തിയേറ്ററുകളിൽ വീണ്ടും തരംഗം തീർക്കാനൊരുങ്ങുകയാണ് ബാഹുബലി. ബാഹുബലി ഒന്നാം ഭാഗവും രണ്ടാം ഭാഗവും സംയോജിപ്പിച്ച്, 'ബാഹുബലി: ദി എപ്പിക്' എന്ന പേരിൽ ചിത്രം ഒക്ടോബർ 31-ന് വീണ്ടും തിയേറ്ററുകളിലെത്തും. ഈ പുനരാവിഷ്കാരത്തിനായി വലിയ ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.എന്നാൽ എഡിറ്റ് ചെയ്ത പതിപ്പിൽ ഒഴിവാക്കിയ ഭാഗങ്ങളെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

To advertise here,

പ്രഭാസ്, എസ്.എസ്. രാജമൗലി, റാണ ദഗ്ഗുപതി എന്നിവരുമായുള്ള ഒരു പ്രത്യേക അഭിമുഖം അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. ഇതിലാണ് ഒഴിവാക്കിയ ഭാഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സംവിധായകൻ വെളിപ്പെടുത്തിയത്. എഡിറ്റ് ചെയ്ത പതിപ്പിന് 3 മണിക്കൂറും 45 മിനിറ്റുമാണ് ദൈർഘ്യം. അതനുസരിച്ച്, അവന്തികയുടെ പ്രണയകഥ, 'പച്ചബൊട്ടേസിന' എന്ന ഗാനം, 'കണ്ണാ നിദുരിഞ്ചറാ' എന്ന ഗാനം, 'ഇരുക്കുപ്പോ' എന്ന ഗാനം എന്നിവ പുനരാവിഷ്കരിച്ച പതിപ്പിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

കൂടാതെ, പ്രഭാസും റാണയും അഭിനയിച്ച യുദ്ധരംഗങ്ങളിലെ ചില ഭാഗങ്ങളും രാജമൗലിയും സംഘവും വെട്ടിച്ചുരുക്കിയിട്ടുണ്ട്. "ഓരോ രംഗത്തിലും ഞങ്ങൾ കഥ തുടർച്ചയായി പറയുന്നുണ്ട്. എങ്കിലും, വൈകാരിക മുഹൂർത്തങ്ങളും പ്രധാന രംഗങ്ങളും നിലനിർത്തിയിട്ടുണ്ട്" എന്ന് രാജമൗലി വ്യക്തമാക്കി.

ഒറ്റ പതിപ്പായ  'ബാഹുബലി: ദി എപ്പിക് അഡ്വാൻസ് ബുക്കിങ്ങിൽ തരംഗം സൃഷ്ടിക്കുകയാണ്. ഒരു റീ-റിലീസ് ചിത്രമായിട്ടുകൂടി, യഥാർഥ പതിപ്പിനേക്കാൾ മികച്ച ബുക്കിങ്ങാണ് ഇതിന് ലഭിക്കുന്നത്. ഇതോടെ, 'ബാഹുബലി: ദി എപ്പിക്കി'ൻ്റെ പ്രീ-സെയിൽസ്, ഇന്ത്യയിൽ ഇതുവരെ റീ-റിലീസ് ചെയ്ത സിനിമകളുടെയെല്ലാം ആജീവനാന്ത കളക്ഷനേക്കാൾ കൂടുതലാണ്. പ്രീമിയറുകൾ ഉൾപ്പെടെ ആദ്യ ദിനത്തിലെ അഡ്വാൻസ് ബുക്കിങ്ങിന്റെ ഗ്രോസ് കളക്ഷൻ 10 കോടി കവിഞ്ഞു. ഇന്ത്യയിൽ ബുക്കിങ് 5 കോടി കടന്നപ്പോൾ, വടക്കേ അമേരിക്കയുടെ പിൻബലത്തിൽ വിദേശ പ്രീ-സെയിൽസ് 5 കോടിയിലേക്ക് അടുക്കുകയാണ്. ഇന്ത്യയിൽ എക്കാലത്തെയും ഏറ്റവും വലിയ കളക്ഷൻ നേടുന്ന റീ-റിലീസ് ചിത്രമായി ഇത് മാറുമെന്ന് ഉറപ്പാണ്, ഒരുപക്ഷേ 100 കോടി കടക്കുന്ന ആദ്യ ചിത്രമായും ഇത് മാറിയേക്കാം.

അതേസമയം, അന്താരാഷ്ട്ര വിപണികളിൽ ചിത്രത്തിന് വലിയ റിലീസാണ് നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്. യുഎസ്എയിൽ 400-ൽ അധികം തിയേറ്ററുകളിലും, യുകെയിലും അയർലൻഡിലും 210 ഉം യുഎഇയിൽ 150-ൽ അധികവും ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലുമായി 144 ഉം തെക്കുകിഴക്കൻ ഏഷ്യയിൽ 100-ൽ അധികം തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യും. ആകെ വിദേശ വിപണികളിൽ 1150-ൽ അധികം തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഇത് ഒരു ഇന്ത്യൻ റീ-റിലീസ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ റിലീസാണ്.

അർക്ക മീഡിയ വർക്ക്സ് നിർമ്മിച്ച 'ബാഹുബലി: ദി എപ്പിക്കി’ന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 'ബാഹുബലി: ദി ബിഗിനിങ്' എന്നതിലെ രംഗങ്ങൾ ഉൾക്കൊള്ളുന്ന ആദ്യ പകുതിക്ക് ഏകദേശം 1 മണിക്കൂർ 42 മിനിറ്റും, രണ്ടാം പകുതിക്ക് 'ബാഹുബലി: ദി കൺക്ലൂഷൻ' ഏകദേശം 2 മണിക്കൂർ 3 മിനിറ്റുമാണ് ദൈർഘ്യം.

പ്രഭാസ് ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിൽ റാണ ദഗ്ഗുപതി, അനുഷ്ക ഷെട്ടി, സത്യരാജ്, തമന്ന ഭാട്ടിയ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi