നടന്‍ ജെമിനി ഗണേശനും ഭാര്യയായിരുന്ന പുഷ്പവല്ലിക്കും രണ്ട് പെണ്‍മക്കളായിരുന്നു. രേഖയും രാധയും. 40 വര്‍ഷത്തോളമായി ബോളിവുഡില്‍ തിളങ്ങിനില്‍ക്കുന്ന രേഖയ്ക്ക് കൈനിറയെ അവസരങ്ങള്‍ സിനിമ നല്‍കി. സിനിമാനടിയും മോഡലുമായിരുന്നു രേഖയുടെ സഹോദരി രാധയും. പക്ഷേ, അവരെപ്പറ്റി അധികമാര്‍ക്കും ഇപ്പോള്‍ അറിയില്ലെന്നതാണ് വാസ്തവം.
രേഖയെപ്പോലെ അതീവസുന്ദരിയായിരുന്നു അനിയത്തി രാധയും. മോഡലിങ്ങില്‍ തിളങ്ങിയശേഷമാണ് സിനിമയിലേക്ക് കടക്കുന്നത്. ഏതാനും തമിഴ് സിനിമകളില്‍ അഭിനയിച്ചു, സുപ്രധാനമാഗസിനുകള്‍ക്കായി ഫോട്ടോഷൂട്ടും രാധ നടത്തിയിരുന്നു. അഭിനയത്തേക്കാളും മോഡലിങ്ങിനോടായിരുന്നു താത്പര്യം കൂടുതല്‍.
ബ്ലോക്ബസ്റ്റര്‍ ചിത്രം 'ബോബി'യിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് രേഖയെപ്പോലെ തന്നെ വലിയൊരു താരമാകേണ്ട വ്യക്തിയായിരുന്നു യഥാര്‍ഥത്തില്‍ രാധ. ബോബിയില്‍ ഋഷി കപൂറിന്റെ നായികയായി രാധയെ അഭിനയിപ്പിക്കാനായിരുന്നു ജെമിനി ഗണേശന്റെ സുഹൃത്തുകൂടിയായ രാജ് കപൂര്‍ ആദ്യം ആലോചിച്ചത്. എന്നാല്‍, അപ്രതീക്ഷിതമായി രാധ ആ അവസരം വേണ്ടെന്നുവെച്ചു. പിന്നീട് ആ അവസരം ഡിംപിള്‍ കപാഡിയക്ക് ലഭിച്ചു. ചിത്രം വലിയ വിജയമായി. ഒറ്റരാത്രികൊണ്ട് ഡിംപിള്‍ കപാഡിയ സൂപ്പര്‍സ്റ്റാര്‍ ആയി മാറുന്ന കാഴ്ചയാണ് പിന്നീടെല്ലാവരും കണ്ടത്.
സിനിമ വേണ്ടെന്ന് വെക്കാനുള്ള രാധയുടെ ആ തീരുമാനമാണ് ഡിംപിളിനെ സൂപ്പര്‍താരമാക്കിയതെന്ന് പലരും അഭിപ്രായപ്പെടാറുണ്ട്. അതേസമയം, രേഖയെപ്പോലെ വലിയ ജനശ്രദ്ധ ആഗ്രഹിച്ചിരുന്ന വ്യക്തിയല്ല രാധ. 1981-ല്‍ തന്നെ അവര്‍ സിനിമാരംഗം വിട്ടിരുന്നു. ബാല്യകാല സുഹൃത്തായ ഉസ്മാന്‍ സയീദിനെ വിവാഹം ചെയ്ത് അമേരിക്കയിലേക്ക് പോവുകയും ചെയ്തു. പ്രമുഖസംവിധായകന്‍ എസ്എം അബ്ബാസിന്റെ മകനാണ് ഉസ്മാന്‍. രാധയ്ക്കും ഉസ്മാനും രണ്ട് ആണ്‍മക്കളാണ്.
രേഖയ്ക്കും രാധയ്ക്കും വേറെയും സഹോദരങ്ങളുണ്ട്. ജെമിനി ഗണേശന്റെ വിവിധവിവാഹങ്ങളില്‍ നിന്നുള്ള മക്കള്‍. ആദ്യഭാര്യയില്‍ നാല് പെണ്‍മക്കളും മൂന്നാംഭാര്യ സാവിത്രിയില്‍ ഒരു മകനും മകളും.
Content Highlights: rekhas lesser-known sister radha who was once a top model
Published: 29 Apr 2025, 04:33 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented