ഒരുകാലത്ത് ഏറ്റവും പ്രശസ്തനായ, തിരക്കേറിയ സംവിധായകനായിരുന്നു രാം ഗോപാൽ വർമ. പല ജോണറുകളിലുള്ള സിനിമകൾ അദ്ദേഹം സംവിധാനം ചെയ്ത് വിജയിപ്പിച്ചു. സംവിധാനത്തിനുപുറമെ തിരക്കഥാരചനയും നിർമാണവും ഒരുപോലെ കൊണ്ടുപോയി അദ്ദേഹം. പുതിയ കാലത്തെ ഇന്ത്യൻ സിനിമയുടെ തുടക്കക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്നയാളാണ് അദ്ദേഹം.
'ശൂൽ' എന്ന ചിത്രത്തിന് ദേശീയപുരസ്‌കാരം നേടിയ അദ്ദേഹം, ഏഴുതവണ ആന്ധ്രസർക്കാരിന്റെ നന്ദി പുരസ്‌കാരവും കരസ്ഥമാക്കിയിട്ടുണ്ട്. മികച്ച സംവിധാനം, മികച്ച തിരക്കഥാകൃത്ത്, മികച്ച സിനിമ എന്നിവയ്ക്കുള്ള പുരസ്‌കാരമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഹിന്ദിക്കൊപ്പം തന്നെ തെലുഗു, കന്നഡ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
ബോളിവുഡിൽ പിന്നീട് വിജയിച്ച പല താരങ്ങളെയും അവതരിപ്പിച്ചത് അദ്ദേഹമാണ്. എന്നാൽ, ബോളിവുഡിലെ ഒരുവിധം എല്ലാ സംവിധായകർക്കുവേണ്ടിയും അഭിനയിച്ച ഷാരൂഖ്, ഇതുവരെ രാം ഗോപാൽ വർമയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടില്ല.
അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് രാം ഗോപാൽ വർമ. ''ഞങ്ങൾ നിരവധി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. പക്ഷേ ഷാരൂഖ് ഊർജ്ജസ്വലതയാൽ പൊട്ടിത്തെറിക്കുന്ന ഒരു ലൈവ് വയർ പോലെയാണെന്നാണ് എനിക്ക് എപ്പോഴും തോന്നിയിട്ടുള്ളത്. എന്റെ സിനിമാനിർമ്മാണ ശൈലി സംയോജിതവും തീവ്രവുമാണ്. ഷാരൂഖിനെ ആ ഇടത്തിലേക്ക് പരിമിതപ്പെടുത്തുന്നത് അദ്ദേഹത്തോടും അദ്ദേഹത്തിന്റെ ആകർഷണീയതയും വ്യക്തിപ്രഭാവവും പ്രതീക്ഷിച്ച് വരുന്ന ആരാധകരോടും ചെയ്യുന്ന അന്യായമാവുമെന്ന് എനിക്ക് തോന്നി. ഒരു ഘട്ടത്തിൽ, ഞാൻ 'കമ്പനി' എന്ന സിനിമയ്ക്കായി അദ്ദേഹത്തെ സമീപിച്ചു. അതിൽ മല്ലിക് എന്ന കഥാപാത്രത്തിനുവേണ്ടിയായിരുന്നുവത്. പക്ഷേ മല്ലിക്കിന്റെ കഥാപാത്രം വളരെ ശാന്തവും അലസവുമായിരിക്കണം. അത് ഷാരൂഖിൽ നിന്ന് ആളുകൾ പ്രതീക്ഷിക്കുന്നതിന് വിപരീതമായിരുന്നു. അതുകൊണ്ട് ആ കഥാപാത്രത്തിനായി അജയ് ദേവ്ഗണിനെ സമീപിച്ചു. അതുകഴിഞ്ഞ് ഷാരൂഖിനായി ഒരു മികച്ച കഥ ഉണ്ടായിരുന്നു എന്റെ കൈയിൽ, പക്ഷേ അതും സംഭവിച്ചില്ല''.
ഷാരൂഖിന്റെ അസാധാരണമായ സ്‌ക്രീൻ പ്രെസൻസിനെയും ഒരു കലാകാരൻ എന്ന നിലയിലുള്ള സ്വാതന്ത്ര്യത്തെയും ആർ.ജി.വി പ്രശംസിക്കുന്നു. ഷാരൂഖ് അത്രയും നല്ല അഭിനേതാവാണെന്നും സംവിധായകർക്ക് പലപ്പോഴും ഒന്നും പറയാനുണ്ടാവില്ലെന്നും അദ്ദേഹം പറയുന്നു, ''ഷാരൂഖിനോട് ഒരു രംഗത്തെക്കുറിച്ച് പറയുമ്പോൾ, അദ്ദേഹം പെട്ടെന്ന് വന്ന് അതുചെയ്യുന്നു. അതിശയകരമാണത്. അദ്ദേഹത്തിന്റെ സിനിമയിൽ എനിക്ക് ഒന്നും ചെയ്യാനില്ലെന്ന് എനിക്ക് തോന്നി. സംവിധായകർക്ക് അദ്ദേഹത്തിന്റെ സിനിമകളിൽ കാര്യമായി ഒന്നും ചെയ്യാനുണ്ടാകില്ല. കാരണം അദ്ദേഹത്തിന് ക്യാമറ പൂർണ്ണമായും നിയന്ത്രിക്കാൻ കഴിയും. അത് വളരെ വ്യത്യസ്തമായ ഒരു തരം സ്റ്റാർഡമാണ്''.
വ്യൂഹം എന്ന തെലുഗുസിനിമയാണ് ആർ.ജി.വിയുടേതായി അവസാനമിറങ്ങിയത്. 'പോലീസ് സ്‌റ്റേഷൻ മേം ഭൂത്' എന്ന സിനിമയുടെ പണിപ്പുരയിലാണ് അദ്ദേഹം ഇപ്പോൾ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Ram Gopal Varma reveals the surprising reason he never cast Shah Rukh Khan in his films, citing SRK`s electrifying energy and his own intense filmmaking style
Published: 29 Nov 2025, 01:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented