മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നവെന്ന അഭ്യൂഹങ്ങൾ പുറത്തുവരാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഈ വർഷം മെയ് മാസത്തിൽ, നിർമാതാവ്, അനൂപ് മോഹൻ പങ്കുവെച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ നിന്നാണ് ഈ അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. മോഹൻലാലും മേജർ രവിയും ഒന്നിക്കുന്നതിനെക്കുറിച്ച് അദ്ദേഹം പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു. വാർത്തകൾക്കുപിന്നാലെ, സംവിധായകൻ മേജർ രവി തന്നെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിതീകരിച്ചിരിക്കുകയാണ്. മൂകാംബികയിൽ, തന്റെ ‘പഹൽഗാം’ തിരക്കഥ പൂജയ്ക്ക് വെക്കുന്ന ചിത്രങ്ങൾ അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുകയാണ്.

ഓപ്പറേഷൻ സിന്ദൂർ, ഓപ്പറേഷൻ മഹാദേവ് തുടങ്ങിയ സെെനിക മുന്നേറ്റങ്ങളെ ആസ്പദമാക്കി നിർമിക്കുന്ന ചിത്രത്തിന് ‘പഹൽഗാം ഒപി സിന്ദൂർ' എന്നാണ് പേരിട്ടിരിക്കുന്നത്. ‌ഈ സിനിമയിൽ, മോഹൻലാൽ മേജർ മഹാദേവൻ ആയി തിരികെ എത്തുമെന്നാണ് റിപ്പോർട്ട്. 

പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെയും അതിനെത്തുടർന്നുണ്ടായ ഇന്ത്യൻ സൈനിക നടപടിയെയും ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പ്രസിഡൻഷ്യൽ മൂവീസ് ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമ്മിക്കുന്നത്.

വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയ്ക്കായി പല ഇൻഡിസ്ട്രിയിൽ നിന്നുള്ള ഗംഭീര ടെക്‌നിഷ്യൻസ് ഒന്നിക്കുന്നു എന്നും സൂചനകളുണ്ട്. പേട്ട, 24 , ജനത ഗാരേജ്, മരക്കാർ തുടങ്ങിയ സിനിമകൾക്കായി ക്യാമറ ചലിപ്പിച്ച എസ് തിരു ആണ് ഈ മേജർ രവി-മോഹൻലാൽ സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുക.

1971 ബിയോണ്ട് ബോർഡേഴ്സിലാണ് മേജർ രവിയും മോഹൻലാലും അവസാനമായി ഒന്നിച്ച് അിനയിച്ചത്.

ഇതോടെ ഈ കൂട്ടുകെട്ടിൽ പിറക്കുന്ന ആറാമത്തെ ചിത്രമായിരിക്കും 'പഹൽഗാം ഒപി സിന്ദൂർ'. സൈനിക പശ്ചാത്തലത്തിലുള്ള 'കീർത്തിചക്ര', 'കുരുക്ഷേത്ര', 'കാണ്ഡഹാർ', '1971: ബിയോണ്ട് ബോർഡേഴ്സ്' എന്നീ സിനിമകൾക്കും ആക്ഷൻ ത്രില്ലറായ 'കർമ്മയോദ്ധ'യ്ക്കും ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

വിരമിച്ച ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനും മുൻ എൻഎസ്ജി കമാൻഡോയുമായ മേജർ രവിക്ക്,ആദ്യ ചിത്രമായ 'കീർത്തിചക്ര'യ്ക്ക് മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു.

പ്രസിഡൻഷ്യൽ മൂവീസ് ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, 2024-ൽ മേജർ രവിയുടെ സംവിധാനത്തിൽ തമിഴ് നടൻ ശരത് കുമാറിനെ നായകനാക്കി 'ഓപ്പറേഷൻ റാഹത്ത്' എന്ന പേരിൽ മറ്റൊരു ചിത്രം പ്രഖ്യാപിക്കുകയും അതിൻ്റെ ടീസർ പുറത്തിറക്കുകയും ചെയ്തിരുന്നു. എന്നാൽ ആ ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

2025 ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണമാണ് 'പഹൽഗാം ഒപി സിന്ദൂർ' എന്ന ചിത്രത്തിൻ്റെ ഇതിവൃത്തം. ജമ്മു കശ്മീരിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ഭീകരർ നടത്തിയ ആ ആക്രമണത്തിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ടു. ഈ സംഭവത്തെത്തുടർന്ന് 2025 മെയ് 7-ന് ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' എന്ന സെെനിക ദെെത്യത്തിലൂടെ തിരിച്ചടിച്ചു. സമീപ കാലത്ത് നടന്ന ഏറ്റവും നിർണ്ണായകമായ ഭീകരവിരുദ്ധ ഓപ്പറേഷനുകളിലൊന്നായി ഇത് മാറി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi