2004-ല്‍ പുറത്തിറങ്ങിയ സിനിമയാണ് 'ഫിര്‍ മിലേംഗെ'. ശില്‍പ ഷെട്ടി, സല്‍മാന്‍ ഖാന്‍, അഭിഷേക് ബച്ചന്‍ തുടങ്ങിയവര്‍ മുഖ്യകഥാപാത്രങ്ങളായെത്തിയ സിനിമ എയ്ഡ്‌സ് ബോധവത്കരണം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. സല്‍മാന്റെ രോഹിത് എന്ന കഥാപാത്രം എയ്ഡ്‌സ് ബാധിച്ച് മരിക്കുന്നു. എയ്ഡ്‌സ് ബാധിച്ച തമന്ന (ശില്‍പ ഷെട്ടി) എല്ലായിടത്തുനിന്നും ഒറ്റപ്പെടുന്നു, ജോലിയില്‍നിന്ന് പുറത്താക്കപ്പെടുന്നു. ഒടുവില്‍ അവര്‍ തന്റെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുകയും അതില്‍ വിജയിക്കുകയും ചെയ്യുന്നതാണ് സിനിമ.  

രേവതി സംവിധാനം ചെയ്ത സിനിമ നിര്‍മിച്ചത് ശൈലേന്ദ്ര സിങ്ങാണ്. അത്ര പ്രസക്തിയുള്ള വിഷയമായിരുന്നിട്ടും ബോക്‌സോഫീസില്‍ സിനിമ വിജയിച്ചില്ല. 

ഹിറ്റ് സിനിമകളില്‍, പ്രത്യേകിച്ച് നായകപ്രാധാന്യമുള്ള സിനിമകളില്‍ മാത്രം അഭിനയിച്ചിരുന്ന സല്‍മാന്‍ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചപ്പോള്‍ എല്ലാവരും ഞെട്ടി. സല്‍മാന്റെ കരിയറിലെ ഏറ്റവും നല്ല സമയമായിരുന്നുവത്. അന്നേറെ തിരക്കുള്ള താരമായിരുന്നു സല്‍മാന്‍. ആ സിനിമയില്‍ സല്‍മാന്‍ വാങ്ങിയ പ്രതിഫലത്തെക്കുറിച്ച് നിര്‍മാതാവ് ഈയടുത്താണ് തുറന്നുപറഞ്ഞത്. ആ വാക്കുകള്‍ വൈറലാവുകയാണിപ്പോള്‍.

placeholder
രേവതി, സല്‍മാന്‍ ഖാന്‍, ശില്‍പ ഷെട്ടി എന്നിവര്‍ / ഫോട്ടോ: PTI

എച്ച്.ഐ.വി പോസിറ്റീവായ രോഹിത് എന്ന കഥാപാത്രം അവതരിപ്പിക്കുന്നതിനായി വെറും ഒരു രൂപയാണ് സല്‍മാന്‍ വാങ്ങിയത്. പല താരങ്ങളും ആ കഥാപാത്രമാവാന്‍ മടിച്ചപ്പോള്‍, സല്‍മാന്‍ ഉടനടി തയ്യാറായെന്ന് നിര്‍മാതാവ് പറയുന്നു. എച്ച്.ഐ.വി.യെക്കുറിച്ച് രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ അവബോധമുണ്ടാക്കണമെന്ന ആഗ്രഹം കൊണ്ടാണ് സല്‍മാന്‍ യെസ് പറഞ്ഞതത്രേ. ''അന്നും ഇന്നും യുവാക്കള്‍ക്ക് പ്രിയപ്പെട്ട താരമാണ് സല്‍മാന്‍. സത്യത്തില്‍ ഇന്ത്യയുടെ സൂപ്പര്‍മാനും ടെര്‍മിനേറ്ററും റാമ്പോയുമൊക്കെയാണ് അദ്ദേഹം. അങ്ങനെയുള്ള താരത്തെ ഈ സിനിമയില്‍ അഭിനയിപ്പിക്കുന്ന ബുദ്ധിമുട്ട് ആലോചിച്ചുനോക്കൂ. സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ മുഴുവന്‍ താരങ്ങളും നോ പറഞ്ഞു. അതിനുശേഷമാണ് ഞാന്‍ സല്‍മാനെ വിളിക്കുന്നത്''-അദ്ദേഹം പറഞ്ഞു.