തിയേറ്ററുകളിൽ നിറഞ്ഞ കൈയടി നേടിയ 'മധുവിധു' ഇപ്പോൾ ഒടിടിയിലും ശ്രദ്ധനേടുകയാണ്. വിഷ്ണു അരവിന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ ഷറഫുദ്ദീന്റെ നായികയായെത്തിയത് നടി ബിന്ദു പണിക്കറുടെയും സായികുമാറിന്റെയും മകളായ കല്യാണി പണിക്കറാണ്. അമ്മയുടെ അഭിനയപാത പിന്തുടർന്ന് സിനിമയിലെത്തിയ കല്യാണി മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്ന അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽനിന്ന് ഉയരുന്നത്. ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറിൽനിന്ന് സിനിമാഭിനയലോകത്തേക്കുള്ള തന്റെ ആദ്യയാത്രയും 'മധുവിധു' സമ്മാനിച്ച അനുഭവങ്ങളും പങ്കുവെക്കുകയാണ് കല്യാണി…
 

തുടക്കം അച്ഛനും അമ്മയ്ക്കുമൊപ്പം
അച്ഛന്റെയും അമ്മയുടെയും അനുഗ്രഹത്തോടെ, കുഞ്ഞിലേ സ്‌ക്രീനിൽ കണ്ടുവളർന്ന സീനിയേഴ്സിനൊപ്പം ആദ്യ സിനിമ ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. സിനിമയിൽ അച്ഛനുമായിട്ടാണ് എനിക്ക് കോമ്പിനേഷൻ സീനുള്ളത്. അച്ഛനും മകളുമായിട്ട് തന്നെയാണ് ഞങ്ങളഭിനയിച്ചത്. അച്ഛനാണല്ലോ എന്റെ മുന്നിലുള്ളത് എന്ന പേടിയൊന്നും തോന്നിയിരുന്നില്ല. യഥാർഥത്തിൽ ഞങ്ങൾ എങ്ങനെയാണോ അതുപോലെ പെരുമാറുകയായിരുന്നു. ജഗദീഷ് അങ്കിൾ ഉൾപ്പെടെ പലരെയും വ്യക്തിപരമായി നേരത്തെ അറിയാം. കാസ്റ്റിങ് അറിഞ്ഞപ്പോൾ അവരുടെയൊക്കെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് പെട്ടെന്ന് മനസ്സിലേക്ക് കടന്നുവന്നത്. പരസ്പരം സഹകരിച്ചും സഹായിച്ചും വളരെ കംഫർട്ടബിളായി അഭിനയിക്കാൻ കഴിഞ്ഞു. തുടക്കത്തിൽ ചെറിയൊരു ആശങ്കയുണ്ടായിരുന്നു.

സ്‌ക്രീനിൽ എന്നെ നന്നായി കാണുമോ? പ്രേക്ഷകർ എന്തുപറയും എന്നൊക്കെയുള്ള ചിന്തകളായിരുന്നു. പ്രേക്ഷകർ സിനിമ ഇരുകൈയുംനീട്ടി സ്വീകരിച്ചതിൽ ഒരുപാട് സന്തോഷം. ആദ്യ ചിത്രത്തിൽ അഭിനയിക്കുമ്പോൾ സ്വന്തം ശബ്ദംതന്നെ നൽകണമെന്ന ആഗ്രഹം എന്നെക്കാൾ അച്ഛനും അമ്മയ്ക്കുമായിരുന്നു. അതും പുതിയൊരു അനുഭവമായി.
ആദ്യ സിനിമ എന്നും എനിക്ക് സ്പെഷ്യലാണ്, ആദ്യ നായകനും. ഇനി മുന്നോട്ട് സിനിമകൾ എത്ര ചെയ്താലും ആദ്യ നായകനായ ഷറഫുക്ക എനിക്ക് സ്പെഷ്യലായിരിക്കും. അദ്ദേഹം നല്ലൊരു കോ-സ്റ്റാർ ആയിരുന്നു. നർമം അവതരിപ്പിക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ ടൈമിങ് എടുത്തുപറയേണ്ടതാണ്. കോമഡി മാത്രമല്ല, ഏത് കഥാപാത്രവും ചെയ്യാൻ പറ്റിയ ഒരു അഭിനേതാവാണ് അദ്ദേഹം. മധുവിധുവിൽ അഭിനയിക്കുമ്പോൾ ചിലപ്പോഴൊക്കെ എന്റെ എനർജി ഒന്ന് താഴുമ്പോൾ അദ്ദേഹം പറയും, ഇതല്ലല്ലോ നിന്റെ എനർജി എന്ന്. അങ്ങനെ നമ്മളെ പിന്തുണയ്ക്കാനുള്ള മനസ്സ് അദ്ദേഹത്തിനുണ്ട്. അഭിനയം ഒരു ഗിവ് ആൻഡ് ടേക്കാണ് എന്ന കാഴ്ചപ്പാടുള്ളവർക്കൊപ്പം അഭിനയിക്കാൻ നല്ല സുഖമാണ്.

വന്നുചേർന്ന അവസരം
മധുവിധുവിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ ബിബിൻ മോഹനും ഞാനും ഒരേ ജിമ്മിലാണ് പോകുന്നത്. ഒരു കഥയുണ്ട്, ഓഡിഷനിൽ പങ്കെടുക്കാൻ പറഞ്ഞു. പിറ്റേദിവസമായിരുന്നു ഓഡിഷൻ. രണ്ട് സീനുകൾ അഭിനയിച്ച് കാണിച്ചു. അങ്ങനെയാണ് ഞാൻ ഈ സിനിമയുടെ ഭാഗമാകുന്നത്. ഇതിന്റെ തിരക്കഥ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. നല്ലൊരു ടീമും അഭിനേതാക്കളുമെല്ലാം ചേർന്നുവരുകയായിരുന്നു. ഇതായിരിക്കും നല്ല സമയം. ലണ്ടനിൽ കൾനറി ആർട്സ് പഠിക്കാൻ പോവുന്നതിനുമുന്നേ അവസരങ്ങൾ വന്നിരുന്നു. പക്ഷേ, അപ്പോഴൊക്കെ പഠനത്തിനാണ് വീട്ടിൽ മുൻഗണന നൽകിയത്. പഠിത്തത്തിൽ ശ്രദ്ധിക്കാൻ അച്ഛനും അമ്മയും പറഞ്ഞു. പക്ഷേ, അപ്പോഴും ഉള്ളിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്നു. പിന്നീട് ഞാൻ അത് ഉറപ്പിച്ചു. സിനിമയിൽ പരിശ്രമിച്ചുനോക്കണം, അവസരങ്ങൾ തേടണം എന്നൊക്കെ ചിന്തവന്നു. ഓഡിഷനുകളിൽ പങ്കെടുത്തു. അന്നുതൊട്ടേ സിനിമയ്ക്കുവേണ്ടി ഞാൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
അഭിനയിക്കണമെന്ന ഇഷ്ടം പറഞ്ഞപ്പോൾ അച്ഛനും അമ്മയ്ക്കും കാര്യം മനസ്സിലായി. എന്റെ ആഗ്രഹം ആത്മാർഥമാണെന്ന് അവർക്ക് ബോധ്യപ്പെട്ടു. ഉള്ളിന്റെയുള്ളിൽ അവരും സന്തോഷിച്ചിരുന്നുവെന്നാണ് എനിക്ക് തോന്നിയത്. കൂടുതൽ ചർച്ചകളൊന്നും നടന്നില്ല. അച്ഛന്റെയും അമ്മയുടെയും ധൈര്യത്തിൽ ആരോടും ചാൻസ് ചോദിച്ചിട്ടില്ല. അങ്ങനെയൊന്നും സംസാരിക്കാത്ത ആളുകളാണ് ഞങ്ങൾ.

placeholder
Photo:Instagram

സിനിമയാണ് സ്വപ്‌നം
സിനിമകൾ എപ്പോഴും എന്നെ സ്വാധീനിച്ചിട്ടുണ്ട്. കുഞ്ഞിലേ കണ്ട പല ചിത്രങ്ങളും ഇപ്പോഴും മനസ്സിൽ തങ്ങിനിൽപ്പുണ്ട്. 'കൽക്കട്ട ന്യൂസ്' എന്ന സിനിമ കണ്ടിട്ട് ഞാൻ ആരോടും മിണ്ടില്ലായിരുന്നു. അത്രയ്ക്ക് എന്നെ സ്വാധീനിച്ച സിനിമയായിരുന്നു അത്. അന്നൊക്കെ എന്നെ സിനിമ കാണിക്കാൻ കൊണ്ടുപോകുമ്പോൾ അമ്മയ്ക്ക് ടെൻഷനായിരുന്നു. ഏത് ജോണറിലുള്ള സിനിമയാണ് കുട്ടികളെ കാണിക്കുക എന്ന രീതിയിൽ അമ്മയ്ക്ക് സംശയമായിരുന്നു. അത്രത്തോളം ഞാൻ ഉള്ളിലേക്ക് എടുക്കുമായിരുന്നു. ഇപ്പോഴും ഒരു സിനിമയും വിടാതെ കാണും. ആദ്യമൊക്കെ നെപ്പോ കിഡ് എന്ന് ആളുകൾ പറയുമ്പോൾ ബുദ്ധിമുട്ട് തോന്നാറുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ അങ്ങനെ ചിന്തിക്കുന്നില്ല. അമ്മയെപ്പോലെ അഭിനയിക്കണം, അവരെപ്പോലെയാകണം എന്നൊക്കെ ചിന്തിക്കുന്നതുതന്നെ ശരിയല്ല. അച്ഛനെയും അമ്മയെയും പോലെ അഭിനയിക്കാൻ പറ്റുമെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. എന്നെക്കൊണ്ട് കഴിയുന്ന രീതിയിൽ ഓരോ കഥാപാത്രവും നന്നായി അവതരിപ്പിക്കണമെന്നേയുള്ളൂ.
ഒരു കഥാപാത്രം കിട്ടിയാൽ പൂർണമായും അത് മനസ്സിലാക്കി അഭിനയിക്കുക എന്നതാണ് അവർ എനിക്ക് നൽകിയ ഏക ഉപദേശം. കഥാപാത്രമായിനിന്ന് അതിന്റെ മാനസികാവസ്ഥയെപ്പറ്റി ചിന്തിക്കുക, പെരുമാറുക, ഇതുമാത്രമാണ് അവർ പറഞ്ഞത്. അച്ഛനായാലും അമ്മയായാലും പല സിനിമകളിലും അവർ കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. അവരെപ്പോലെ അഭിനയിക്കണമെന്ന് വിചാരിച്ചാൽപോലും എനിക്ക് സാധിക്കില്ല. ചെറിയൊരു ശ്രമം മാത്രമാണ് ഞാൻ നടത്തുന്നത്. അവരുടെ കഥാപാത്രങ്ങളിൽ പ്രിയപ്പെട്ടത് തിരഞ്ഞെടുക്കാൻ എനിക്ക് ഇന്നും പ്രയാസമാണ്. വൈവിധ്യം നിറഞ്ഞ ഒരുപാട് വേഷങ്ങൾ പകർന്നാടിയവരാണ് അവർ. 'ജോക്കർ' സിനിമയിലെ അമ്മയുടെ കഥാപാത്രം എനിക്കൊരുപാട് ഇഷ്ടമാണ്. 'ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്ക'ത്തിലെ അമ്മയുടെ ഡയലോഗുകൾ ഞാൻ വീട്ടിൽ പറയാറുണ്ട്. അമ്മയുടെ ഡയലോഗ് ഡെലിവറിയിലുള്ള കയറ്റിറക്കങ്ങളും ടോണുമൊക്കെ എന്നെ അദ്ഭുതപ്പെടുത്താറുണ്ട്. അമ്മയ്ക്കൊപ്പം പരസ്യചിത്രത്തിൽ അഭിനയിച്ചത് നല്ലൊരു അനുഭവമായിരുന്നു. മൈബോസ്, ഭരത്ചന്ദ്രൻ ഐ.പി.എസ്. എന്നീ ചിത്രങ്ങളിൽ അച്ഛൻ ചെയ്ത കഥാപാത്രങ്ങളും ഒരുപാടിഷ്ടമാണ്. പൊതുവേ അച്ഛൻ കഥ പറയുമ്പോൾ കേട്ടിരുന്നുപോകും. അച്ഛന്റെ ശബ്ദത്തിലൂടെ കഥാപാത്രങ്ങളുടെ ഭാവങ്ങളെല്ലാം മനസ്സിൽ കുറിച്ചിടാൻ കഴിയും.

placeholder
ഷറഫുദ്ദീനൊപ്പം/Photo: Instagram

ഇൻസ്റ്റവഴി സിനിമയിലേക്ക്
സിനിമാമോഹം തലയിലുദിക്കുന്നതിന് മുൻപുതന്നെ സ്വാഭാവികമായി ഫോട്ടോയും വീഡിയോകളും ഡാൻസ് റീലുകളുമൊക്കെ ചെയ്തുതുടങ്ങിയതാണ് ഞാൻ. എന്നാൽ എനിക്ക് സിനിമയിലേക്കുള്ള വഴി ഒരുക്കിത്തന്നത് സോഷ്യൽമീഡിയ തന്നെയാണ്. കാരണം, എന്റെ പ്രൊഫൈൽ കണ്ടിട്ടാണ് പല അവസരങ്ങളും വന്നിട്ടുള്ളത്. നല്ല നൃത്ത വീഡിയോകൾ ചെയ്ത് അപ്ലോഡ് ചെയ്തായിരുന്നു തുടക്കം. ഇപ്പോഴാണ് പ്രമോഷൻ വീഡിയോകൾക്കായി കണ്ടന്റുകൾ ഉണ്ടാക്കുന്നത്. നന്ദിയുണ്ട് ആ പ്ലാറ്റ്ഫോമിനോട്…
നൃത്തംചെയ്യാൻ ഒരുപാടിഷ്ടമാണ്. എപ്പോഴും വ്യത്യസ്തമായ ആശയങ്ങൾ ചിന്തിക്കാറുണ്ട്. നാലാംക്ലാസുമുതലാണ് ഭരതനാട്യം പഠിക്കാൻ തുടങ്ങിയത്. പിന്നീട് തേവര സേക്രഡ് ഹാർട്ട് കോളേജിൽ പഠിക്കാൻ തുടങ്ങിയപ്പോൾ കൊണ്ടംപററി-ബോളിവുഡ് സ്‌റ്റൈൽ ഡാൻസും പഠിച്ചു. കോളേജിലെ ഡാൻസ് ക്ലബ്ബിൽ അംഗമായിരുന്നു. ഒരുപാട് കൊറിയോഗ്രാഫേഴ്സ് ഗ്രൂം ചെയ്തുവന്ന ഒരിടമായിരുന്നു ആ കാമ്പസ്. മാനസിക സമ്മർദമുണ്ടാകുമ്പോൾ നൃത്തം തരുന്നൊരു സന്തോഷമുണ്ട്. അത് വളരെ വലുതാണ്. നൃത്തവും അഭിനയവുമൊക്കെയായി എന്നും ഇവിടെത്തന്നെയുണ്ടാകണമെന്നതാണ് സ്വപ്നം.

ജീവനാണ് അമ്മ
അമ്മയാണ് എന്റെ പ്രചോദനം, എല്ലാ അർഥത്തിലും. അമ്മയെപ്പറ്റി ഒരു അനുഭവമല്ല, ജീവിക്കാൻ എന്നെ പ്രചോദിപ്പിക്കുന്നതേ അമ്മയാണ്. എത്ര പ്രതിസന്ധികളുണ്ടായാലും അവയെ എങ്ങനെ നേരിടാം എന്നതിനുള്ള വലിയ ഉദാഹരണം എന്റെ അമ്മതന്നെയാണ്. വിഷമം വരുമ്പോൾ മനസ്സിലേക്ക് ആദ്യമെത്തുന്നത് അമ്മയുടെ മുഖമാണ്, അമ്മയുടെ ജീവിതമാണ്. എനിക്ക് എല്ലാറ്റിനും കടപ്പാട് അമ്മയോടുമാത്രം. ഇങ്ങനെയൊരു അമ്മയെ തന്നതിന് ദൈവത്തിന് നന്ദി. ഞങ്ങളൊന്നിച്ചുള്ള ഓരോ നിമിഷവും മനോഹരമാണ്. എല്ലാ കുടുംബത്തിലെയുംപോലെ സാധാരണ ഒരു അമ്മയും മകളും തന്നെയാണ് ഞങ്ങളും. മുന്നോട്ട് ഓരോ ചുവട് വയ്ക്കുമ്പോഴും ഞാൻ തിരിഞ്ഞുനോക്കുന്നത് അമ്മയെയാണ്…

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi