മദ്രാസില്‍ 1959-ല്‍ ഒരു സംഗീതപരിപാടി നടക്കുന്നു. സംഗീതസംവിധായകന്‍ പാര്‍ഥസാരഥി വിളിച്ചതിനെ തുടര്‍ന്ന് ആ പരിപാടിയില്‍ ഗായിക കെ. റാണിയുടെ പാട്ടിന് വയലിന്‍ വായിക്കാനായിരുന്നു ഞാന്‍ അവിടെ എത്തിയത്. ഹാഫ് സാരി ധരിച്ച ഒരു യുവതിയെ അവിടെ കണ്ടു. അവര്‍ പാടാന്‍ തുടങ്ങിയപ്പോള്‍ അമ്പരന്നുപോയി. അത്രയ്ക്ക് അസാധ്യമായിരുന്നു യുവതിയുടെ പാട്ട്. ചമയങ്ങളില്ലാതെ എത്തിയ ആ യുവതിയുടെ പേര് ജാനകിയെന്നായിരുന്നു. മദ്രാസില്‍ പുതിയതായി എത്തിയ ജാനകിയെ അങ്ങനെയാണ് ആദ്യമായി കണ്ടത്. ജാനകിയമ്മയുടെ വളര്‍ച്ച അടുത്തുനിന്ന് കാണാന്‍ സാധിച്ചു.

ജാനകിയമ്മയെയും അവരുടെ പാട്ടിനെയും കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ ഒരു ദിവസമൊന്നും തികയാതെ വരും. ഞാന്‍ സംഗീതസംവിധാനം നിര്‍വഹിച്ച സിനിമകളില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയ ഗായകന്‍ യേശുദാസാണെങ്കില്‍ ഗായിക ജാനകിയാണ്. അനുഗൃഹീതമായ ശബ്ദത്തിന് ഉടമയായ അവര്‍ നന്മനിറഞ്ഞ ഒരു വ്യക്തികൂടിയാണ്. ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഒട്ടേറെ അനുഭവങ്ങള്‍ അവര്‍ക്കൊപ്പമുണ്ട്.

സംഗീതപരിപാടിയില്‍ അവരുടെ പാട്ട് കേട്ടതിനുശേഷം പിന്നീട് ശ്രദ്ധിക്കുന്നത് 1960-ല്‍ പുറത്തിറങ്ങിയ 'പാതൈ തെരിയാത് പാര്‍' ചിത്രത്തിലെ 'തെന്നന്‍കീട്രൂ ഊഞ്ചലിലേ...' എന്ന പാട്ടിലൂടെയാണ്. എം.ബി. ശ്രീനിവാസന്‍ സംഗീതം ചിട്ടപ്പെടുത്തിയ പാട്ട് പാടിയത് പി.ബി. ശ്രീനിവാസനും ജാനകിയുമായിരുന്നു. സൂപ്പര്‍ഹിറ്റായ ആ പാട്ടില്‍ ജാനകിക്ക് പാടാന്‍ കുറച്ച് ഭാഗം മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ അതിമനോഹരമായി ആ ഭാഗങ്ങള്‍ അവര്‍ പാടി. പിന്നീട് ജാനകിയുടെ വളര്‍ച്ചയുടെ നാളുകളായിരുന്നു. വയലിനിസ്റ്റായി എം.എസ്. വിശ്വനാഥന്റെ ടീമിലായിരുന്ന ഞാനും സംഗീതസംവിധാന സഹായിയായി സിനിമയില്‍ ചുവടുറപ്പിച്ച് തുടങ്ങുകയായിരുന്നു.

placeholder
എസ്.ജാനകിയും യേശുദാസും

മധു സംവിധാനം ചെയ്ത 'മാന്യശ്രീ വിശ്വാമിത്രന്‍' ചിത്രത്തില്‍ സ്വതന്ത്ര സംഗീത സംവിധായകനായി എന്നെ നിര്‍ദേശിച്ചത് അതിലെ നായികയായ ഷീലയായിരുന്നു. പാശ്ചാത്യസംഗീതത്തില്‍ അനുഭവമുള്ള ഒരാളെ വേണമെന്ന് മധു പറഞ്ഞപ്പോഴാണ് ഷീല എന്റെ പേര് നിര്‍ദേശിച്ചത്. മറ്റ് പടങ്ങളില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് ഞാന്‍ ആ ചിത്രത്തിനുവേണ്ടി പ്രവര്‍ത്തിച്ചത്. അതിലെ 'കനവ് നെയ്‌തൊരു...' എന്ന് തുടങ്ങുന്ന ഡ്യുയറ്റില്‍ ജാനകിയമ്മ പാടി. പിന്നീട് ധാരാളം ചിത്രങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചു. എല്ലാം നല്ല അനുഭവങ്ങളായിരുന്നു. വ്യക്തി എന്ന നിലയിലും ഗായിക എന്ന നിലയിലും എല്ലാ വിഭാഗങ്ങളിലുള്ളവരെയും ആകര്‍ഷിക്കാന്‍ ജാനകിയമ്മയ്ക്ക് കഴിഞ്ഞു.

പെട്ടെന്ന് ആലോചിക്കുമ്പോള്‍ ഒട്ടേറെ അനുഭവങ്ങള്‍ മനസ്സില്‍ ഓടിയെത്തുന്നുണ്ട്. ഓര്‍ക്കുമ്പോള്‍ കൗതുകവും അതേസമയം ആദരവും തോന്നുന്ന അനുഭവങ്ങള്‍. പാടിയത് ശരിയല്ലാതെ വരുമ്പോള്‍ അതിതീവ്രമായി വിഷമിക്കുന്ന ജാനകിയമ്മയെ ഞാന്‍ കൗതുകത്തോടെ വീക്ഷിച്ചിട്ടുണ്ട്. പടം ഏതായിരുന്നുവെന്ന് ഓര്‍ക്കുന്നില്ല. ശ്രീകുമാരന്‍തമ്പിയുടെ ചിത്രമായിരുന്നു. റെക്കോഡിങ് ആരംഭിച്ചു. തമ്പിയും ഒപ്പമുണ്ട്. ജാനകിയമ്മയ്ക്ക് എന്തോ അസ്വസ്ഥതയുണ്ട്. തമ്പിക്കും എനിക്കും അത്ര തൃപ്തി തോന്നിയില്ല. റെക്കോഡിങ് ഒരാഴ്ചത്തേക്ക് നീട്ടാമെന്ന് തമ്പിയാണ് നിര്‍ദേശിച്ചത്. സംവിധായകന്‍ പറയുന്നത് റെക്കോഡിങ് അടുത്ത ആഴ്ച നടത്താമെന്നാണെന്ന് അറിയിച്ചു. എന്താ കാര്യം എന്നായി ജാനകി. ആരോഗ്യപ്രശ്‌നം തോന്നുന്നുവെന്നും പാടുന്നത് ശരിയാകുന്നില്ലെന്നും പറഞ്ഞുവെങ്കിലും അവര്‍ സമ്മതിക്കുന്നില്ല. ഇപ്പോള്‍തന്നെ പാടണമെന്നും ശരിയായി പാടുമെന്നും നിര്‍ബന്ധമായി. 

ഏറെ സമയമെടുത്താണ് റെക്കോഡിങ് പിന്നീട് മതിയെന്ന് ബോധ്യപ്പെടുത്താന്‍ സാധിച്ചത്. പിന്നീട് നിശ്ചയിച്ചപ്രകാരം റെക്കോഡിങ് നടത്തുകയും ജാനകിയമ്മ മനോഹരമായി പാടുകയും ചെയ്തു. ഇതിനിടെ ജാനകിയുടെ ഭര്‍ത്താവ് രാമപ്രസാദില്‍നിന്നാണ് ആ വിവരം അറിഞ്ഞത്: അന്ന് പാട്ട് ശരിയാകാത്തതിന്റെ വിഷമത്തില്‍ ജാനകി രണ്ടുമൂന്ന് ദിവസം ഭക്ഷണംപോലും ശരിക്കും കഴിച്ചിരുന്നില്ലത്രേ.

മറ്റൊരു സംഭവവും ഓര്‍ക്കുന്നു. പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ദേവതൈ എന്ന തമിഴ് ചിത്രത്തിന്റെ റെക്കോഡിങ് നടക്കുന്നു. ജെമിനി സ്റ്റുഡിയോയിലാണ് റെക്കോഡിങ്. പൊടി അലര്‍ജിയുണ്ടായിരുന്നതിനാല്‍ പാട്ട് പാടാന്‍ സാധിക്കുന്നില്ല. ഇതോടെ ജാനകിയാകെ അസ്വസ്ഥയായി. കരയുകയായിരുന്നു അവര്‍. ആശ്വസിപ്പിക്കാന്‍ എല്ലാവരും ഏറെ പണിപ്പെട്ടു. കുറച്ച് സമയം വിശ്രമിച്ചാല്‍ ശരിയാകുമെന്ന് പറഞ്ഞിട്ടും കരച്ചില്‍ അടക്കിയില്ല. പിന്നീട് അര മണിക്കൂറോളം കഴിഞ്ഞ് വീണ്ടും ടേക്ക് എടുത്തു.  അദ്ഭുതപ്പെടുത്തിക്കൊണ്ട് അസൂയാവഹമായ രീതിയില്‍ ജാനകിയമ്മ പാടിയപ്പോള്‍ ആനന്ദക്കണ്ണീര്‍ പൊടിഞ്ഞത് മറ്റുള്ളവരുടെ കണ്ണുകളിലായിരുന്നു.

placeholder
റെക്കോഡിങ് വേളയില്‍ എസ്.ജാനകിയും ശ്യാമും

പാട്ടിന് പൂര്‍ണതയുണ്ടാകണമെന്ന കാര്യത്തില്‍ ജാനകിയമ്മയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതിനായി നന്നായി പരിശ്രമിച്ചിരുന്നു. അതിന് യോജിച്ചവിധം അനുഗൃഹീതമായ ശബ്ദം ദൈവം അവര്‍ക്ക് നല്‍കി. ഭാവഗായിക എന്ന നിലയില്‍ പ്രതിഭയുടെ കൊടുമുടിയിലാണ് അവരുടെ സ്ഥാനം. എന്നാല്‍ എല്ലാ റേഞ്ചിലും പാടാനുള്ള കഴിവ് എന്നെ പലപ്പോഴും അദ്ഭുതപ്പെടുത്തി. ചെറിയ കുട്ടിയുടെ ശബ്ദത്തില്‍വരെ പെര്‍ഫെക്ടായി പാടാന്‍  ജാനകിയമ്മയ്ക്ക് കഴിഞ്ഞിരുന്നു. 'കള്ളിയങ്കാട്ട് നീലി'യിലെ പാട്ടിനിടയിലെ യക്ഷിയുടെ ചിരി ജാനകിയൊഴികെ മറ്റാര് ചെയ്താലും അത്ര നന്നാകുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്. ഏത് ഭാവവും അനായാസേന പാടി ഫലിപ്പിക്കാന്‍ ജാനകിക്ക് കഴിഞ്ഞു. പാട്ടില്‍ ഭാവങ്ങള്‍ മാറിമറയുന്നത് കാണാം. എന്നാല്‍ മുഖത്ത് ഒരു മാറ്റവും കാണാറില്ല.

പാട്ടുകാരി എന്നതിന് അപ്പുറം മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്ന കാര്യത്തില്‍ ജാനകി പലര്‍ക്കും മാതൃകയാണ്. മറ്റുള്ളവരെക്കുറിച്ച് വലിയ കരുതലാണ്. സന്നദ്ധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞാന്‍ നടത്തിയ സംഗീത പരിപാടികളില്‍ പങ്കെടുത്ത് സൗജന്യമായി പാടുമായിരുന്നു. എന്നും ചിരിച്ചുകൊണ്ടായിരുന്നു ഇടപെട്ടിരുന്നത്. ഇപ്പോള്‍ പ്രായത്തിന്റെ പ്രശ്‌നങ്ങളുണ്ടാകാം. എന്നാല്‍ ജാനകിയമ്മ എന്നും പാടണമെന്നാണ് എന്റെ ആഗ്രഹം. ജാനകിയമ്മ പാടിയ പാട്ടുകള്‍ അമൂല്യങ്ങളായ മുത്തുകളും ജാനകിയമ്മ ഇന്ത്യന്‍ സിനിമാ സംഗീതത്തിന്റെ വലിയ സ്വത്തുമാണ്.

ശ്യാം-ജാനകി ടീമിന്റെ ജനപ്രിയഗാനങ്ങള്‍

  • കാത്തിരിപ്പൂ കുഞ്ഞരിപ്പൂവ് (ആരൂഢം), രചന: കാവാലം
  • മൈനാകം കടലില്‍ നിന്നുയരുന്നുവോ (തൃഷ്ണ), രചന: ബിച്ചു തിരുമല
  • മനസ്സിന്റെ താളുകള്‍ക്കിടയില്‍ (ധീരസമീരേ യമുനാതീരേ), രചന: ഒ.എന്‍.വി
  • നിഴലായ് ഒഴുകിവരും ഞാന്‍ (കള്ളിയങ്കാട്ട് നീലി), രചന: ബിച്ചു തിരുമല
  • ശ്രുതിയില്‍ നിന്നുയരും (തൃഷ്ണ), രചന: ബിച്ചു തിരുമല
  • കസ്തൂരി മാന്‍കുരുന്നേ (കാണാമറയത്ത്), രചന: ബിച്ചു തിരുമല
  • ചിലങ്കേ ചിരിക്കൂ (ഒരു സുമംഗലിയുടെ കഥ), രചന: പി.ഭാസ്‌കരന്‍
  • കണ്ണിന്റെ കര്‍പ്പൂരം (തീരം തേടുന്ന തിര), രചന: ബാലരാമന്‍
  • മകനെ വാ പൊന്‍മകനെ വാ (അമ്മയ്‌ക്കൊരുമ്മ), രചന: ശ്രീകുമാരന്‍ തമ്പി
  • ഒരേ രാഗഗീതം (ആരോഹണം), രചന: പൂവച്ചല്‍ ഖാദര്‍