
ഗോഡ്ഫാദറിൽ അഞ്ഞൂറാനെയും അയാളുടെ മഹാമുരടന്മാരായ ആൺമക്കളേയും വിറപ്പിച്ച കാർത്യായനി. ആണധികാരത്തെ വെല്ലുവിളിച്ച ആ കഥാപാത്രത്തിന്റെ ഉശിരുണ്ട് സീനത്ത് എന്ന അഭിനേത്രിയുടെ കലാജീവിതത്തിനും അവരുടെ നിലപാടുകൾക്കും. കുട്ടിക്കാലം മുതൽ നാടകത്തെ സ്വപ്നം കണ്ട കൊച്ചു പെൺകുട്ടി. അരങ്ങിലേക്കുള്ള യാത്ര അവൾക്ക് അത്ര എളുപ്പമായിരുന്നില്ല. കാലം എല്ലാത്തരം സങ്കുചിതത്വത്തോടെയും അവളെ വിലക്കിക്കൊണ്ടിരുന്നു. പക്ഷേ, വിലക്കുകളെ അവഗണിച്ച് വാശിയോടെ അവൾ വളർന്നു. നാടകം, സിനിമ, സീരിയൽ മലയാളികൾക്ക് അത്രയേറെ പരിചിതയായ അഭിനേത്രിയായി സീനത്ത് മാറി. അഭിനയ സാധ്യതയുള്ള ഒട്ടേറെ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച അഭിനേത്രി ക്യാമറയ്ക്ക് പിന്നിലിന്ന് പുതിയ റോളിലാണ്. എഴുതി സംവിധാനം ചെയ്ത “രണ്ടാം നാൾ' എന്ന സി നിമയെപ്പറ്റിയും ജീവിതാനുഭവങ്ങളെപ്പറ്റിയും സീനത്ത് സംസാരിക്കുന്നു...
എങ്ങനെയുള്ള കുട്ടിക്കാലം ആയിരുന്നു?
കുട്ടിക്കാലം അത്ര നിറമുള്ളതായിരുന്നില്ല. വളരെ ചെറുപ്പത്തിലേ ഉപ്പ മരിച്ചു. ഉപ്പയെ കണ്ട ഓർമ പോലും ഇല്ല. സാമ്പത്തികമായി നല്ലനിലയിൽ ആയിരുന്ന കുടുംബം ഉപ്പയുടെ മരണത്തോടെ ബുദ്ധിമുട്ടിലായി. ഉമ്മ വളരെ കഷ്ടപ്പെട്ടാണ് ഞങ്ങളെ വളർത്തിയത്. ഉമ്മയ്ക്ക് സ്വർണാഭരണങ്ങൾ വലിയ ഇഷ്ടമായിരുന്നു. കുട്ടികളെ വളർത്താൻ അതെല്ലാം ഒരോന്നായി വിൽക്കുമ്പോൾ ഉമ്മയുടെ മനസ് വേദനിച്ചു കാണും. സ്വർണം എല്ലാം തീർന്നപ്പോൾ വീടിന്റെ ഒരു ഭാഗം വാടകയ്ക്ക് കൊടുക്കുമായിരുന്നു. ആ വാടക കൊണ്ടായിരുന്നു ജീവിതം. എങ്കിലും ഞങ്ങൾ കുട്ടിക്കാലം ആസ്വദിച്ചിരുന്നു. മരത്തിൽ കയറുക.പുഴയിൽ നീന്തുക... ഓണക്കാലത്ത് കൂട്ടം കൂടി പൂക്കളം ഒരുക്കുക... അന്ന് കുട്ടികൾ കുറച്ചുകൂടെ സുരക്ഷിതർ ആയിരുന്നു. ഇന്നത്തെപ്പോലെയല്ല.
കലയോട് കുട്ടിക്കാലം മുതലേ താത്പര്യം ഉണ്ടായിരുന്നോ?
കലയോടു മാത്രമേ താത്പര്യം ഉണ്ടായിരുന്നുള്ളു. കുട്ടിക്കാലത്ത് മറ്റു കുട്ടികൾ ചോറും കറിയും വച്ചു കളിക്കുമ്പോൾ ഞങ്ങൾ സ്റ്റേജ് കെട്ടി നാടകം കളിക്കും. വളരുന്തോറും ആ താത്പര്യം കൂടിവന്നു. അഭിനേത്രി നിലമ്പൂർ ആയിഷ എന്റെ ഇളയമ്മയാണ്. നടൻ നിലമ്പൂർ ബാലൻ എന്ന ബാലേട്ടൻ ഇളയമ്മയോട് സിനിമയിൽ അഭിനയിപ്പിക്കാൻ പറ്റിയ കുട്ടികൾ വല്ലതും ഉണ്ടോ എന്ന ചോദിച്ചു. ഇളയമ്മ വന്ന് ഇക്കാര്യം പറഞ്ഞതും ഞാൻ ചാടിക്കയറി സമ്മതിച്ചു. അങ്ങനെ 1978-ൽ പി. എ. ബക്കറിന്റെ ചുവന്ന വിത്തുകൾ എന്ന സിനിമയിൽ ഞാൻ അഭിനയിച്ചു.
ആ വരവിൽ വെല്ലുവിളി നേരിടേണ്ടി വന്നോ? എന്തായിരുന്നു സാഹചര്യം?
തീർച്ചയായും വെല്ലുവിളി ഉണ്ടായിരുന്നു. മലപ്പുറം ജില്ലയിൽ നിന്നുള്ള ഒരു മുസ്ലിം പെൺകുട്ടി. നാടകം, സിനിമ അതൊന്നും എന്നെ സംബന്ധിച്ച് അത്ര എളുപ്പമായിരുന്നില്ല. എന്റെ ഉപ്പയുടെ കുടുംബം കലയെ പ്രോത്സാഹിപ്പിക്കുന്നവർ ആയിരുന്നുമില്ല. പെൺകുട്ടികൾ അടങ്ങിയൊതുങ്ങി ജീവിക്കണം എന്നാണല്ലോ വെപ്പ്.
അതായിരുന്നു ഏട്ടൻ മൊയ്ദുവിന്റെയും രീതി. പക്ഷെ, ഞാൻ അത് തെറ്റിച്ചു. എനിക്ക് അഭിനയിക്കണം എന്ന ഒറ്റച്ചിന്ത മാത്രമേ അന്ന്യിരുന്നുള്ളൂ. അതിന്റെ പേരിൽ കുറേ അടിവാങ്ങിയിട്ടുണ്ട്. എന്തായാലും അവസാനം ആങ്ങള ആയുധം വച്ചു കീഴടങ്ങി. പിന്നീട് അതേ സഹോദരൻ എന്നിലെ കലാകാരിയെ അംഗീകരിച്ചു തുടങ്ങി.
കെ. ടി. മുഹമ്മദുമൊത്തുള്ള ജീവിതം നൽകിയ സന്തോഷങ്ങളും വിഷമങ്ങളും പങ്കുവെക്കാമോ?
ഇതൊക്കെ നമ്മൾ വീണ്ടും വീണ്ടും പറഞ്ഞിട്ട് കാര്യം ഉണ്ടോ? ഞാൻ പറയേണ്ടത് മരിച്ചു പോയ ഒരു വലിയ എഴുത്തുകാരനെ കുറിച്ചാണ്. പതിനൊന്നു വർഷം ഒരുമിച്ചു ജീവിച്ച ആളെക്കുറിച്ചാണ് എന്റെ മകന്റെ ഉപ്പച്ചിയെക്കുറിച്ചാണ്. സന്തോഷം നിറഞ്ഞ ഒരു ജീവിതം ആരെങ്കിലും വേണ്ടെന്നു വെക്കുമോ? വിഷമങ്ങളെ കുറിച്ച് പറഞ്ഞാൽ അതിന് മറുപടി പറയാൻ അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. ഒന്നുമാത്രം അറിയാം കെ. ടി. മുഹമ്മദ് എന്ന എന്റെ ഗുരുവിന് എന്റെ മനസ്സിൽ ഇപ്പോഴും സ്ഥാനമുണ്ട്. എന്റെ പ്രാർഥനകളിലും അദ്ദേഹം ഉണ്ട്.
കുടുംബം, വിവാഹം എന്നിങ്ങനെയുള്ള വ്യവസ്ഥിതികൾ സീനത്ത് എന്ന കലാകാരിയെ വളർത്തുകയാണോ തളർത്തുകയാണോ ചെയ്തത്?
കലാകാരിയായാലും അല്ലെങ്കിലും പരസ്പരം ധാരണയില്ലെങ്കിൽ വിവാഹജീവിതം പെൺകുട്ടികളിൽ പലതരത്തിൽ മാനസിക സംഘർഷം ഉണ്ടാക്കും. സ്വന്തം സന്തോഷം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള അധികാരസ്ഥാനവുമല്ല വിവാഹം.
പണ്ട് പെണ്ണിന്റെ സ്ഥാനം വാതിലിന് പുറകിൽ ആയിരുന്നില്ലേ? പക്ഷെ, ഇന്ന് കാലം മാറി. ഇന്നത്തെ പെൺക ട്ടികൾ പഠനത്തിന് ഒന്നാം സ്ഥാനവും വിവാഹത്തിന് രണ്ടാം സ്ഥാനവും കൊടുത്തു തുടങ്ങി. അവളുടെ ശബ്ദം ബലപ്പെട്ടു. വാക്കുകൾക്ക് മൂർച്ചയേറി. ചെറുപ്പം തൊട്ടേ ജീവിതം കലയെ ചുറ്റിപ്പറ്റിയാണ്. ഒരു കലാകാരിയായാണ് ഇന്നും ഞാൻ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ എനിക്ക് ഒരിക്കലും ഒരു തണൽമരം ഉണ്ടായിട്ടിട്ടില്ല എന്ന് പറയേണ്ടിവരും. അക്കാരണത്താൽ എനിക്ക് ആരോടും വലിയ കടപ്പാടുകളും ഇല്ല. അഭിനയിക്കാൻ വിളിച്ചാൽ പോകും ഇല്ലെങ്കിൽ പരാതിയുമായി ആരുടെ പിന്നാലെയും ചെല്ലാറുമില്ല.
ബന്ധങ്ങൾ പരസ്പരം ചുറ്റിവരിഞ്ഞ് ശ്വാസംമുട്ടിക്കാനുള്ള കയറായി മാറുന്ന കാഴ്ചകൾ ചുറ്റിനുമുണ്ട്. മാനസികമായി പരിക്കേല്പിക്കാതെ വേർപിരിയാൻ കഴിയാറില്ല പലർക്കും... ഇത്തരം അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ?
ഇതെല്ലാം എന്റെ ജീവിതത്തിലൂടെയും കടന്നുപോയിട്ടുണ്ട്. പ്രണയമായാലും വിവാഹമായാലും ചില ബന്ധങ്ങൾ മനുഷ്യരെ ശ്വാസംമുട്ടിക്കും. അതിൽ നിന്നും രക്ഷപ്പെടുക ബുദ്ധിമുട്ടാകും. പലപ്പോഴും ജീവിതം ഒരുതരം ക്രമപ്പെടുത്തലാണ്. മറ്റുള്ളവർക്ക് വേണ്ടി... സമൂഹത്തിനുവേണ്ടി. ജീവിതത്തിൽ നമ്മൾ എടുക്കുന്ന പല തീരുമാനങ്ങളും ശരിയാവണമെന്നില്ല. ബന്ധങ്ങളിലും അതങ്ങനെ തന്നെയാണ്. സ്നേഹം എന്ന് നഷ്ടപ്പെടുന്നോ അന്ന് പരസ്പര ധാരണയോടെ മാറിത്താമസിക്കണം. ജീവിതം ഒന്നേഉള്ളു. അത് സന്തോഷത്തോടെ ജീവിച്ചു തീർക്കാനുള്ളതാണ്, നരകിക്കാനുള്ളതല്ല. ബന്ധം വേർപെടുത്തുമ്പോൾ കുട്ടികൾ ഉണ്ടെങ്കിൽ തീർച്ചയായും അവരും ബുദ്ധിമുട്ടും. അവിടെയാണ് നമ്മൾ പലരും തെറ്റുകൾ ചെയ്യുന്നത്. രണ്ടിൽ ഒരാൾ കുട്ടികളെ അവരുടെ വാശിക്ക് ഉപയോഗിക്കുമ്പോഴാണ് കുട്ടികൾക്ക് കൂടുതൽ പ്രശ്നം ഉണ്ടാകുന്നത്. ഒരാളെ തോൽപ്പിക്കാൻ കുട്ടികളെ കരുവാക്കുക, കുട്ടിയെ അച്ഛനെയോ അമ്മയെയോ കാണിക്കാതിരിക്കുക, ഒരാളുടെ മാത്രം സ്വന്തമാക്കുക...
അവർക്കു കിട്ടേണ്ട സ്നേഹം നിഷേധിക്കരുത്. അവർക്ക് രണ്ടുപേരുടെയും സ്നേഹവും കരുതലും ഒക്കെ വേണം. അതിനുള്ള സാഹചര്യം ഉണ്ടാക്കുക. അച്ഛനും അമ്മയും പരസ്പരം കടിച്ചുകീറുന്ന ശത്രുക്കൾ ആണെങ്കിൽ അവർ വേർപിരിഞ്ഞു താമസിക്കുന്നതു തന്നെയാവും കുട്ടികൾക്കും നല്ലത്.
ജീവിതത്തിലെ തീരുമാനങ്ങളുടെയും തിരഞ്ഞെടുപ്പുകളുടെയും പേരിൽ സമൂഹം എപ്പോഴെങ്കിലും മുൻവിധികളും കുറ്റപ്പെടുത്തലും ഒക്കെയായി ബുദ്ധിമുട്ടിച്ചിട്ടുണ്ടോ?
അങ്ങനെ സമൂഹത്തിന്റെ ഭാഗത്തു നിന്നുള്ള ബുദ്ധിമുട്ടിക്കൽ ഒരിക്കലും എനിക്ക് നേരിടേണ്ടിവന്നിട്ടില്ല. പിന്നെ കുറ്റപ്പെടുത്തലുകൾ ഉണ്ടാവാം. അത് മനുഷ്യസഹജമാണ്. എല്ലാവരും അവരവർക്ക് എന്ത് തോന്നുന്നോ അതുപോലെ മറ്റുള്ളവർ ജീവിക്കണം എന്ന് ചിന്തിക്കുമ്പോളാണ് മുൻവിധികളും കുറ്റപ്പെടുത്തലും ഉണ്ടാകുന്നത്. പലപ്പോഴും നമ്മൾ കേൾക്കാതെയാകും നമ്മളെ കുറ്റപ്പെടുത്തുന്നത്. അതെല്ലാം അഭിപ്രായം പറയുന്ന ആളുടെ വ്യക്തിത്വത്തെ ആശ്രയിച്ചിരിക്കും. സോഷ്യല്‍മീഡിയയിലൊക്കെ മറ്റുള്ളവരുടെ ജീവിതത്തെ പറ്റി ചീത്ത അഭിപ്രായം പറയുന്ന ചില ആളുകളുണ്ട്. കൂടുതലും ഫേക്ക് പ്രൊഫൈല്‍ മറയാക്കുന്നവരാകും. അഭിപ്രായം പറയുന്നവരുടെ വാക്കുകള്‍ അവരുടെ സംസ്‌കാരത്തെ സൂചിപ്പിക്കുന്നു. അത്രേ ഉള്ളു. അതൊന്നും ഓര്‍ത്ത് ഞാന്‍ വിഷമിക്കാറില്ല. എനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങളേ ഞാന്‍ ചെയ്യാറുള്ളു. ചെയ്യുന്ന കാര്യങ്ങള്‍ തറ്റാണെന്ന് എപ്പോള്‍ തോന്നുന്നുവോ അപ്പോള്‍ തൊട്ട് നമ്മള്‍ മാനസിക സംഘര്‍ഷത്തില്‍ ആകും.
സംവിധാനജീവിതത്തിലേക്ക്; തുടക്കം കുറിക്കുന്ന സിനിമയെപ്പറ്റി...
സിനിമയുടെ പേര് "രണ്ടാം നാൾ'. കോവിഡ് കാലത്ത് ജീവിതത്തിന് ഒരുപാട് മാറ്റം വന്നു. വർക്ക് കുറഞ്ഞു. അപ്പോൾ അതോർത്ത് നിരാശപ്പെടാതെ എനിക്ക് തോന്നുന്നതൊക്കെ ഞാൻ എഴുതിക്കൊണ്ടിരുന്നു. വളരെ ചെറുപ്പത്തിലേ ഉള്ള ഒരു ശീലമായിരുന്നു അത്. മനസ്സിന് വേദന തോന്നുന്ന സന്ദർഭങ്ങളിൽ അത് മറ്റാരോടും പങ്കു വെക്കാതെ കണ്ണാടിയിൽ നോക്കി ഞാൻ എന്നോട് തന്നെ സംസാരിക്കും. ഡയറി എഴുത്ത് ഒക്കെ അങ്ങനെ തുടങ്ങിയതാണ്. ഇതെല്ലാം എനിക്ക് എഴുത്തിൽ പ്രയോജനം ചെയ്തു എന്നുവേണം കരുതാൻ. ഒരിക്കൽ ഞാൻ എഴുതിയ ഒരു കൊച്ചു കഥ കുമാരി അമ്മയ്ക്ക് (നാന) അയച്ചു കൊടുത്തു. കുമാരി അമ്മ അത് വായിച്ചിട്ട് എന്നെ വിളിച്ചു. “സീനത്തിന് എഴുതാൻ പറ്റും. ഇനിയും എഴുതണം. സീനത്തിന്റെ ഭാഷ എനിക്ക് ഇഷ്ടപ്പെട്ടു. ഇനിയും ഒരുപാട് എഴുതണം... പറ്റുമെങ്കിൽ ജീവിതാനുഭവങ്ങൾ എഴുതണം എന്നൊക്കെ അവർ പറഞ്ഞു. ഒരുപാട് സന്തോഷം തോന്നിയ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. എനിക്ക് കിട്ടിയ ഏറ്റവും വലിയ പ്രചോദനം ആയിരുന്നു ആ വാക്കുകൾ. പിന്നീട് കുറച്ചു നാടകങ്ങൾ എഴുതി.
ആ എഴുത്ത് രണ്ടാം നാൾ' എന്ന സിനിമയുടെ രചനയിൽ വന്നെത്തി നിൽക്കുന്നു. നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങൾ തന്നെയാണ് കഥാ തന്തു. സംവിധാനം ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഭയമായിരുന്നു. സംവിധാനം ഒരു വലിയ ഉത്തരവാദിത്തം ആണല്ലോ. മറ്റൊരാളുടെ സ്ക്രിപ്റ്റ് സംവിധാനം ചെയ്യാൻ ഇപ്പോഴും ഭയം തന്നെയാണ്.
സംവിധാനത്തിന് ഫിലിം ക്രിട്ടിക്സ് അവാർഡ് കിട്ടി. അതൊരു അംഗീകാരമാണ്. എഴുത്തിലും സംവിധാനത്തിലും ആത്മവിശ്വാസം നൽകി ഒപ്പം നിന്ന കുറേപ്പേരുണ്ട്. എ. വി. അനൂപ് ആണ് നിർമാതാവ്. എന്തായാലും സിനിമ പൂർത്തിയായി. വൈകാതെ ഒ.ടി.ടിയിലൂടെ പുറത്തിറങ്ങും. ആ കാത്തിരിപ്പിനിടയില്‍ അടുത്ത വർക്ക് ചെയ്യാൻ ഉള്ള ശ്രമം ഞാൻ തുടങ്ങിക്കഴിഞ്ഞു.
അമ്മയായ കാലം ആസ്വദിച്ചിരുന്നോ? ജീവിതത്തിൽ മക്കളുടെ പങ്കെന്താണ്?
എനിക്ക് രണ്ട് മക്കളാണ്. മൂത്തവൻ ജിതിൻ. ഇളയത് നിതിൻ. ജീവിതത്തിൽ എന്റെ ശക്തിയും സന്തോഷവും എല്ലാം എന്റെ മക്കളാണ്. മക്കൾ എന്നതിലുപരി സുഹൃത്തുക്കൾ കൂടിയാണ് അവർ. എനിക്ക് അവരോട് തമാശ പറയാം, ദേഷ്യം പിടിക്കാം... ജിതിൻ “രണ്ടാം നാളിൽ ഒരു പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്. നിതിൻ ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. എനിക്കു പ്രിയപ്പെട്ടവർ ഇപ്പോൾ രണ്ടുപേർ കൂടിയുണ്ട്... ജിതിന്റെ മക്കൾ ഹാദിയും ദിയയും. ജിതിന്റെ ഭാര്യയുടെ പേര് സലീന.
സ്നേഹവും സ്വാതന്ത്ര്യവും വച്ചുനീട്ടിയാൽ രണ്ടിൽ ഏതിനാകും പ്രാധാന്യം കൊടുക്കുക...
സ്വാതന്ത്ര്യം ഇല്ലാത്ത സ്നേഹം ശ്വാസംമുട്ടിക്കും. സ്നേഹം ഇല്ലാത്ത സ്വാതന്ത്ര്യം... അവിടെ ജീവിതം ഉണ്ടാവില്ല. രണ്ടിൽ ഒന്നേ കിട്ടൂ എന്നു വന്നാൽ തീർച്ചയായും സ്നേഹം എടുക്കും. എന്നെ എത്ര ദ്രോഹിച്ചാലും ഇത്തിരി സ്നേഹത്തിനു മുന്നിൽ ഞാൻ എല്ലാം മറക്കും.
സ്വന്തം കഥാപാത്രങ്ങളിൽ ഏറെ പ്രിയപ്പെട്ടത് ഏതാണ്?
എല്ലാം എനിക്കു പ്രിയപ്പെട്ടതാണ് എന്നാലും ചിലത് പറയാം. വൈക്കം മുഹമ്മദ് ബഷീറിന്റെ പൂവൻപഴത്തിലെ ജമീലാ ബീവി, ധനത്തിലെ നിസ്സഹായയായ ഭാര്യാ കഥാപാത്രം ലക്ഷ്മി, പാർവതീ പരിണയത്തിലെ അമ്മ, വിസ്മയത്തിലെ വത്സല, നാൽക്കവല നാടകത്തിലെ അശ്വതി അങ്ങനെ കുറേ ഉണ്ട്.
വ്യക്തിത്വത്തിൽ പ്രകടമാകുന്ന ധൈര്യം ജീവിതം സമ്മാനിച്ചതോ അതോ സ്വയം കൈവരിച്ചതോ?
ചെറുപ്പത്തിൽ ഞാൻ ഒട്ടും ധൈര്യം ഇല്ലാത്ത കുട്ടി ആയിരുന്നു. ജീവിതത്തിന്റെ പലഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ ഓരോ അനുഭവവും നമുക്ക് കൂടുതൽ കൂടുതൽ കരുത്തും ആത്മവിശ്വാസവും നൽകും. നമ്മെ തോൽപ്പിക്കാൻ ആരെയും അനുവദിക്കരുത്. എനിക്കും ആരെയും തോൽപ്പിക്കേണ്ട.
നാടകം, സിനിമ, സീരിയൽ... കൂട്ടത്തിൽ ഇതാണെന്റെ തട്ടകം എന്ന് ഉറപ്പിച്ചു പറയാവുന്നത് ഏതാണ്?
സിനിമ തന്നെ. സിനിമ ഇല്ലെങ്കിൽ മാത്രം സീരിയൽ എന്ന് പറയാം. നാടകത്തെ ഇന്നും ഞാൻ ഇഷ്ടപ്പെടുന്നു. സ്നേഹിക്കുന്നു. നാടകമാണ് എന്റെ കലാജീവിതത്തിന്റെ വഴികാട്ടി.
Content Highlights: malayalam actress and director zeenath interview
Published: 30 Jul 2023, 11:24 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented