മുൻനിര നടി മുംതാസ് ബോളിവുഡിലെ താരപദവിയെക്കുറിച്ച് നടത്തിയ തുറന്നുപറച്ചിൽ അടുത്തിടെ ചർച്ചയായിരുന്നു. 'താരം' ആകുന്നതും 'നല്ല അഭിനേതാവ്' ആകുന്നതും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ടെന്ന് അവർ പറഞ്ഞു. സഞ്ജീവ് കുമാറിനെ താരമായി കണക്കാക്കാനാവില്ലെന്ന തന്റെ പരാമർശത്തെ ന്യായീകരിച്ച മുംതാസ്, സീനത്ത് അമാൻ 'നല്ല നടിയല്ലെ'ന്നും പറയുകയുണ്ടായി.
സഞ്ജീവ് കുമാറിനെപ്പറ്റിയുള്ള പരാമർശത്തിൽ മുംതാസ് പറഞ്ഞതിങ്ങനെ - "ഞാൻ എന്താണ് തെറ്റായി പറഞ്ഞത്? അദ്ദേഹം ഒരു മികച്ച നടനായിരുന്നു എന്നത് നിഷേധിക്കുന്നില്ല. ഒരു താരമാകുന്നതും അഭിനേതാവാവുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ദിലീപ് കുമാർ, ദേവ് ആനന്ദ്, ഷമ്മി കപൂർ എന്നിവരെല്ലാം താരങ്ങളായിരുന്നു. സഞ്ജീവ് കുമാർ കഥാപാത്രങ്ങളായും സഹനടൻ്റെ റോളുകളിലുമാണ് അഭിനയിച്ചിരുന്നത്. അദ്ദേഹം വളരെ നല്ല വ്യക്തിയും വിനയശീലനും ആയിരുന്നു, പക്ഷേ താരവും നടനും തമ്മിൽ വ്യത്യാസമുണ്ട്. നിങ്ങൾ പറഞ്ഞത് അദ്ദേഹം ഒരു വലിയ താരമായിരുന്നു എന്നാണ്, എന്നാൽ ഞാൻ പറഞ്ഞത് അദ്ദേഹം ഒരു വലിയ താരമായിരുന്നില്ല എന്നതാണ്. അദ്ദേഹം നല്ല നടനായിരുന്നു, എന്നാൽ ദിലീപ് കുമാർ, ദേവ് ആനന്ദ്, മറ്റ് മുൻനിര നായകന്മാർ എന്നിവരെയാണ് ഞാൻ വലിയ താരങ്ങളായി കണക്കാക്കുന്നത്."
സിനിമാരംഗത്ത് 'താരം' എന്ന വാക്ക് പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും മുംതാസ് പറഞ്ഞു. സീനത്ത് അമനെക്കുറിച്ച് പറയവേ, "സീനത്ത് അമൻ, ഓക്കേ. അവർ വളരെ നല്ലൊരു നടിയായിരുന്നില്ല, ക്ഷമിക്കണം, അവരോടും ഞാൻ ക്ഷമ ചോദിക്കുന്നു. (Zeenat Aman was not a very good actress) അവർക്ക് എത്ര പുരസ്കാരങ്ങൾ കിട്ടി? എല്ലാവരെയും താരങ്ങൾ എന്ന് വിളിച്ചാൽ എങ്ങനെയാണ് ഇത് മുന്നോട്ട് പോകുന്നത്? എല്ലാവർക്കും താരങ്ങളാകാൻ കഴിയില്ല. എല്ലാവർക്കും ദിലീപ് കുമാർ ആകാൻ കഴിയില്ല. ഒരു താരമാകാൻ വർഷങ്ങളെടുക്കും, അവിടെയെത്തുമ്പോഴേക്കും മുടി കൊഴിയും. മീനാ കുമാരി, മധുബാല, നർഗീസ്, രേഖ എന്നിവരാണ് യഥാർഥ നായികാതാരങ്ങൾ."-അവർ പറഞ്ഞു.
1958-ലിറങ്ങിയ 'ലജ്‌വന്തി' എന്ന ചിത്രത്തിലൂടെ 11-ാം വയസ്സിലാണ് മുംതാസ് അഭിനയ രംഗത്തെത്തുന്നത്. പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ മുൻനിര നടിയായി. 1970-ൽ ഫെമിന മിസ് ഇന്ത്യയും മിസ് ഏഷ്യ പസഫിക് ഇൻ്റർനാഷണലും നേടിയതിന് ശേഷമാണ് സീനത്ത് അമൻ ശ്രദ്ധ നേടിയത്. അതേ വർഷം 'ദി ഈവിൾ വിത്തിൻ' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കും കടന്നു. ഒട്ടേറെ സിനിമകൾ ചെയ്തിട്ടുണ്ട്. 1989-ൽ 'ഗവാഹി'യിൽ അഭിനയിച്ചശേഷം വ്യക്തിജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഇടവേളയെടുത്തു. ഫാഷൻ ഐക്കണായും ബോളിവുഡിലെ ആദ്യകാല സെക്സ് സിംബലുകളിലൊരാളായും പലപ്പോഴും കണക്കാക്കപ്പെടുന്ന സീനത്ത്, ഏറ്റവും ഒടുവിൽ നെറ്റ്ഫ്ലിക്സിൽ സംപ്രേക്ഷണം ചെയ്ത 'ദി റോയൽസ്' എന്ന പരമ്പരയിൽ പ്രത്യക്ഷപ്പെട്ടു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Mumtaz distinguishes between being a 'star' and a 'good actor'., Mumtaz stands by her comments regarding Sanjeev Kumar's stardom., Mumtaz critiques Zeenat Aman's acting ability based on award counts., Historical context on the careers of Mumtaz and Zeenat Aman., Reference to Zeenat Aman's 2025 appearance in 'The Royals'.
Published: 22 Apr 2026, 02:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented