പ്രഭാസ് നായകനാകുന്ന 'ദി രാജാ സാബ്' ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ ആന്ധ്രാപ്രദേശ് സർക്കാർ അനുമതി നൽകി. സംസ്ഥാനത്തുടനീളം പെയ്ഡ് പ്രീമിയറുകൾക്കും സാധാരണ ഷോകൾക്കും ടിക്കറ്റ് നിരക്ക് കൂട്ടാനാണ് സർക്കാരിന്റെ നിർദേശം. വ്യാഴാഴ്ച മുതലാണ് ചിത്രം പെയ്ഡ് പ്രീമിയർ ഷോകളോടെ പ്രദർശനത്തിനെത്തുക. പ്രത്യേക പ്രദർശനങ്ങൾക്ക് ടിക്കറ്റ് നിരക്ക് 1000 രൂപയായാണ് നിശ്ചയിച്ചത്. ജനുവരി ഒൻപതു മുതൽ ആരംഭിക്കുന്ന സാധാരണ ഷോകൾക്കുള്ള ടിക്കറ്റ് നിരക്കിലും മാറ്റം വരുത്തിയിട്ടുണ്ട്. ഉത്തരവ് പ്രകാരം, സിംഗിൾ സ്ക്രീൻ തിയേറ്ററുകളിൽ ടിക്കറ്റ് നിരക്ക് 150 രൂപ വർധിപ്പിച്ച് ഒരു സീറ്റിന് 297 രൂപയാക്കി.

മൾട്ടിപ്ലക്സുകളിൽ ടിക്കറ്റ് നിരക്ക് 200 രൂപ വർധിപ്പിച്ചു, ആദ്യ പത്ത് ദിവസത്തേക്ക് ഒരു സീറ്റിന് 377 രൂപയാണ് നിരക്ക്. ഈ സമയത്ത് ഒരു ദിവസം അഞ്ച് ഷോകൾ വരെ പ്രദർശിപ്പിക്കാനും അനുമതിയുണ്ട്.

പ്രഭാസിനെക്കൂടാതെ, സഞ്ജയ് ദത്ത്, സെറീന വഹാബ്, മാളവിക മോഹനൻ, നിധി അഗർവാൾ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങൾ. സെറീന അവതരിപ്പിക്കുന്ന മുത്തശ്ശിയുമായി ആഴത്തിൽ ബന്ധമുള്ള രാജാ സാബ് എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. ഒരു ഹിപ്നോട്ടിസ്റ്റിന്റെ വേഷമാണ് സഞ്ജയ് ദത്തിന്.

മാരുതി ദാസരിയുടെ സംവിധാനത്തിലൊരുക്കിയ ചിത്രം പീപ്പിൾ മീഡിയ ഫാക്ടറിക്ക് വേണ്ടി ടിജി വിശ്വ പ്രസാദ് ആണ് നിർമിച്ചത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ റിലീസ് ചെയ്യും.

ചിത്രത്തിൽ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ച് പ്രഭാസ് പറഞ്ഞതിങ്ങനെ- "രാജാ സാബിന്റെ മൂന്ന് വർഷത്തെ സമ്മർദ്ദവും ഉത്തരവാദിത്തവും മാരുതി ഗാരുവിന്റെ കണ്ണുകൾ നിറച്ചു. ഞാനാദ്യമായി അദ്ദേഹത്തെ കണ്ടപ്പോൾ, സിനിമകളെല്ലാം അമിതമായി ആക്ഷൻ-അധിഷ്ഠിതമാകുന്നുവെന്നും പ്രേക്ഷകർക്ക് വിനോദം നൽകണമെന്നും അദ്ദേഹത്തോടു പറഞ്ഞിരുന്നു. അങ്ങനെയാണ് ഈ ഹൊറർ-കോമഡി രൂപമെടുത്തത്. ക്ലൈമാക്സ് കേട്ടപ്പോൾ ഞാൻ മാരുതി ഗാരുവിന്റെ എഴുത്തിന്റെ ആരാധകനായി. സത്യസന്ധമായി പറഞ്ഞാൽ, അദ്ദേഹം അത് പേന കൊണ്ടാണോ യന്ത്രത്തോക്ക് കൊണ്ടാണോ എഴുതിയതെന്ന് ഞാൻ അത്ഭുതപ്പെട്ടു. അത്തരമൊരു ക്ലൈമാക്സ് ഹൊറർ-കോമഡി ചിത്രങ്ങളിൽ പോലും വന്നിട്ടില്ല."- പ്രഭാസ് പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi