ഈ ആഴ്ചയിലെ 'കഥയിലെ നായികമാർ' എന്ന കോളത്തിൽ ഞാനവതരിപ്പിക്കുന്നത് പ്രശസ്ത നടിയും നർത്തകിയുമായ ശോഭനയെയാണ്. നീണ്ട നാൽപ്പതുവർഷത്തിനുമുൻപ് ബാലചന്ദ്രമേനോന്റെ 'ഏപ്രിൽ 18' എന്ന സിനിമയിലൂടെയാണ് ശോഭന ഒരു പുതുമുഖ നായികാനക്ഷത്രമായി വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവരുന്നത്.
'ഏപ്രിൽ 18'-നെക്കുറിച്ചും ശോഭനയെക്കുറിച്ചും ഓർക്കുമ്പോൾ, എന്റെ മനസ്സിൽ ആദ്യം കടന്നുവരുന്നത് ആ ചിത്രത്തിന്റെ റിലീസ് ദിവസമാണ്. 1984-ൽ വിഷുവിനാണ് ആ ചിത്രം റിലീസ് ചെയ്തതെന്നാണ് ഓർമ്മ.

To advertise here,

 

ബാലചന്ദ്രമേനോൻ പതിന്നാലുവയസ്സുള്ള കൗമാരക്കാരിയായ ഒരു പുതുമുഖനായികയെ അവതരിപ്പിക്കുന്ന ചിത്രമായതുകൊണ്ടും സിനിമ കണ്ടിട്ട് അഭിപ്രായം പറയണമെന്ന് മേനോൻ പ്രത്യേകം വിളിച്ചുപറഞ്ഞതുകൊണ്ടും ആദ്യദിവസം നൂൺ ഷോയ്ക്കുതന്നെ ഞാൻ 'ഏപ്രിൽ 18' കാണാൻ പോയി. മേനോൻചിത്രങ്ങൾക്ക് നല്ല ജനസ്വീകാര്യതയുള്ള സമയമായതുകൊണ്ട്, തിയേറ്ററിൽ നല്ല തിരക്കായിരുന്നു.
സിനിമ തുടങ്ങി പോലീസ് ഓഫീസറായ ബാലചന്ദ്രമേനോന്റെ രംഗപ്രവേശവും കഴിഞ്ഞ്, അദ്ദേഹം അകത്തേക്ക് വരുമ്പോൾ ഭാര്യ സൗന്ദര്യപ്പിണക്കം നടിച്ച് വിഷാദവതിയായി തലയും താഴ്ത്തി മുഷിഞ്ഞ മുഖവുമായി ഇരിക്കുകയാണ്. കോട്ടൺ സാരിയും ബ്ലൗസുമണിഞ്ഞ് ഐശ്വര്യമുള്ള ഒരു ഉത്തമകുടുംബിനിയെപ്പോലെ ഇരിക്കുന്ന ഈ നടി ആരാണെന്നാണ് ഞാൻ ശ്രദ്ധിച്ചത്. മേനോൻ ഭാര്യയുടെ പിണക്കം മാറ്റാൻ എന്തോ തമാശകൾ പറയാൻ തുടങ്ങുമ്പോൾ അവർ അവിടെനിന്ന് എഴുന്നേറ്റുപോകുന്നു. അപ്പോഴാണ് ഇതാണ് മേനോന്റെ പുതുമുഖനായികയായ ശോഭനയെന്ന് മനസ്സിലായത്. വേറെ ഏതോ ഒരു നടിയാണെന്നാണ് ഞാൻ കരുതിയത്.

പതിന്നാലുവയസ്സുകാരിയായ ശോഭനയ്ക്ക് പട്ടുപാവാടയും ബ്ലൗസുമണിഞ്ഞുള്ള, പതിനേഴോ പതിനെട്ടോ വയസ്സുള്ള ഒരു പെൺകുട്ടിയുടെ വേഷപ്പകർച്ച നൽകി, പ്രണയവും പാട്ടുമൊക്കെയായി നടക്കുന്ന വാർപ്പുമാതൃകയിലുള്ള കാമുകിയുടെ വേഷമായിരിക്കും നൽകുകയെന്ന എന്റെ ധാരണയെ തിരുത്തിക്കുറിച്ചു ബാലചന്ദ്രമേനോൻ.

സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ എന്റെ ശ്രദ്ധ മുഴുവൻ ശോഭനയിലായിരുന്നു. ചില രംഗങ്ങളിലെ സ്വാഭാവികമായ നടനരീതികൾ കാണുമ്പോൾ പെട്ടെന്ന് ശാരദയുടെ മുഖമാണ് ഓർമ്മ വന്നത്. മുഖത്തെ ആ ശാലീനഭാവവും നീണ്ടുവിടർന്ന മിഴികളും ചില മൗനംമൂടലുമെല്ലാം ശാരദയിൽനിന്ന് കടംകൊണ്ടതുപോലെയാണ് എനിക്ക് തോന്നിയത്.

 

1970 കാലത്ത് പലരും പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്, ശാരദയുടെ വരവോടെയാണ് ശാലീനത എന്ന വാക്കിന് ഇത്ര പ്രാധാന്യമുണ്ടായത് എന്ന്. ഇനി ശോഭന നാലഞ്ച് സിനിമകളിൽക്കൂടി അഭിനയിച്ചുകഴിയുമ്പോൾ, ശാലീനതയെന്നാൽ ശോഭനയാണെന്ന് ജനം ഉറപ്പായും പറയാൻ തുടങ്ങുമെന്ന് എനിക്ക് തോന്നുകയും ചെയ്തു.

സിനിമ കഴിഞ്ഞ് ഞാൻ വീട്ടിലെത്തിയ ഉടനേതന്നെ, ബാലചന്ദ്രമേനോനെ വിളിച്ച് അഭിനന്ദനമറിയിച്ചു:
''മേനോൻ, പടം വളരെ നന്നായിട്ടുണ്ട്. സൂപ്പർഹിറ്റായിരിക്കും. പിന്നെ, നിങ്ങൾ കൊണ്ടുവന്ന നായികയും ഹിറ്റാണ്. പതിനാലുകാരിയായ ഒരു കൗമാരക്കാരിയെ പത്തിരുപത്തിനാല് വയസ്സ് പ്രായമുള്ള ഒരു മുതിർന്ന പെൺകുട്ടിയായി പരുവപ്പെടുത്തിയെടുത്തതിന്റെ മാജിക്ക് എന്താണ് മേനോൻ?''

എന്റെ പ്രശംസാമൊഴികൾ കേട്ട് മേനോൻ ഉച്ചത്തിൽ ചിരിച്ചു. ഒരു മേനോൻ സ്‌റ്റൈൽ സ്മൈൽ. 'ഏപ്രിൽ 18' വലിയ ഹിറ്റായതോടെ, പെൺപക്ഷസിനിമകളെടുക്കുന്ന നിർമാതാക്കളുടെ പ്രത്യേക ശ്രദ്ധാകേന്ദ്രമായി മാറുകയായിരുന്നു ശോഭന. തുടർന്നുവന്ന ഭരതന്റെ 'ഇത്തിരിപ്പൂവേ ചുവന്ന പൂവേ'യും ഐ.വി. ശശിയുടെ 'കാണാമറയത്തും' കൂടി വന്നതോടെ, പിന്നെ കുറേക്കാലത്തേക്ക് മലയാളസിനിമ ശോഭനയ്ക്ക് ചുറ്റും വലംവയ്ക്കുകയായിരുന്നു.

ആർട്ട്-മധ്യവർത്തി കച്ചവടസിനിമകൾ ഒരുക്കുന്ന അടൂർ ഗോപാലകൃഷ്ണൻ, കെ. സേതുമാധവൻ, ഭരതൻ, ഐ.വി. ശശി, ജോഷി, സത്യൻ അന്തിക്കാട്, സിബി മലയിൽ, ഫാസിൽ, കമൽ, പ്രിയദർശൻ, പി.ജി. വിശ്വംഭരൻ, ചക്കരയുമ്മ സാജൻ, ഭദ്രൻ, ഷാജി കൈലാസ്, കെ. മധു, രാജസേനൻ, സിദ്ധിക്ക്ലാൽ, രാജീവ് കുമാർ തുടങ്ങിയ ഒട്ടുമിക്ക സംവിധായകരുടെയും ചിത്രങ്ങളിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച ഏകനടി, ഒരുപക്ഷേ ശോഭനയായിരിക്കും.

ശോഭനയ്‌ക്കൊരു പ്രത്യേകതയുണ്ടായിരുന്നു. നമ്മുടെ ജഗതിയെപ്പോലെ ആയിരുന്നു ശോഭനയും. ആര് വന്ന് ഡേറ്റ് ചോദിച്ചാലും കൊടുക്കും. അതിൽ വലുപ്പച്ചെറുപ്പമൊന്നുമില്ല. ഒന്നുരണ്ട് സിനിമകൾ  വിജയിച്ചുകഴിഞ്ഞാൽ പിന്നെ, ഇക്കൂട്ടർ സെലക്ടീവാകാൻ നോക്കും. കഥയും തിരക്കഥയുമൊക്കെ നന്നായി നോക്കി സംവിധായകന്റെയും നിർമാതാവിന്റെയും നിലവാരമൊക്കെ പഠിച്ചിട്ടേ, ഇവർ പിന്നെ കോൾ ഷീറ്റ് കൊടുക്കുകയുള്ളൂ. കൗമാരപ്രായത്തിൽ അഭിനയിക്കാനെത്തിയതുകൊണ്ട് സിനിമാരംഗത്തെ കൗശലവും കള്ളത്തരവും സൂത്രങ്ങളുമൊന്നും ശോഭനയ്ക്ക് ഒട്ടും വശമില്ലായിരുന്നു. ആരോട് എങ്ങനെയൊക്കെ സംസാരിക്കണം, പെരുമാറണം എന്നൊന്നും അറിയില്ലായിരുന്നു. മനസ്സിൽ തോന്നുന്നത് അങ്ങനെ പറയും. ഭാഗ്യം ഒത്തിരി കടാക്ഷിച്ച നടിയായതുകൊണ്ട്, ആർക്കും പിണക്കമോ പരിഭവമോ ഒന്നും ഉണ്ടായിട്ടില്ല.

ഏപ്രിൽ 18 കണ്ടപ്പോൾ, ഞങ്ങളുടെ ഒരു സിനിമയിൽ ശോഭനയെ അഭിനയിപ്പിച്ചാൽകൊള്ളാമെന്ന് എനിക്ക് തോന്നി. ഞാൻ ജോഷിയോട് ഈ വിവരം പറയുകയും ചെയ്തു. ഞങ്ങൾ അപ്പോൾ എവർഷൈൻ പ്രൊഡക്ഷൻസിന്റെ ഒരു മൾട്ടിസ്റ്റാർ ചിത്രം ചെയ്യാൻപോകുന്ന സമയമായിരുന്നു. പ്രേം നസീർ, മധു, മമ്മൂട്ടി, സോമൻ തുടങ്ങി വൻതാരനിരയുള്ള ഒരു ചിത്രം. അതിൽ മമ്മൂട്ടിയുടെ കാമുകിയുടെ ഒരു വേഷമുണ്ട്. അത്ര അഭിനയപ്രാധാന്യമുള്ള കഥാപാത്രമല്ലെങ്കിലും ശോഭനയ്ക്ക് നല്ല മാർക്കറ്റുള്ളതുകൊണ്ട് അവരുടെ കോൾഷീറ്റ് കിട്ടിയാൽ നമുക്കിടാമെന്ന് എവർഷൈൻ പ്രൊഡക്ഷൻസിന്റെ അന്നത്തെ സാരഥിയായ ലക്ഷ്മണൻ പറയുകയുംചെയ്തു.

അലകടലിനക്കരെ എന്നായിരുന്നു ചിത്രത്തിന്റെ പേര്. പറഞ്ഞതുപോലെ, ലക്ഷ്മണൻ ശോഭനയുടെ ഡേറ്റ് വാങ്ങുകയുംചെയ്തു. ഈ ചിത്രത്തിന്റെ മദ്രാസിലെ ലൊക്കേഷനിൽവെച്ചായിരുന്നു ഞാൻ ശോഭനയെ ആദ്യമായി കാണുന്നത്. മമ്മൂട്ടിയാണ് എന്നെ പരിചയപ്പെടുത്തുന്നത്. ഒന്ന് നോക്കി ചിരിച്ച് ഹലോ പറഞ്ഞതല്ലാതെ അതിവിനയമോ വിധേയത്വമോ ഒന്നും കാണിക്കാതെ മമ്മൂട്ടിയോട് എന്തോ മണ്ടത്തരവും പറഞ്ഞ് ചിരിച്ചുകൊണ്ട് നിൽക്കുകയാണ് ശോഭന.

'അലകടലി'നുശേഷം ഞങ്ങൾ ശോഭനയെവെച്ച് ചെയ്ത ചിത്രമാണ് 'ക്ഷമിച്ചു എന്നൊരു വാക്ക്'. ഇതിൽ രണ്ട് നായികമാരാണുള്ളത്. ആദ്യനായികയായി ഗീതയെയാണ് തീരുമാനിച്ചിരുന്നത്. രണ്ടാംനായികയായി മമ്മൂട്ടിയുടെ ഭാര്യയായി വരുന്ന ഒരു വേഷമാണ്. കഥയുടെ പാതിവഴിയിൽവെച്ച് മരണപ്പെട്ടുപോകുന്ന കഥാപാത്രമാണ്. ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറായ ഷണ്മുഖനാണ് ശോഭനയുടെ കോൾഷീറ്റ് വാങ്ങാനായി മദ്രാസിൽ പോയത്. ഏതോ ഒരു സ്റ്റുഡിയോയിൽവെച്ചാണ് ഷണ്മുഖൻ ശോഭനയെ കണ്ടത്. ആരാണ് ഡയറക്ടർ എന്ന് ചോദിച്ചതല്ലാതെ കഥയെന്താണെന്നോ തിരക്കഥ ആരുടെതാണെന്നോ ഒന്നും ചോദിച്ചില്ല. കൈനിറയെ പടങ്ങൾ ഉണ്ടായിരുന്നിട്ടും ഞങ്ങൾ ചോദിച്ച ഡേറ്റ് അഡ്ജസ്റ്റ് ചെയ്തുതന്നു.

എറണാകുളത്തുവെച്ചായിരുന്നു ഇതിന്റെ ഷൂട്ടിങ്. ഈ ചിത്രത്തിന്റെ നിർമാതാവും പ്രശസ്ത വസ്ത്രവ്യാപാരികളായ ജോസ് ബ്രദേഴ്സിന്റെ ഉടമ ജോർജേട്ടന്റെ വീട്ടിൽവെച്ചായിരുന്നു 'ക്ഷമിച്ചു എന്നൊരു വാക്കിന്റെ' ആദ്യദിനങ്ങളിലെ ഷൂട്ടിങ്. ഇവിടെവെച്ചാണ് ഞാനും ശോഭനയുമായി സൗഹൃദത്തിലാകുന്നത്. ഒരുപക്ഷേ, പതിനാറാമത്തെ വയസ്സിലേക്ക് കടന്നതുകൊണ്ടാവാം ശോഭനയ്ക്ക് അല്പം മെച്യൂരിറ്റി കൈവന്നതായി എനിക്ക് തോന്നി. 'ക്ഷമിച്ചു എന്നൊരു വാക്ക്' വലിയ വിജയമായിമാറി.

ആ വർഷംതന്നെ ഞാനെഴുതിയ ‘ചക്കരയുമ്മ’ സാജൻ സംവിധാനംചെയ്ത ‘തമ്മിൽ തമ്മിൽ’, ‘ഉപഹാരം’ എന്നീ ചിത്രങ്ങളിലും ശോഭനയാണ് നായിക. രണ്ട് ചിത്രങ്ങളുടെയും ഷൂട്ടിങ് എറണാകുളത്തുവെച്ചായിരുന്നു. ‘ഉപഹാര’ത്തിൽ ജോസ്പ്രകാശിന്റെ മകളായിവരുന്ന ഒരു ആംഗ്ലോ ഇന്ത്യൻ കഥാപാത്രം. മേൽപ്പറഞ്ഞ മൂന്നുചിത്രങ്ങളിലും നായകൻ മമ്മൂട്ടിയായിരുന്നെങ്കിലും ശോഭനയുടെ ജോടിയായിവരുന്നത് യുവമനസ്സുകളുടെ ഹരമായിരുന്ന റഹ്‌മാനായിരുന്നു.

1987-ൽ ഞാൻ ചെയ്ത പി.ജി. വിശ്വംഭരൻചിത്രമായ 'ഒരു വിവാദവിഷയ'ത്തിലും നായിക ശോഭനയായിരുന്നു. സുരേഷ്ഗോപിയായിരുന്നു നായകൻ. സുരേഷ്ഗോപി വില്ലൻകഥാപാത്രങ്ങളിൽനിന്ന് പതുക്കെപ്പതുക്കെ നായകപദവിയിലേക്ക് കടന്നുവരാനുള്ള ശ്രമം നടത്തിക്കൊണ്ടിരുന്ന സമയമാണ്. സുരേഷ്ഗോപിയും ഞാനുംതമ്മിൽ അപ്പോൾ നല്ല ചങ്ങാത്തത്തിലായിരുന്നു.

സുരേഷ്ഗോപിക്ക് വലിയൊരു ആഗ്രഹം, ശോഭനയുടെ നായകനായി ഒരു പടത്തിൽ അഭിനയിക്കണമെന്ന്. എന്നോട് സുരേഷ് തന്റെ ആഗ്രഹം അറിയിച്ചു. ‘ഒരു വിവാദവിഷയ’ത്തിൽ ഞങ്ങൾ നായികയായിട്ട് മറ്റൊരു നടിയെയായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഞാൻ ഈ വിവരം വിശ്വംഭരനോട് പറഞ്ഞപ്പോൾ, അയാൾക്കും ശോഭന വരുന്നതിലായിരുന്നു സന്തോഷം.
''നമ്മൾ ആദ്യം തീരുമാനിച്ച നായികയെവെച്ച് എടുക്കണമെന്നില്ല. ശോഭനയുടെ ഡേറ്റ് കിട്ടുമോ എന്ന് നീ തന്നെ വിളിച്ചുചോദിക്ക്.''
ഞാൻ അന്ന് രാത്രിതന്നെ ശോഭനയെ വിളിച്ച് ചോദിച്ചു. സുരേഷിന്റെ ആഗ്രഹസാഫല്യത്തിനുവേണ്ടിയാണെന്നൊന്നും ഞാൻ പറയാൻപോയില്ല. അങ്ങനെയാണ് ‘ഒരു വിവാദവിഷയ’ത്തിൽ ശോഭന നായികയായി വരുന്നത്.

ഇതേതുടർന്ന് ഞാൻ തിരക്കഥയെഴുതിയ ‘ഈ കൈകളിൽ’, ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’, ‘ജന്മാന്തരം’ എന്നീ ചിത്രങ്ങളിലും ശോഭന നായികയായി. ശോഭനയുടെ ഗുരുവും സംവിധായകനുമായ ബാലചന്ദ്രമേനോനായിരുന്നു ‘ജന്മാന്തര’ത്തിൽ നായകൻ. 1984 മുതൽ 89 വരെ ഒത്തിരി വിജയചിത്രങ്ങളിൽ അഭിനയിക്കാൻകഴിഞ്ഞെങ്കിലും 1990 കാലമായപ്പോഴാണ് ശോഭനയെന്ന അഭിനേത്രിയുടെ കരിയറിൽ എന്നും ഓർത്തുവയ്ക്കാവുന്ന ഫാസിലിന്റെ ‘മണിച്ചിത്രത്താഴി’ലെ നാഗവല്ലിയെന്ന കഥാപാത്രം വന്നുവീഴുന്നത്. മലയാളസിനിമയിൽ മറ്റൊരു നടിക്കും ഇത്രയും മനോഹരമായി നാഗവല്ലിയായിമാറാൻ കഴിയുമെന്ന് തോന്നുന്നില്ല. ഈ ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ ഏറ്റവും മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ശോഭന നേടി.
ഞാൻ തിരക്കഥയെഴുതിയ ‘അലകടലിനക്കരെ’, ‘ക്ഷമിച്ചു എന്നൊരു വാക്ക്’, ‘ഒരു വിവാദവിഷയം’, ‘ഈ കൈകളിൽ’, ‘തമ്മിൽ തമ്മിൽ’, ‘ഉപഹാരം’, ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’, ‘ജന്മാന്തരം’ എന്നീ എട്ട് ചിത്രങ്ങളിലാണ് മൂന്നുവർഷത്തിനുള്ളിൽ ശോഭന അഭിനയിച്ചത്. ശോഭനയ്ക്കുവേണ്ടി ഏറ്റവുമധികം ചിത്രങ്ങളിൽ തിരക്കഥയെഴുതിയത് ഒരുപക്ഷേ, ഞാനായിരിക്കാനാണ് സാധ്യത.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi