ബാഡ്മിന്റൺ ചാമ്പ്യൻ സൈന നെഹ്‌വാളിൻ്റെ ജീവിതം പറയുന്ന സിനിമയാണ് 'സൈന'. 2021-ലിറങ്ങിയ ചിത്രത്തിൽ സൈനയായെത്തിയത് പരിണീതി ചോപ്രയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് നടിക്ക് വലിയ പ്രശംസ ലഭിക്കുകയും ചെയ്തു. ബയോപിക്കിൽ അഭിനയിച്ചിട്ടും ഇൻസ്റ്റഗ്രാമിൽ പരിണീതി സൈനയെ പിന്തുടരുന്നില്ലെന്ന് കണ്ടെത്തിയിരിക്കുകയാണ് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ. സോഷ്യൽ മീഡിയയിൽ ഇതിനെപ്പറ്റിയുള്ള ആരാധകരുടെ നിരന്തരമായ ചോദ്യങ്ങൾക്ക് ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ മറുപടി നൽകുകയാണ് സൈനയിപ്പോൾ.

നടിയും താനും സിനിമയുമായി ബന്ധപ്പെട്ട പ്രൊഫഷണൽ ബന്ധം മാത്രമാണുണ്ടായിരുന്നതെന്നും തങ്ങളിരുവരും ഒരിക്കലും സൗഹൃദം സ്ഥാപിച്ചിട്ടില്ലെന്നും സൈന പറഞ്ഞു. "ശരിക്കും ഞാനിത് ശ്രദ്ധിച്ചില്ല, ഇതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുമില്ല. എൻ്റെ പരിശീലനം, ടൂർണമെൻ്റുകൾ, പരിപാടികൾ എന്നിവ കാരണം ജീവിതം വളരെ തിരക്കിലായിരുന്നു, അതിനാൽ ഇക്കാര്യം ശ്രദ്ധിക്കാനായില്ല. ഞങ്ങൾക്കിടയിലെ സംഭാഷണങ്ങളൊന്നും സൗഹൃദപരമായിരുന്നില്ല. ചില സെഷനുകളിൽ ഞാനൊരു പ്രൊഫഷണലിനെപ്പോലെയാണ് അവരോട് സംസാരിച്ചത്, ജീവിതത്തിൽ ഞാനെന്തെല്ലാം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു, സൗഹൃദത്തിലാകാൻ മാത്രം സമയം ചെലവഴിച്ചിട്ടില്ല."-സൈന പറഞ്ഞു.

പരിണീതി ഒരു പ്രൊഫഷണൽ ജോലിക്കായാണ് അവിടെ എത്തിയതെന്നും അവർ കൂട്ടിച്ചേർത്തു. "പരിശീലനത്തിരക്കുകൾ കാരണം ഡിന്നറിനോ ലഞ്ചിനോ പോകാൻ എനിക്ക് സമയം കണ്ടെത്താനായില്ല. അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. രണ്ടോ മൂന്നോ ആഴ്ചയിലൊരിക്കൽ 1-2 മണിക്കൂർ നേരത്തേക്ക് ഞങ്ങൾ കണ്ടുമുട്ടി, സംവിധായകനും അവിടെയുണ്ടായിരുന്നു. എൻ്റെ യാത്രകളെക്കുറിച്ചും മറ്റും ഞാൻ അവരോട് വിശദീകരിച്ചുകൊടുത്തു. ഫോളോ ചെയ്യാനും അൺഫോളോ ചെയ്യാനും മാത്രമുള്ള സൗഹൃദം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല."-സൈന പറഞ്ഞു. സൈനയോ പരിണീതിയോ പരസ്പരം ഇൻസ്റ്റാഗ്രാമിൽ പരസ്പരം പിന്തുടരുന്നില്ല. സൈന സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ്‌ കിട്ടിയതെങ്കിലും പരിണീതിയുടെ പ്രകടനം പ്രശംസിക്കപ്പെട്ടു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi