ടെലിവിഷന്‍ സീരീസുകളിലൂടെ അഭിനയം തുടങ്ങിയ ലിയനാര്‍ഡോ ഡികാപ്രിയോ 1991-ല്‍ ക്രിറ്റേഴ്സ് എന്ന സിനിമയിലൂടെയാണ് ഹോളിവുഡിലെത്തിയത്. 1997-ല്‍ ടൈറ്റാനിക് സിനിമ പുറത്തിറങ്ങിയതോടെ ഡികാപ്രിയോയുടെ പ്രശസ്തി ആഗോളതലത്തില്‍ വ്യാപിച്ചു. തനിക്ക് കിട്ടിയ പ്രശസ്തി ലോകനന്മയ്ക്കായി ഉപയോഗിക്കാന്‍ ഡികാപ്രിയോ തീരുമാനിച്ചു. 1998-ല്‍ തന്റെ ഇരുപത്തിനാലാം വയസ്സില്‍ അദ്ദേഹമൊരു സംഘടനയ്ക്ക് രൂപം നല്‍കി- ലിയോനാര്‍ഡോ ഡികാപ്രിയോ ഫൗണ്ടേഷന്‍. പരിസ്ഥിതിസംരക്ഷണമാണ് സംഘടനയുടെ ലക്ഷ്യം.

To advertise here,

സിനിമയിലെത്തി കാല്‍നൂറ്റാണ്ടിനുശേഷം 2016-ലാണ് ഡികാപ്രിയോ ഓസ്‌കര്‍ സ്വന്തമാക്കുന്നത്. അതിനു മുന്‍പ് ആറുവട്ടം അദ്ദേഹത്തിന് ഓസ്‌കര്‍ നോമിനേഷന്‍ ഉണ്ടായിരുന്നു. ഓരോ വട്ടവും അവസാന നിമിഷം അദ്ദേഹം പരാജയം രുചിച്ചു. കാത്തുകാത്തിരുന്ന്‌ കിട്ടിയ ഓസ്‌കര്‍ കൈവെള്ളയിലൊതുക്കി ഡികാപ്രിയോ പ്രസംഗപീഠത്തിനരികിലെത്തി. ഇന്നോളം കിട്ടാതെപോയ അവാര്‍ഡിനെപ്പറ്റിയും അഭിനയത്തെക്കുറിച്ചും അദ്ദേഹം പറയുമന്നാണ് എല്ലാവരും കരുതിയത്. പക്ഷേ വിഖ്യാതമായ വേദിയില്‍ തനിക്ക് കിട്ടിയ ഏതാനും നിമിഷങ്ങള്‍ അദ്ദേഹം നീക്കിവെച്ചത് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പറയാനാണ്.

 

കാലാവസ്ഥാ വ്യതിയാനം യാഥാര്‍ത്ഥ്യമാണ്. അത് ഇപ്പോള്‍ സംഭവിച്ചു കൊണ്ടേയിരിക്കുന്നു. ഇത് നമ്മുടെ മുഴുവന്‍ ജീവിവര്‍ഗ്ഗവും നേരിടുന്ന ഏറ്റവും അടിയന്തിര ഭീഷണിയാണ്. നമ്മള്‍ മടിച്ചുനില്‍ക്കുന്നത് നിര്‍ത്തി ഒരുമിച്ച് കൂട്ടായി പ്രവര്‍ത്തിക്കണം. മലിനീകരണമുണ്ടാക്കുന്നവര്‍ക്ക് വേണ്ടി സംസാരിക്കാത്ത, ലോകത്തിലെ തദ്ദേശീയ ജനതയടക്കം മുഴുവന്‍ മനുഷ്യരാശിക്ക് വേണ്ടിയും, കാലാവസ്ഥാ വ്യതിയാനം ഏറ്റവുമധികം ബാധിക്കപ്പെടാന്‍ സാധ്യതയുള്ള കോടിക്കണക്കിന് പാവപ്പെട്ടവര്‍ക്ക് വേണ്ടിയും സംസാരിക്കുന്ന ലോകനേതാക്കളെ പിന്തുണയ്ക്കണം. നമ്മുടെ മക്കളുടെ മക്കള്‍ക്ക് വേണ്ടി, അത്യാഗ്രഹത്തിന്റെ രാഷ്ട്രീയം കാരണം ശബ്ദം നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി.

ധനസമാഹരണത്തിലൂടെയും മാധ്യമപ്രചാരണങ്ങളിലൂടെയും പൊതുബോധവത്കരണ പരിപാടികളിലൂടെയും ഡികാപ്രിയോ പ്രകൃതി സംരക്ഷണത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. കാലാവസ്ഥാവ്യതിയാനത്തിനെതിരെ ഏറ്റവും ഉച്ചത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ശബ്ദമാണ് ഡികാപ്രിയോയുടേത്. ജൈവവൈവിധ്യം,സമുദ്രം,വനം എന്നിവയുടെ സംരക്ഷണത്തിനായി അദ്ദേഹത്തിന്റെ ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നു.

വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെയും ആവാസവ്യവസ്ഥകളുടെയും സംരക്ഷണത്തിനായുള്ള 35 ആഗോളപദ്ധതികളുടെ ഭാഗമാണ് ഈ ഫൗണ്ടേഷന്‍. വേള്‍ഡ് വൈല്‍ഡ്ലൈഫ് ഫണ്ട്, നാചുറല്‍ റിസോഴ്സ് ഡിഫന്‍സ് കൗണ്‍സില്‍, ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അനിമല്‍ വെല്‍ഫെയര്‍, പ്രിസ്റ്റിന്‍ സീസ് എന്നിങ്ങനെയുള്ള പ്രമുഖ സംഘടനകളുടെ ബോര്‍ഡ് അംഗമാണ് ഡികാപ്രിയോ. പരിസ്ഥിതി സൗഹാര്‍ദ്ദപരമായ പുതിയ ഊര്‍ജ്ജസ്‌ത്രോതസ്സുകള്‍ കണ്ടെത്താനും പ്രചരിപ്പിക്കാനും ശ്രമിക്കുന്ന ദി സൊലൂഷ്യന്‍സ് പ്രൊജക്ടിന്റെ ഉപദേശകനുമാണ് ഡികാപ്രിയോ.

അദ്ദേഹത്തിന്റെ പാരിസ്ഥിതിക-മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി 2014-ല്‍ അദ്ദേഹത്തിന് ക്ലിന്റണ്‍ ഗ്ലോബല്‍ സിറ്റിസണ്‍സ് അവാര്‍ഡ് നല്‍കിയിരുന്നു. 2014-ല്‍ യുഎന്‍ നടത്തിയ പരിസ്ഥിതി സമ്മേളനത്തില്‍ ഡികാപ്രിയോയെ മെസഞ്ചര്‍ ഓഫ് പീസ് ആയി തിരഞ്ഞെടുത്തിരുന്നു.