്. ഇപ്പോഴും ഞാന്‍ അഭിനയം പഠിച്ചുകൊണ്ടിരിക്കുകയാണ്.
സാമ്പത്തിക സ്വാതന്ത്ര്യം സ്ത്രീ ജീവിതത്തെ എങ്ങനെ സ്വാധീനിക്കും?
സ്ത്രീകള്‍ക്ക് മാത്രമല്ല സാമ്പത്തിക സ്വാതന്ത്ര്യം എല്ലാവര്‍ക്കും പ്രധാനപ്പെട്ട കാര്യമാണ്. ഒരുപ്രായം കഴിയുമ്പോഴേക്കും അത്തരമൊരു സ്വാതന്ത്ര്യം നേടാനായാല്‍ ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാന്‍ സാധിക്കും. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം മാതാപിതാക്കളാണ്. സ്വന്തം അഭിപ്രായം എവിടെയും തുറന്നുപറയാനും സ്വന്തം കാലില്‍ നില്‍ക്കാനുമാണ് ചെറുപ്പം തൊട്ടേ അവര്‍ എന്നോട് പറഞ്ഞത്. എന്റെ കോണ്‍ഫിഡന്‍സിനും നിലപാടിനും സാമ്പത്തിക സ്വാതന്ത്ര്യം വളരെ അത്യാവശ്യമായിരുന്നു.
പ്ലസ് ടു കാലഘട്ടം മുതല്‍ ഞാന്‍ ചെറിയ രീതിയില്‍ സമ്പാദിച്ച് തുടങ്ങിയിട്ടുണ്ട്. പ്ലസ്ടുവില്‍ പഠിക്കുമ്പോഴാണ് ആദ്യ സിനിമ. സ്വന്തമായി പണം സമ്പാദിക്കുമ്പോള്‍ അതിന്റെ മൂല്യം മനസ്സിലാകുകയും ജീവിതത്തോടുള്ള സമീപനം മാറുകയും കുറച്ച് കൂടി ഉത്തരവാദിത്വമുള്ളവളാകുകയും ചെയ്യും. നമ്മള്‍ കൂടുതല്‍ പക്വതയുള്ള മനുഷ്യനാകും എന്നാണ് എന്റെ അനുഭവം. പെണ്‍കുട്ടികള്‍ അടിമകളായി ജീവിക്കേണ്ടവരല്ല. സമത്വത്തില്‍ ജീവിക്കേണ്ടവരാണ്. ഫെമിനിസം പറയുന്നത് ഈ സമത്വത്തെ കുറിച്ചാണ്.
മലയാളത്തില്‍ ഇപ്പോള്‍ വടക്കന്‍ കേരളത്തിന്റെ ടൈമാണോ?
തീര്‍ച്ചയായും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ വടക്കന്‍ കേരളത്തെ പശ്ചാത്തലമാക്കി ഒരുപാട് സിനിമകള്‍ വന്നു. ഈ ഭാഗത്തെ ഭാഷയും മനുഷ്യരും അവരുടെ ജീവിതവുമെല്ലാം വെള്ളിത്തിരയില്‍ നിറയുന്നു. അതില്‍ വളരെ സന്തോഷമുണ്ട്. ഇത്രയും കാലം ഷൂട്ടിങ് സൗകര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിമിതികള്‍ ഉണ്ടായിരുന്നു. ഷൂട്ടിങ്ങിനാവശ്യമായ ഉപകരണങ്ങള്‍ എത്തിക്കുക അല്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. ആദ്യകാലത്ത് മദ്രാസിലും പിന്നീട് എറണാകുളത്തുമായി സിനിമ കേന്ദ്രീകരിച്ചപ്പോള്‍ അതിനുചുറ്റുമുള്ള പ്രദേശങ്ങള്‍ ലൊക്കേഷനുകളായി മാറി. കേരളത്തിന്റെ വടക്കേ അറ്റം വരെ സഞ്ചരിക്കാനോ ഷൂട്ട് ചെയ്യാനോ ഉള്ള റിസ്‌ക് ആരും എടുത്തില്ല. എന്നാല്‍, ഇപ്പോള്‍ ഈ ഭാഗത്ത് തന്നെയുള്ള ഒരുപാടുപേര്‍ സംവിധായകരായും അഭിനേതാക്കളുമായൊക്കെ സിനിമയിലെത്തി. ടെക്നോളജി വളര്‍ന്നതോടെ ഷൂട്ടിങ് കുറേക്കൂടി എളുപ്പമായി. അതിനാല്‍ വടക്കന്‍ കേരളത്തിന്റെ ഇതുവരെ കാണാത്ത ലൊക്കേഷനുകളും കഥകളുമെല്ലാം മലയാളസിനിമ കണ്ടെടുക്കുകയാണ്.
ഹോം സിക്ക്നെസ് ഉണ്ടോ?
കുടുംബമാണ് എന്റെ എല്ലാം. കാസര്‍കോട് വിദ്യാനഗറിലാണ് വീട്. അച്ഛന്‍ സുധാകരന്‍. അമ്മ വിദ്യ. ചേട്ടന്റെ പേര് ഉണ്ണികൃഷ്ണന്‍. ചേട്ടത്തിയമ്മ പാര്‍വതി. ചെന്നൈയിലേക്കും കൊച്ചിയിലേക്കും സിനിമാസൗകര്യാര്‍ഥം മാറാന്‍ പലരും ആവശ്യപ്പെട്ടെങ്കിലും ഇതുവരെ മാറിയിട്ടില്ല. ഞാന്‍ വളരെ ഹോം സിക്ക്നെസ്സ് ഉള്ളയാളാണ്. സിറ്റി ലൈഫിനോടും സോഷ്യല്‍മീഡിയോടും തിരക്കുള്ള ജീവിതത്തോടുമൊന്നും അധികം താത്പര്യമില്ല. അതുകൊണ്ടാണ് കാസര്‍കോട് നിന്ന് മാറാത്തത്. എത്ര ദൂരം യാത്ര ചെയ്യാനും ബുദ്ധിമുട്ടില്ല, വീട്ടിലേക്ക് തിരിച്ചുവരുമ്പോഴുള്ള സന്തോഷം വേറെ ലെവലാണ്. വീട്ടില്‍ പട്ടി, പൂച്ച, പക്ഷികള്‍ തുടങ്ങി ഒരുകൂട്ടം വളര്‍ത്തുമൃഗങ്ങളുമുണ്ട്. ഇതെല്ലാം കൂടിച്ചേരുന്നതാണ് എന്റെ വീട്. അതെല്ലാം വിട്ട് വേറെയിടത്തേക്ക് പോകാന്‍ ഇഷ്ടപ്പെടുന്നില്ല.
Content Highlights: south indian actress mahima nambiar interview
Published: 22 Apr 2024, 11:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented