
ഫിലിം ഫാമിലി കി കിഡ്, പാപാ കി പരി (പപ്പയുടെ മാലാഖ), ...എന്നീ വിശേഷണങ്ങളില്‍നിന്ന് മികച്ച അഭിനേത്രികളിലൊരാളിലേക്ക് ആലിയ ഭട്ട് സഞ്ചരിച്ച ദൂരം വളരെ കൂടുതലാണ്. ബോളിവുഡിലെ പ്രമുഖസംവിധായകന്‍ മഹേഷ് ഭട്ടിന്റെയും അഭിനേത്രി സോണി റസ്ദാന്റെയും മകള്‍ എന്ന ലേബല്‍ സിനിമയിലെത്താന്‍ ആലിയയെ സഹായിച്ചിരിക്കാം. അതിനുശേഷവും അവരുടെ മകള്‍ മാത്രമായാണ് ബോളിവുഡ് അവരെ കണ്ടത്. ഒരു അഭിനേത്രി എന്ന രീതിയില്‍ അംഗീകരിക്കപ്പെടാനും എല്ലാ ലേബലുകളില്‍നിന്നും പുറത്തുകടക്കാനും ആലിയയ്ക്ക് ഒരുപാട് പരിശ്രമിക്കേണ്ടിവന്നു.
ബോളിവുഡിലെ തന്റെ സ്ഥാനമുറപ്പിക്കാന്‍ അവര്‍ താണ്ടിയ ദുരിതങ്ങള്‍ ചില്ലറയല്ല. ഒരുപാട് ആരോപണങ്ങളും മോശം കമന്റുകളും നെഗറ്റിവിറ്റിയും തരണംചെയ്തു. വായ തുറന്നാല്‍ മണ്ടത്തരം മാത്രം പറയുന്നവള്‍, ബഫൂണ്‍, ഫൂള്‍...സോഷ്യല്‍ മീഡിയ അവര്‍ക്ക് കുറേ പേരുകള്‍ ചാര്‍ത്തിക്കൊടുത്തിരുന്നു ഒരിക്കല്‍. ''ഞാന്‍ പറയുന്ന ചില മണ്ടത്തരങ്ങള്‍ പെട്ടെന്ന് ആളുകള്‍ ശ്രദ്ധിക്കും. അതിനെ കളിയാക്കും, ട്രോള്‍ ചെയ്യും. അതേസമയം ബുദ്ധിപരമായ കുറേ കാര്യങ്ങള്‍ ഞാന്‍ പറയുന്നുണ്ടാവും. അതിനെയൊന്നും ആരും മൈന്‍ഡ് ചെയ്യുക പോലുമില്ല. പോസിറ്റിവിറ്റിയെക്കാള്‍ എത്രയോ മടങ്ങ് വേഗത്തിലാണ് നെഗറ്റിവിറ്റി ആളുകളുടെ മനസ്സിലിടം പിടിക്കുന്നത്'', ആലിയ ഒരിക്കല്‍ പറഞ്ഞതിങ്ങനെ. ''ആദ്യമൊക്കെ ഇതെന്നെ ബാധിക്കുമായിരുന്നു. എന്താണിവരിങ്ങനെ പറയുന്നതെന്ന് ചിന്തിക്കും. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍, ഇതൊക്കെ ഞാനെന്തിനാണ് ശ്രദ്ധിക്കുന്നതെന്ന ചിന്തയായി. അവിടുന്നും ഞാന്‍ വളര്‍ന്നു. ഒന്നിനെക്കുറിച്ചും പരാതിയില്ലാത്ത രീതിയിലേക്ക് ഞാനെത്തി''.
ഇന്ന് ദീപിക പദുകോണും കങ്കണ റണൗട്ടും കത്രീന കൈഫും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികയാണ് ആലിയ. 25 കോടിയോളമാണ് അവരുടെ പ്രതിഫലം. ചെറുപ്പത്തില്‍ അച്ഛനുമായി അത്ര അടുപ്പത്തിലായിരുന്നില്ല ആലിയ. ഒരു സിംഗിള്‍ പേരന്റ് എന്ന രീതിയിലാണ് സോണി റസ്ദാന്‍ ആലിയയെയും ചേച്ചി ഷഹീനെയും വളര്‍ത്തിക്കൊണ്ടുവന്നത്. ആലിയ സിനിമയിലേക്ക് വന്നതിനുശേഷമാണ് അച്ഛനുമായി നല്ലൊരു ബന്ധം ഉണ്ടാവുന്നത്. 'ചെറുപ്പത്തില്‍ അച്ഛന്‍ എനിക്കൊരു സെലിബ്രിറ്റി ഗസ്റ്റ് മാത്രമായിരുന്നു. വീട്ടിലേക്ക് വരുന്നതും അതിലും വേഗത്തില്‍ തിരിച്ചുപോവുന്നതും കാണാം. അന്നൊന്നും അച്ഛനെ മിസ് ചെയ്തിരുന്നില്ല. കാരണം അദ്ദേഹവുമായി അടുപ്പമില്ലാത്തതുകൊണ്ട്, അച്ഛന്‍ എങ്ങനെയാണെന്ന് അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ സ്‌നേഹം എന്താണെന്നും. അച്ഛനും ഞാനും തമ്മില്‍ നല്ലൊരു ബന്ധമുണ്ടാവുന്നത് ഞാന്‍ സിനിമയിലേക്ക് വന്നശേഷമാണ്''.

ആദ്യം നായികയായി അവസരം കിട്ടിയത് കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ (2012) എന്ന സിനിമയിലാണ്. അതിനുശേഷവും കരണ്‍ ജോഹറിന്റെ ഉടമസ്ഥതയിലുള്ള ധര്‍മ പ്രൊഡക്ഷന്‍സിന്റെ സിനിമകളില്‍ ആലിയയ്ക്ക് റോളുകള്‍ കിട്ടാന്‍ തുടങ്ങി. അതുകൊണ്ടുതന്നെ ഫാമിലി സ്റ്റാര്‍ കിഡ് എന്ന പേര് ആലിയയെ ചുറ്റിപ്പറ്റിനിന്നു.
2014-ല്‍ ഇറങ്ങിയ ഹൈവേ എന്ന സിനിമയിലെ വീര ത്രിപാഠി എന്ന കഥാപാത്രത്തിലൂടെയാണ് ആലിയ സിനിമാപ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കല്യാണത്തിന് ഒരുദിവസം മുമ്പ് തനിക്കൊട്ടും ഇഷ്ടമില്ലാത്ത പ്രതിശ്രുതവരനോടൊപ്പം ഒരു ഡ്രൈവിന് പോവുകയാണ് വീര. അതിനിടയില്‍ അവളെ ചിലര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുന്നു. സംഘം അവളെയും കൊണ്ട് പല നഗരങ്ങളിലൂടെ നീങ്ങുകയാണ്. പതുക്കെപ്പതുക്കെ അവളും ആ യാത്രയില്‍ സന്തോഷം കണ്ടെത്തുന്നു.
പിന്നീടും കുറേ നല്ല റോളുകളിലൂടെ ആലിയ തന്റെ സ്ഥാനമുറപ്പിച്ചു. കംഫര്‍ട്ട് സോണിനുപുറത്തേക്ക് പോവാന്‍ താത്പര്യവും ധൈര്യവും കാണിച്ചിട്ടുണ്ട് ഈ അഭിനേത്രി. കമേഴ്സ്യല്‍ സിനിമകള്‍ക്കൊപ്പം തന്നെ സ്ത്രീപ്രാധാന്യമുള്ള റോളുകളും അവരുടെ കൈകളില്‍ ഭദ്രമായിരുന്നു. 2016-ല്‍ റിലീസ് ചെയ്ത ഉഠ്ത പഞ്ചാബ് എന്ന സിനിമയില്‍ ബിഹാറില്‍നിന്ന് ജോലിക്കായി വന്ന പെണ്‍കുട്ടിയായിട്ടായിരുന്നു അഭിനയിച്ചത്. ഡിയര്‍ സിന്ദഗി, ബദ്രിനാഥ് കി ദുല്‍ഹനിയ, റാസി, ഗലി ബോയ്, കളങ്ക്, സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ 2, ബ്രഹ്മാസ്ത്ര എന്നിവ ആലിയയുടെ സിനിമകളില്‍ ചിലത് മാത്രം.

ഗംഗുഭായ് സിന്ദാബാദ്
ആ സിനിമകളില്‍നിന്നും റോളുകളില്‍നിന്നുമെല്ലാം തികച്ചും വ്യത്യസ്തമായിരുന്നു 'ഗംഗുഭായ് കത്ത്യാവാഡി'യിലെ കഥാപാത്രം. ഗുജറാത്തിനോട് ചേര്‍ന്നുകിടക്കുന്ന കത്ത്യാവാഡ് എന്ന പ്രദേശത്തെ ബാരിസ്റ്ററിന്റെ മകളായ ഗംഗ. ബോളിവുഡില്‍ നടിയാവണമെന്ന ആഗ്രഹവുമായി, പതിനാറാമത്തെ വയസ്സില്‍ അവള്‍ കാമുകനോടൊപ്പം ഒളിച്ചോടുന്നു. അവിടുന്നാണ് അവളുടെ ജീവിതം മാറിമറിയുന്നത്. കാമുകന്‍ അവളെ ആയിരം രൂപയ്ക്ക് കാമാത്തിപുരയിലെ ഒരു വേശ്യാലയത്തിന് വില്‍ക്കുന്നു. വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കപ്പെടുന്ന അവള്‍, പിന്നീട് ഗംഗുവായി മാറുന്നു. വേശ്യാലയത്തിന്റെ ഉടമസ്ഥ മരിച്ചപ്പോള്‍, ഗംഗു അതിന്റെ ചുമലതയേറ്റെടുക്കുകയും ഗംഗുഭായ് ആയി മാറുകയും ചെയ്തു. ഇടയ്ക്ക് കാമാത്തിപുര ഇലക്ഷനില്‍ മത്സരിക്കുകയും ജയിക്കുകയും ചെയ്യുന്നുണ്ട്.
ഇതിനിടയിലെല്ലാം കാമാത്തിപുരയിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഗംഗുഭായ് നിലകൊള്ളുന്നുണ്ട്. രക്ഷിക്കാന്‍ പറ്റുന്നവരെ രക്ഷിച്ചും കുട്ടികള്‍ക്ക് പഠിക്കാനുള്ള അവസരങ്ങളൊരുക്കിയും ഗംഗുഭായ് ആളുകളുടെ മനസ്സില്‍നിറയുന്നു. കാമാത്തിപുര ഒഴിപ്പിക്കാനുള്ള ശ്രമം നടക്കുന്നതിനിടയില്‍ അവള്‍ ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയെ കണ്ടു, വേശ്യാവൃത്തി നിയമപരമാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് അതിനുവേണ്ടി ഒരു കമ്മിറ്റിയെ നിയോഗിക്കാന്‍ പ്രധാനമന്ത്രി തീരുമാനിക്കുന്നത്, ഗംഗുഭായുടെ വാക്കുകള്‍ കേട്ടാണ്. കാമാത്തിപുര ഒഴിപ്പിക്കില്ലെന്ന് അവിടുന്ന് ഉറപ്പുനല്‍കുന്നുമുണ്ട്.
നിഷ്‌കളങ്കയായ ചെറിയ പെണ്‍കുട്ടിയില്‍നിന്ന് ഒരു ചേരി ഭരിക്കുന്ന ഗംഗുഭായിലേക്കുള്ള മാറ്റം വളരെ മനോഹരമായിട്ടാണ് ആലിയ അഭിനയിച്ചിരിക്കുന്നത്. നിഷ്‌കളങ്കതയും അങ്ങേയറ്റത്തെ ദേഷ്യവും നിരാശയുമെല്ലാം മാറിമറിയുന്ന കഥാപാത്രം. ആ സിനിമയിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരവും ആലിയയെ തേടിയെത്തി. ഗംഗുഭായില്‍ അഭിനയിക്കുന്ന സമയത്തുതന്നെയാണ് ആര്‍.ആര്‍.ആര്‍ എന്ന സിനിമയിലും അഭിനയിച്ചത്. ഗാര്‍ഹികപീഡനത്തിനിരയായ സ്ത്രീയുടെ റോളിലെത്തിയ ഡാര്‍ലിങ്സിലും ആലിയ നല്ല പ്രകടനമാണ് കാഴ്ചവെച്ചത്.

നല്ലൊരു നര്‍ത്തകിയും ഗായികയും കൂടിയാണ് ആലിയ. ഹൈവേ, സഡക്ക് 2, റാസി, ബദ്രിനാഥ് കി ദുല്‍ഹനിയ, ടു സ്റ്റേറ്റ്‌സ് തുടങ്ങിയ സിനിമകളില്‍ അവര്‍ പാടിയിട്ടുണ്ട്. അതിനൊപ്പം സിനിമകള്‍ നിര്‍മിക്കുകയും ചെയ്യുന്നു. ഡാര്‍ലിങ്‌സ് ആണ് ആലിയയുടെ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണക്കമ്പനി ആദ്യമായി നിര്‍മിച്ചത്. നിമിഷ സജയന്‍, റോഷന്‍ മാത്യു തുടങ്ങിയവര്‍ അഭിനയിച്ച പോച്ചര്‍ എന്ന നെറ്റ്ഫ്‌ളിക്‌സ് സീരീസ് നിര്‍മിച്ചതും അവര്‍ തന്നെ.
ഗര്‍ഭകാലത്തെ അഭിനയം
റോക്കി ഓര്‍ റാണിയുടെ ഷൂട്ടിങ്ങിനിടയിലാണ് ആലിയ ഗര്‍ഭിണിയാവുന്നത്. അതോടെ ഒരു ബ്രേക്ക് എടുത്ത്, പ്രസവശേഷമാണ് സിനിമ പൂര്‍ത്തിയാക്കിയത്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ നെറ്റ്ഫ്ളിക്സിന്റെ അമേരിക്കന്‍ സിനിമയായ ഹാര്‍ട്ട് ഓഫ് സ്റ്റോണിലും അഭിനയിക്കുന്നത്. എന്നിട്ടും സിനിമയിലെ ആക്ഷന്‍ സീനുകളെല്ലാം മനോഹരമായി തന്നെ ആലിയ ചെയ്തു.
ജിഗ്ര, സഞ്ജയ് ലീലാ ബന്‍സാലിയുടെ ലവ് ആന്‍ഡ് വാര്‍ എന്നീ പടങ്ങളാണ് ആലിയയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ജിഗ്ര നിര്‍മിക്കുന്നതും ആലിയ തന്നെ. ഒരു ചെറിയ പെണ്‍കുട്ടിയില്‍നിന്ന് തികച്ചും പാകപ്പെട്ട അഭിനേത്രിയായി മാറിക്കഴിഞ്ഞു ആരാധകരുടെ പ്രിയപ്പെട്ട ആലൂ. സിനിമകളില്‍ ആലിയ ബ്രാന്‍ഡ് ഉണ്ടാക്കാനും, സിനിമകള്‍ സ്വന്തം പേരില്‍ വിജയിപ്പിക്കാനും അവര്‍ക്ക് കഴിയുന്നു. ഗംഗുഭായ് കത്ത്യവാഡിയുടെ ഡയലോഗ് റൈറ്റര്‍മാരിലൊരാളായ പ്രകാശ് കപാഡിയ ആലിയയെ കുറിച്ച് പറഞ്ഞതിങ്ങനെ. ''ആലിയ വളരെ ഡൗണ്‍ ടു എര്‍ത്ത് ആക്ടറാണ്. നല്ല കഥാപാത്രങ്ങള്‍ക്കുവേണ്ടി റിസ്‌കുകളെടുക്കാന്‍ തയ്യാറാണ്. അതുപോലെ തന്നെ എപ്പോഴും ഒരു നിഷ്‌കളങ്കതയും ഫ്രെഷ്നെസുമുണ്ട് ആ പെണ്‍കുട്ടിയില്‍''.
സോഷ്യല്‍മീഡിയയിലെ താരം
സിനിമയില്‍ വന്ന സമയത്ത് ഒരുപാട് നെഗറ്റീവ് കമന്റുകള്‍ നേരിട്ടയാളാണ് ആലിയ. കോഫി വിത്ത് കരണില്‍, ഇന്ത്യന്‍ രാഷ്ട്രപതിയുടെ പേര് ചോദിച്ചപ്പോള്‍, ആലിയ ഉത്തരം പറഞ്ഞത് തെറ്റിപ്പോയി. വിവരമില്ലായ്മയെന്നും പറഞ്ഞ് അപ്പോഴും ഒരുപാട് ട്രോളുകള്‍ക്ക് ഇരയാകേണ്ടിവന്നു.
പലപ്പോഴും സ്ത്രീപക്ഷ നിലപാടുകളെടുക്കുമ്പോഴും, ചിലപ്പോള്‍ അതിന് നേരെ എതിരായും ആലിയ സംസാരിക്കാറുണ്ട്. ഒരഭിമുഖത്തില്‍ ആലിയ റണ്‍ബീര്‍ കപൂറിനെക്കുറിച്ച് പറഞ്ഞതിങ്ങനെ. 'പുറത്തുപോകുമ്പോള്‍ ഞാന്‍ ലിപ്സ്റ്റിക് ഇട്ടിട്ടുണ്ടെങ്കില്‍ റണ്‍ബീര്‍ ഉടന്‍ അത് മായ്ച്ചുകളയാന്‍ പറയും. എന്റെ ചുണ്ടുകളുടെ സ്വാഭാവികനിറമാണ് റണ്‍ബീറിന് ഇഷ്ടം''. ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള അഭിനേതാക്കളിലൊരാളായ ആലിയയ്ക്ക് പോലും ആഗ്രഹങ്ങള്‍ക്കനുസിച്ച് ജീവിക്കാന്‍ പറ്റുന്നില്ലെന്നുള്ളത് പല ആരാധകരെയും ഞെട്ടിച്ചു. ഇത്രയും സ്ത്രീവിരുദ്ധമായ സ്വഭാവം ആലിയയ്ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നതും പലരെയും വേദനിപ്പിച്ചു.
റാഹയുടെ അമ്മ
അഭിനയത്തിനൊപ്പം തന്നെ മനുഷ്യാവകാശപ്രവര്‍ത്തനങ്ങളുടെയും ഭാഗമാണ് അവര്‍. 2018-ല്‍ തന്റെ വസ്ത്രങ്ങള്‍ ലേലത്തില്‍വെച്ച് ആ തുകകൊണ്ട്, കര്‍ണാടകയിലെ ഒരു ഗ്രാമത്തില്‍ വൈദ്യതിയെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി. ഫേസ്ബുക്കിനൊപ്പം ചേര്‍ന്ന് പരിസ്ഥിതിക്കായുള്ള ഫൈന്‍ഡ് യുവര്‍ ഗ്രീന്‍ എന്ന കാമ്പയിന്റെ ഭാഗമായി. അതിനിടയില്‍ ബിസിനസ് രംഗത്തേക്കും കടന്നു. സുസ്ഥിരഫാഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി എഡ്-ഇ-മാമ്മ എന്ന മറ്റേര്‍ണിറ്റി-ചില്‍ഡ്രന്‍സ് ക്ലോത്തിങ് ബ്രാന്‍ഡും ആലിയ തുടങ്ങി.
''മാതൃത്വം എന്നെ വല്ലാതെ മാറ്റി. അതെന്റെ ശരീരത്തെയും മുടിയെയും ചര്‍മത്തെയും മാത്രമല്ല, എന്റെ പേടിയെയും മുന്‍ഗണനകളെയുമെല്ലാം മാറ്റിമറിച്ചു. ഞാനോരോ കാര്യങ്ങള്‍ നോക്കിക്കാണുന്ന രീതി പോലും മാറി. ഇതിനെല്ലാമുപരി എന്റെ ഹൃദയം കുറേക്കൂടി വിശാലമായി'', റാഹയുടെ അമ്മ എന്ന റോളിനെപ്പറ്റി ആലിയ പറയുന്നതിങ്ങനെ.
Content Highlights: alia bhatt-the best actor
Published: 15 Mar 2024, 12:36 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented