ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ജീവിതവും പ്രണയവും കരിയറുമെല്ലാം വിശദീകരിക്കുന്ന നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി റിലീസ് ചെയ്യാനിരിക്കെ പുതിയ വിവാദം. നയന്‍താരയും നടനും സംവിധായകനുമായ ധനുഷും തമ്മിലുള്ള പോരാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. 2015-ലിറങ്ങിയ 'നാനും റൗഡി താന്‍' എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് സംവിധായകനായ വിഘ്‌നേഷ് ശിവനും നയന്‍താരയും പ്രണയത്തിലാകുന്നത്. ഈ ചിത്രവും വന്‍വിജയമായിരുന്നു. സിനിമ നിര്‍മിച്ചത് ധനുഷായിരുന്നു. 

സിനിമയുടെ സെറ്റില്‍ വെച്ച് പകര്‍ത്തിയ ചില ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്നു കാട്ടി ധനുഷ് നയന്‍താരയ്ക്ക് പത്തു കോടിയുടെ നഷ്ടപരിഹാരത്തിന് നോട്ടീസയച്ചിടത്താണ് തര്‍ക്കം തുടങ്ങുന്നത്. ഇതിനു പിന്നാലെ ചില കാര്യങ്ങള്‍ വിശദീകരിക്കുന്ന നയന്‍താരയുടെ തുറന്ന കത്തുമെത്തി. ധനുഷ് തന്നോടും വിഘ്‌നേഷിനോടും പകപോക്കുകയാണെന്ന് കത്തില്‍ നയന്‍സ് തുറന്നടിച്ചു.

സിനിമയ്ക്കെതിരെയും, തന്നോടും പങ്കാളിയോടും ധനുഷ് തീര്‍ക്കുന്ന പ്രതികാരം തങ്ങളെ മാത്രമല്ല, ഈ പ്രോജക്റ്റിനായി പരിശ്രമവും സമയവും നല്‍കിയ ആളുകളെയും ബാധിക്കുന്നതാണെന്ന് നയന്‍താര പറഞ്ഞു. 

'ഞങ്ങളുടെ നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി റിലീസിന് താങ്കളുടെ എന്‍.ഒ.സി. (നോണ്‍ ഒബ്‌ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) കിട്ടാനായി നീണ്ട രണ്ടുവര്‍ഷമാണ് കാത്തിരുന്നത്. താങ്കളത് അനുവദിക്കാത്തതിനാല്‍ നിലവിലെ പതിപ്പ് ഉപേക്ഷിക്കാനും വീണ്ടും എഡിറ്റ് ചെയ്യാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഞങ്ങള്‍ തീരുമാനിച്ചു. 'നാനും റൗഡി താനി'ലെ പാട്ടുകളും ദൃശ്യങ്ങളും ഫോട്ടോഗ്രാഫുകളും ഉപയോഗിക്കാന്‍ പലതവണ അഭ്യര്‍ഥിച്ചിട്ടും നിങ്ങള്‍ അനുവദിച്ചില്ല. ഡോക്യുമെന്ററില്‍ അനിവാര്യമായിരുന്ന ഈ പാട്ട് ഉപയോഗിക്കാന്‍ അനുമതി നല്‍കാതിരുന്നത് എന്റെ ഹൃദയം തകര്‍ത്തു.'

'താങ്കളുടെ ഈ തീരുമാനം ഞങ്ങളോടുള്ള വ്യക്തിപരമായ വിദ്വേഷം തീര്‍ക്കാന്‍ വേണ്ടി മാത്രമുള്ളതാണ്. നിങ്ങള്‍ ഇത്രയും കാലം മനപ്പൂര്‍വ്വം മൗനം പാലിക്കുകയായിരുന്നു എന്നറിയുന്നത് വേദനാജനകമാണ്. ഞങ്ങളുടെ സ്വകാര്യ ഉപകരണങ്ങളില്‍ ചിത്രീകരിച്ച വീഡിയോകളുടെ, വെറും 3 സെക്കന്‍ഡ് ഭാഗം ഉപയോഗിച്ചതിനെ നിങ്ങള്‍ ചോദ്യം ചെയ്തതു കണ്ട് ഞെട്ടിപ്പോയി. വെറും മൂന്ന് 3 സെക്കന്‍ഡിന് നഷ്ടപരിഹാരം കോടികള്‍. ഇത് മോശമായി.'

'ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ നിങ്ങളുടെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിട്ടും ആ സിനിമയെപ്പറ്റി നിങ്ങള്‍ 
പറഞ്ഞ ഭയാനകമായ കാര്യങ്ങളൊന്നും ഞാന്‍ മറന്നിട്ടില്ല. റിലീസിന് മുമ്പായി നിങ്ങള്‍ പറഞ്ഞ വാക്കുകള്‍ ഇതിനകം ഞങ്ങള്‍ക്ക് ഉണങ്ങാത്ത മുറിവുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. സിനിമ ബ്ലോക്ക്ബസ്റ്റര്‍ ആയതിന് ശേഷം അത് താങ്കളുടെ ഈഗോയെ വല്ലാതെ വേദനിപ്പിച്ചതായി സിനിമാ വൃത്തങ്ങളില്‍നിന്ന് ഞാന്‍ മനസ്സിലാക്കി.'-കത്തില്‍ പറയുന്നു.