ഹിന്ദിയറിയില്ല, കാണാനൊരു വിദേശിയെപ്പോലെ...കത്രീന കൈഫ് ബോളിവുഡിലേക്ക് വന്നപ്പോള്‍ മാറ്റിനിര്‍ത്തപ്പെട്ടത് ഇങ്ങനെയൊക്കെയാണ്. അതിനെയെല്ലാം മറികടന്ന് 20 വര്‍ഷത്തോളം ബോളിവുഡില്‍ നിലനിന്നു എന്നത് തന്നെയാണ് കത്രീനയുടെ പ്രത്യേകത. വെറുതെ അങ്ങ് നിന്നുപോവുകയായിരുന്നില്ല. മികച്ച കഥാപാത്രങ്ങള്‍ ചെയ്ത്, മികച്ച അഭിനേതാക്കള്‍ക്കൊപ്പം അഭിനയിച്ച്, ആരാധകരുടെ പ്രിയപ്പെട്ട കേറ്റ് മുന്നേറുകയായിരുന്നു.

To advertise here,

ബൂം എന്ന സിനിമയിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. അത് ബോക്‌സോഫീസില്‍ പരാജയപ്പെട്ടെങ്കിലും, അവിടുന്ന് ഹിറ്റുകളിലേക്കുളള യാത്ര തുടങ്ങുകയായിരുന്നു. നമസ്‌തെ ലണ്ടന്‍, റേസ്, സിങ് ഈസ് കിങ്, ഏക് ഥാ ടൈഗര്‍, സിന്ദഗി ന മിലേഗി ദുബാരാ, ജബ് തക്ക് ഹെ ജാന്‍...ലിസ്റ്റ് ഇങ്ങനെ നീളും. ബോളിവുഡിലെ മുന്‍നിരതാരങ്ങള്‍ക്കെല്ലാമൊപ്പം കത്രീന അഭിനയിച്ചു. സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ഗോവിന്ദ, ഇര്‍ഫാന്‍ ഖാന്‍, അക്ഷയ് കുമാര്‍, ജോണ്‍ എബ്രഹാം, ആദിത്യ റോയ് കപൂര്‍...നായകന്‍മാരുടെ നിര തന്നെയുണ്ട്. 

പലപ്പോഴും ഭംഗിയുള്ളൊരു മുഖം മാത്രമാണ് കത്രീന കൈഫ്, അതിനപ്പുറത്തേക്ക് അഭിനേത്രിയുടേതായ യാതൊരു ഗുണങ്ങളുമില്ലെന്ന് അന്നൊക്കെ പലരും വിമര്‍ശിച്ചു. അതിനെയെല്ലാം കത്രീന അംഗീകരിച്ചു. ''കൊമേഴ്‌സ്യല്‍ സിനിമകളില്‍ പരമാവധി അഭിനയിച്ച്, ആളുകളുടെ മനസ്സിലേക്ക് കടന്നുചെല്ലുക എന്നതായിരുന്നു എന്റെ ആദ്യത്തെ ലക്ഷ്യം. അതുകൊണ്ട് കിട്ടുന്നതെല്ലാം ചെയ്തിരുന്നു. 2009 മുതല്‍ ഞാന്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് മുതിരാന്‍ തുടങ്ങി. അതിനുശേഷം അങ്ങനെയുള്ള വിമര്‍ശനങ്ങള്‍ എനിക്കുനേരെ അധികം ഉണ്ടായിട്ടുമില്ല''. 

ഏറ്റവുമൊടുവിലിതാ വിജയ് സേതുപതിയുടെ നായികയായെത്തുകയാണ് കേറ്റ്. മെറി ക്രിസ്മസ് എന്ന സിനിമ തമിഴ്, ഹിന്ദി ഭാഷകളിലാണിറങ്ങുന്നത്. കരിയറിന്റെ തുടക്കത്തില്‍ മമ്മൂട്ടിയുടെ നായികയായി ബല്‍റാം വേഴ്‌സസ് താരാദാസിലും മറ്റൊരു തെലുഗു സിനിമയിലും അഭിനയിച്ചിരുന്നു. ഒരു നീണ്ട ഇടവേളയ്ക്കുശേഷമാണ് അവര്‍ ദക്ഷിണേന്ത്യയിലേക്ക് തിരിച്ചുവരുന്നത്.  

placeholder
കത്രീന കൈഫും വിക്കി കൗശലും വിവാഹവേളയില്‍
കത്രീന കൈഫും വിക്കി കൗശലും വിവാഹവേളയില്‍

ലണ്ടനില്‍നിന്നുള്ള അഭിനേത്രി
കാശ്മീര്‍ സ്വദേശിയും വ്യവസായിയുമായ മുഹമ്മദ് കൈഫിന്റെയും സന്നദ്ധപ്രവര്‍ത്തകയായ സുസൈന്റെയും മകളാണ് കത്രീന. മാതാപിതാക്കള്‍ ചെറുപ്പത്തിലേ പിരിഞ്ഞതിനാല്‍ മാതാവിനൊപ്പമായിരുന്നു കത്രീനയും ഏഴ് സഹോദരങ്ങളും. അച്ഛന്‍ കൂടെയില്ലാതെ വളര്‍ന്നതിനെക്കുറിച്ച് കത്രീന പലപ്പോഴും സങ്കടപ്പെട്ടിട്ടുണ്ട്. ''ജീവിതത്തിലെ സങ്കടങ്ങള്‍ വരുമ്പോഴെല്ലാം അച്ഛനെ പോലെ എന്നെ നോക്കുന്നൊരാള്‍, എന്നെ സ്‌നേഹിക്കുന്നൊരാള്‍ ഉണ്ടെങ്കിലെന്ന് എപ്പോഴും ചിന്തിച്ചിട്ടുണ്ട്''.  

അമ്മ സാമൂഹ്യപ്രവര്‍ത്തകയായതിനാല്‍ പല രാജ്യങ്ങളിലേക്കും പോവേണ്ടിവരും. കുട്ടികള്‍ ചെറുതായതുകൊണ്ട് അവരെയും ഒപ്പം കൊണ്ടുപോവും. അങ്ങനെയായിരുന്നു ചെറുപ്പകാലം. പതിനാലാം വയസ്സിലാണ് മോഡലിങ്ങിലേക്ക് കടക്കുന്നത്. ഒരു ജ്വല്ലറിയുടെ പരസ്യത്തിനുവേണ്ടി. 16-ാമത്തെ വയസ്സിലാണ് മോഡലിങ്ങില്‍ അവസരം കിട്ടുമെന്ന പ്രതീക്ഷയില്‍ ഇന്ത്യയിലേക്ക് വരുന്നത്. ആദ്യമൊക്കെ റാമ്പ് വാക്കുകളും ഫാഷന്‍ ഷോകളുമായിരുന്നു കത്രീനയുടെ ആശ്രയം. അവിചാരിതമായാണ് ബൂം എന്ന സിനിമയിലേക്ക് വരുന്നത്. പിന്നീട് നാട്ടിലേക്ക് മടങ്ങേണ്ടിവന്നിട്ടില്ല കത്രീനയ്ക്ക്. 

അതിനിടയിലും ഗോസിപ്പുകള്‍ ഒരുകാലം വരെ കത്രീനയെ തേടിയെത്തിക്കൊണ്ടേയിരുന്നു. റണ്‍ബീര്‍ കപൂര്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു കത്രീനയുടെ പേര് കൂടുതലും ഉയര്‍ന്നുകേട്ടത്. അതിനെക്കുറിച്ചും കത്രീന തുറന്നുസംസാരിച്ചിട്ടുണ്ട്. ''ആ ബന്ധങ്ങളിലൊന്നും എനിക്ക് വിഷമമില്ല. അതും ഒരനുഭവമായിരുന്നു. പല കാര്യങ്ങളും പഠിക്കാന്‍ കഴിഞ്ഞു. അതിലൂടെ എനിക്കൊരുപാട് പാകത വന്നു. ഇപ്പോള്‍ എനിക്കറിയാം, ആവശ്യമില്ലാതെ ഒരു ഭാരം തലയില്‍ ചുമക്കരുതെന്ന്. അതൊക്കെ ആ ബന്ധങ്ങളിലൂടെ പഠിച്ചതാണ്''. 

ബോളിവുഡില്‍ 20 വര്‍ഷം തികച്ചശേഷവും സിനിമയില്‍ പുതുമ തേടുകയാണവര്‍. ''ഞാനെന്ന വ്യക്തിയില്‍ മാറ്റങ്ങളുണ്ടാവാം. അതുറപ്പാണ്. അഞ്ച് വര്‍ഷം മുമ്പുണ്ടായിരുന്ന ആളല്ല ഞാനിപ്പോള്‍. കല്യാണം കഴിഞ്ഞു, അത് മറ്റൊരു മാറ്റമാണ്. ആ മാറ്റങ്ങളിലെല്ലാം ഞാനെപ്പോഴും ശ്രദ്ധിക്കുന്നൊരു കാര്യമുണ്ട്. എന്നും എപ്പോഴും സത്യസന്ധതയോടെയിരിക്കുക എന്നതാണത്. ജീവിതത്തിലാണെങ്കിലും കരിയറിലാണെങ്കിലും അങ്ങനെ തന്നെ. ഒരു പ്രത്യേക ജോണറില്‍ പെട്ട സിനിമ എനിക്ക് സന്തോഷം തരുമെന്ന് ഉറപ്പാണെങ്കില്‍, വേറൊന്നും നോക്കില്ല ഞാന്‍. അതിനു പിന്നാലെ പോവും. ഒരു സിനിമ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍, അതില്‍ എന്റെ നൂറുശതമാനവും നല്‍കിയെന്ന് ഓര്‍ക്കുമ്പോള്‍ കിട്ടുന്നൊരു സന്തോഷമുണ്ട്. അത് വളരെ വലുതാണ്. അതുതന്നെയാണ് ഞാനിപ്പോഴും തിരയുന്നതും. അത്തരം പരീക്ഷണസിനിമകളുടെ പുറകെയാണ് ഞാന്‍''.   

താന്‍ ചെയ്യുന്ന സിനിമയ്ക്ക് നൂറുശതമാനവും നല്‍കുന്ന കാര്യത്തില്‍ അങ്ങേയറ്റം നിര്‍ബന്ധമുള്ളയാളാണ് കത്രീന. ഏറ്റവുമൊടുവിലിറങ്ങിയ ടൈഗര്‍ 3 എന്ന സിനിമയ്ക്കുവേണ്ടിയുള്ള ഫൈറ്റ് സീനുകള്‍ അങ്ങനൊന്നായിരുന്നു. ഫൈറ്റ് ആര്‍ട്ടിസ്റ്റും ഹോളിവുഡ് അഭിനേത്രിയുമായ മിഷേല്‍ ലീയുമൊത്തുളള ടവല്‍ ഫൈറ്റ് ആരാധകരെ ഇളക്കിമറിച്ചു. അതിശക്തമായ ആക്ഷന്‍രംഗങ്ങളായിരുന്നു ടൈഗര്‍ ത്രീയില്‍ കത്രീന കാഴ്ചവെച്ചത്. ''താനിതിന് വേണ്ടി ഒരുപാട് വേദന അനുഭവിച്ചുവെന്നും ഇതുവരെ ഇല്ലാത്തൊരു അനുഭവമായിരുന്നു''വെന്നും കത്രീന പിന്നീട് പറഞ്ഞു. ഈ സീനിനുവേണ്ടി മാത്രം രണ്ടാഴ്ചയാണ് അവര്‍ക്ക് മിഷേലിനൊപ്പം റിഹേഴ്‌സല്‍ ചെയ്യേണ്ടിവന്നത്.  

എന്നും കത്രീനയുടെ ആരാധകന്‍ 
ബോളിവുഡിലെ ഏറ്റവും ആരാധകരുള്ള ദമ്പതിമാരാണ് കത്രീനയും വിക്കി കൗശലും. 2021-ലാണ് ഇരുവരും വിവാഹിതരാവുന്നത്. കത്രീനയോടുള്ള വിക്കിയുടെ ആരാധന ഒടുവില്‍ പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കുമെത്തുകയായിരുന്നു. 'പറാത്ത വെഡ്‌സ് പാന്‍കേക്ക്' എന്നാണ് തങ്ങളുടെ വിവാഹത്തെക്കുറിച്ച് വിക്കി എപ്പോഴും രസകരമായി പറയുന്നത്. ഒരു സാധാരണക്കാരനായ പഞ്ചാബി പയ്യന്‍, ലണ്ടനില്‍ ജനിച്ചുവളര്‍ന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനെയാണ് വിക്കി ഇതിലൂടെ സൂചിപ്പിക്കുന്നത്. ഒരവാര്‍ഡ് ദാന ചടങ്ങില്‍വെച്ചാണ് വിക്കി ആദ്യമായി, ഒരു വലിയ സദസ്സിനുമുന്നില്‍വെച്ച് കത്രീനയെ പ്രൊപോസ് ചെയ്യുന്നത്. ''കത്രീന, ഇപ്പോള്‍ ബോളിവുഡില്‍ കല്യാണങ്ങളുടെ സീസണാണ്. അപ്പോള്‍ എനിക്കും നിങ്ങളോട് ഒരു കാര്യം ചോദിക്കണമെന്നുണ്ട്...മുഛ്‌സേ ശാദി കരോഗെ?''. അത് പലരും തമാശയായി തള്ളിക്കളഞ്ഞെങ്കിലും വിക്കിക്ക് അത് തമാശയായിരുന്നില്ല. പല വേദികളിലും, പല അഭിമുഖങ്ങളിലും കത്രീനയോടുള്ള ഇഷ്ടവും ആരാധനയും വിക്കി ആവര്‍ത്തിച്ചു. 

കുറച്ചുകാലം കൂടി കഴിഞ്ഞപ്പോള്‍ ബോളിവുഡില്‍ ഗോസിപ്പ് പരക്കാന്‍ തുടങ്ങി, വിക്കി കൗശലും കത്രീന കൈഫും ഡേറ്റിങ്ങിലാണ്, പ്രണയത്തിലാണ് എന്നൊക്കെ. അതൊന്നും അവര്‍ നിഷേധിച്ചില്ല. തങ്ങളുടെ ബന്ധത്തെ പക്വതയോടെ മുന്നോട്ട് കൊണ്ടുപോവാനാണ് അവര്‍ ശ്രമിച്ചത്. 'വിവാഹം തീര്‍ച്ചയായും എന്നെ നല്ല രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. വിക്കിയുമായുള്ള വിവാഹത്തിലൂടെ ജീവിതത്തില്‍ കൂടുതല്‍ ശാന്തതയും സ്ഥിരതയും വന്നിട്ടുണ്ട്. എല്ലാ കാര്യത്തിലും വളരെ ഹൈപ്പറാണ് ഞാന്‍. പല കാര്യങ്ങളിലും കൂടുതലായി ചിന്തിക്കുകയും ചെയ്യും. ചെറിയ കാര്യങ്ങളില്‍ പെട്ടെന്ന് സങ്കടപ്പെടുന്നയാള്‍. പക്ഷേ വിക്കി നേരെ തിരിച്ചാണ്. വളരെ ശാന്തമായിട്ടുള്ള മനുഷ്യന്‍, ആവശ്യമില്ലാതെ ടെന്‍ഷനൊന്നും എടുത്തു തലയില്‍വെക്കില്ല. അതുകൊണ്ടാവാം ഞങ്ങളുടെ ജീവിതം ഇങ്ങനെ ബാലന്‍സ് ചെയ്ത് കൊണ്ടുപോവാന്‍ പറ്റുന്നത്,'' ഒരഭിമുഖത്തില്‍ വിവാഹശേഷമുള്ള ജീവിതത്തെക്കുറിച്ച് കത്രീന വാചാലയായി. 'ഞാന്‍ ചിലപ്പോള്‍ എന്തെങ്കിലും ടെന്‍ഷനും കൊണ്ടായിരിക്കും വീട്ടിലെത്തുന്നത്. അക്കാര്യങ്ങളെല്ലാം ഞാന്‍ വിക്കിയുമായി പങ്കുവെക്കും. വളരെ വേഗത്തില്‍, ഇംഗ്ലീഷിലാണ് ഞാന്‍ സംസാരിക്കുക. സംസാരിക്കുന്ന വേഗത കൊണ്ട് ചിലതൊന്നും വിക്കിക്ക് മനസ്സിലാവുന്നുണ്ടാവില്ല. എങ്കിലും വളരെ ശാന്തമായി, കരുണയോടെ എന്നെ കേള്‍ക്കും. അത് ചിലപ്പോള്‍ ഒരു മണിക്കൂര്‍ വരെയൊക്കെ നീളും. അത്രയും നേരം എനിക്ക് പറയാനുള്ളതെല്ലാം വിക്കി കേട്ടുകഴിഞ്ഞാല്‍, എനിക്കൊരു സമാധാനം കിട്ടും. അങ്ങനെയാണ് ഞാനെപ്പോഴും ശാന്തമായിരിക്കുന്നത്. അതിന്റെ ക്രെഡിറ്റ് മുഴുവന്‍ വിക്കിക്ക് കൊടുക്കണം'', കത്രീന കൂട്ടിച്ചേര്‍ത്തു. 

ആരാധകരുടെ സ്വന്തം
സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അഭിനേത്രിയാണ് കത്രീന. അതുകൊണ്ടാവാം പല ബ്രാന്‍ഡുകളുടെയും ആഗോളമുഖവുമാണവര്‍. സ്വിസ് വാച്ച് നിര്‍മാതാക്കളായ റാഡോ വാച്ചിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായി അവരെ തിരഞ്ഞെടുത്തത് കഴിഞ്ഞ വര്‍ഷമാണ്. ഇത്തിഹാദ് എയര്‍വേസിന്റെ അംബാസഡറും കത്രീന തന്നെയാണ്. രണ്ടാം തവണയാണ് ഇവര്‍ ഇത്തിഹാദിന്റെ അംബാസഡറാകുന്നത്. അതുകൂടാതെ കെ ബ്യൂട്ടി എന്നൊരു കോസ്‌മെറ്റിക് ബ്രാന്‍ഡുമുണ്ട് കത്രീനയ്ക്ക്. അങ്ങനെ തൊടുന്ന മേഖലകളിലെല്ലാം തന്റേതായ മുദ്ര പതിപ്പിക്കുകയാണവര്‍.