രാധാകൃഷ്ണ വേലായുധ രഘുവരന്‍ എന്നുകേട്ടാല്‍ ആര്‍ക്കും പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എന്നാല്‍ രഘുവരന്‍ എന്ന പേര് മലയാളികള്‍ക്ക് അത്രത്തോളം പരിചിതമാണ്. യാതൊരു ബഹളങ്ങളുമില്ലാതെ, ഒരു നേര്‍ത്ത അരുവിപോലെ വന്ന് മലയാളികളെ തന്റെ അഭിനയത്തിന്റെ മാന്ത്രികതയിലേക്ക് ചേര്‍ത്ത രഘുവരന്‍. 

സൂര്യമാനസം, മാന്ത്രികം, ഉല്ലാസപ്പൂങ്കാറ്റ്, രുഗ്മ, കിഴക്കന്‍ പത്രോസ് തുടങ്ങി കുറേ മലയാളംസിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും, 'ദൈവത്തിന്റെ വികൃതികളി'ലെ അല്‍ഫോണ്‍സാച്ചന്‍ ഒരുപടി മുകളില്‍ നില്‍ക്കും. ഫ്രഞ്ച് വംശജനായ അല്‍ഫോണ്‍സാച്ചന് പ്രിയം മയ്യഴിപ്പുഴയും മയ്യഴിയിലെ തീരവും ഊടുവഴികളും നാടും നാട്ടുകാരുമാണ്. തങ്ങളൊന്നുമല്ലാത്ത നാട്ടില്‍ നില്‍ക്കുമ്പോഴും, കുടുംബം പട്ടിണിയിലേക്ക് വീഴുമ്പോഴും, അല്‍ഫോണ്‍സാച്ചന്‍ തന്റെ ജന്‍മദേശത്തേക്ക് തിരിച്ചുപോവാന്‍ തയ്യാറാകുന്നില്ല. ആ കഥാപാത്രത്തെ അത്രയും മനോഹരമായിട്ടാണ് രഘുവരന്‍ അവതരിപ്പിച്ചത്. 

ഈ കഥാപാത്രത്തിന്റെ മികവില്‍, അക്കൊല്ലത്തെ ദേശീയപുരസ്‌കാരത്തിന്റെ അവസാനറൗണ്ട് വരെ രഘുവരന്‍ എത്തിയിരുന്നു. പക്ഷേ, മിഥുന്‍ ചക്രവര്‍ത്തിയുമായുള്ള മത്സരത്തില്‍, ആ സ്വപ്‌നം കൈയകലത്തില്‍വെച്ച് നഷ്ടപ്പെട്ടു.  

പാലക്കാട് നിന്ന് ഇന്ത്യന്‍സിനിമയിലേക്ക്...
പാലക്കാട് ജില്ലയിലെ കൊല്ലങ്കോടാണ് രഘുവരന്‍ ജനിച്ചത്. അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ടാണ് കുടുംബം കോയമ്പത്തൂരിലേക്ക് മാറുന്നത്. അഭിനയം തലയ്ക്കുപിടിച്ചതിനാല്‍, ഡിഗ്രി പഠനം പോലും പൂര്‍ത്തിയാക്കാതെ അഭിനയം പഠിക്കാനിറങ്ങി. 

എം.ജി.ആര്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ട്രെയിനിങ് ഇന്‍സ്റ്റിസ്റ്റ്യൂട്ടില്‍നിന്ന് ഡിപ്ലോമയെടുത്തശേഷം, അവസരങ്ങള്‍ക്കായി പലരെയും ചെന്നുകണ്ടു. തമിഴ്‌നാട്ടിലെ ഒരുവിധം സിനിമാസ്റ്റുഡിയോകളെല്ലാം കയറിയിറങ്ങി. അതിനിടയില്‍ ചെന്നൈ കിങ്‌സ് എന്ന നാടകസംഘത്തോടൊപ്പം പ്രവര്‍ത്തിക്കുന്നുമുണ്ടായിരുന്നു. അപ്രതീക്ഷിതമായാണ് എഴാമത് മനിതന്‍ എന്ന തമിഴ് സിനിമയിലേക്ക് അവസരം കിട്ടുന്നത്. അതിലെ കഥാപാത്രം രഘുവരന് ഒട്ടേറെ പ്രശംസ നേടിക്കൊടുത്തു. പിന്നാലെ നല്ല അവസരങ്ങള്‍ തേടിയെത്തുമെന്ന് പ്രതീക്ഷിച്ച രഘുവരന്, പിന്നെയും നിരാശയുടെ കാലമായിരുന്നു. പഠനം പൂര്‍ത്തിയാക്കാത്തതുകൊണ്ട് വേറെ ജോലികിട്ടാനും സാധ്യത കുറവാണ്. ഒടുവില്‍ കന്നഡയിലും തെലുഗുവിലും ചെറിയ കഥാപാത്രങ്ങള്‍ ചെയ്യാന്‍തുടങ്ങി. 
 

placeholder
ദൈവത്തിന്റെ വികൃതികളില്‍നിന്നൊരു രംഗം

സില്‍ക്ക് സില്‍ക്ക് സില്‍ക്ക് എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രമാണ് അദ്ദേഹത്തിന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവായത്. പിന്നീട് രഘുവരനെ തേടി റോളുകളുടെ ഒഴുക്കായിരുന്നു. മിസ്റ്റര്‍ ഭരത്, സംസാരം അതു മിന്‍സാരം, മൈക്കേല്‍ രാജ്, കവിതൈ പാട നേരമില്ലൈ, ബാഷ, അഞ്ജലി, മുതല്‍വന്‍, ബാല, യാരടി നീ മോഹിനി...അതിനിടയില്‍ മികച്ച വില്ലനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരവും 'മുതല്‍വനി'ലൂടെ കരസ്ഥമാക്കി. മലയാളം, തമിഴ്, കന്നഡ, തെലുഗു ഭാഷകള്‍ കടന്ന് ബോളിവുഡിലും ഒരുകാലത്ത് രഘുവരന്‍ തന്റെ സ്ഥാനമുറപ്പിച്ചു.  

ഇസ്സത്ത്ദാര്‍ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റംകുറിച്ചത്. ദിലീപ് കുമാര്‍ പ്രധാനകഥാപാത്രമായി സിനിമയില്‍, വില്ലനായാണ് രഘുവരനെത്തിയത്. ദിലീപ് കുമാറിനൊപ്പം കട്ടയ്ക്കുകട്ടയ്ക്ക് നിന്ന രഘുവരനെ ആസ്വാദകര്‍ ഏറ്റെടുത്തു. പിന്നീട് ശിവ, രക്ഷക്, ലാല്‍ ബാദ്ഷാ, ഹിറ്റ്‌ലര്‍...അങ്ങനെ ഒട്ടേറെ സിനിമകളുടെ ഭാഗമായി. അമിതാഭ് ബച്ചന്‍, മിഥുന്‍ ചക്രവര്‍ത്തി, സുനില്‍ ഷെട്ടി തുടങ്ങിയ താരങ്ങളോടൊപ്പം അഭിനയിക്കുമ്പോള്‍, അവര്‍ക്കൊപ്പം തന്നെ തന്റെ കഥാപാത്രവും പിടിച്ചുനില്‍ക്കുന്നുണ്ടെന്ന് രഘുവരന്‍ എപ്പോഴും ഉറപ്പുവരുത്തിയിരുന്നു. പല ഭാഷകളിലായി 200-ലധികം സിനിമകള്‍ ചെയ്തു. 

ഏതുവേഷവും ഇണങ്ങുന്ന അഭിനേതാവ്
കൊമേഴ്‌സ്യല്‍ സിനിമയും ആര്‍ട്ട് സിനിമയും ഒരുപോലെ വഴങ്ങിയ അഭിനേതാവെന്ന് നിസ്സംശയം പറയാം രഘുവരനെക്കുറിച്ച്. ശബ്ദവും ശരീരഭാഷയുമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. തന്റെ ശബ്ദത്തിന്റെ മാന്ത്രികതയെക്കുറിച്ച് രഘുവരന് നല്ല ധാരണയുണ്ടായിരുന്നു. വോയ്‌സ് മോഡുലേഷനിലൂടെ ശബ്ദം കൂടുതല്‍ ഭംഗിയായി അവതരിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുകയും ചെയ്തു.

സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കുമ്പോഴും അദ്ദേഹത്തിന്റെ മനസ്സില്‍ വേറെ കുറേ സ്വപ്‌നങ്ങളായിരുന്നു. ജീവിതത്തില്‍ ഏറ്റവും ഖേദം തോന്നിയ തീരുമാനേതാണ്? മുമ്പൊരിക്കല്‍ തമിഴ് ചാനലിലെ അഭിമുഖത്തില്‍ രഘുവരനോട് ചോദിച്ചപ്പോള്‍, ഒരുനിമിഷം പോലും വൈകാതെ ഉത്തരമെത്തി, അഭിനേതാവ് ആയതുതന്നെ. അതിനുപിന്നാലെ അദ്ദേഹം അതേക്കുറിച്ച് വിശദീകരിച്ചു, ''കര്‍ഷകനായി ജീവിച്ചിരുന്നെങ്കില്‍ ഞാന്‍ കൂടുതല്‍ സന്തുഷ്ടനായേനെ. കുറേ കോഴികളും താറാവുകളും ആടുകളുമെല്ലാമുള്ള വീട്. വീടിന് മുന്നിലെ പറമ്പിലും വയലിലും നോക്കി ജീവിക്കുന്നത് എനിക്ക് കൂടുതല്‍ സന്തോഷം തരുമായിരുന്നു. എനിക്ക് അവിടെ കമ്പനി തരാനായി ഒരാള്‍ മതി, അതാണ് ജീവിതം. അതുമാത്രമാണ്. നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നതൊന്നും ജീവിതമല്ല. കാലം എന്നെ നടനാക്കുകയായിരുന്നു''.

തന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് ഏറ്റുപറയുമ്പോഴും, ആത്മാര്‍ഥമായി തന്നെയാണ് ജീവിതത്തിലെ ആ റോളും ഭംഗിയാക്കിയത്. കഥാപാത്രത്തിനുവേണ്ടി ഒരുപാട് പരിശ്രമിക്കുന്ന രഘുവരനെ കുറിച്ച്, മുന്‍ഭാര്യ രോഹിണി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ''

രാവിലെ ഒരു സീന്‍ തുടങ്ങിയാല്‍ ആ സീന്‍ അവസാനിക്കുന്നത് വരെയും രഘു ഭക്ഷണം കഴിക്കില്ല. ബ്രേക്ക് കിട്ടുമ്പോഴെല്ലാം ഒരുഗ്ലാസ് ചായയും സിഗരറ്റും കൊണ്ടിരിക്കും. ഷൂട്ട് എത്ര നീളുകയാണെങ്കിലും അതില്‍ മാറ്റമുണ്ടാവില്ല. ഭക്ഷണം കഴിച്ചാല്‍ പിന്നീട് ആ കഥാപാത്രത്തിലേക്കിറങ്ങാന്‍ പറ്റില്ലെന്നാണ് രഘു പറയാറുള്ളത്. ഏതു കഥാപാത്രമാണോ അഭിനയിക്കുന്നത്, ആ കഥാപാത്രമായി തന്നെയാണ് പലപ്പോഴും വീട്ടിലും പെരുമാറിയിരുന്നത്''.

1996-ലാണ് രഘുവരന്‍ അഭിനേത്രി രോഹിണിയെ വിവാഹം കഴിക്കുന്നത്. രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴേക്കും ഒരാണ്‍കുഞ്ഞ് പിറന്നു, സായ് ഋഷി. 2004-ല്‍ രോഹിണിയും രഘുവരനും വിവാഹമോചനം നേടുകയും ചെയ്തു. അപ്പോഴും അവര്‍ക്കിടയിലെ ആ സൗഹൃദവും സ്‌നേഹവും പഴയതുപോലെ തന്നെ നിലനിന്നു. ഏറെ സ്‌നേഹത്തോടെയാണ് രോഹിണി എപ്പോഴും രഘുവരനെ ഓര്‍ക്കാറുള്ളത്, ''മാര്‍ച്ച് 19, 2008 ഒരു സാധാരണദിവസം പോലെ തന്നെയാണ് തുടങ്ങിയത്. പക്ഷേ, എന്നെയും ഋഷിയെയും സംബന്ധിച്ചിടത്തോളം ആ ദിവസം എല്ലാം മാറിമറിഞ്ഞു''. ഒരിക്കല്‍ രഘുവരന്റെ മരണദിവസത്തെ രോഹിണി ഇങ്ങനെയാണ് ഓര്‍ത്തത്.  

നല്ല വേഷങ്ങളില്‍ അഭിനയിക്കുമ്പോഴും, നിര്‍ത്താനാവാത്ത മദ്യപാനം അദ്ദേഹത്തെ പലപ്പോഴും വഴിതെറ്റിച്ചുകൊണ്ടിരുന്നു. അത് ശരീരത്തിലെ അവയവങ്ങളെ ബാധിച്ചു. 49-ാമത്തെ വയസ്സിലാണ് രഘുവരന്‍ വിടപറയുന്നത്. അപ്പോഴും അദ്ദേഹത്തിനെ മാത്രം മനസ്സില്‍ക്കണ്ടുള്ള ഒരുപാട് കഥാപാത്രങ്ങള്‍ കാത്തിരിപ്പുണ്ടായിരുന്നു.