ഈയാഴ്ചയിലെ 'എന്റെ കഥയിലെ നായികമാര്‍' എന്ന കോളത്തിലേക്ക് നമ്മുടെയെല്ലാം അഭിമാനനക്ഷത്രമായ ഉര്‍വശിയെക്കുറിച്ചുള്ള ഓര്‍മ്മസഞ്ചാരങ്ങള്‍ കുറിക്കാനിരുന്നപ്പോള്‍, എന്റെ മനസ്സിലേക്ക് ആദ്യം കടന്നുവന്നത് വര്‍ഷങ്ങള്‍ക്കുമുന്‍പ് 'സ്ത്രീധന'ത്തിന്റെ ഇടപ്പള്ളിയിലെ ലൊക്കേഷനില്‍വെച്ചുണ്ടായ ചില രസകരമായ നര്‍മമുഹൂര്‍ത്തങ്ങളാണ്.

To advertise here,

മാമംഗലത്തെ മോഡേണ്‍ ബേക്കറിയുടെ അടുത്തുള്ള ഒരിടത്തരം വീട്ടിലായിരുന്നു 'സ്ത്രീധന'ത്തിന്റെ ഷൂട്ടിങ്.
ഉച്ചയ്ക്ക് ബ്രെയ്ക്ക് ടൈമില്‍ ജഗദീഷ്, ബൈജു, അശോകന്‍ തുടങ്ങിയവര്‍ക്ക്, കൂടിയിരുന്ന് എന്തെങ്കിലുമൊക്കെ കുസൃതികള്‍ പറഞ്ഞ് ഉര്‍വശിയെ കളിയാക്കുന്നതാണ് ഹോബി. ബാലതാരമായി സിനിമയില്‍ വന്നതുകൊണ്ട്, അത്ര ലോകപരിചയമോ സിനിമാക്കാരുടെ കൗശലമോ ഒന്നും ഉര്‍വശിക്കറിഞ്ഞുകൂടാ. ആ മൂവര്‍സംഘം മുനവെച്ചുള്ള തമാശ പറഞ്ഞാലും ചിരിയോടെ കേട്ടിരിക്കുന്ന പ്രകൃതമായിരുന്നു അവരുടെത്. ഒരു കഥയില്ലാത്ത പെണ്ണായിട്ടാവും അവരൊക്കെ ഉര്‍വശിയെ കരുതിയിരിക്കുക.

ഇടയ്‌ക്കൊക്കെ അത്തരം ഇടവേളകളില്‍ ഞാനും ചെന്നുകൂടാറുണ്ട്. അപ്പോഴൊക്കെയുള്ള ഉര്‍വശിയുടെ ചില നിഷ്‌കളങ്കസംസാരവും മൗനംമൂടലുമൊക്കെ കാണുമ്പോള്‍, ഒരു പാവം പെണ്‍കൊടിയായിട്ടേ എനിക്കും തോന്നിയിട്ടുള്ളൂ. എന്നാല്‍, ചില സമയങ്ങളില്‍ അതിബുദ്ധിയും നല്ല വിവരവും വിവേകവുമുള്ള ഒരു പെണ്‍പ്രജയായിട്ടും എനിക്ക് തോന്നിയിട്ടുണ്ട്. ഈ മൂവര്‍സംഘമില്ലാത്ത സമയങ്ങളില്‍ ജീവിതത്തെക്കുറിച്ചും മാനുഷിക വ്യാപാരങ്ങളെക്കുറിച്ചുമൊക്കെ വളരെ ഗഹനമായ ഭാഷയിലാണ് ഉര്‍വശി സംസാരിക്കുക.

 

''നല്ല സൗഹൃദങ്ങള്‍ ലഭിക്കുകയെന്നത് ഒരു ഭാഗ്യമാണ്. എന്നാല്‍, നമ്മുടെ മനസ്സ് നന്നായിട്ടറിയുന്ന ഒരു നല്ല സുഹൃത്തിനെ കിട്ടുകയെന്നതാണ് ഏറ്റവും വലിയ അനുഗ്രഹം.''
ഉര്‍വശിയുടെ ആ മൊഴികള്‍ കേട്ടപ്പോള്‍ ഏതോ തത്ത്വചിന്തകന്റെ പദമൊഴി കടമെടുത്ത് പ്രയോഗിക്കുകയാണെന്ന് എനിക്ക് തോന്നിയില്ല. സ്വയം അനുഭവത്തില്‍നിന്ന് രൂപംകൊണ്ട വാക്കുകളായിട്ടാണ് എനിക്ക് തോന്നിയത്. സംസാരം വാചാലമാകുമ്പോഴും മറ്റുള്ളവരുടെ മനസ്സ് നോവിക്കുന്ന വാക്കുകള്‍ പുറത്തേക്ക് വരാതിരിക്കാനായി ചുണ്ടും നാവും താക്കോലുകൊണ്ട് പൂട്ടിവയ്ക്കുന്നതായും എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഞാനും ഉര്‍വശിയും തമ്മിലുള്ള സൗഹൃദം 'ക്ഷമിച്ചു എന്നൊരു വാക്ക്' എന്ന സിനിമയുടെ ലൊക്കേഷനില്‍വെച്ച് തുടങ്ങിയതാണ്. നീണ്ട നാല്‍പ്പതാണ്ടിനുമുന്‍പ് തുടങ്ങിയ ആ സൗഹൃദം ഇന്നും കല്മഷമില്ലാത്ത ഒരു ഇഴയടുപ്പമായി, അവിരാമം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഈയിടെ മികച്ച രണ്ടാമത്തെ നടിക്കുള്ള നാഷണല്‍ അവാര്‍ഡ് ലഭിച്ചതറിഞ്ഞ് ഞാന്‍ ഉര്‍വശിയെ വിളിച്ച് അഭിനന്ദനമറിയിച്ചപ്പോള്‍ 'ഡെന്നിച്ചാ' എന്നുള്ള സ്‌നേഹമസൃണമായ ആ പതിവുവിളിയോടെ
'വിളിച്ചതില്‍ വളരെ സന്തോഷം' എന്നുപറഞ്ഞ് എന്നോടൊത്തിരി കുശലങ്ങള്‍ പറയുകയും ചെയ്തു.
ഇനി ഉര്‍വശിയെ ഞാന്‍ ആദ്യമായിക്കണ്ട ആ ദിവസത്തിലേക്ക് പോകാം.

 

1986 ജനുവരി ആദ്യവാരം.
സ്ഥലം: തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍.
ഞാനും ജോഷിയും കൂടി ചെയ്ത 'ക്ഷമിച്ചു എന്നൊരു വാക്കി'ന്റെ നാലുദിവസത്തെ ഷൂട്ടിങ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍വെച്ചായിരുന്നു. ആ ദിവസത്തിനുള്ളില്‍ ഷൂട്ട് തീര്‍ന്നില്ലെങ്കില്‍പ്പിന്നെ, അടുത്തെങ്ങും ജയിലിന് അനുമതി ലഭിക്കില്ല. മമ്മൂട്ടി, മുകേഷ്, ഗീത, ശോഭന, ശ്രീവിദ്യ, ഉര്‍വശി, കവിയൂര്‍ പൊന്നമ്മ, ജഗതി ശ്രീകുമാര്‍, മാള, ജോസ് പ്രകാശ്, കെ.പി.എ.സി. സണ്ണി തുടങ്ങിയവര്‍ അഭിനയിച്ച താരസമ്പന്നമായ ചിത്രമായിരുന്നു അത്.
എറണാകുളത്തെ ഷൂട്ടുകഴിഞ്ഞ് അന്ന് രാത്രിതന്നെ തിരുവനന്തപുരത്ത് ചെന്ന് പിറ്റേന്ന് രാവിലെ ഒന്‍പതുമണിക്ക് ഷൂട്ട് തുടങ്ങാനുള്ള എല്ലാ ഏര്‍പ്പാടും ചെയ്തിരുന്നത് അന്നത്തെ ലീഡിങ് പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവായ കെ.ആര്‍. ഷണ്മുഖമാണ്. മമ്മൂട്ടി, ഗീത, ശോഭന, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരുടെ കോമ്പിനേഷന്‍ സീന്‍സാണ് ആദ്യദിവസം ഷൂട്ട് ചെയ്തത്.
ഒരു കൊലപാതകക്കുറ്റത്തിന് ഏഴുവര്‍ഷം ജയിലില്‍ കഴിയുന്ന, വളരെയധികം അഭിനയമുഹൂര്‍ത്തങ്ങളുള്ള ശക്തമായ ഒരു കഥാപാത്രമാണ് ഗീതയുടെത്. ഇതേപോലെത്തന്നെ വധശിക്ഷയും കാത്തുകഴിയുന്ന മറ്റൊരു സ്ത്രീകഥാപാത്രവും ഇതിലുണ്ട്. രണ്ടേരണ്ട് സീനേ ഉള്ളൂവെങ്കിലും കഥയുടെ ടേണിങ് പോയിന്റില്‍ വരുന്ന ഒരു വേഷമാണത്. തിരുവനന്തപുരത്തുനിന്ന് ഏതെങ്കിലും ഒരു ആര്‍ട്ടിസ്റ്റിനെ കണ്ടുപിടിക്കാമെന്നുള്ള പ്രതീക്ഷയിലായിരുന്നു ഞങ്ങള്‍.
പിറ്റേന്ന് രാവിലെയുള്ള വേണാട് എക്‌സ്പ്രസിലാണ് ഞാന്‍ തിരുവനന്തപുരത്തേക്ക് പോയത്. ഞാന്‍ സെന്‍ട്രല്‍ ജയിലില്‍ ചെല്ലുമ്പോള്‍ മമ്മൂട്ടിയും ഗീതയും തമ്മിലുള്ള ഒരു കോമ്പിനേഷന്‍ സീന്‍ എടുത്തുകൊണ്ടിരിക്കുകയായിരുന്നു. ജോഷിയെ കണ്ടയുടനേ ഞാന്‍ ചോദിച്ചത് നമ്മുടെ ഗസ്റ്റ് റോളിന് ഏതെങ്കിലും ആര്‍ട്ടിസ്റ്റിനെ കിട്ടിയോ എന്നാണ്.
ആരെയും തീരുമാനിച്ചിട്ടുണ്ടായിരുന്നില്ല എന്നായിരുന്നു ജോഷിയുടെ മറുപടി. ഞാനതുകേട്ട് വല്ലാതായി. അപ്പോള്‍ അയാള്‍ ഇത്രയും കൂട്ടിച്ചേര്‍ത്തു.
''ആ കഥാപാത്രത്തിന് പറ്റിയ ആരെയും കിട്ടിയില്ലെങ്കില്‍, മറ്റൊരു ഷെഡ്യൂള്‍ വയ്‌ക്കേണ്ടിവരും.''
''അയ്യോ, അപ്പോള്‍ ഇനി എന്തുചെയ്യും? അത് ഇരട്ടി ചെലവാകില്ലേ...?''
 ജോഷി ചിരിച്ചുകൊണ്ട് പറഞ്ഞു: ''നീ ടെന്‍ഷനടിക്കുകയൊന്നും വേണ്ട. നമ്മള്‍ വിചാരിച്ചതിലും നല്ലൊരു ആര്‍ട്ടിസ്റ്റിനെ കിട്ടിയിട്ടുണ്ട്. ഭാഗ്യരാജിന്റെ 'മുന്താണൈ മുടിച്ച്' എന്ന തമിഴ്ചിത്രത്തില്‍ നായികയായി വന്ന ഉര്‍വശി.''
''ഉര്‍വശിയോ! അത് കൊള്ളാമല്ലോ. അവര്‍ എപ്പോള്‍ വരും?''
''ഉര്‍വശി വന്നിട്ടുണ്ട്. നിന്റെ കഥാപാത്രത്തിന് പറ്റിയ വേഷവും ധരിച്ച് അവിടെ ഇരിപ്പുണ്ട്.'' 

 

ഞാന്‍ വേഗംതന്നെ ജോഷിയുടെ അസോസിയേറ്റ് ഡയറക്ടറായ പോള്‍ ഞാറയ്ക്കലിനെയും വിളിച്ചുകൊണ്ട് ഉര്‍വശിയെ കാണാന്‍പോയി.
ഉര്‍വശി ജയിലിലെ ഗാര്‍ഡനരികിലായി തണലും പറ്റിയിരുന്ന് മേക്കപ്പ്‌ വുമണുമായി എന്തോ സംസാരിക്കുമ്പോഴാണ് ഞങ്ങളങ്ങോട്ട് ചെന്നത്.
ഉര്‍വശിയുടെ 'മുന്താണൈ മുടിച്ച്' ഞാന്‍ കണ്ടിട്ടില്ല. അതിനുശേഷം ഉര്‍വശി ചെയ്ത നാലഞ്ച് മലയാളചിത്രങ്ങളില്‍ മോഹന്‍ലാലിനോടൊപ്പം അഭിനയിച്ച 'യുവജനോത്സവം'മാത്രമേ ഞാന്‍ കണ്ടിരുന്നുള്ളൂ.
''എടാ പോളേ, ഈ അവസാനനിമിഷത്തില്‍ ഉര്‍വശിയെ എങ്ങനെ കിട്ടിയെടാ?''
''ജോഷിസാറിന്റെ പടമായതുകൊണ്ട് വന്നതാ. ഏതായാലും ഉര്‍വശിയെ കിട്ടിയത് ഭാഗ്യമായി...''
ഞങ്ങള്‍ ചെല്ലുന്നത് കണ്ട് ഉര്‍വശി എഴുന്നേറ്റുകൊണ്ട് പോളിനോട് ചോദിച്ചു: ''എന്നെ വിളിക്കാന്‍ വന്നതാണോ പോള്?''
''അല്ലല്ല, ഇപ്പോള്‍ എടുത്തുകൊണ്ടിരിക്കുന്ന സീന്‍ അല്പംകൂടി തീരാനുണ്ട്. ഞാനിപ്പോള്‍ വന്നത് ഒരാളെ പരിചയപ്പെടുത്താന്‍വേണ്ടിയാണ്.''
ഉര്‍വശി വിനയാന്വിതയായി എന്നെ നോക്കി.
''ഉര്‍വശി ഇദ്ദേഹത്തെ അറിയുമോ?''
പോള്‍ സസ്പെന്‍സിട്ടുകൊണ്ട് ചോദിച്ചപ്പോള്‍ ഉര്‍വശി എന്നെ സുസൂക്ഷ്മം വീക്ഷിക്കുകയായിരുന്നു.
''ജോഷി-കലൂര്‍ ഡെന്നിസ്-മമ്മൂട്ടി ടീം എന്ന് കേട്ടിട്ടുണ്ടോ? എറണാകുളം ബെല്‍റ്റെന്നും പറയും. അതിന്റെ സൂത്രധാരന്‍ കലൂര്‍ ഡെന്നിസാണ് ഈ കക്ഷി.''
പോള്‍ ഞാറക്കലിന്റെ ആലങ്കാരികമായ വിശേഷണം കേട്ട് ഞാന്‍ ചെറുതായി ചമ്മിനില്‍ക്കുന്നതുകണ്ട് ഉര്‍വശി പറഞ്ഞു: ''ഞാന്‍ ധാരാളം കേട്ടിട്ടുണ്ട്. ഇന്നസെന്റ് ചേട്ടന്‍ എപ്പോഴും പറയാറുണ്ട്.''
എന്റെ കഥാപാത്രത്തിന്റെ തനിപകര്‍പ്പാണ് മുന്നില്‍ നില്‍ക്കുന്നതെന്നാണ് എനിക്ക് തോന്നിയത്. ഏതായാലും ആദ്യമേ ആരേയും ഫിക്‌സുചെയ്യാതിരുന്നത് നന്നായി. വൈകിവന്ന വസന്തംപോലെയാണ് 'ക്ഷമിച്ചു എന്നൊരു വാക്കി'ലേക്ക് ഉര്‍വശി വന്നുകയറിയത്.

മമ്മൂട്ടിയും ഗീതയുമായുള്ള സീന്‍ എടുത്തുകഴിഞ്ഞ ഉടനെത്തന്നെ ഗീതയും ഉര്‍വശിയുംകൂടി ജയിലിലെ ഗാര്‍ഡനില്‍ ജോലിചെയ്തുകൊണ്ടിരിക്കുന്ന ഒരു സീനാണ് എടുത്തത്. എനിക്ക് അത്യാവശ്യമായി മെറിലാന്‍ഡ് സ്റ്റുഡിയോയില്‍ പോയി ഒരാളെ കാണാനുണ്ടായിട്ടും ഉര്‍വശിയുടെ അഭിനയം കാണാനായി ഞാനവിടെത്തന്നെ നിന്നു.
ഉര്‍വശിയുടെ രജനി എന്ന കഥാപാത്രം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ എത്തിപ്പെടാനുണ്ടായ കാരണങ്ങള്‍ വളരെ ഇമോഷണലായി ചുരുങ്ങിയ വാക്കുകളില്‍ ഗീതയോട് പറയുന്ന രംഗമായിരുന്നത്. രജനി എന്ന കഥാപാത്രത്തിന്റെ ഓരോ ചലനവും നോട്ടവും എന്തിന് ഏറെപ്പറയുന്നു ഓരോ ദീര്‍ഘനിശ്വാസംവരെ വളരെ സൂക്ഷ്മതയോടെ ഉര്‍വശി അവതരിപ്പിക്കുന്നത് കണ്ടപ്പോള്‍ അന്ന് ഞാന്‍ മനസ്സില്‍ കുറിച്ചിട്ടതാണ് ഈ നടനസ്വരൂപം മലയാളസിനിമയ്ക്ക് മുതല്‍ക്കൂട്ടായിത്തീരുമെന്ന്. തുടര്‍ന്നുവന്ന ഓരോ ചിത്രത്തിലും ഉര്‍വശിയുടെ വ്യത്യസ്തമായ നടനപാടവം കാണാന്‍ കഴിയുകയും ചെയ്തു.
വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഈ മുഹൂര്‍ത്തങ്ങളൊക്കെ ഉര്‍വശി ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടാകുമോ എന്നറിയില്ല. 
'ക്ഷമിച്ചു എന്നൊരുവാക്കി'നുശേഷം പിന്നീട് രണ്ടുവര്‍ഷം കഴിഞ്ഞാണ് ഞാന്‍ തിരക്കഥ എഴുതി വിജി തമ്പി സംവിധാനം ചെയ്ത എവര്‍ഷൈന്റെ 'ന്യൂഇയറി'ല്‍ ഉര്‍വശി നായികയായിട്ടഭിനയിക്കാനെത്തുന്നത്. പൂര്‍ണമായും ഊട്ടിയില്‍ ചിത്രീകരിച്ച ഈ ചിത്രത്തില്‍ ജയറാമിന്റെ കാമുകിയും സുരേഷ് ഗോപിയുടെ ഭാര്യയുമായി അതിസങ്കീര്‍ണമായ ഒരു കഥാപാത്രമായാണ് ഉര്‍വശി വരുന്നത്. കഥാപാത്രത്തിന്റെ സ്വഭാവവും നടനരീതിയും മനസ്സിലാക്കി എങ്ങനെ ആ വേഷം മികച്ചതാക്കി മാറ്റാനാവുമെന്നുള്ള ചിന്തയുമായാണ് ഉര്‍വശി ഓരോ ലൊക്കേഷനിലേക്കും വരുന്നത്. അതിന് നല്ലൊരു ഉദാഹരണം പറയാം.

 

'ന്യൂഇയറി'ല്‍ ഭര്‍ത്താവിന്റെ രഹസ്യക്കാരിയായി വന്ന് തന്റെ കുടുംബജീവിതം തകര്‍ക്കാന്‍ നടക്കുന്ന, സില്‍ക്ക് ചെയ്യുന്ന ഡെയ്സിയെന്ന കഥാപാത്രത്തെ കാണാന്‍ വരുന്ന രേഖ എന്ന ഉര്‍വശിയോട് ഡെയ്‌സി പറയുന്ന ഒരു ഡയലോഗുണ്ട്: ''നിന്റെ ഭര്‍ത്താവിനെ ഞാന്‍ എന്റെ പാവാടച്ചരടില്‍ കെട്ടിയിട്ടിട്ടൊന്നുമില്ല. നിന്റെ ഭര്‍ത്താവ് എന്റെ കിടപ്പറതേടി വരുന്നുണ്ടെങ്കില്‍ അത് നിന്റെ കഴിവുകേടുകൊണ്ടായിരിക്കും.''
ആ സംഭാഷണം കേട്ട് ഭാര്യ അപമാനിതയായി ഉത്തരംമുട്ടി നില്‍ക്കുന്നതായിട്ടാണ്  ഞാന്‍ എഴുതിവെച്ചിരിക്കുന്നത്. അവള്‍ക്ക് നല്ലൊരു മറുപടികൊടുത്തില്ലെങ്കില്‍ ഭാര്യയുടെ ക്യാരക്ടറിന്റെ പ്രാധാന്യം നഷ്ടപ്പെടുമെന്ന് ഉര്‍വശിക്ക് തോന്നി. ഈ വിവരം ഉര്‍വശി വിജി തമ്പിയോട് പറഞ്ഞു.
''ഉര്‍വശി തന്നെ ഡെന്നിച്ചനോട് പറഞ്ഞോളൂ,'' എന്നായി വിജി.
വളരെ ഡിപ്ലോമാറ്റിക്കായിട്ടാണ് ഈ വിഷയത്തെ ഉര്‍വശി എന്റെ മുന്‍പില്‍ അവതരിപ്പിച്ചത്. കേട്ടപ്പോള്‍ ഉര്‍വശിയുടെ നിര്‍ദേശം നല്ലതാണെന്ന് എനിക്ക് തോന്നി. ഞാന്‍ അപ്പോള്‍തന്നെ ഒരു ഡയലോഗ് എഴുതിക്കൊടുക്കുകയും ചെയ്തു.
''നീ സൂക്ഷിച്ച് സംസാരിക്കണം. പണത്തിന്റെ തൂക്കംകണ്ട് ഒരു പ്രോസ്റ്റിറ്റിയൂട്ട്‌ കിടക്കറയില്‍ കാണിക്കുന്ന സാമര്‍ഥ്യമൊന്നും കാണിക്കാന്‍ ഒരു ഭാര്യക്കും ഒരിക്കലും കഴിയില്ല.'' വിജി തമ്പി അത് അപ്പോള്‍തന്നെ ഷൂട്ട്ചെയ്യുകയും ചെയ്തു. ചിത്രം റിലീസായപ്പോള്‍ ആ ഡയലോഗിന് പുരുഷന്മാരേക്കാള്‍ കൂടുതല്‍ കൈയടി കിട്ടിയത് സ്ത്രീകളില്‍നിന്നാണ്.

 

ഈ ചിത്രത്തിനുശേഷം ഞാന്‍ തിരക്കഥ എഴുതിയ മറുപുറം, കൂടിക്കാഴ്ച, സ്ത്രീധനം, തൂവല്‍സ്പര്‍ശം, തിരുത്തല്‍വാദി, ഭാര്യ, ഇഞ്ചക്കാടന്‍ മത്തായി ആന്‍ഡ് സണ്‍സ്, സൗഹൃദം തുടങ്ങിയ വളരെയധികം ചിത്രങ്ങളില്‍ ഉര്‍വശി അഭിനയിച്ചിട്ടുണ്ട്.  'സ്ത്രീധന'ത്തിലെ ഉത്തമ ഭാര്യാകഥാപാത്രമായി ഉര്‍വശി ജീവിക്കുകയായിരുന്നു എന്നാണ്  പ്രേക്ഷകലക്ഷങ്ങളെല്ലാവരും ഒരുപോലെ അഭിപ്രായപ്പെട്ടത്. 'സ്ത്രീധന'ത്തില്‍ വളരെ പോസിറ്റീവായ ഒരു വേഷമായിരുന്നെങ്കില്‍ 'ഭാര്യ'യില്‍ തികഞ്ഞ ഒരു വില്ലത്തി കഥാപാത്രമായിട്ടായിരുന്നു ഉര്‍വശി അഭിനയിച്ചത്. വലിയ നായികാപരിവേഷത്തില്‍ നില്‍ക്കുമ്പോഴും ഇത്തരത്തിലുള്ള  പ്രതിനായികാസ്വഭാവമുള്ള ഒരു വേഷം ചെയ്യാന്‍ മറ്റൊരു നായികാസൂനങ്ങളും തയ്യാറാകുമെന്ന് എനിക്ക് തോന്നുന്നില്ല.
(അടുത്തത്:ഗീത)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi