സിനിമയിലെ ഗംഭീര മേക്കോവറുകൾക്ക് പേരുകേട്ട താരമാണ് മാധവൻ. 'ധുരന്ധറി'ന് ശേഷം മാധവൻ്റെ തുടർച്ചയായ രണ്ടാമത്തെ ശ്രദ്ധേയമായ രൂപമാറ്റമാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ജിഡിഎൻ എന്ന് പേരിട്ടിരിക്കുന്ന ബയോപിക്കിനായുള്ള താരത്തിന്റെ മേക്കോവറാണ് ശ്രദ്ധനേടുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടോറിന്റെ സൃഷ്ടാവായ ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ വേഷത്തിലൂടെ മറ്റൊരു പരീക്ഷണത്തിനെത്തുകയാണ് താരം.

ഇന്ന് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് ടീസറിൽ, മാധവനെ തിരിച്ചറിയാനാവാത്ത രൂപമാറ്റമാണ് കാണാൻ കഴിയുന്നത്. പ്രായമായ ജി.ഡി. നായിഡുവിനോട് സാമ്യമുള്ളതാക്കാൻ കനത്ത പ്രോസ്തെറ്റിക് മേക്കപ്പും തലമുടിയുടെ മുൻഭാഗം വടിച്ചുകളഞ്ഞ ലുക്കിലുമാണ് അദ്ദേഹം ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യയുടെ എഡിസൺ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നായിഡു, ഇന്ത്യയുടെ സാങ്കേതിക വികസനത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനയായ ഇലക്ട്രിക് മോട്ടോറും പെട്രോൾ എഞ്ചിനുകളുടെ നിർമ്മാണവുമെല്ലാം സിനിമ വരച്ചുകാട്ടും.

ടീസറിൽ പ്രായമായ നായിഡു ഒരു വർക്ക് ഷോപ്പിൽ തനിച്ച് ജോലി ചെയ്യുന്നതും ഒടുവിൽ  മുഖം വെളിപ്പെടുത്തുന്നതുമാണ് കാണിക്കുന്നത്. ടീസർ പങ്കുവെച്ചുകൊണ്ട് മാധവൻ തൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചത് ഇങ്ങനെയാണ്: "ജി.ഡി നായിഡുവിൻ്റെ ആത്മാവ് ഇപ്പോൾ ഔദ്യോഗികമായി അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു. സമാനതകളില്ലാത്ത കാഴ്ചപ്പാടിൻ്റെയും അചഞ്ചലമായ നിശ്ചയദാർഢ്യത്തിൻ്റെയും കഥ. 'ജിഡിഎൻ'-ൻ്റെ ഫസ്റ്റ് ലുക്ക് ടീസർ ഞങ്ങൾ അഭിമാനത്തോടെ അവതരിപ്പിക്കുന്നു."

അടുത്തിടെ, പങ്കുവെച്ച മറ്റൊരു പോസ്റ്റിൽ, ചിത്രത്തിൻ്റെ സെറ്റിൽ നിന്നുള്ള ഒരു ഫോട്ടോ മാധവൻ പങ്കുവെച്ചിരുന്നു. നന്ദി പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം തൻ്റെ പോസ്റ്റിന് അടിക്കുറിപ്പ് നൽകിയത് ഇങ്ങനെയായിരുന്നു: "മറ്റൊരു ദിവസം... മറ്റൊരു ലുക്ക്. സെറ്റിലെ ജീവിതം മുന്നോട്ട് പോകുന്നു. അസാധാരണമായ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും മികച്ച നിർമ്മാതാക്കളെയും ലഭിച്ചതിൽ ഞാൻ ഭാഗ്യവാനും നന്ദിയുള്ളവനുമാണ്."

രൺവീർ സിങ് നായകനായ ധുരന്ധരിൽ ഇന്ത്യൻ എൻഎസ്എ മേധാവി അജിത് ഡോവലിന്റെ വേഷമാണ് മാധവൻ അവതരിപ്പിച്ചത്. കൃഷ്ണകുമാർ രാമകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാം, സത്യരാജ്, പ്രിയാമണി, യോഗി ബാബു എന്നിവരടങ്ങുന്ന ഒരു വലിയ താരനിര തന്നെയുണ്ട്. വർഗീസ് മൂലൻ പിക്ചേഴ്സ് നിർമ്മിക്കുന്ന ജി.ഡി.എൻ 2026-ന് റിലീസിനെത്തുമെന്നാണ് റിപ്പോർട്ടുകൾ.

ജി. ഡി നായിഡുവിന്റെ ജന്മസ്ഥലമായ കോയമ്പത്തൂരിലാണ് ചിത്രത്തിന്റെ ഇന്ത്യൻ ഷെഡ്യൂൾ പൂർത്തിയാക്കിയത്. തമിഴിൽ ചിത്രീകരിക്കുന്ന സിനിമ ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi