ഇന്ന് എവിടെ നോക്കിയാലും എ.ഐ ആണ്. നിര്‍മിത ബുദ്ധി ലോകം ഭരിക്കുമ്പോള്‍ സത്യമേത് മിഥ്യയേതെന്നറിയാന്‍ അല്പം പാടുപെടും. സിനിമ ചിത്രീകരണത്തിലും എ.ഐ കടന്നുകയറുമ്പോള്‍ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ആനന്ദ് എല്‍. റായ്.

2013-ല്‍ ധനുഷിനെ നായകനാക്കി ആനന്ദ് എല്‍. റായ് സംവിധാനം ചെയ്ത ചിത്രമാണ് ‘രാഞ്ജ്‌ന’. സോനം കപൂര്‍ നായികയായ ചിത്രം 12 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും തിയേറ്ററുകളിലെത്തുകയാണ്. സിനിമയിലെ ക്ലൈമാക്‌സില്‍ മാറ്റം വരുത്തിയാണ് റീ റിലീസിനെത്തുന്നത്. സിനിമയുടെ നിലവിലെ ദുഃഖം നിറഞ്ഞ ക്ലൈമാക്‌സ് എ.ഐയുടെ സഹായത്തോടെ മാറ്റി സന്തോഷം നിറഞ്ഞതാക്കിയാകും ‘രാഞ്ജ്‌ന’ റീ റിലീസ് ചെയ്യുക. എന്നാല്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍.

കഥയില്‍ ഇത്രയും വലിയൊരു മാറ്റം വരുത്തുന്നതിന് മുന്‍പ് നിര്‍മാതാക്കളായ ഇറോസ് ഇന്റര്‍നാഷണല്‍ തന്നോട് ആലോചിക്കുകയോ അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് സഹനിര്‍മാതാവുകൂടിയായ ആനന്ദ് എല്‍. റായ് പറഞ്ഞു. ഈ വിവരം രണ്ടുദിവസം മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെയാണ് താന്‍ അറിഞ്ഞതെന്നും എന്തിനാണ് ആ ക്ലൈമാക്‌സ് മാറ്റുന്നതെന്ന് ചോദിച്ച് ആളുകള്‍ തനിക്ക് സന്ദേശങ്ങള്‍ അയക്കുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. തനിക്കിത് ഉള്‍ക്കൊള്ളാനേ കഴിയുന്നില്ലെന്നും ഇക്കാര്യം സംസാരിക്കാന്‍ നിര്‍മാണക്കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ തന്റെ വാക്കുകള്‍ അവര്‍ ചെവിക്കൊണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''എനിക്കിത് മനസ്സിലാകുന്നില്ല. അവര്‍ക്കിത് എങ്ങനെ ചെയ്യാന്‍ കഴിയും. ജനങ്ങള്‍ ഒരുപാട് ഇഷ്ടപ്പെട്ട ഒരു ക്ലൈമാക്‌സാണത്. സംവിധായകനായ ഞാന്‍ പറയുന്നത് കേട്ടില്ലെങ്കിലും പ്രേക്ഷകരുടെയെങ്കിലും അഭിപ്രായം കേള്‍ക്കണം. ആ സിനിമയുടെ ആത്മാവ് ആ വൈകാരികമായ ക്ലൈമാക്‌സിലാണുള്ളത്.

കരാറുകളില്‍ ഒപ്പിടുമ്പോള്‍ ഞാന്‍ വളരെ ശ്രദ്ധിക്കമായിരുന്നു. ഒരു നിര്‍മാണക്കമ്പനികള്‍ പണമുണ്ടാക്കാനായി യാഥാര്‍ഥ കലാസൃഷ്ടി തകര്‍ക്കുകയാണ്.” ആനന്ദ് എല്‍ റായ് പറഞ്ഞു.

എ.ഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത ‘രാഞ്ജ്‌ന’യുടെ പുതിയ പതിപ്പ് തമിഴ്നാട് ആസ്ഥാനമായുള്ള വിതരണക്കാരായ അപ്സ്വിംഗ് എന്റര്‍ടൈന്‍മെന്റിന് വിറ്റതായി റിപ്പോര്‍ട്ടുണ്ട്. ഏകപക്ഷീയമായ ഈ നീക്കത്തില്‍ അസ്വസ്ഥനായ റായ് ഇറോസ് ഇന്റര്‍നാഷണലുമായി ബന്ധപ്പെട്ട് എതിര്‍പ്പ് രേഖപ്പെടുത്തി. തന്റെ ആശങ്കകള്‍ തള്ളിക്കളഞ്ഞപ്പോള്‍, എ.ഐ ഉപയോഗിച്ച് മാറ്റം വരുത്തിയ പതിപ്പില്‍ നിന്ന് തന്റെ പേര് നീക്കം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഉപകരണമെന്ന നിലയില്‍ എ.ഐയെ എതിര്‍ക്കുന്നില്ലെന്നും പൂര്‍ത്തിയായ കലാസൃഷ്ടികളില്‍ മാറ്റം വരുത്താന്‍ എ.ഐ ഉപയോഗിക്കുന്നത് ധാര്‍മികമായി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi