ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ച മോഹൻലാലിന് ആശംസയറിയിച്ച സംവിധായകൻ രാം ഗോപാൽ വർമയുടെ വാക്കുകളാണ് വെെറലാകുന്നത്

‘"ദാദാസാഹിബ് ഫാൽക്കെയെക്കുറിച്ച് എനിക്ക് വലിയ ധാരണയില്ല, അദ്ദേഹം ആദ്യത്തെ സിനിമ ചെയ്തു എന്നതൊഴിച്ചാൽ. ഞാനാ സിനിമ കണ്ടിട്ടില്ല, അത് കണ്ട ആരെയും കണ്ടുമുട്ടിയിട്ടുമില്ല. എന്നാൽ മോഹൻലാലിനെ കണ്ടതിൽ നിന്നും അറിയുന്നതിൽ നിന്നും എനിക്ക് തോന്നുന്നത്, ദാദാസാഹിബ് ഫാൽക്കെയ്ക്ക് മോഹൻലാൽ അവാർഡ് ആണ് നൽകേണ്ടതെന്നാണ്," രാം ഗോപാൽ വർമ എക്സിൽ കുറിച്ചു.

 

പത്രസമ്മേളനത്തിൽ ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ആർജിവിയുടെ ബ്ലാക്ക് ഹ്യൂമറിനെക്കുറിച്ച് മോഹൻലാൽ രസകരമായ ഒരു പരാമർശം നടത്തി. "അദ്ദേഹവും ഞാനും തമ്മിൽ മികച്ച സൗഹൃദമുണ്ട്. അദ്ദേഹത്തിന് എപ്പോഴും വ്യത്യസ്തമായ കാഴ്ചപ്പാടാണ്, ഈ പ്രസ്താവന അദ്ദേഹം കാര്യമായി പറഞ്ഞതാണെന്ന് ഞാൻ കരുതുന്നില്ല.’’ 

ഈ ബഹുമതിക്ക് താരം നന്ദി പ്രകടിപ്പിക്കുകയും, വിവിധ ഇൻഡസ്ട്രികളിൽ നിന്നുള്ള പ്രശസ്തരായ അഭിനേതാക്കൾക്കൊപ്പം മികച്ച സിനിമകളിൽ പ്രവർത്തിക്കാനായത് തൻ്റെ ഭാഗ്യമാണെന്ന് എടുത്തുപറയുകയും ചെയ്തു.

മോഹൻലാലിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും എക്സിലൂടെ അഭിനന്ദിച്ചു. 

‘’ശ്രീ മോഹൻലാൽ ജി പ്രതിഭയുടെയും അഭിനയ വൈവിധ്യത്തിന്റെയും പ്രതീകമാണ്.’’ എന്നുതുടങ്ങുന്നതായിരുന്നു പോസ്റ്റ്.
 

മമ്മൂട്ടി സോഷ്യൽ മീഡിയയിലൂടെ മോഹൻലാലിനെ അഭിനന്ദിക്കുകയും  ഹൃദയസ്പർശിയായ കുറിപ്പിടുകയും ചെയ്തു. 

"ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ഒരു നടന് മാത്രമല്ല, സിനിമയിൽ ജീവിക്കുകയും ശ്വസിക്കുകയും ചെയ്ത ഒരു യഥാർത്ഥ കലാകാരനുള്ളതാണ്. ലാലേ, നിന്നെയോർത്ത് അതിയായ സന്തോഷവും അഭിമാനവുമുണ്ട്. നീ ഈ കിരീടം തീർച്ചയായും അർഹിക്കുന്നു," അദ്ദേഹം കുറിച്ചു.

മലയാളം ഇൻഡസ്ട്രിയിലുടനീളമുള്ള താരങ്ങൾ മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അദ്ദേഹത്തിന് അഭിനന്ദനവുമായെത്തി. സെപ്റ്റംബർ 23-ന് ന്യൂ ഡൽഹിയിൽ നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിൽ വെച്ച് മോഹൻലാൽ പുരസ്കാരം ഏറ്റുവാങ്ങും. പത്തു ലക്ഷം രൂപയാണ് സമ്മാനത്തുക. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവന കണക്കിലെടുത്താണ് പുരസ്‌കാരം. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi